……………………………………..

ഇസ്താംബൂളിൽ ക്രൈസ്തവസഭയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം വെളിപാടു പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഏഴുസഭകള്‍ സ്ഥിതിചെയ്തിരുന്ന പൗരാണിക പട്ടണങ്ങളിലേക്കാണ് ഞങ്ങള്‍ യാത്രചെയ്തത്. ഈ സഭകൾ നിലനിന്നിരുന്ന പട്ടണങ്ങളുടെ പേരുകൾ റോഡിലെ സൈൻ ബോർഡുകളിൽ തെളിയുമ്പോൾ വെളിപാടു പുസ്തകം മുന്നിൽ തുറന്ന പ്രതീതി. “ആദിയും അന്തവുമായവന്‍, മരിച്ചവനും എന്നാല്‍, വീണ്ടും ജീവിക്കുന്നവനുമായവന്‍” പേരെടുത്ത പറഞ്ഞ സ്ഥലങ്ങളാണ് കൺമുന്നിൽ. “ചെവിയുള്ളവരെല്ലാം കേള്‍ക്കാൻ” ആവശ്യപ്പെട്ട വചനങ്ങൾ ഇവരേത്തേടിയാണല്ലോ ആദ്യമെത്തിയത്.

എഫേസോസ് ഇന്ന് Selçuk എന്നും സ്മിർണ Izmir എന്നും പെർഗമം Bergama എന്നും തയിത്തീറ Akhisar എന്നും സർദീസ് Sart എന്നും, ഫിലഡെൽഫിയ Alaşehir എന്നും ഇന്ന് അറിയപ്പെടുന്നു. ലവോദിക്യ ആധുനിക നഗരമായ Denizli-നു അടുത്തായതിനാൽ ഈ നഗരത്തിൻ്റെ പേരിലും ലവോദിക്യ അറിയപ്പെടുന്നുണ്ട്. ഈ പട്ടണങ്ങളിലെല്ലാം “പൗരാണിക നഗരം” (ancient city) എന്ന പേരിൽ ഒരു പ്രദേശം വെളിപാടു പുസ്തകത്തിലെ പേരുകളിൽതന്നെ നിലനിർത്തിയിട്ടുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ യവനക്ഷേത്രങ്ങളും റോമൻ “അഗോറ”കളും തകർന്ന ക്രൈസ്തവ ദേവാലയങ്ങളും യഹൂദ സിനഗോഗുകളുമെല്ലാം ഇവിടെ കാണാം.

ഇസ്താംബൂളില്‍നിന്നും ഈജിയന്‍ കടല്‍ത്തീരം വഴി 400 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെര്‍ഗമത്തില്‍ എത്തിച്ചേരാം. പെര്‍ഗമത്തിന്‍റെ ഇരുവശങ്ങളിലുമായിട്ടാണ് (ചിത്രം -1 കമന്‍റ ബോക്സില്‍) വെളിപാടുപുസ്തകത്തില്‍ പ്രതിപാദിക്കുന്ന ഏഴു സഭകൾ നിലനിന്നത്. ഈ സഭകൾക്കു ചുറ്റിലും നിരവധി കൊച്ചുസഭകളും അവിടെയെല്ലാമായി അനേകായിരം വിശ്വാസികളും ഉണ്ടായിരുന്നു. പെര്‍ഗമത്തു നിന്നും മെഡിറ്ററേനിയന്‍ കടലിനോടു ചേര്‍ന്ന് തെക്കു കിഴക്കു ദിശയില്‍ 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്മിര്‍ണയിലും 200 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എഫേസോസിലും എത്തിച്ചേരും. പെര്‍ഗമത്തിന്‍റെ വടക്കു കിഴക്ക് ദിശയിലാണ് തയിത്തീറയും സര്‍ദീസും ഫലിഡല്‍ഫിയയും ലവോദിക്യയും സ്ഥിതിചെയ്യുന്നത്.

