സീറോ മലബാർ സഭയുടെ പ്രതിസന്ധി പ്രാദേശികതാ, രൂപതാ വാദങ്ങൾക്കപ്പുറം ഒരു സഭ എന്ന യാഥാർഥ്യത്തിലേക്ക് വളരാൻ അതിനു കഴിയുന്നില്ല എന്നതാണ്. സഭയുടെ ഐക്യശ്രമത്തെ രൂപതകളും വൈദികരും പ്രാദേശികവാദങ്ങളും കൂടി തോൽപ്പിച്ചു വിജയഭേരി മുഴക്കുമ്പോൾ സഭയാണ് മുറിപ്പെടുന്നത് എന്ന തിരിച്ചറിവുപോലും നമുക്കില്ലാതെ പോകുന്നു.
സഭ എത്ര മുറിപ്പെട്ടാലും ഞങ്ങൾ വിജയിക്കണം എന്ന നിർബന്ധങ്ങളിൽ സുവിശേഷം ഒട്ടുമേ ഇല്ലെന്നും തിരിച്ചറിയാൻ പറ്റുന്നില്ല. ഐക്യത്തിനുവേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർക്കു വിട്ടുവീഴ്ചയെന്നത് ചിന്തിക്കാൻപോലും പറ്റുന്നില്ല.ഒരേ രീതിയിൽ ലോകമെമ്പാടും വി. കുർബാനയർപ്പിക്കുന്ന, ‘ഒരു സഭയാണ് ഞങ്ങൾ’ എന്നതിൽ അഭിമാനിക്കുന്ന സീറോ മലബാർ സഭയെ ഞാനിപ്പോഴും സന്തോഷത്തോടെ സ്വപ്നം കാണുന്നു.
എന്റെ തലമുറയ്ക്ക് അത് കാണാനുള്ള അനുഗ്രഹം ഉണ്ടാകുമോ എന്നറിയില്ല. കാരണം അത്ര ശക്തമാണ് പ്രാദേശികവാദം എന്ന് തിരിച്ചറിയുന്നു. എങ്കിലും സഭയുടെ നന്മയും ഐക്യവും സ്വപ്നം കാണുന്ന, രൂപതകളെക്കാളും വലുതാണ് സഭയെന്നു ചിന്തിക്കുന്ന, ഒരു തലമുറ ഉയർന്നു വരും. അവരിലൂടെ ഈ സഭ ഇനിയും വളരും. പ്രാർത്ഥിക്കുന്നു. പ്രത്യാശയോടെ പ്രവർത്തിക്കാം.
https://www.facebook.com/bishoptharayil
Bishop Thomas Tharayil