സൂര്യൻ തൻ്റെ സർവ്വ പ്രതാപം ഒട്ടും
മയമില്ലാതെ പ്രകടമാക്കുന്ന കാല മാണ് മേടമെന്നു പഴമക്കാർ പണ്ടേ പറയാറുണ്ട്. കാരണവൻമാർ കാര്യകാരണങ്ങളില്ലാതെ ഇത്തരം പ്രയോഗങ്ങൾ പറയാറുമില്ല. മീന -മേട മാസങ്ങളിൽ
ജനിക്കുന്നവർ ലോക കീർത്തി നേടുമെന്നും പണ്ടുള്ളവർ പറഞ്ഞിരുന്നു. ചിലരതിനെ നക്ഷത്രഫലമെന്നും വിശ്വസിച്ചിരുന്നു. ലോകവും
കാലവും മാത്രമല്ല ആകാശ നക്ഷത്രങ്ങളുടെ തിളക്കവും ഭൂമിയിലെ മണ്ണിൻ്റെ തണുപ്പും വായുവിൻ്റെ ചൂടും പാറകളിലെ ഉറവകളിൽ നിന്നും ഉരുത്തിരിയുന്ന നീർച്ചാലുകളുമെല്ലാം
പ്രപഞ്ച കർത്താവായ ദൈവത്തിൻ്റെ
മനസ്സിരുത്തിയ സൃഷ്ടിജാലത്തിൻ്റെ
അത്ഭുതകരമായ കൈപ്പുണ്യത്തെയാണല്ലോ ഇന്നും നമ്മോടു വിളിച്ചോതുന്നത്. പഴഞ്ചൊല്ലുകളിൽ പതിരില്ലെന്നു പറഞ്ഞു വച്ചതും നമ്മുടെ പുണ്യാത്മാക്കളായ പൂർവ്വികർ തന്നെ. ജീവിതത്തിൻ്റെ ആഴങ്ങളിലുള്ള സത്യത്തെ അവരേപ്പോലെ ഗ്രഹിച്ചിരുന്നവരും

വേറേയില്ലല്ലോ. മീനവും മേടവും സൂര്യ
ഭഗവാൻ കത്തി നിൽക്കുന്ന കാലമാണെന്നു പറഞ്ഞ ഭാരതത്തിലെ ഋഷിമാർ വ്യംഗ്യമായി പറഞ്ഞു വച്ചതും ജനനമരണങ്ങളിൽ കാലത്തിൻ്റെ സ്വഭാവങ്ങൾ പതിഞ്ഞു കിടക്കുമെന്നു തന്നെയാണ്. ആയുസ്സും കീർത്തിയും ചിലർക്കു കിട്ടുന്ന ജീവിത ഭാഗ്യങ്ങ
ളാണെന്നും നമ്മൾ തിരിച്ചറിയുന്നുണ്ട്.
ആത്മീയരിലും അത്മായരിലും നാം ഇത്തരം ഭാഗ്യശാലികളെ കണ്ടറിയുന്നു
വെന്നു മാത്രമല്ല കേട്ടറിയുന്നുമുണ്ട്.
ചിലർക്കു കീർത്തി ഭാഗ്യം കിട്ടുമ്പോൾ
മറ്റു ചിലർക്കു ആയൂർഭാഗ്യമാണ്. വേറേ ചിലർക്കു അധികാരഭാഗ്യം.
ഇനിയും ചിലർക്കു വസ്ത്ര ഭാഗ്യം.
പിന്നെ ഭക്ഷണ ഭാഗ്യം. യാത്രാ ഭാഗ്യം.
ചുരുക്കം ചിലർക്കു ജീവിതത്തിൽ ഈ സർവ്വ ഭാഗ്യങ്ങളും ദൈവദാനങ്ങളായി
കിട്ടുമെന്നതിൻ്റെ നമ്മുടെ കാലത്തെ
ഒരു നേർസാക്ഷ്യമാണു പാലായിലെ
സർവ്വരും സ്നേഹത്തോടെ വലിയ
പിതാവെന്നു വിളിക്കുന്ന മാർ പള്ളിക്കാ
പറമ്പിൽപ്പിതാവ്. പാലാക്കാർ വലിയ
പിതാവെന്നു രണ്ടു പേരേ മാത്രമേ
ആകെ വിളിച്ചിട്ടുള്ളു. ഒന്നു പാലായിലെ ആദ്യത്തെ ബിഷപ്പു മാർ സെബാസ്റ്റ്യൻ
വയലിൽപ്പിതാവ്. പിന്നെ തുടർന്നു വന്ന
മാർ പള്ളിക്കാപ്പറമ്പിൽപ്പിതാവ്. രണ്ടാമത്തെ പിതാവിനു ഇന്നു തൊണ്ണൂറ്റിയെട്ടാം ജന്മദിനമാണ്. പിതാവിൻ്റെ
അപ്പനും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സു കിട്ടി. നൂറ്റിയാറാം വയസ്സിലാണ് കാലത്തെ കടന്നുപോയത്.
പിന്നെ ദീർഘായുസ്സിൻ്റെ സർവ്വകാല
റിക്കാർഡ് കിട്ടിയതും മറ്റൊരു ആത്മീ
യാചാര്യനാണ്. മാർത്തോമ്മാ സഭയിലെ വലിയ മെത്രാപ്പോലീത്തായെന്നു
വിശ്വാസികളും അവിശ്വാസികളും ഒന്നു
പോലെ കൊണ്ടാടിയ ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്തം തിരുമേനി. വലിയ മെത്രാപ്പോലീത്താ ആഗ്രഹം
പോലെ തൻ്റെ പിതാവു ഉമ്മനച്ചൻ്റെ
ആയുഷ്ക്കാല റിക്കോർഡ് – 105-
പൂർത്തിയാക്കിത്തന്നെയായിരുന്നു
“നാടുനീങ്ങി ” യത്.!!

