2020 ജനവരി 30 ന് കേരളത്തിൽ തൃശൂരിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിവേഗത്തിലായിരുന്നു ഇതിന്റെ വ്യാപനം. 2021 ജൂൺ 12 ലെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമായും ഏഷ്യയിലെ ഒന്നാമത്തെ രാജ്യമായും ഇന്ത്യ മാറിയിരിക്കുന്നു. രണ്ട് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം കോവിഡ് കേസുകളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ തന്നെ 3,67,081 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. മൂന്നാം തരംഗത്തിലേക്ക് എന്നാണ് നാം കടക്കുക എന്ന ഭയപ്പാടിലാണ് ഇപ്പോൾ രാജ്യം. എല്ലാ മേഖലകളുടെ പ്രവർത്തനങ്ങളെയും ഈ മഹാമാരി ബാധിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.

സാമ്പത്തിക മേഖല

കോവിഡ് 19 നമ്മുടെ സാമ്പത്തിക മേഖലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. സ്ഥിതി-വിവര-കണക്ക് മന്ത്രാലയത്തിന്റെ റിപ്പോർട്ടനുസരിച്ച് 2020 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ തന്നെ 3.1% ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡിന് മുമ്പു തന്നെ ഇന്ത്യൻ സമ്പദ് ഘടന തകർച്ചയുടെ പാതയിലായിരുന്നു. അശാസ്ത്രീയമായ നോട്ട് നിരോധനവും, അപൂർണ്ണമായ ജി.എസ്.ടി. നടപ്പാക്കലും സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. ലോക ബാങ്കും, മറ്റ് റേറ്റിംഗ് ഏജൻസികളും 1999 ലെ സാമ്പത്തിക നവീകരണത്തിനു ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും താഴെയുള്ള ഒരു റേറ്റിംഗിലാണ് ഇന്ത്യയെ കാണുന്നത്. ആഗോള സ്റ്റാറ്റിസ്ററിക്കൽ ഏജൻസിയായ ‘ക്രിസിൾ’ (CRISIL) മെയ് മാസം 26ന് സമർപ്പിച്ച റിപ്പോർട്ട്, സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മോശമായ സാമ്പത്തിക തകർച്ചയെക്കുറിച്ചുള്ളതാണ്. മറ്റ് പ്രമുഖ ഏജൻസികളായ ലോക ബാങ്ക്, നൊമുറ (NOMURA) തുടങ്ങിയവരും ഇന്ത്യയുടെ സാമ്പത്തിക തകർച്ചയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ തന്നു കഴിഞ്ഞു. ഈ അറിയിപ്പുകൾ നാം ഗൌരവപൂർവ്വം എടുത്തില്ലയെങ്കിൽ സാധാരണ ജനജീവിതം പോലും ദുസ്സഹമാവുകയും ആഗോളതലത്തിൽ ഇന്ത്യയുടെ വിശ്വാസ്യത തകരുകയും ചെയ്യും.

ഭക്ഷ്യ മേഖല

ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും, വിതരണം ചെയ്യാനും കഴിയാതെ നശിച്ചു പോകുന്നു. ഓൺലൈൻ വ്യാപാരം വഴി വിറ്റഴിക്കാമെന്ന് കരുതിയാൽ തന്നെ കൊറോണയെ പേടിച്ച് ആളുകൾ അത് വാങ്ങുന്നതിന് വിമുഖത കാണിക്കുന്നു. ഭക്ഷ്യ ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനും തടസ്സങ്ങളേറെയുണ്ട്.

വിതരണം

അതുപോലെ ലോക്ക്ഡൌൺ ബാധിച്ച മറ്റൊരു മേഖലയാണ് വിതരണശൃംഖല . അവശ്യ വസ്തുക്കൾ കൊണ്ടുപോകാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞെങ്കിലും വളരെ കൃത്യമായ ഒരു നിർവ്വചനം കൊടുക്കാതിരുന്നതിനാൽ സംസ്ഥാന അന്തർസംസ്ഥാന മേഖലകളിലെ വിതരണ സമ്പ്രദായത്തിൽ ഇടിവുണ്ടായി. കർഷകർ, സീഫുഡ് ഏജൻസികൾ തുടങ്ങിയ വലിയ വിപണികൾക്ക് ഇത് തിരിച്ചടിയായി.

