നാടിന്റെ തിലകക്കുറിയാണ് SB കോളേജ്. എത്രയോ മഹാരഥൻമാരായ വ്യക്തികളെ വാർത്തെടുത്ത പ്രൗഢ ഗംഭീരമായ കലാലയം !!!

പ്രീഡിഗ്രി മുതൽ എം.എ (ഇക്കണോമിക്സ്‌ ) വരെ 7 വർഷക്കാലം പഠിച്ച കലാലയം. അദ്ധ്യാപകരോടും അനദ്ധ്യാപകരോടും സഹപാഠികളാടും ഒരു പാട് ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരം തന്ന കലാലയം.

ഏറ്റവും മികച്ച രീതിയിൽ തന്നെ സർവ്വകലാശാലാ പരീക്ഷകൾ പാസ്സാകാൻ അവസരമൊരുക്കിയ കലാലയമാണെനിക്ക് എസ്.ബി. അതോടൊപ്പം രാഷ്ട്രീയ പഠനത്തിന്റെ കേളികൊട്ട് ഹൃദയത്തിൽ കൂടുതൽ പതിപ്പിക്കുന്നതിനും അവസരം തന്ന കലാലയം തന്നെ.

അന്നത്തെ പ്രിൻസിപ്പാൾ അന്തരിച്ച പുളിക്കപ്പറമ്പിൽ അച്ചനേയും, ഇക്കണോമിക്സ് അദ്ധ്യാപകനായിരുന്ന സി. ഇസെഡ് സഖറിയാ സാറിനെയും പോലെയുള്ള അദ്ധ്യാപകരുടെ സ്നേഹം ഇന്നും ഹൃദയത്തോട് ചേർന്നു നിൽക്കുന്നു.

ഒന്നാം വർഷ പ്രീഡിഗ്രി ക്ലാസ് തുടങ്ങിയ ദിവസം തന്നെ കാറൾ മാർക്സിന്റെ മൂലധനം തേടി കോളേജ് ലൈബ്രറിയിൽ ചെന്ന എന്നെ ലൈബ്രറേറിയൻ വഴക്കു പറഞ്ഞതും നെറ്റിചുളിച്ചതും ഇന്നും ഓർമിക്കുന്നു. പ്രീഡിഗ്രിക്കാലത്ത് ഫുട്ട്ബോൾ കളിയോട് വല്യ കമ്പമുണ്ടായിരുന്ന എനിക്ക് കോളേജ് ഗ്രൗണ്ടിൽ നടന്ന 3 ആഴ്ചക്കാലത്തെ യൂണിവേഴ്സിറ്റി കോച്ചിംഗ് ക്യാമ്പിൽ കളിക്കാൻ നിക്കി ബൂട്ട്സ് തന്നത് സീനിയർ കളിക്കാരൻ നിറപറ ജോസിച്ചായൻ. കളിക്കാൻ പറഞ്ഞയച്ചത് പ്രിൻസിപ്പാളച്ചനും .

കോളേജ് ഇലക്ഷൻ കാലയളവിൽ കെ.എസ്.യുവിന് പിന്തുണ തേടി രാത്രികാലങ്ങളിൽ കാമ്പസിനുള്ളിൽ നിരനിരയായി നിൽക്കുന്ന ഹോസ്റ്റലുകളിലേയ്ക്ക് വാർഡൻന്മാരായ അച്ചന്മാരുടെ കണ്ണിൽ പെടാതെയുള്ള നീക്കങ്ങൾക്കിടയിൽ പിടിക്കപ്പെടുന്നതും, സൂത്രം പറഞ്ഞ് രക്ഷപ്പെടുന്നതും ഇന്നും രസമുള്ള ഓർമ്മകൾ തന്നെ.

തെരഞ്ഞെടുപ്പ് കലാശക്കൊട്ടിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ തമ്മിൽ തല്ലു കൂടിയപ്പോൾ അടിയ്ക്കാൻ വടി കിട്ടാതെ വന്ന കെ.എസ് യു നേതാവ് മതിലിനടുത്ത് നിന്ന ആടിനെ എടുത്ത് വിരുദ്ധ ചേരിയിലെ നേതാക്കളേ അടിച്ചത് ഓർക്കുമ്പോൾ ചെറു ചിരി ഇപ്പോഴും ഓടി വരുന്നു.

കോളേജ് യൂണിയൻ എഡിറ്ററാവാനും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറാവാനും അവസരം കിട്ടി ആ കാലയളവിൽ. എന്റെ സഹധർമ്മിണിയും സഹോദരിയും പി.ജി. കോഴ്സിനു എസ്.ബിയിലാണ് പഠിച്ചത്. സഹധർമ്മിണി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി എസ്.ബിയിൽ നിന്നും സഹോദരി യൂണി. യൂണിയൻ കൗൺസിലറായി സഹോദരികലാലയമായ അസംഷൻ കോളേജിൽ നിന്നും പിന്നീട് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ലോകമെമ്പാടും പടർന്നു നിൽക്കുന്ന മഹാ വൃക്ഷമാണ് സെന്റ് ബർക്കുമെൻസ്. എസ്.ബി എന്ന വികാരം പൂർവ്വ വിദ്യാർത്ഥികളായ ഏവർക്കും അഭിമാനകരമാണ്.

കോളേജിനെ അന്നുംഇന്നുംഅഭിമാനഗോപുരമായി കാണുന്ന മാനേജ്‌മെന്റും ഈ അവസരത്തിൽ അഭിനന്ദനമർഹിക്കുന്നു. ഞങ്ങൾക്ക് അഭിമാനവും തെല്ല് അഹങ്കാരവുമാണ് എസ്.ബി.

Jossy Sebastian

നിങ്ങൾ വിട്ടുപോയത്