പാലാക്കാരുടെ ആഗ്രഹവും പ്രാർത്ഥന
നയും വലിയ പിതാവും സ്വന്തംഅപ്പൻ്റെ റിക്കോർഡ് – 106- മറി കടക്കണമെന്നു
തന്നെയാണ്. അതിനു ഇനിയും വർഷ
ങ്ങളുണ്ടെങ്കിലും അതു സംഭവിക്കുമെ
ന്നു തന്നെയാണ് പിതാവിനെ അറിയു
ന്നവരുടെയെല്ലാം ധൈര്യം. 98 ലും
വലിയ പിതാവിനു ഓർമ്മക്കുറവേയില്ല.
അറിയുന്നവരുടെ പേരു സഹിതം വിളിക്കും! പഴയ കഥകളും കാര്യങ്ങളും
പറയുമ്പോഴും പിതാവിനു നാവു പിഴകളൊന്നുമില്ല. ജീവിതത്തിൻ്റെ ചിട്ടകൾക്കും ഒരു മാറ്റവുമില്ല. സൂര്യോദയത്തിനു വളരെ മുൻപേ പണ്ടെന്നതുപോലെ
ഇപ്പോഴും ഉണരുന്നു. അരമന ചാപ്പലിൽ ധ്യാനവും പ്രാർത്ഥനയും കുർബ്ബാ
നയുമെല്ലാമായി പതിവുകൾക്കൊന്നും
മുടക്കമില്ല. നിവൃത്തിയുള്ളിടത്തോളം
ഊട്ടുമുറിയിൽ മറ്റുള്ളവർക്കൊപ്പം
ഭക്ഷണത്തിനെത്തുന്ന പിതാവിനു
ഒരു ഭക്ഷണവും നിരോധിതമല്ല. ഷുഗറുമില്ല. പ്രഷറുമില്ല. ഏതു ഭക്ഷണവും ആസ്വദിച്ചു കഴിക്കുന്ന വലിയ
പിതാവിനു അന്നും ഇന്നും ഇഷ്ട ഭക്ഷ
ണമേതെന്ന ചോദ്യത്തിനും ഒരേയൊരു
ത്തരമേയുള്ളു. കപ്പ. പച്ചക്കപ്പയായാ
ലും ഉണക്കു കപ്പയായാലും അതിൻ്റെ
പ്രസാദം മുഖത്തുണ്ടാകും.! ദീർഘ കാലം റോമിൽ പഠിച്ചും പഠിപ്പിച്ചും
കഴിഞ്ഞതു കൊണ്ടാവാം ഇറ്റാലിയൻ
വിഭവങ്ങളും പിതാവിനിഷ്ടം തന്നെ.

