‘അചഞ്ചലമായ ദുരിതങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായി ഒരു ജീവിതം അവസാനിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ നടത്തുന്ന ബോധപൂര്‍വമായ ഇടപെടല്‍’ എന്നാണ് ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സ് സെലക്ട് കമ്മിറ്റി ഓഫ് മെഡിക്കല്‍ എത്തിക്സ് ദയാവധത്തെ നിര്‍വചിക്കുന്നത്. ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുവാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നീക്കം നടക്കുന്നതിനിടെ ജീവന് വേണ്ടി പോരാട്ടവുമായി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മാരകരോഗികള്‍ക്ക് “തങ്ങളുടെ ജീവിതാവസാനം തിരഞ്ഞെടുക്കുവാന്‍ അവസരം” എന്ന പേരില്‍ ലേബർ എം.പി കിം ലീഡ്ബീറ്റര്‍ നവംബർ 29 ന് ബ്രിട്ടീഷ് പാര്ലിമെന്റിന്റെ പൊതുസഭയിൽ അവതരിപ്പിക്കുന്ന അസിസ്റ്റഡ് സൂയിസൈഡ് ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചൂടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ആരോഗ്യ പ്രവർത്തകരുടെ ധർമ്മസങ്കടം

രോഗികളെ മരണംവരെ ശുശ്രൂഷിക്കുമെന്നും അവരുടെ ജീവന് ഹാനികരമായതൊന്നും പ്രവർത്തിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്ക് എങ്ങനെ ആത്മഹത്യയെ സഹായിക്കാൻ സാധിക്കും എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നുണ്ട്.
പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുന്ന നിയമം പാസ്സായാല്‍, ഇംഗ്ലണ്ടിലെയും വെയ്ല്‍സിലേയും നിരവധി ഡോക്ടര്‍മാരും നഴ്സുമാരും അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു നിബന്ധന ഉപ്രകാരം ആത്മഹത്യയ്ക്ക് സഹായിക്കുന്നതില്‍ നിന്നും വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കിം ലീഡ്ബീറ്റര്‍ അവതരിപ്പിച്ച ബില്ലിലെ ഒരു വ്യവസ്ഥ വ്യക്തമാക്കുന്നത്, ഒരു ഡോക്ടറും, നഴ്സും പരസഹായത്തോടെയുള്ള ആത്മഹത്യ പ്രക്രിയയില്‍ പങ്കാളിയാകണമെന്ന് നിര്‍ബന്ധമില്ല എന്നാണ്. എന്നാൽ മറ്റൊരു മെഡിക്കൽ പ്രാക്ടിഷ്ണറെ രോഗിക്ക് ബന്ധപ്പെടുത്തി കൊടുക്കണം എന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വിഷയത്തിൽ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് സ്വമേധയാ ഇത്തരം ആത്മഹത്യകളില്‍ സഹായിക്കുന്നതിനായി മുന്നോട്ട് വരാം എന്ന് പറയുന്ന ബി.എം.എ അതേ സമയം ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഡോക്ടര്‍മാര്‍ക്കുണ്ട് എന്ന് പറയുന്നു. പരസഹായത്തോടെയുള്ള ആത്മഹത്യ പ്രക്രിയയില്‍ സഹായം നല്‍കണമോ വേണ്ടയോ എന്നത് ഒരു ഡോക്ടറുടെ സ്വന്തം തീരുമാനം മാത്രമായിരിക്കുമെന്നും ബി. എം. എ വ്യക്തമാക്കുന്നു.

