ഈശോമിശിഹായിലുള്ള വിശ്വാസതീക്ഷ്ണതയോടെ, പൗരസ്ത്യ സുറിയാനി സഭയുടെ അപ്പോസ്തൊലിക പാരമ്പര്യബോധനങ്ങളിൽ തൻ്റെ പൗരോഹിത്യജീവിതത്തെ ക്രമപ്പെടുത്തി മാർ തോമായുടെ പിൻഗാമിയായി ഒരു പതിറ്റാണ്ടിലേറെ സീറോ മലബാർ സഭയെ നയിച്ച മാർ ജോർജ് ആലഞ്ചേരി പിതാവ് എൺപതിൻ്റെ നിറവിൽ. പുനഃരുത്ഥാന ഞായറിൻ്റെ പ്രഭയിൽ തൻ്റെ എൺപതാം പിറന്നാൾ ആഘോഷിക്കാനുള്ള അസുലഭസന്ദർഭം കൈവന്നെങ്കിലും ഈശോമിശിഹായെയും അവിടുത്തെ സഭയെയും ശുശ്രൂഷിച്ചു തൃപ്തിവരാതെ, വലിയവാരത്തിൻ്റെ തിരക്കിലും പ്രാർത്ഥനയിലുമാണ് പിതാവിൻ്റെ എൺപതാം പിറന്നാൾ കടന്നുപോകുന്നത്.

മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ആലഞ്ചേരിൽ ഫിലിപ്പോസ് -മറിയാമ്മ ദമ്പതികളുടെ പതിനൊന്നു മക്കളിൽ ആറാമനായിട്ട് 1945 ഏപ്രിൽ 19-നാണ് വലിയപിതാവ് ജനിച്ചത്. പുരോഹിത ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടവനാണു താനെന്ന ആത്മശബ്ദം പത്താം ക്ലാസ് പഠനകാലത്ത് ബാലനായ ജോർജ് തിരിച്ചറിഞ്ഞിരുന്നു. പൗരോഹിത്യം തെരഞ്ഞെടുത്ത ജ്യേഷ്ഠസഹോദരൻ ഫാ ജോസ് ആലഞ്ചേരിയുടെ വിശ്വാസജീവിതവും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ഒരു സന്യാസസഭയിൽ ചേർന്നു പുരോഹിതനായി ശുശ്രൂഷ ചെയ്യുവാനായിരുന്നു പിതാവ് ബാല്യത്തിൽ ആഗ്രഹിച്ചത്.

സെൻ്റ് ബർക്കുമാൻസ് ഹൈസ്കൂളിൽ നിന്ന് ഒന്നാമനായി പത്താം ക്ലാസ് പാസ്സായ സമർത്ഥനായ ജോർജ് ഒരു സന്യാസ സഭയിലേക്ക് പോകുവാൻ താൽപര്യപ്പെടുന്നുവെന്ന് ഇടവക വികാരി അറിഞ്ഞു. ഇക്കാര്യം അദ്ദേഹം ചങ്ങനാശേരി അതിരൂപതയുടെ അന്നത്തെ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാർഹനായ മാർ മാത്യു കാവുകാട്ട് പിതാവിനെ അറിയിച്ചു. കാവുകാട്ട് തിരുമേനിയുടെ പ്രത്യേക നിർദേശത്താലാണ് അതിരൂപതയുടെ സെമിനാരിയിൽ വൈദീക പരിശീലനത്തിന് ചേരുവാൻ ബാലനായ ജോർജ് തയ്യാറായത്.

പ്രീ യൂണിവേഴ്സിറ്റിക്കു ശേഷം തുടർവിദ്യാഭാസത്തിനു മേലധികാരികളുടെ നിർദേശത്തോടെ അദ്ദേഹം ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളേജിൽ ബിഎ ഇക്കണോമിക്സിനു ചേർന്നു. കേരള സർവ്വകലാശാലയിൽ നിന്ന് രണ്ടാം റാങ്കോടെയാണ് അദ്ദേഹം ബാച്ച്ലർ ബിരുദം നേടിയത്. പിന്നീട് ആലുവാ മംഗലപ്പുഴ സെമിനാരിയിൽ പൗരോഹിത്യ പരിശീലനം. 1972 ഡിസംബർ മാസം 18-ന് മാർ ആന്റണി പടിയറ പിതാവിൽ നിന്നാണ് ശുശ്രൂഷാപൗരോഹിത്യത്തിനായി അദ്ദേഹത്തിന് അപ്പോസ്തൊലിക കൈവയ്പ്പ് ലഭിച്ചത്.

ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിലെ സഹവികാരിയായും ചങ്ങാനാശേരി അതിരൂപതയുടെ മതബോധന കേന്ദ്രമായ “സന്ദേശനിലയ”ത്തിന്റെ ചുമതലയിലും പ്രവർത്തിച്ചു. തുടർന്ന് എറണാകുളത്ത് കത്തോലിക്കാ സഭകളുടെ സംയുക്ത സ്ഥാപനമായ പി.ഒ.സിയിൽ അദ്ദേഹം നിയമിതനായി. ഒരു പുരോഹിതൻ എന്ന നിലയിൽ ഭാവിയിൽ ലഭിക്കാൻ പോകുന്ന ഉയർന്ന ശുശ്രൂഷകൾക്കായി ദൈവം അദ്ദേഹത്തെ ഒരുക്കിയ പരിശീലനക്കളരിയായിരുന്നു പി.ഒ.സി. ഭാരത കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളെയും അറിയുവാനും, സഭയിലെ മെത്രാന്മാരോടും വൈദീകരോടും അൽമായ നേതാക്കളോടും അടുത്തിടപഴകുവാനും സ്നേഹബന്ധങ്ങൾ വളർത്തുവാനും ഈ ശുശ്രൂഷാകാലം ജോർജച്ചനെ ഏറെ സഹായിച്ചു.

