അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു മുന്നില്‍ ഉപവാസവും പ്രാര്‍ത്ഥയും ജീവന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിശ്ശബ്ദ സാക്ഷ്യവുമായി ഒരു സംഘടന.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് 18,816 സ്ത്രീകളെ അബോര്‍ഷനില്‍നിന്ന് പിന്തിരിപ്പിച്ചു എന്ന റെക്കോര്‍ഡാണ് ഇവര്‍ക്ക് ഇന്നുള്ളത്.

206 അബോര്‍ഷന്‍ ജോലിക്കാരെ മാനസാന്തരപ്പെടുത്താനും 107 അബോര്‍ഷന്‍ സെന്‍ററുകള്‍ അടച്ചുപൂട്ടുവാനും പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് “40 ഡെയ്സ് ഫോര്‍ലൈഫ്” (40daysforlife.com) എന്ന പ്രോലൈഫ് സംഘടന.
2004ല്‍ അമേരിക്കയിലാണ് ഒരുപറ്റം പ്രോലൈഫ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥനയിലൂടെ ഗര്‍ഭഛിദ്രത്തെ നേരിടാന്‍ മുന്നിട്ടിറങ്ങിയത്. 2007 ഓടെ അതൊരു സംഘടനയായി മാറി. ഇന്നിപ്പോള്‍ 64 രാജ്യങ്ങളില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ് ഈ സംഘടന.

അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നില്‍ ഒരു ക്രൂശിതരൂപം വച്ചുകൊണ്ട് മുട്ടിന്മേല്‍ നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുക എന്നതാണ് ഇവരുടെ രീതി. അബോര്‍ഷനുവേണ്ടി ക്ലിനിക്കുകളിലേക്ക് വരുന്നവര്‍ ഈ കാഴ്ച കണ്ട് മനസ്സുമാറുവാനും അതിലൂടെ ഒരു ജീവന്‍ രക്ഷിക്കാനും ഇടയാകും എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. അതോടൊപ്പം ഇവര്‍ സമൂഹത്തില്‍ ഗര്‍ഭഛിദ്രത്തിനെതിരേ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഏതാനും പേരില്‍ ആരംഭിച്ച ഈ സംഘടനയ്ക്ക് ഇപ്പോള്‍ പത്തു ലക്ഷത്തിലേറെ വളണ്ടിയര്‍മാര്‍ 64 രാജ്യങ്ങളിലായുണ്ട്.

ഈ വര്‍ഷം സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ഈ പ്രാര്‍ത്ഥനാദിനങ്ങള്‍. ദിവസേന 12 മണിക്കൂറുകളാണ് അബോര്‍ഷന്‍ സെന്‍ററുകള്‍ക്കു മുന്നില്‍ ഇവര്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി നിലകൊള്ളുന്നത്. സെപ്റ്റംബർ 22 മുതൽ ഇതേ വരെ 311 കുരുന്നു ജീവനകളെ രക്ഷിക്കാൻ കഴിഞ്ഞു എന്നാണ് ഇവരുടെ വെബ്സൈറ്റിൽ കാണാൻ കഴിഞ്ഞത്.

ഇംഗ്ലണ്ടില്‍ 2010 മുതലാണ് “40 ഡെയ്സ് ഫോര്‍ ലൈഫ് ” സംഘനടയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ലീഡ്സ് കത്തോലിക്കാ രൂപതാ ബിഷപ് മാര്‍ ആര്‍ഥര്‍ റോഷെയുടെ പിന്തുണയോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ലീഡ്സ് പട്ടണത്തോടു ചേര്‍ന്നുള്ള ബരാക്ക് റോഡിലെ ”എം.എസ്.ഐ റീപ്രൊഡക്ടീവ് ചോയ്സസ്” എന്ന അബോര്‍ഷന്‍ ക്ലിനിക്കുനു മുന്നിലെ ഫൂട് പാത്തിലാണ് പ്രാര്‍ത്ഥന നടക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് ക്രിസ്റ്റഫര്‍ റെഡ്ഡിംഗ് (ക്രിസ്) ആണ്.
കെമിക്കല്‍ എന്‍ജിനീയറും ഗവേഷകനും ഗണിതാധ്യാപകനുമായിയിരുന്ന ക്രിസ് തന്‍റെ എല്ലാ ജോലികളും ഉപേക്ഷിച്ചാണ് ഇപ്പോള്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തന്‍റെ യൂണിവേഴ്സിറ്റി പഠനകാലത്ത് കൂടെ താമസിച്ചിരുന്ന ഒരു സുഹൃത്തില്‍നിന്നാണ് പ്രോലൈഫ് പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം ആകൃഷ്ടനാകുന്നത്.