അസിസ്റ്റഡ് സൂയിസൈഡ് ബില്ലിനെക്കുറിച്ച് ചില പ്രൊഫഷണല്‍ ബോഡികള്‍ നടത്തിയ സര്‍വ്വേകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 2023 ല്‍ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത സര്‍ജന്മാരില്‍ 53 ശതമാനം പേര്‍ ഈ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 25 ശതമാനം പേര്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍, 2019 ല്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് നടത്തിയ സര്‍വ്വേയില്‍ 31 ശതമാനം പേര്‍ മാത്രം അനുകൂലിച്ചപ്പോള്‍ 43 ശതമാനം പേര്‍ എതിര്‍ത്തു. അതേവര്‍ഷം റോയല്‍ കോളേജ് ഓഫ് ജി പിസ് നടത്തിയ സര്‍വ്വേയില്‍ 40 ശതമാനം പേര്‍ അനുകൂലിക്കുകയും 47 ശതമാനം പേര്‍ പരസഹായത്തോടെയുള്ള ആത്മഹത്യയെ എതിര്‍ക്കുകയും ചെയ്തിരുന്നു.

മനസ്സ് നാട്ടിലും ശരീരം യു.കെയിലും ആയ മലയാളികൾ

യുകെയിൽ സ്ഥിരതാമസ്സമാക്കിയിട്ട് ഒന്നര പതിറ്റാണ്ടു പിന്നിട്ടെങ്കിലും ഇന്നും മലയാളം വാർത്തകൾമാത്രം കേൾക്കുകയും നാട്ടിലെ രാഷ്ട്രീയം ചർച്ച ചെയ്യുകയും ചെയ്യുന്നവരാണ്യുകെ മലയാളികളിൽ ഏറെയും. ബ്രിട്ടനിലെ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചൊന്നും അവർ അധികം ശ്രദ്ധിക്കുന്നില്ല. അതേസമയം വീടുവില കൂടുന്നതും, സാൽമൺ മീനിന്റെ വില കുറയുന്നതും, പലിശനിരക്കിൽ വരുന്ന മാറ്റവും പോലുള്ള സാമ്പത്തിക വിഷയങ്ങൾ അവർ ശ്രദ്ധിക്കുന്നു. കോവിഡിനുശേഷം ബ്രിട്ടനിലേക്ക് കുടിയേറിയ പോസ്റ്റ് കോവിഡ് ജനറേഷൻ നിലനില്പിനുള്ള തത്രപ്പാടിൽ ഇവിടുത്തെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ അധികം ശ്രദ്ദിക്കാറുമില്ല.

യു.കെയിൽ സംഭവിക്കുന്ന നിയമ മാറ്റങ്ങൾ ഇവിടെ താമസിക്കുന്ന കുടിയേറ്റക്കാരെക്കൂടി ബാധിക്കുന്നതാണ് എന്ന യാഥാർഥ്യം നമ്മൾ മറന്നുകൂടാ. പ്രത്യേകിച്ചും ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവർ മരിക്കാൻ തീരുമാനിക്കുന്ന രോഗികൾക്ക് അതിനുള്ള ക്രമീകരണങ്ങളും മരുന്നും കൊടുക്കാൻ പ്രേരിതരാവുകയും അതുവഴി ആ വ്യക്തിയുടെ മരണത്തിൽ പങ്കുചേരുന്നതുവഴി മാനസിക-ആത്മീയ സംഘർഷങ്ങളിലേക്കു നയിക്കപ്പെടുകയും ചെയ്യാം. അതുപോലെ വൃദ്ധരും നിരാലംബരുമായ നിരവധിപ്പേരെ മരണത്തിലേക്ക് തള്ളിവിടാനും ഈ നിയമം കാരണമാവും. പരസഹായ ആത്മഹത്യാ ബില് നിയമമായാൽ ഭാവിയിൽ തങ്ങളുടെ ബിസിനസ്സിനെ പ്രതികൂലമായി ബാധിക്കുമോ എന്ന് ഭയപ്പെടുന്ന കെയർ ഹോം ഉടമസ്ഥരും ഉണ്ട്.