ഇത്ര വൃത്തിയായും വെടിപ്പായും വസ്ത്രം ധരിക്കുന്ന ബിഷപ്പുമാർ
മറ്റധികം പേരുണ്ടാക്കിനിടയില്ല. എന്നും
ശുദ്ധ ശുഭ്രം . മുഷിഞ്ഞതോ ചുളുങ്ങിയതോ ധരിച്ചു പിതാവിനെ ആരും കണ്ടിട്ടുണ്ടാവുകയില്ല. അരമനയിലെ
മുറിയിലായാലും യാത്രാ വേളകളിലായാലും പൊതുച്ചടങ്ങുകളിലായാലും
പിതാവിൻ്റെ വെളുത്ത കോട്ടൺ ളോഹയുടെ പ്രഭാമയത്തെ മറികടക്കാൻ
ശുഭ്ര വസ്ത്രധാരികളായ മന്ത്രിമാർക്കോ നേതാക്കന്മാർക്കോ ഇന്നേവരെ
കഴിഞ്ഞിട്ടുമില്ല! റോമിൽ പഠിച്ചിട്ടും
പിതാവിനു ഒരു ഡ്രൈവിംഗ് ലൈസൻസു വേണമെന്നു ഒരിക്കൽപ്പോലും
തോന്നിയിട്ടില്ല. എന്നാൽ കാർ യാത്രകളിതുപോലെ ആസ്വദിച്ചിട്ടുള്ളവരും
വേറേ അധികം പേരുണ്ടാവുകയില്ല.
ലീഡർ കരുണാകരനാണോ ബിഷപ്പു
മാർ പള്ളിക്കാപ്പറമ്പിലാണോ യാത്രകളുടെ സ്പീഡ് കൂടുതൽ ആസ്വദിച്ചിരുന്നതെന്നു തീർത്തു പറയാനും പ്രയാസമാണ്. സഹായ മെത്രാനായി പാലായിലെത്തിയ കാലം മുതൽ വിജയനായിരുന്നു സാരഥി. നാൽപ്പതു വർഷം !
ഒരിക്കൽപ്പോലും ഒരപകടവും ഉണ്ടായിട്ടില്ല എന്നതും മറ്റൊരു റിക്കോർഡ്.
(വിജയൻ്റെ ഇളയ മകൻ ബിജോയി അഞ്ചു വർഷത്തോളം എനിക്കൊപ്പം സെക്രട്ടറിയും സാരഥിയുമായി ഉണ്ടായിരുന്നു. അപ്പൻ്റെ ഡ്രൈവിംഗിൻ്റെ “കല ” മകനും കിട്ടിയിട്ടുണ്ടെന്നു പറയണം. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനക്കമ്മീഷനംഗമായി ഞാൻ ഡൽഹിക്കു പോകും വരെ ബിജോയിയായിരുന്നു എനിക്കു സാരഥിയും സഹായിയും) എന്നും എല്ലാക്കാലത്തും വലിയ പിതാവിൻ്റെ വിശ്വ സ്തനായിരുന്നു വിജയൻ.

സംഭാഷണത്തിലും പ്രസംഗത്തിലും
ഇതുപോലെ നർമ്മം പറഞ്ഞിരുന്നവരും പിതാവിനേപ്പോലെ അധികം പേരുണ്ടാവുകയില്ല. ഇപ്പോഴും ഇതുപോലെ
ചിരിക്കാനും പറഞ്ഞു ചിരിപ്പിക്കാനും
കഴിയുന്ന മെത്രാന്മാരും അധികമില്ല.
മെത്രാന്മാർക്കിടയിൽ ചിരി മത്സരമുണ്ടായാൽ ഒന്നാം സ്ഥാനം പാലായിലെ
വലിയ പിതാവിനു തന്നെയാവും. ഇതു
പോലെ പൊട്ടിച്ചിരിക്കുന്നവരും വേറേ
അധികമില്ല. റോമിലെ ഫ്രാൻസീസ് മാർപാപ്പായല്ലാതെ. നല്ല പ്രായത്തിൽ
തൊപ്പിയും അംശവടിയും പിടിച്ചു റാസ
കുർബ്ബാനയ്ക്കു നിൽക്കുമ്പോൾ
മാർ പള്ളിക്കാപ്പറമ്പിൽ പിതാവിനും ഒരു പാപ്പാലുക്കൊക്കെ ഉണ്ടായിരുന്നു
വെന്നതും ഞങ്ങൾ മറന്നിട്ടില്ല!