പദ്മോസിലേക്കു നാടുകടത്തപ്പെട്ട യോഹന്നാന്‍ അവിടെവച്ചു തനിക്കു ലഭിച്ച വെളിപാടുകള്‍ എഴുതുമ്പോള്‍ തന്‍റെ പ്രധാന പ്രവര്‍ത്തനകേന്ദ്രമായിരുന്ന എഫേസോസ് സഭയ്ക്കുള്ള സന്ദേശമാണ് ആദ്യം എഴുതിയത്. അതിനുശേഷം സ്മിര്‍ണയ്ക്കും പെര്‍ഗമത്തിനും എഴുതി. തുടര്‍ന്ന് തയിത്തീറ, സാര്‍ദിസ്, ഫിലദല്‍ഫിയ, ലവോദിക്യ എന്ന ഈ ക്രമത്തിലാണ് എഴുതിയത്. എന്നാല്‍ ഞങ്ങളുടെ യാത്ര ആരംഭിച്ചത് പെര്‍ഗമത്തില്‍നിന്ന് കടല്‍ത്തീരം വഴി സ്മിര്‍ണയിലേക്കും തുടര്‍ന്ന് എഫേസോസിലേക്കും ആയിരുന്നു. എഫേസോസില്‍നിന്ന് ലെവോദക്യയിലേക്കും ഫിലദല്‍ഫിയ, സര്‍ദീസ്, തയിത്തിറ എന്നീ ക്രമത്തിലായിരുന്നു. തയിത്തീറയില്‍നിന്ന് നിഖ്യായിലേക്ക് (ഇസ്നിക്) വേഗത്തില്‍ എത്തിച്ചേരാം എന്നുള്ളതിനാലായിരുന്നു ഈ റൂട്ട് തെരഞ്ഞെടുത്തത്.

♦️പെര്‍ഗമത്തെ അക്രോപൊലീസ്

”പെര്‍ഗമം” എന്നു ബൈബിളില്‍ പരാമർശിക്കുന്ന പ്രദേശം ബെര്‍ഗാമ (Bergama) എന്നാണ് ഇന്ന് അറിയപ്പെടുന്നത്. ഗ്രീക്ക് ഹെലനിസ്റ്റിക് കാലഘട്ടത്തില്‍ ഏഷ്യാമൈനറിനെ നിയന്ത്രിച്ചിരുന്നത് പെര്‍ഗമം തലസ്ഥാനമാക്കിയുള്ള അത്താലിദ് (Attalid dynasty) രാജവംശമായിരുന്നു. പെര്‍ഗമം നഗരത്തില്‍ നിന്നു നോക്കിയാല്‍ മലമുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന “ഉയര്‍ന്ന പട്ടണം” എന്നർത്ഥമുള്ള Acropolis (അക്രോപൊലീസ്) കാണാം. സമുദ്രനിരപ്പില്‍നിന്ന് മുന്നൂറു മീറ്റർ ഉയരത്തില്‍ ആണ് ഈ പൗരാണിക പട്ടണം സ്ഥിതിചെയ്യുന്നത്. സീയൂസിൻ്റെ (Zeus) തകർന്നടിഞ്ഞ ക്ഷേത്രവും ബലിത്തറയും മലയുടെ ഏറ്റവും മുകളിലായി അര്‍ത്തമീസിന്‍റെ (ഡയാനാ ദേവി) അമ്പലവും കാണാം. മലഞ്ചേരുവില്‍ നിര്‍മ്മിച്ചിരിക്കുന്ന തീയറ്റര്‍ അത്ഭുതാവഹമാണ്. 10,000- ആളുകള്‍ക്കുള്ള ഇരിപ്പിടങ്ങളാണ് ഇതിലുള്ളത്. പൗരാണിക ലോകത്തില്‍ അലക്സാണ്ട്രിയായിലെ പുസ്തകശേഖരം കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും വലിയ ഗ്രന്ഥശേഖരം പെര്‍ഗമത്ത് ആയിരുന്നു എന്നാണ് പ്ലൂട്ടാര്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ബി.സി 220-നും 190-നും ഇടയില്‍ നിര്‍മ്മിച്ച ഈ ഗ്രന്ഥശേഖരത്തില്‍ ഇരുപതിനായിരം ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്.