യു.കെയിലെ സർക്കാരും ആരോഗ്യ സംവിധാനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ കാലത്ത് ഭരണകക്ഷിയായ ലേബർ പാർട്ടി നയിക്കുന്ന ഗവണ്മെന്റിന് അസിസ്റ്റഡ് ഡയിങ് ബിൽ പാസ്സാക്കാനാണ് താല്പര്യം എന്നത് വ്യക്തമാണ്. മരണാസന്നരായ രോഗികൾ ആറു മാസത്തിനു മുൻപ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ അത്രയും നാളത്തെ ചികിത്സാ ചെലവുകൾ ലാഭിക്കാം എന്നതാണ് ഇതിന്റെ പിന്നിലെ യുക്തി.

എന്നാൽ ഈ ബില്ലിനെ എതിർക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഒരാളുടെ മരണം പ്രവചിക്കുക അസാധ്യമാണ് എന്നും 6 മാസത്തിനുള്ളിൽ മരിക്കുമെന്ന് വൈദ്യശാസ്ത്രം പ്രവചിച്ചവർ വർഷങ്ങളോളം ജീവിച്ച ഉദാഹരണങ്ങൾ ഉണ്ട് എന്നും വാദിക്കുന്നു.

ജീവൻ നൽകാനും എടുക്കാനും അവകാശം ദൈവത്തിന് മാത്രം – നിലപാട് വ്യക്തമാക്കി ക്രിസ്ത്യൻ സഭകൾ

ജീവന്റെ ദാതാവ് ദൈവം മാത്രമാണ്, ജീവൻ കൊടുക്കാനും, തിരികെ എടുക്കാനും അവകാശം അവിടുത്തേക്കുമാത്രം. ശാസ്ത്രം പുരോഗമിക്കുമ്പോഴും, ലോകം ആധുനികതയിലേക്ക് കുതിക്കുമ്പോഴും ദൈവകല്പനകൾക്ക് മാറ്റം ഉണ്ടാവുന്നില്ല എന്ന സത്യം വിളിച്ചുപറയുകയാണ് ഇംഗ്ലണ്ടിലെ ക്രിസ്തീയ സഭകൾ. ആത്മഹത്യക്കുള്ള അവകാശമായി അവതരിപ്പിക്കുന്ന ഈ ബിൽ പിന്നീട് ആത്മഹത്യ ചെയ്യാനുള്ള കടമയായി മാറും എന്നാണ് ഇംഗ്ലണ്ട് & വെയിൽസ്‌ കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ വിൻസെന്റ് നിക്കോളസ് അഭിപ്രായപ്പെട്ടത്. നവംബർ 29 ന് ബ്രിട്ടീഷ് പാർലിമെന്റിൽ അവതരിപ്പിക്കുന്ന ഈ ബില്ലിനെ അനുകൂലിക്കരുത് എന്ന് അഭ്യർത്ഥിച്ചുകൊണ്ട് എം.പിമാർക്ക് അയക്കാനുള്ള ഒരു കത്ത് ജീവന്റെ സംരക്ഷണത്തിനുവേണ്ടി പോരാടുന്ന Right To Life എന്ന സംഘടന തയ്യാറാക്കിയിട്ടുണ്ട്. ദയാവധത്തെ എതിർക്കുന്ന ആയിരക്കണക്കിന് ആളുകൾ ഇതിനകം തങ്ങളുടെ എംപിമാർക്ക് കത്തുകൾ എഴുതിയിട്ടുണ്ട്. ബ്രിട്ടണിലെ ആംഗ്ലിക്കൻ സഭയും ഇതിന്റെ പ്രഭുസഭയിൽ അംഗങ്ങളായ ബിഷപ്പുമാരും മരണ സഹായ ബില്ലിനെ എതിർക്കുന്നവരാണ്. സഹനത്തിനുള്ള പ്രതിവിധി സഹിക്കുന്നവരുടെ ജീവിതം അവസാനിപ്പിക്കലല്ല എന്ന നിലപാടിലാണ് ദൈവവിശ്വാസികൾ…

