നാമെല്ലാവരും ‘ദൈവസങ്കല്പം’ ഉള്ളവരാണ്. ഒരുപക്ഷേ നമ്മിൽ ചിലരെങ്കിലും ആ ദൈവസങ്കല്പത്തിന് പ്രാധാന്യം കല്പിക്കാത്തവരായിരിക്കാം. എന്താണ് നമ്മുടെ ‘ദൈവസങ്കല്പം’? എന്റെ ദൈവത്തെ ഞാൻ എപ്രകാരം കാണുന്നു? ചെറുപ്പകാലത്ത് മാതാപിതാക്കളിൽ നിന്നും ലഭിച്ച അനുഭവങ്ങളുടെയും അറിവിന്റെയും വെളിച്ചത്തിലാണോ ഞാൻ എന്റെ ദൈവത്തെ സങ്കല്പിക്കുന്നത്? അതോ, ബൈബിൾ പാരായണത്തിന്റെയും പഠനത്തിന്റെയും ഫലമായി എന്നിൽ ഉരുത്തിരിഞ്ഞ സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും രൂപമാണോ എന്റെ ‘ദൈവസങ്കല്പം’?

പഴയനിയമ പുസ്തകത്തിൽ, ഇസ്രായേൽ ജനതയുടെ ആഴമേറിയ ബോധ്യങ്ങളിൽ ‘യഹോവ’ യെന്ന് വിളിക്കപ്പെട്ട അവരുടെ ദൈവം. ‘അബ്രാഹത്തിന്റെ വിളി’യോടുകൂടിയാണ് അവർ ദൈവത്തിന്റെ സാന്നിധ്യം അറിയുന്നത്. എന്നാൽ ‘പുറപ്പാട് അനുഭവത്തി’ലൂടെ നാടകീയമായ ദൈവത്തിന്റെ ഇടപെടൽ അവരെ കൂടുതൽ ദൈവസങ്കല്പത്തിലേക്ക് നയിച്ചു.മോശയുടെ വിളിയും സീനായ് ഉടമ്പടിയും മറ്റും തങ്ങൾ ദൈവത്തിന്റെ ജനമാണെന്നും യഹോവയാണ് തങ്ങളുടെ ദൈവമെന്നും ഇസ്രായേൽജനം തിരിച്ചറിഞ്ഞു. ഇസ്രായേൽ ജനതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയും ഈജിപ്തിൽ നിന്നുള്ള മോചനവും മറ്റും ദൈവത്തിന്റെ സ്‌നേഹവും വിശ്വസ്തതയും വെളിവാക്കുന്നതായിരുന്നു.എന്നാൽ ആ സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ ഇസ്രായേൽ ജനതയ്ക്ക് കഴിയാതെപോയി

പുതിയ നിയമത്തിലെ യേശുവും പന്ത്രണ്ട് പേരെ തെരഞ്ഞെടുത്തു. എന്നാൽ ‘തന്നോടുകൂടെയായിരിക്കേണ്ടതിന്റെയും അയയ്ക്കപ്പെടേണ്ടതിന്റെയും’ അർത്ഥം മനസ്സിലാക്കാൻ ശിഷ്യന്മാർക്ക് കഴിഞ്ഞില്ല. എന്നാൽ ഉയിർത്തെഴുന്നേറ്റ യേശു, ചിതറിപ്പോയ ശിഷ്യന്മാരെ വീണ്ടും ഒരുമിച്ചുകൂട്ടി. അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ അവർക്ക് നൽകി. യേശുവിന് അവരോടുള്ള ആത്മാർത്ഥ സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രതിഫലനമാണ് ഇവിടെ നാം കാണുന്നത്. കർത്താവിൽ നമ്മൾക്ക് ഭാഗികമായിട്ടുള്ള വിശ്വാസം അല്ല പൂർണ്ണ വിശ്വാസമാണ് വേണ്ടത്. കൈവിടാത്ത ദൈവമാണ് ഇന്നും നമ്മളുടെ കൂടെ ഉള്ളത്. പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ തന്നെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്