പ്രസ്താവന

സീറോമലബാർസഭയിലെ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി 2023ലെ പിറവിതിരുനാൾ മുതൽ എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2023 ഡിസംബർ 07-ാം തിയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടു ഒരു വീഡിയോ സന്ദേശം നൽകിയിരുന്നു. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി മറ്റു രൂപതകളിലേതുപോലെ എറണാകുളം-അങ്കമാലി അതിരൂപതയിലും നടപ്പിലാക്കണമെന്നുള്ള മാർപാപ്പയുടെ ഖണ്ഡിതമായ തീരുമാനമാണ് ഈ വീഡിയോയിലൂടെ അറിയിച്ചിരുന്നത്. പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സഭയുടെ മുപ്പത്തിരണ്ടാമത് സിനഡിന്റെ അവസാനദിവസമായ 2024 ജനുവരി പതിമൂന്നാം തീയതി സിനഡിൽ പങ്കെടുത്ത 49 പിതാക്കന്മാരും ഒപ്പിട്ട സർക്കുലർ രേഖാമൂലം അതിരൂപതയ്ക്കു നൽകിയത്. ഉപരി നന്മയ്ക്കുവേണ്ടി ആഭിമുഖ്യങ്ങളിലെ ഭിന്നതകൾ മറക്കാനും, ഏകീകൃത കുർബാന അർപ്പണരീതി നടപ്പിലാക്കികൊണ്ട് സഭയുടെ ഐക്യത്തിനു സാക്ഷ്യം വഹിക്കാനും ഓർമ്മിപ്പിച്ചുകൊണ്ട് സിനഡുപിതാക്കന്മാർ ഏകമനസ്സോടെ നടത്തിയ അഭ്യർത്ഥന നടപ്പിലാക്കാൻ ഏവരും ബാധ്യസ്ഥരാണ്.

1999 നവംബർ മാസത്തിലെ സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതും 2021 ഓഗസ്റ്റ് മാസത്തിലെ സിനഡ് സ്ഥിരീകരിച്ചതും പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതിയാണ് 2021 നവംബർ 28 മുതൽ നിയമബദ്ധമായി നടപ്പിലാക്കാൻ നിർദ്ദേശിക്കപ്പെട്ടിരുന്നത്. തികച്ചും അസാധാരണമായ നടപടിയെന്നനിലയിൽ പിതൃസഹജമായ സ്നേഹത്തോടെ 2021 ജൂലൈ 03ന് സീറോമലബാർസഭയ്ക്ക് മുഴുവനായും 2022 മാർച്ച് 25ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേകമായും എഴുതിയ രണ്ടു കത്തുകളിലൂടെ ഫ്രാൻസിസ് മാർപാപ്പ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഈ കത്തുകളുടെ ഉള്ളടക്കം തന്നെയാണ് 2023 ഡിസംബർ 07-ാം തിയതി നൽകിയ വീഡിയോ സന്ദേശത്തിലും മാർപാപ്പ ആവർത്തിച്ചത്. പരിശുദ്ധ പിതാവിന്റെ ഈ ഉദ്ബോധനം സ്വീകരിക്കാനും അനുസരിക്കാനും എല്ലാവരും കടപ്പെട്ടവരാണ്.

2023ലെ പിറവിതിരുനാൾ മുതൽ സഭ നിഷ്കർഷിക്കുന്ന രീതിയിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ട് സഭയോടു വിധേയത്വമുള്ളവരാകാനും കലഹങ്ങൾ അവസാനിപ്പിക്കാനും പൈതൃകമായ വാത്സല്യത്തോടെ
മാർപാപ്പ ആവർത്തിച്ചുനൽകിയ
മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കാം. കാരണം, മാർപാപ്പയെ അനുസരിക്കുമെന്ന് ആവർത്തിച്ചു പറയുന്നവരോട് സംശയാതീമായും അവസാനമായും തന്റെ തീരുമാനം പരിശുദ്ധ പിതാവ് സന്ദേശത്തിലൂടെ അറിയിച്ചിരിക്കുകയാണ്.

എറണാകുളം-അങ്കമാലി അതിരൂപതയിലും സിനഡു തീരുമാനപ്രകാരമുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കണമെന്ന് രണ്ടു കത്തുകളിലൂടെ മാർപാപ്പ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് അസാധാരണമാർഗമായ വീഡിയോ സന്ദേശത്തിലൂടെ പരിശുദ്ധ പിതാവ് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽനിന്ന് പരിശുദ്ധ പിതാവിന് ഈ വിഷയത്തിൽ കൃത്യമായ ധാരണയുണ്ടെന്നത് വ്യക്തമാണ്. മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന പ്രചാരണം മാർപാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണ്. 2023 ഡിസംബർ 25 മുതൽ എറണാകുളം-അങ്കമാലി അതിരൂപതമുഴുവനിലും സിനഡുതീരുമാനമനുസരിച്ച് വിശുദ്ധ കുർബാനയർപ്പിക്കണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടതിനുശേഷവും പിറവിതിരുനാൾ ദിനം മാത്രം ചൊല്ലണമെന്നാണ് മാർപാപ്പ പറഞ്ഞിരിക്കുന്നത് എന്ന പ്രചാരണമാണ് യഥാർത്ഥത്തിൽ തെറ്റിധാരണ പടർത്തുന്നത്.

ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്കെതിരെ സഭാമക്കളെല്ലാവരും ജാഗ്രത പുലർത്തണമെന്നും സഭാകൂട്ടായ്മ പുനഃസ്ഥാപിച്ച് കത്തോലിക്കാസഭയുടെ കൂട്ടായ്മയിൽ തുടരുകയെന്ന മാർപാപ്പയുടെ ആഹ്വാനം എളിമയോടെ സ്വീകരിക്കണമെന്നും സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു. വ്യക്തിപരവും പ്രാദേശികവുമായ
സങ്കുചിത ചിന്തകളും അഭിപ്രായ വ്യത്യാസങ്ങളും ഉപേക്ഷിച്ച്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെയും സിനഡുപിതാക്കന്മാരുടെയും ആവർത്തിച്ചുള്ള ആഹ്വാനമനുസരിച്ച്, ഏകീകൃത വിശുദ്ധ കുർബാന അർപ്പണരീതി നടപ്പിലാക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരോടും സന്യസ്ഥരോടും അല്മായസാഹോദരങ്ങളോടും ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു.

ഫാ. ഡോ. ആന്റണി വടക്കേകര വി. സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയ കമ്മീഷൻ

ജനുവരി 18, 2024

നിങ്ങൾ വിട്ടുപോയത്