പി.ഒ.സിയിലെ ശുശ്രൂഷയ്ക്കു ശേഷം ജോർജച്ചനെ മേലധികാരികൾ ദൈവശാസ്ത്രത്തിൽ ഉപരിപഠനത്തിനായി ഫ്രാൻസിലേക്കയച്ചു. പാരീസിലുള്ള സോർബോൺ സർവ്വകലാശാലയിൽ നിന്നും ദൈവശാസ്ത്രത്തിൽ അദ്ദേഹത്തിനു ഡോക്ടറേറ്റ് ലഭിച്ചു. നാലു വർഷങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ ജോർജ്‌ ആലഞ്ചേരി അച്ചൻ പി.ഒ.സിയുടെ ഡയറക്ടറായിട്ടാണ് നിയമിതനായത്. ഈ സമയത്തുതന്നെ ജോർജച്ചൻ വടവാതൂരിലുള്ള പൗരസ്ത്യ വിദ്യാപീഠത്തിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് പി.ഒ.സിയുടെ ചുമതലയാഴിഞ്ഞ് വടവാതൂർ വിദ്യാപീഠത്തിലെ മുഴുവൻ സമയ അധ്യാപകനായി.

വടവാതൂർ സെമിനാരിയിലെ അധ്യാപകനായിരിക്കെ 1993-ൽ അദ്ദേഹം ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാളായി നിയമിതനായി. ഈ ശുശ്രൂഷയിൽ തുടരുമ്പോഴാണ് 1996 ഡിസംബറിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ തെക്കൻ ഭാഗങ്ങൾ വിഭജിച്ചു തമിഴ്നാട്ടിലെ തക്കല ആസ്ഥാനമായി പുതിയ രൂപത രൂപീകരിച്ചത്. ആ രൂപതയുടെ പ്രഥമ മെത്രാനായി മാർ ജോർജ്‌ ആലഞ്ചേരി 1997 ഫെബ്രുവരിയിൽ അഭിഷിക്തനായി.

കേരളത്തിൽ നിന്നുള്ള കുടിയേറ്റ കർഷകരും തദ്ദേശിയരായ വിശ്വാസികളും ഉൾപ്പെട്ട തക്കല രൂപതയ്ക്ക് അക്കാലത്തു സ്വന്തമായി ദേവാലയങ്ങൾ നാമമാത്രമായിരുന്നു. ഇടവക സമൂഹങ്ങൾ രൂപീകരിക്കുകയും ദേവാലയങ്ങളിൽ സേവനം ചെയ്യുന്നതിനു വൈദീകരെ കണ്ടെത്തിയും അദ്ദേഹം പുതിയ രൂപതയുടെ ആത്മീയ വളർച്ചക്ക് അടിസ്ഥാനമിട്ടു. ലോകമെമ്പാടുമുള്ള സ്നേഹിതരുടെ സഹായവും തന്റെ സഹശുശ്രൂഷകരായ വൈദീകരുടെയും വിശ്വാസികളുടെയും സഹകരണവും ഒരു രൂപതക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ രൂപപ്പെടുത്തുവാൻ അദ്ദേഹത്തെ സഹായിച്ചു. എല്ലാ വർഷവും മുടങ്ങാതെ നടത്തിയ ബൈബിൾ കൺവൻഷനിലൂടെ ഈശോയെപ്പറ്റി കൂടുതൽ വ്യക്തികളറിയുവാൻ അവസരമുണ്ടായി. പരിശുദ്ധാത്മാവു നടത്തിയ വഴികളിലൂടെ തക്കല രൂപതയെ പതിനഞ്ചു വർഷം അദ്ദേഹം നയിച്ചു.

സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ വർക്കി വിതയത്തിൽ കാലംചെയ്തതിനേ തുടർന്നു സീറോ മലബാർ സിനഡ് ആലഞ്ചേരി പിതാവിനെ സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പായി 2012 മെയ് 24-ന് തെരെഞ്ഞെടുത്തു. 2023 ഡിസംബർ 7-ന് സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് സ്ഥാനത്തുനിന്നും അദ്ദേഹം സ്വയം പിന്മാറി പുതിയ നേതൃത്വത്തിന് അധികാരം കൈമാറി.

സീറോ മലബാർ സഭയുടെ ചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തലൂടെയാണ് ആലഞ്ചേരി പിതാവ് സഭയെ നയിച്ചത്. ചില തൽപരകക്ഷികൾ കടുത്ത വെല്ലുവിളികൾ ഉയർത്തിയപ്പോഴും പൗരോഹിത്യ ശുശ്രൂഷയിലേക്കു തന്നെ വിളിച്ച ദൈവം കൂടെയുണ്ടെന്ന ഉത്തമവിശ്വാസത്തോടെ സധൈര്യം അദ്ദേഹം അതിനെയെല്ലാം നേരിട്ടു. ഇപ്പോൾ കാക്കനാട് മൗണ്ട് സെൻ്റ് തോമസിലുള്ള ശാലോം ഭവനിലാണ് അദ്ദേഹം താമസിക്കുന്നത്.

ശുശ്രൂഷാജീവിതത്തിലെ വിശുദ്ധി നിലനിർത്തി എല്ലാ വെല്ലുവിളികളെയും പരിശുദ്ധാത്മ ശക്തിയോടെ നേരിടുന്ന ആലഞ്ചേരി പിതാവിന് 80-ാം പിറന്നാളിൻ്റെ പ്രാർത്ഥനാ മംഗളങ്ങൾ!

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്