ഗ്രീക്ക് സംസ്കാരത്തില്‍ ദേവീദേവന്മാരുടെ ക്ഷേത്രങ്ങളും പട്ടണങ്ങളും മലമുകളില്‍ പണിയുവാനാണ് അവര്‍ താല്‍പര്യപ്പെട്ടത്. ശത്രുക്കളില്‍നിന്നു ക്ഷേത്രങ്ങളെയും പട്ടണത്തെയും സംരക്ഷിക്കുക എന്നതായിരുന്നു ഇതിനു കാരണം. ഗ്രീസിന് വെളിയിലുള്ള ഒരേയൊരു “അക്രൊപൊളീസ്” ആണ് ഏഷ്യാമൈനറിലെ

പെര്‍മഗത്തുള്ളത്. പൗരാണിക സംസ്കാരത്തിന്‍റെ തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ ഇവിടെങ്ങും ചിതറിക്കിടക്കുന്നു. ഈ മലയില്‍നിന്നു നോക്കിയാല്‍ ഒരുവശത്ത് പെര്‍ഗമം പട്ടണവും അതിനോട് അനുബന്ധിച്ച് കായിക്കോസ് നദിയും (caicus river) അതിന്‍റെ ജലസംഭരണിയും കാണാം. ജര്‍മ്മിനിയാണ് ഈ പ്രദേശത്ത് ഏറെ പുരാവസ്തു ഗവേഷണം നടത്തിയിട്ടുള്ളത്. ഇവിടുത്തെ ഏറ്റവും വലിയ യവനക്ഷേത്രവും ബലിപീഠവും ഇന്ന് ബെര്‍ലിനിലെ പെര്‍ഗമം മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്ന്ത്.

♦️സാത്താന്‍റെ സിംഹാസനവും വിശുദ്ധ

അന്തിപ്പാസിൻ്റെ രക്തസാക്ഷിത്വവും

വെളിപാട് ഗ്രന്ഥത്തില്‍ പെര്‍ഗമത്തെ “സാത്താന്‍റെ സിംഹാസനം ഇരിക്കുന്നിടം” (വെളിപാട് 2:12-17) എന്നാണ് വിളിക്കുന്നത്. ബൈബിള്‍ മുഴുവന്‍ പരിശോധിച്ചാല്‍ പെര്‍ഗമം ഒഴികെ മറ്റൊരു സ്ഥലത്തിനും ‘സാത്താന്‍ ഭൂമിയില്‍ സിംഹാസനം സ്ഥാപിച്ച സ്ഥലം” എന്ന പരാമര്‍ശം കാണില്ല. ഇവിടുത്തെ ബൈബിൾ പണ്ഡിതർ മനസ്സിലാക്കുന്നത് ഇവിടെ നരബലി നടന്നിരിക്കാം, അതിനാലാണ് “സാത്താന്‍റെ സിംഹാസനം ഇരിക്കുന്നിടം” എന്ന് ഈ സ്ഥലം അറിയപ്പെട്ടതെന്നാണ്.

പൈശാചികത ഇത്രമേൽ നിലനിന്നിരുന്ന സ്ഥലത്തായിരുന്നു ആദ്യകാലത്തെ ഒരു ക്രൈസ്തവസഭ സ്ഥാപിതമായത്.