വ്യവസായം

ലാർസൺ ആന്റ് ടുബ്രോ, ഭാരത് ഫോർജ്, അൾട്രാ ടെക് സിമന്റ്, ഗ്രാസിം ഇൻഡസ്ട്രീസ്, ആദിത്യ ബിർല ഗ്രൂപ്പ്, ഭെൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ വൻകിട കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ വൻതോതിൽ നിർത്തി വയ്ക്കുകയുണ്ടായി. യുവാക്കളുടെ സ്റ്റാർട്ടപ്പുകൾ ഫണ്ടിന്റെ അഭാവം കാരണം വലിയ വെല്ലുവിളികൾ നേരിടുന്നു. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തുകയുണ്ടായി.

കാർഷിക മേഖല

കാർഷിക മേഖലയാണ് ഇന്ത്യൻ സാമ്പത്തിക മേഖലയുടെ നട്ടെല്ല്. ഭാഗ്യത്തിന് നല്ല മഴ ലഭിച്ചതുകൊണ്ട് ഉത്പാദന മികവ് ഉണ്ടായി. എന്നാൽ ഭക്ഷ്യധാന്യങ്ങളുടെയും, ഉൽപ്പന്നങ്ങളുടെയും ദേശീയ-അന്തർദേശീയ ചരക്കു നീക്കം കോവിഡ് നിയന്ത്രണങ്ങൾ മൂലം നഷ്ടത്തിൽ നീങ്ങുന്നു.

വ്യോമയാനവും ടൂറിസവും

ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ വലിയ സംഭാവനയാണ് വ്യോമയാനവും ടൂറിസവും നൽകുന്നത്. ജിഡിപിയുടെ 2.4 ശതമാനം വ്യേമയാനത്തിൽ നിന്നും, 9.2 ശതമാനം ടൂറിസത്തിൽ നിന്നുമാണ്. ഏകദേശം 43 മില്ല്യൻ ആളുകളാണ് ഈ രണ്ട് മേഖലയിലും കൂടി ജോലി നോക്കുന്നത്. എന്നാൽ കോവിഡ് ഈ രണ്ട് മേഖലകളെയും അനിശ്ചിതത്വത്തിൽ ആക്കി. ‘അയാട്ടോ’യുടെ കണക്കനുസരിച്ച് 85 ബില്യൺ രൂപയുടെ നഷ്ടമാണ് ഈ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്.

ടെലികോം

ടെലികോം രംഗത്ത് ഇന്ത്യ വലിയ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ടി.വി. എന്നിവ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗങ്ങളാണ്. കോവിഡ് വരുന്നതിനു മുമ്പ് തന്നെ ഈ മേഖലയിലെ സർവീസ് ദായകർ തമ്മിലുള്ള മത്സരം മൂലം പൊതുസമൂഹം പ്രതിസന്ധിയിലായിരുന്നു. കോവിഡ് മൂലം വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന സംവിധാനം വന്നതോടു കൂടി ഈ മേഖലയുടെ പ്രാധാന്യവും വർദ്ധിച്ചു. പക്ഷെ ഇതിനനുസൃതമായി ടവറുകളുടെയോ, പ്രസരണ കേന്ദ്രങ്ങളുടെയോ പ്രവർത്തനക്ഷമത കൂട്ടിയില്ല.

ഫാർമസ്യൂട്ടിക്കൽസ്

ഇന്ത്യക്ക് അഭിമാനമായി വളർന്ന ഒരു മേഖലയാണ് ഫാർമസ്യൂട്ടിക്കൽസ്. കോവിഡ് 19 ഈ വളർച്ചയ്ക്ക് അനുകൂലമായി മാറി. ജനറ്റിക് മരുന്നുകൾ അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്ന ഒരു കേന്ദ്രമായി ഇന്ത്യ മാറി . 2020 ന്റെ തുടക്കത്തിൽ 55 ബില്യൺ യുഎസ് ഡോളറിന്റെ ലോക മാർക്കറ്റാണ് ഇന്ത്യക്ക് ലഭിച്ചത്. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങൾക്ക് നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. പക്ഷെ, മരുന്നുൽപാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ നമുക്ക് ലഭിച്ചിരുന്നത് ചൈനയിൽ നിന്നാണ് . എന്നാൽ കോവിഡ് മൂലം ഉണ്ടായ ഇറക്കുമതി നയത്തിലെ നിഷ്ക്കർഷ, ആവശ്യമായ തൊഴിലാളികളുടെ അഭാവം, വിതരണ ശൃംഖലയിലെ തടസ്സപെടൽ തുടങ്ങിയവ മൂലം ഈ രംഗത്തുള്ള നമ്മുടെ മേൽക്കോയ്മ താഴേക്ക് പോയി.

