ചങ്ങനാശേരി: കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസിസമൂഹം ഹൃദ്യമായ വരവേൽപ്പ് നൽകും.
ഒക്ടോബർ 24 വ്യാഴം രാവിലെ 9.00 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ. ജോർജ് കൂവക്കാടിനെ ആർച്ചുബിഷപ് മാർ ജോർജ് കോച്ചേരി, സീറോമലബാർ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, അദ്ദേഹത്തിൻ്റെ മാതൃഇടവകയായ മമ്മൂട് ലൂർദ്‌മാതാ പള്ളി വികാരി ഫാ. ജോൺ വി.തടത്തിൽ, കൈക്കാരൻമാർ, മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് സ്വീകരിക്കും.
അന്നേദിവസം വൈകുന്നേരം 4.00 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പളളിയിൽ സ്വീകരണം നൽകും. വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ ഹാരാർപ്പണം നടത്തും. കൈക്കാരൻമാർ, മദർ സുപ്പീരിയർ എന്നിവർ ബൊക്കെ നൽകും. തുടർന്ന് പ്രാർത്ഥന നടത്തപ്പെടും.
മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയിൽ, അതിരൂപതാ വികാരി ജനറാൾമാർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.