അതിഭീകരമായ വിധത്തില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടിട്ടും സഭയുടെ ബിഷപ്പായിരുന്ന അന്തിപ്പാസ് വധിക്കപ്പെട്ട സമയത്തുപോലും ക്രിസ്തുവിശ്വാസത്തില്‍ ഉറച്ചുനിന്ന സഭയായിരുന്നു പെര്‍ഗമത്ത് അന്നുണ്ടായിരുന്നത്. നീറോയുടെ ഭരണകാലത്ത് അപ്പോസ്‌തൊലനായ യോഹന്നാനാണ് അന്തിപ്പാസിനെ പെര്‍ഗമം ബിഷപ്പായി നിയമിച്ചത്. യേശുക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറയുവാന്‍ തയ്യാറാകാതിരുന്ന അന്തിപ്പാസിനെ പിച്ചളകൊണ്ടു നിര്‍മ്മിച്ച ഒരു കാളയുടെ ഉദരത്തിലിട്ട്, അതിനടിയില്‍ തീയിട്ട് ചുട്ടുകൊല്ലുകയായിരുന്നു എന്നാണ് ചരിത്രവും പാരമ്പര്യ വിശ്വാസവും. രക്തസാക്ഷിത്വത്തിനു മുമ്പ് അന്തിപ്പാസിനോടു ആരാച്ചാർ അവസാനമായി ചോദിച്ചു “അന്തിപ്പാസ്, മുഴുലോകവും നിനക്കെതിരാണ്”. അന്തിപ്പാസിന്‍റെ മറുപടി ഉറച്ചതായിരുന്നു. അദ്ദേഹം പറഞ്ഞു “ഞാന്‍ മുഴുവന്‍ ലോകത്തിനും എതിരാണ്”. എഡി 92ല്‍ അന്തിപ്പാസ് രക്തസാക്ഷിയായി എന്നാണ് പാരമ്പര്യവിശ്വാസം.

അന്തിപ്പാസിനെ അപ്പൊസ്തൊലിക സഭകള്‍ വിശുദ്ധനായിട്ട് സ്മരിക്കുന്നു. സാത്താന്‍റെ സിംഹാസനത്തിന്‍റെ മധ്യത്തില്‍നിന്നുപോലും ക്രിസ്തുവിശ്വാസം ഏറ്റുപറഞ്ഞ് രക്തസാക്ഷി മകുടംചൂടിയ അന്തിപ്പാസിനെയും പെര്‍ഗമം സഭയിലെ തീഷ്ണമതികളായ വിശ്വാസികളെയും ഞങ്ങള്‍ സ്മരിച്ചു. അക്രൊപൊലീസിലെ സീയൂസിന്‍റെയും ഡയാനയുടെയും ക്ഷേത്രങ്ങളുടെ തകര്‍ന്നുകിടക്കുന്ന ശിലാപാളികള്‍ക്കു മധ്യേനിന്നുകൊണ്ട് നിഖ്യാ വിശ്വാസപ്രമാണം ഏറ്റുചൊല്ലി ഞങ്ങള്‍ ക്രിസ്തു വിശ്വാസം പ്രഖ്യാപിച്ചു.

എഫേസൂസ് മെത്രാപ്പോലീത്തായുടെ കീഴിലുള്ള ഒരു രൂപതയായിരുന്നു പെര്‍ഗമത്ത് ഉണ്ടായിരുന്നത്. പിന്നീട് 13-ാം നൂറ്റാണ്ടു മുതല്‍ പെര്‍ഗമം അതിരൂപതയായി ഒരു മെത്രാപ്പോലീത്തായുടെ കീഴിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലെ ചില രേഖകള്‍ പ്രകാരം 33 ഗ്രീക്ക് ഓര്‍ത്തഡോക്സ് ക്രൈസ്തവസമൂഹങ്ങളിലായി 40,000-ത്തോളം ക്രൈസ്തവരും 31 വൈദികരും പെര്‍ഗമത്ത് ഉണ്ടായിരുന്നു. 1919 മുതല്‍ 1922 വരെ നടന്ന ഗ്രീക്ക് – തുര്‍ക്കി യുദ്ധം വരെയും ഇവിടെ ക്രൈസ്തവര്‍ ഉണ്ടായിരുന്നു എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. ഇപ്പോൾ വളരെ ചെറിയൊരു വിഭാഗം ക്രൈസ്തവർ ഇവിടെയുണ്ടെന്ന് പറയപ്പെടുന്നു.

