മാർപാപ്പയ്ക്ക് തെറ്റുപറ്റാം, ഞങ്ങൾക്കോ……?
“മോശ മലയില്‍ നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍ ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല”
(പുറ 32 : 1).
ഇക്കഴിഞ്ഞ ദിവസം റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് നടത്തിയ ഒരു പ്രസ്താവന കേട്ടപ്പോൾ വിശുദ്ധ ഗ്രന്ഥത്തിലെ ഈ ഭാഗമാണ് ഓർമ്മയിൽ വന്നത്. ഞങ്ങളെ നയിക്കാനുള്ളവർക്ക് എന്ത് സംഭവിച്ചു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ! അതിനാൽ ഞങ്ങൾക്ക് ദേവന്മാരെ വേണം.ഞങ്ങൾ പറയുന്നതുപോലെ ഞങ്ങളുടെ ഇഷ്ടങ്ങളാകുന്ന ദേവന്മാരെ നിങ്ങൾ അധികാരികൾ നടപ്പിലാക്കിത്തരണം. ഇതാണല്ലോ ലളിതമായി പറഞ്ഞാൽ റിട്ട.ജസ്റ്റിസ് പറഞ്ഞതിന്റെ സാരം .അതായത്,
സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട നിലപാടിൽ മാർപാപ്പയ്ക്ക് തെറ്റുപറ്റാം എന്ന് പറയുമ്പോൾ ഞങ്ങൾക്ക് തെറ്റ് പറ്റുകയില്ലെന്നും ഞങ്ങളുടെ രൂപതയിലെ നിലവിലുള്ള രീതികളാണ് ഞങ്ങൾക്ക് പ്രധാനപ്പെട്ടതെന്നും അദ്ദേഹം ഇവിടെ വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
ഒരു വ്യക്തി എന്ന നിലയിൽ മാർപാപ്പയ്ക്കും തെറ്റു പറ്റാം. എന്നാൽ വിശ്വാസവും സന്മാർഗ്ഗവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പഠിപ്പിക്കുന്ന കാര്യങ്ങളിൽ മാർപാപ്പയ്ക്ക് തെറ്റ് പറ്റുകയില്ല എന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. ഇതിനെയാണല്ലോ മാർപാപ്പയുടെ അപ്രമാദിത്വം (Infallibility)എന്ന് പറയുന്നത്.വിശുദ്ധ കുർബാന എന്നത് വിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്, റിട്ട. ജസ്റ്റിസിന് അങ്ങനെ തോന്നിയില്ലെങ്കിലും. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാർപാപ്പ ഒരു നിർദ്ദേശം നൽകുമ്പോൾ ഒരു വിശ്വാസി സാധാരണഗതിയിൽ അത് സ്വീകരിക്കാൻ കടപ്പെട്ടവനാണ്. അതിനുപകരം ജനാഭിമുഖം എന്ന് നൂറ്റൊന്നാവർത്തി പറയുന്നവർ മാർപാപ്പ തീർപ്പ് കൽപ്പിച്ച വിശുദ്ധ കുർബാനയുടെ പരികർമ്മ രീതിയെ ആദരിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം .മാർപാപ്പയുടെ നിർദ്ദേശത്തെ ആദരിക്കാത്തവർ സഭയുടെ വിശ്വാസത്തെയല്ല, മറിച്ച് തങ്ങൾക്കിഷ്ടപ്പെട്ട വിഗ്രഹങ്ങളെയാണ് ആദരിക്കുന്നത്.
വിശുദ്ധ കുർബാന എന്നത് തങ്ങളുടെ സ്വകാര്യ കാര്യമാണ് എന്നാണല്ലോ ഇവിടെയുള്ള ധ്വനി. വാസ്തവത്തിൽ ഇതാണ് സീറോ മലബാർ സഭ ഇന്ന് നേരിടുന്ന പ്രതിസന്ധിയും. സഭയെ സഭയാക്കിത്തീർക്കുന്ന വിശുദ്ധ കുർബാന നിശ്ചയിച്ചു നൽകേണ്ടത് ഏതെങ്കിലും രൂപതയുടെ മെത്രാനോ മെത്രാപ്പോലീത്തയോ അല്ല, മറിച്ച് പരിശുദ്ധ സഭയാണ്. വിശുദ്ധകുർബാനയർപ്പണവുമായി ബന്ധപ്പെട്ട് കാലങ്ങളായി വിവിധ ചേരികളിലായി നിലകൊണ്ട സീറോ മലബാർ സഭയിലെ രൂപതകളെ ബലിപീഠത്തിലെ ഐക്യത്തിലേക്ക് നയിച്ച സുപ്രധാനവും ധീരവുമായ നടപടിയായിരുന്നു 2021ൽ സഭയിൽ നടപ്പിലാക്കിയ ഏകീകൃതബലിയർപ്പണ രീതി. ആ വലിയ നന്മയെയാണ് മാർപാപ്പ ആവർത്തിച്ച് ഉദ്ബോധിപ്പിക്കുന്നത്. വിശുദ്ധ കുർബാന എന്നത് സഭയുടേതാണെന്നും എന്റെ സ്വന്തമല്ലെന്നുമുള്ള കാഴ്ചപ്പാട് ഇല്ലാത്തിടത്തോളം കാലം വിശുദ്ധ കുർബാനയുടെ അർപ്പണരീതിക്ക് വേണ്ടിയുള്ള അവകാശവാദങ്ങളും മുറവിളികളും ഇനിയും പലരും ആവർത്തിച്ചു കൊണ്ടേയിരിക്കും.
ഫാ.ജോസഫ് കളത്തിൽ
താമരശ്ശേരി രൂപത