എന്നാൽ ഞാൻ അങ്ങ് പോയേക്കാം…

നാട്ടിൽ വീടുകളിൽ വഴക്കുണ്ടാകുമ്പോൾ പലരും വികാര വിഷോപത്തിൽ പറയുന്ന ഒരു വാക്യമാണ് “ഞാൻ എന്നാൽ അങ്ങ് പോയേക്കാം, അതുകൊണ്ടെങ്കിലും നിങ്ങൾക്ക് സമാധാനമാവുമല്ലോ..” എന്നത്. മരണത്തിന് നിയമപരിരക്ഷയും കൂടി ലഭിക്കുന്ന സാഹചര്യത്തിൽ പ്രിയപ്പെട്ടവർക്കൊരു ഭാരമാകാതെ ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കാൻ പരസഹായ മരണ നിയമം കാരണമാവാം. നേരിട്ടല്ലെങ്കിൽകൂടി രോഗിയായ വ്യക്തിയെ മരണത്തിന് പ്രേരിപ്പിക്കാനും ഇത് വഴിതെളിക്കാം. തങ്ങളുടെ കുടുംബത്തിൽ ഒരാൾ ആത്മഹത്യാ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടാവരുത് എന്നാണ് കൂടുതൽ കുടുംബങ്ങളും ആഗ്രഹിക്കുന്നത്. ഇവിടുത്തെ പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക വഴി മാന്യവും വേദനാജനകവുമായൊരു മരണം രോഗിക്ക് ഒരുക്കികൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

അസിസ്റ്റഡ് സൂയിസൈഡ് ബില്ലിന്റെ വ്യവസ്ഥകൾ പ്രകാരം മരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം, സ്വതന്ത്ര തീരുമാനം എടുക്കാനുള്ള മെന്റൽ കപ്പാസിറ്റി ഉണ്ടായിരിക്കണം, ആറു മാസത്തിൽ കൂടുതൽ ആയുസ്സ്‌ ഉണ്ടായിരിക്കരുത്, രണ്ടു ഡോക്ടർമാരും ഹൈ കോടതിയിലെ ഒരു ജഡ്ജിയും ഈ അപേക്ഷ അംഗീകരിക്കണം. എന്നാൽ ബിൽ നിയമമായി കഴിഞ്ഞാൽ പിന്നീട് ഈ വ്യവസ്ഥകളിൽ ഭേദഗതികൾ വരുത്താനുള്ള സാധ്യതകൾ അധികമാണെന്ന് ആത്മഹത്യാ ബില്ലിനെ എതിർക്കുന്നവർ പറയുന്നു. അതുപോലെ ചർച്ച ചെയ്യാൻ രണ്ടാഴ്ച്ച മാത്രം സമയം നൽകി തിരക്കുപിടിച്ച് ഈ ബില് അവതരിപ്പിക്കുകവഴി സർക്കാർ ഇതിനെ നിയമമാക്കാനുള്ള തത്രപ്പാടിലാണ് എന്ന് റൈറ്റ് ടു ലൈഫ് പോലുള്ള സംഘടനകൾ പറയുന്നു

എന്തായാലും നവംബർ 29 നു പാർലിമെന്റിൽ എംപിമാർ പരസഹായ ആത്മഹത്യാ ബിൽ ചർച്ച ചെയ്യുമ്പോൾ എന്താവും അതിന്റെ പരിണിതഫലം എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രവാസികൾ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് സമൂഹം. യു.കെയിലെ മലയാളികളിൽ ബഹുഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരാകയാൽ തങ്ങളെ എങ്ങനെ ഈ നിയമം ബാധിക്കും എന്ന ആശങ്ക പലരും പങ്കുവയ്ക്കുകയുണ്ടായി. സ്കോട്ലൻഡിലും ലിബറൽ ഡെമോക്രാറ്റിക്‌ പാർട്ടി വരുന്ന വേനൽകാലത്ത് ഇതിനു സമാനമായൊരു ബിൽ സ്‌കോട്ടിഷ് പാർലിമെന്റിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.


✍🏽മനോജ് മാത്യു, സ്റ്റോക്ക്-ഓൺ-ട്രെൻറ്റ്, യു.കെ

നിങ്ങൾ വിട്ടുപോയത്