♦️പോളികാര്‍പ്പിന്‍റെ സ്മിര്‍ണയിലേക്ക്

സ്മിര്‍ണയെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അവിടെ ബിഷപ്പായിരുന്ന പോളികാര്‍പ്പിനെയാണ് ഓര്‍മ്മവരിക. അപ്പൊസ്തൊലനായ യോഹന്നാന്‍റെ ശിഷ്യനായിരുന്നു പോളികാര്‍പ്പ്. സ്മിര്‍ണയില്‍ ആദിമസഭയുടെ ആസ്ഥാനവും പോളികാര്‍പ്പിന്‍റെ ദേവാലയത്തിന്‍റെ അവശിഷ്ടവും പഴയ സ്മിര്‍ണാ നഗരത്തിലെ ”അഗോറ”(Agora)യില്‍ ഇന്നുമുണ്ട്. ഇതിനടുത്താണ് വിശുദ്ധൻ്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന “സെന്‍റ് പോളികാര്‍പ്പ് ലാറ്റിന്‍ കത്തോലിക്കാ ദേവാലയം” സ്ഥിതിചെയ്യുന്നത്. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയാര്‍ക്കേറ്റിനു കീഴിലും റോമിനു കീഴിലുമായി ഇവിടെ ക്രൈസ്തവ സഭകൾ പ്രവര്‍ത്തിക്കുന്നു. ലത്തീന്‍ സഭയുടെ കീഴിലുള്ള സ്മിര്‍ണ അതിരൂപതയില്‍ 4,000-ഓളം വിശ്വാസികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

വൈകുന്നേരം ഇരുട്ടു പരന്നതിനുശേഷമാണ് ഞങ്ങള്‍ പോളികാര്‍പ്പിന്‍റെ തിരുശേഷിപ്പുള്ള ദേവാലയം കണ്ടെത്തിയത്. ദേവാലയത്തില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പ്രധാനകവാടത്തില്‍ മുട്ടിയിട്ടും ആരും വാതില്‍ തുറുന്നില്ല. തിരികെ പോരാന്‍ തുടങ്ങുമ്പോള്‍ കെട്ടിടത്തോടനുബന്ധിച്ചു ചെറിയൊരു ഗെയ്റ്റു കണ്ട്. അവിടെ ബെല്ലടിച്ചപ്പോള്‍ വളരെ പ്രായമുള്ള ഒരു വ്യക്തി വന്നു വാതില്‍ തുറന്നു. ഞങ്ങള്‍ സന്ദര്‍ശകരാണെന്നും വിശുദ്ധ പോളികാര്‍പ്പിന്‍റൈ തിരുശേഷിപ്പുള്ള ദേവാലയം അന്വേഷിച്ചു വന്നതാണെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളെ സ്വാഗതം ചെയ്തു. കെട്ടിടത്തിനുള്ളിൽ എല്ലാം ഞങ്ങളെ കൊണ്ടു നടന്ന് കാണിച്ചു. ഒടുവിലാണ് അദ്ദേഹം ആരാണെന്ന് ഞങ്ങൾ അന്വേഷിച്ചത്. “ഞാന്‍ ബിഷപ് മാര്‍ട്ടിന്‍, ഇസ്മീര്‍ അതിരൂപതയുടെ ആര്‍ച്ചു ബിഷപ്പാണ്”. ഇത്രനേരം ഞങ്ങളെ ആ വലിയ ദേവാലയത്തിലൂടെ കൊണ്ടു നടന്ന് കാഴ്ചകൾ കാണിച്ചു തന്നത് ഒരു ആർച്ച് ബിഷപ്പായിരുന്നു എന്നത് അവിശ്വസനീയമായിരുന്നു. സ്ലൊവേനിയന്‍ വംശജനായ അദ്ദേഹം കപ്പൂച്ചിന്‍ സഭാംഗമാണ്. വിശുദ്ധ പോളികാര്‍പ്പിന്‍റെ തിരുശേഷിപ്പ് ഞങ്ങള്‍ക്കു മുന്നില്‍ അദ്ദേഹം ഭയഭക്തിയോടെ കൊണ്ടുവന്നു, ബേമയിൽ പ്രതിഷ്ഠിച്ചു.