പാലായിലെ പിതാക്കന്മാരുടെ ഒരു
സ്വഭാവം ഞങ്ങൾക്കു സന്തോഷവും
എന്നാൽ അല്പം സങ്കടവും നൽകുന്നില്ലെന്നുമില്ല. സഭയിലെ ഉയർന്ന പദവി
കളിലേക്കു പേരു വന്നപ്പോഴൊക്കെ
വയലിൽപ്പിതാവും പള്ളിക്കാപറമ്പിൽ
പിതാവും മാത്രമല്ല, അടുത്ത കാലത്ത്
മാർ കല്ലറങ്ങാട്ട് പിതാവും ഒരേ നിലപാടിലാണു ഉറച്ചു നിന്നതെന്നതും സഭയിലെ ഒരു പരസ്യമായ രഹസ്യമാണല്ലോ.
പാലാ വിട്ടു വേറേ എങ്ങോട്ടുമില്ല!
മാർ കാവുകാട്ട് ദിവംഗതനായപ്പോൾ വയലിൽ പിതാവിൻ്റെ പേരു പകരമായി
നിർദ്ദേശിച്ചത് കർദ്ദിനാൾ പാറേക്കാട്ടിലായിരുന്നത്രേ. പാലായുമായുള്ള തൻ്റെ വൈകാരിക ബന്ധമുയർത്തിയാണു
വയലിൽപ്പിതാവ് പാലായിൽ നിന്നത്.
മറ്റൊരു അതിരൂപതാധിപനായി ഒരി
ക്കൽ പള്ളിക്കാപ്പറമ്പിൽ പിതാവിൻ്റെ
പേരു വന്നത്രേ. നിർദ്ദേശിച്ച പിതാവി
നോടു അന്നു വലിയ പിതാവ് നർമ്മം
കലർത്തി രഹസ്യമായി ചോദിച്ചത്രേ

— പിതാവേ! ആരെങ്കിലും അമ്മയെ
ക്കൊടുത്തിട്ടു ഭ്രാന്തിയെ മേടിക്കുമോ?
— മറ്റേപ്പിതാവിൻ്റെ പൊട്ടിച്ചിരിയിൽ
ഹാളിൻ്റെ സീലിംഗ് ഇളകിയത്രേ! —
ഒന്നും വേണ്ടെന്നു പറഞ്ഞു സന്യാസത്തിനു പോയ മുരിക്കൻ പിതാവ്.
അവസാനത്തെ ഉദാഹരണമായി
ഇപ്പോൾ കല്ലറങ്ങാട്ടു പിതാവും.
കാക്കനാട്ടിനു പോകും മുൻപ് തന്നെ
അടുപ്പമുള്ളവരോടു പിതാവ് പാലാ
വിട്ടു എങ്ങോട്ടുമില്ലെന്നു നിലപാട്
പറഞ്ഞിരുന്നു. പക്ഷേ അവിടെ പറഞ്ഞത് ആരോഗ്യപരമായ ബുദ്ധി
മുട്ടും ! പഠിച്ചത് ദൈവശാസ്ത്രമാണെ
ങ്കിലും കല്ലറങ്ങാട്ട് പിതാവിനു നല്ല
പ്രായോഗിക ബുദ്ധിയുമുണ്ടെന്നും
പിതാവും വീണ്ടും തെളിയിച്ചു!

ഏപ്രിൽ 10 നല്ല ദിവസമാണെന്നു
ഞാനും വിശ്വസിക്കുന്നു. എൻ്റെ
പിതാവ് ആർ.വി. തോമസിൻ്റെ നൂറ്റി
ഇരുപത്തിയഞ്ചാം ജന്മദിനവും ഇന്നു
തന്നെ.അറിയപ്പെടുന്ന മേടമാസക്കാർ
വേറേയുമുണ്ട്. കേരളമറിയുന്ന നല്ല
നേതാക്കൾ. ടി.എം. വർഗീസ് മേടം
പത്തിനു സൂര്യൻ ഉച്ചസ്ഥായിയിൽ
നിന്ന ദിവസമായിരുന്നു ജനിച്ചത്.
പിന്നെ പി.ടി. ചാക്കോ. ഡി.സി. കിഴക്കേ മുറി സാർ. എല്ലാവരും മേടക്കാർ
തന്നെ!

വലിയ പിതാവിനു സ്നേഹാദര പൂർവ്വ
മായ ജന്മദിനാശംസകൾ സമർപ്പിക്കട്ടെ.

ആയുഷ്മാൻ ഭവ !!
പ്രാർത്ഥനാപൂർവം,
ഡോ. സിറിയക് തോമസ്.