യേശുക്രിസ്തുവാണ് ക്രിസ്തീയ ജീവിതത്തിന്റെ മർമ്മം, ജീവിക്കുന്ന ദൈവത്തിന്റെ ശരീരത്തിലെ അവയവങ്ങളാണ് ഓരോ ക്രിസ്തീയനും. ഗുരുവിന്റെ വാക്കുകൾ അനുസരണയോടെ പിന്തുടരുന്നവനാണ് ശിഷ്യൻ. ക്രിസ്തുവിന്റെ ശിഷ്യനാണ് ക്രിസ്ത്യാനിയെങ്കിൽ, ഒരുവനെ ക്രിസ്ത്യാനിയാക്കുന്നത് ആചാരങ്ങളുടെ അനുഷ്ടാനം അല്ല, മറിച്ച്, യേശുവിന്റെ കൽപനകളുടെ ശ്രദ്ധാപൂർവമായ പാലനമാണ്. ഇഹലോക സമൃധിയിലേക്കും നയിക്കാൻ കഴിയുന്ന ഒട്ടേറെ മതങ്ങൾ ഈ ലോകത്തുണ്ടാകാം. എന്നാൽ, സ്നേഹം ലഭിക്കാനുള്ളതല്ല കൊടുക്കാനുള്ളതാണ് എന്ന് പഠിപ്പിക്കുന്ന ഒരു വ്യക്തിയേ ഈ ലോകത്തുള്ളൂ, അത് ഈ ലോകത്തെ പാപത്തിൽനിന്നും മോചിപ്പിക്കാൻ സ്വയം ശൂന്യനായ യേശുവല്ലാതെ മറ്റാരുമല്ല.
പിതാവായ ദൈവം തന്റെ ഏകജാതനെ മഹത്വപ്പെടുത്തിയത് കുരിശിലൂടെയാണ്. ആ കുരിശിനെ ആശ്ലേഷിക്കുന്നതിനു മുൻപായി, തന്റെ മരണം മുന്നിൽകണ്ടുകൊണ്ട്, യേശു തന്റെ പ്രിയശിഷ്യർക്ക് ഒരു പുതിയ കൽപന നൽകുകയാണ്: നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹിക്കുവിൻ എന്ന വാക്കുകളിലൂടെ പരിമിതികളില്ലാതെ സ്നേഹിക്കുവാനാണ് കർത്താവ് തന്റെ ഓരോ ശിഷ്യനോടും കല്പിക്കുന്നത്. തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെയല്ല ദൈവം നമ്മെ സ്നേഹിക്കുന്നത്. അതുകൊണ്ടാണ് പാപത്തിന്റെ ചേറ്റുകുഴിയിൽ പൂണ്ടുകിടക്കുന്ന എന്നെയും നിങ്ങളെയും ദൈവം സ്നേഹിക്കുന്നത്
നീതിമാൻമാർക്കു മുൻപേ ചുങ്കക്കാരനും വേശ്യയ്ക്കുമായി സ്വർഗ്ഗവാതിൽ തുറന്നു കൊടുക്കുന്നതാണ് ദൈവത്തിന്റെ സ്നേഹം. അതുപോലെ സ്നേഹിക്കാനാകുമ്പോഴാണ് ഒരാൾ ക്രിസ്ത്യാനിയാകുന്നത്. നാം ഒരോരുത്തരുടെയും ജീവിതം മറ്റുള്ളവർക്ക് സ്നേഹത്തിന്റെ അടയാളം ആയി മാറാം. ദൈവസ്നേഹം നമ്മിൽ നിന്ന് മറ്റുള്ളവർ അറിയട്ടെ. പരസ്പരം സ്നേഹിച്ച് ക്രിസ്തുവിന്റെ ശിഷ്യരാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.