വര്‍ഷത്തില്‍ എല്ലാ ദിവസവും അബോര്‍ഷന്‍ ക്ലിനിക്കിനു മുന്നില്‍ പ്രോലൈഫ് സന്ദേശവുമായി പ്രാര്‍ത്ഥനയോടെ നിലയുറപ്പിക്കുക എന്നതാണ് ക്രിസ്സിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പ്രവര്‍ത്തനരീതി. മഞ്ഞും മഴയും വെയിലും വകവയ്ക്കാതെ രാവിലെ ഒമ്പതുമുതല്‍ ക്ലിനിക് അടയ്ക്കുന്നതുവരെ ക്രിസ് പ്രാര്‍ത്ഥനയോടെ അവിടെയുണ്ടാകും.
ക്രിസ്സിന്‍റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നവരുടെ അരികില്‍ ഒരു സ്ത്രീ വന്ന് നിറകണ്ണുകളോടെ പറഞ്ഞ ഒരു സംഭവം അദ്ദേഹം ഓര്‍മ്മിക്കുന്നു: “ഏതാനും വർഷം മുമ്പേ നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എനിക്ക് എന്‍റെ കുഞ്ഞിനെ നശിപ്പിക്കേണ്ടി വരില്ലായിരുന്നു”. ഗര്‍ഭഛിദ്രത്തിന്‍റെ ഭയാനകത തിരിച്ചറിയാതെ അതിന് വിധേയയായ ഒരമ്മ ഇന്നും വേദനിച്ചു കഴിയുന്നുവെന്നാണ് ക്രിസ് പറഞ്ഞത്. തന്‍റെ ടാക്സിയില്‍ കയറിയ ഒരു സ്ത്രീ പറഞ്ഞ ഒരു സംഭവം ഒരിക്കല്‍ ഒരു ടാക്സി ഡ്രൈവര്‍ ഇവരുടെ അടുത്തു വന്ന് സാക്ഷ്യപ്പെടുത്തി. “തൻ്റെ ടാക്സിയിലെ ഒരു യാത്രക്കാരി അബോര്‍ഷനുവേണ്ടി വരുമ്പോള്‍ ഇതിനെതിരേ പ്രാര്‍ത്ഥിച്ചുനില്‍ക്കുന്ന വ്യക്തികളെ കണ്ട് അവള്‍ക്ക് മനസ്സുമാറി. അവള്‍ അബോര്‍ഷന്‍ വേണ്ടെന്നുവച്ച് തിരിച്ചുപോയി”
വഴിയാത്രക്കാരില്‍ ചിലര്‍ കാര്‍ നിര്‍ത്തി ഏതാനും സമയം അവരോടൊപ്പം അനുഭാവം പ്രകടിപ്പിച്ച് പ്രാര്‍ത്ഥനയില്‍ പങ്കാളികളാവുകയും ചിലര്‍ സംശയങ്ങള്‍ ചോദിച്ചറിയുകയും ചെയ്യും. അഭിനന്ദിക്കുന്നവരേക്കാള്‍ എതിര്‍ക്കുന്നവരും കുറവല്ല എന്ന് ക്രിസ് പറയുന്നു. റോഡരികില്‍ കാര്‍ നിര്‍ത്തി കയര്‍ത്തു സംസാരിക്കുന്നവരും തങ്ങളുടെ ബാനറുകളും മറ്റ് സാമഗ്രികളും എടുത്തു വലിച്ചെറിയുന്നവരും ഉണ്ട്. ചിലർ ബാനറുകൾ കാറിലെടുത്ത് കടന്നു കളയുന്നു. അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ഗര്‍ഭിണിയായതില്‍ ആശങ്കയുള്ളവരെ സഹായിക്കാനും അബോര്‍ഷനു ശേഷം വിഷാദരോഗത്തിന് അടിമകളായവരെ ആശ്വസിപ്പിക്കാനും പ്രത്യേകം ഹെല്‍പ്പ് ലൈനുകള്‍ “40 ഡെയ്സ് ഫോര്‍ ലൈഫ് ലീഡ്സ് ” പ്രവര്‍ത്തകര്‍ക്കുണ്ട്. കൂടാതെ, അബോര്‍ഷനുവേണ്ടി ആദ്യ ഗുളിക കഴിച്ചശേഷം അത് വേണ്ടിയിരുന്നില്ല എന്ന ചിന്തിച്ച് ആകുലപ്പെട്ടിരിക്കുന്നവരെ സഹായിക്കാനും പ്രത്യേക സംഘം ഇവിടെ പ്രവര്‍ത്തിക്കുന്നു.
സീറോ മലബാർ രൂപതകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോ ലൈഫ് പ്രവർത്തനങ്ങൾ താൻ അറിഞ്ഞിട്ടുണ്ട്, അതിൽ സന്തോഷിക്കുന്നു എന്നാണ് ക്രിസ് പറഞ്ഞത്. കേരളത്തിൽ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും വേണ്ടി (പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ) ഏർപ്പെടുത്തിയ കർമ്മ പദ്ധതികളെക്കുറിച്ചും അറിഞ്ഞുവെന്നും അത് എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
1967ല്‍ ഗര്‍ഭഛിദ്രം ഇംഗ്ലണ്ടിലും വെയില്‍സിലും നിയമമായതിനു ശേഷം വര്‍ഷംതോറും ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് ഇതിനോടകം നശിപ്പിക്കപ്പെട്ടത്. 2020ല്‍ മാത്രം 2,10,860 അബോര്‍ഷനുകളാണ് നടന്നത്. ഇത് എക്കാലത്തെയും വലിയ റെക്കോര്‍ഡായിരുന്നു.