എണ്ണയും ഗ്യാസും

അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിറകെ ആഗോളതലത്തിൽ മൂന്നാമത്തെ ഏറ്റവും കൂടുതൽ എനർജി ഉപയോഗിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ ഇന്ത്യൻ എണ്ണ വാതക വ്യവസായം വളരെ പ്രാധാന്യം അർഹിക്കുന്നു. ആഗോള എണ്ണയുടെ 5.2 ശതമാനം സംഭാവന ചെയ്യുന്നുമുണ്ട് ഈ വ്യവസായം. എന്നാൽ അടച്ചുപൂട്ടൽ വന്നതോടുകൂടി ഗതാഗത ഇന്ധനങ്ങളുടെ ആവശ്യം കുറയുകയുണ്ടായി. മൊത്തം എണ്ണ വാതക മേഖലയിലെ മൂന്നിൽ രണ്ട് ആണ് ഗതാഗത ഇന്ധനത്തിൽ പെടുന്നത്. ആഗോളതലത്തിൽ ക്രൂഡോയിൽ വില കുറഞ്ഞെങ്കിലും റവന്യൂ നഷ്ടം പരിഹരിക്കുന്നതിനായി എക്സൈസ് ഡ്യൂട്ടിയും റോഡ് സെസ്സും വർദ്ധിപ്പിച്ചു കൊണ്ട് ഗതാഗത ഇന്ധനത്തിന്റെ വിലക്കയറ്റം ജനങ്ങൾക്ക് മേൽ വലിയ ഭാരമാണ് ഏൽപ്പിച്ചിരിക്കുന്നത്.

തൊഴിലില്ലായ്മ

അടച്ചുപൂട്ടലിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മ 2021 മാർച്ച് 15 ന് 6.7% കാണിച്ചെങ്കിൽ ഏപ്രിൽ 19ന് അത് 26% ആയിട്ടുയർന്നു. 140 മില്യൺ ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്. ശമ്പളം വെട്ടിക്കുറക്കപെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. ആദ്യത്തെ 21 ദിവസത്തെ അടച്ചുപൂട്ടൽ ഓരോ ദിവസവും 32,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി കണക്കുകൾ പറയുന്നു. ഇന്ത്യയിലെ 53% ബിസിനസ് മേഖലകളെ അടച്ചുപൂട്ടൽ കാര്യമായി ബാധിക്കുകയുണ്ടായി.കോവിഡ് പശ്ചാത്തലത്തിലല്ലാതെ തന്നെ ഇന്ത്യയിലെ തൊഴിലില്ലായ്മ 2019 ലെ 5.2 ശതമാനം നിന്നും 2020 ൽ 7.11 ശതമാനമായി വർധിച്ചിരുന്നു. കഴിഞ്ഞ 29 വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിതെന്ന് സർവ്വെ കാണിക്കുന്നു. നമ്മുടെ തൊട്ടടുത്ത പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തൊഴിൽ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഗ്രാഫ് വളരെ മുകളിലാണ്. തൊഴിലില്ലായ്മയ്ക്ക് ഒരു പരിഹാരം അടുത്തെങ്ങും കാണുവാനും സാധിക്കുന്നുമില്ല. ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്മ ഇന്ത്യയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ്.ഈ പ്രതിസന്ധികളെ നേരിടാൻ വ്യക്തവും, ദീർഘ ദൃഷ്ടിയോടെയുമുളള പദ്ധതികൾക്ക് സർക്കാർ രൂപം നൽകണം. അനാവശ്യ ചെലവുകൾ കുറയ്ക്കുകയും വാക്സിനേഷൻ ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ എല്ലാ ജനങ്ങളിലേക്കും എത്തിക്കുകയും വേണം. കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ടൂറിസം, കാർഷികമേഖല എന്നീ രംഗങ്ങളിലെ മുതൽമുടക്കുകൾ വർദ്ധിപ്പിക്കണം. ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുന്ന ദേശീയതൊഴിലുറപ്പ് പദ്ധതി കൂടുതൽ ഫലപ്രദമായി നടപ്പിലാക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈകോർത്തു പിടിച്ചു മുന്നോട്ടു നീങ്ങണം.

നിങ്ങൾ വിട്ടുപോയത്