അബോര്‍ഷന്‍ കര്‍ശനമായി എതിര്‍ക്കുന്ന സതേണ്‍ അയര്‍ലണ്ടില്‍നിന്നും കൊറോണ കാലത്തുപോലും 371 പേര്‍ ഇംഗ്ലണ്ടില്‍ അബോര്‍ഷനുവേണ്ടി വന്നിരുന്നു. എന്നാല്‍ 2019ല്‍ ഇത് 1,040 ആയിരുന്നു. അബോര്‍ഷനു താല്‍പര്യപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ (എന്‍.എച്ച്.എസ്) ചെലവില്‍ അത് നിര്‍വ്വഹിക്കാന്‍ കഴിയുന്നു എന്നതാണ് ഇത്രമേല്‍ വ്യാപകമാകാന്‍ കാരണമെന്ന് പറയപ്പെടുന്നു. 18 വയസില്‍ താഴെയുള്ളവര്‍ ഗര്‍ഭഛിദ്രത്തിന് വരുന്നതിന്‍റെ എണ്ണം കുറയുമ്പോള്‍ 30-34 വയസിനിടയില്‍ ഇതിനു ശ്രമിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നു എന്നതാണ് ഇംഗ്ലണ്ടിലെ പ്രോലൈഫ് പ്രവര്‍ത്തകരില്‍ ആശങ്കയുളവാക്കുന്നത്.


മാത്യൂ ചെമ്പുകണ്ടത്തിൽ
(ഒക്ടോബർ 10 -ന് നടത്തിയ പ്രത്യേക അഭിമുഖത്തിൻെറ അടിസ്ഥാനത്തിൽ തയ്യാറാക്കിയത് )
ആശംസകൾ