സ്മിര്‍ണ രൂപതയുടെ ആദ്യത്തെ മെത്രാനായിരുന്ന പോളികാര്‍പ്പിനെ തീയിലിട്ടു ചുട്ടുകൊല്ലുകയായിരുന്നു എന്നാണ് ചരിത്രവിശ്വാസം. കത്തിക്കരിഞ്ഞ അദ്ദേഹത്തിന്‍റെ ഏതാനും അസ്ഥികള്‍ മാത്രമാണ് അവശേഷിച്ചത്. ക്രിസ്തുവിശ്വാസത്തിനുവേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച അപ്പൊസ്തൊലിക പിതാവായ വിശുദ്ധ പോളികാര്‍പ്പിന്‍റെ തിരുശ്ശേഷിപ്പിനു മുന്നിലിരിക്കുമ്പോള്‍ രക്തസാക്ഷിത്വത്തിനു മുമ്പ് അദ്ദേഹം ചെയ്ത ധീരോജ്വലയമായ പ്രസ്താവന ഓര്‍മ്മവന്നു. “ക്രിസ്തുവിനെ തള്ളിപ്പറയുക” എന്ന അന്തിമാഹ്വാനം ആരാച്ചാറിൽ നിന്നുയർന്നപ്പോൾ വന്ദ്യവയോധികനായ പോളികാർപ്പ് പറഞ്ഞു

“എണ്‍പത്തിയാറു വയസുവരെ ഞാന്‍ എൻ്റെ രാജാവിനെ (ക്രിസ്തുവിനെ) ശുശ്രൂഷിച്ചു. അദ്ദേഹം എനിക്കെതിരായി യാതൊന്നും ചെയ്തിട്ടില്ല. എന്‍റെ രാജാവും രക്ഷകനുമായവനെ ഞാന്‍ എന്തിന് തള്ളിപ്പറയണം” ഈ മറുപടി പറഞ്ഞയുടൻ വിശുദ്ധ പോളികാർപ്പിൻ്റെ ഭൗതിക ശരീരത്തിന്മേൽ അഗ്നിജ്വാലകൾ ആളിപ്പടർന്നു. “മരണംവരെ വിശ്വസ്തനായിരിക്കുക; ജീവൻ്റെ കീരിടം നിനക്കു ഞാന്‍ നല്‍കും” എന്ന വചനത്തെ ജീവിതത്തില്‍ വിശ്വസ്തതയോടെ ഏറ്റെടുത്ത ജീവിതമായിരുന്നു വിശുദ്ധ പോളികാര്‍പ്പിന്‍റേത്.

അന്ത്യോഖ്യയുടെയും കിഴക്കു മഴുവൻ്റെയും മൂന്നാമത്തെ പാത്രിയർക്കീസ് ആയിരുന്ന മാർ ഇഗ്നാത്തിയോസ് നൂറോനയുടെയും സാന്നിധ്യം സ്മിർണാ നഗരത്തിനുണ്ട്. ക്രിസ്തുവിശ്വാസം ത്യജിക്കാൻ തയ്യാറാകാതിരുന്ന വിശുദ്ധനെ റോമയിൽ കൊണ്ടുപോയി സിംഹങ്ങൾക്ക് എറിഞ്ഞു കൊടുക്കാനാണ് വിധിച്ചത്. അന്ത്യോഖ്യയിൽ നിന്നു റോമായിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം വിശുദ്ധ പോളികാർപ്പിനൊപ്പം താമസിച്ചിരുന്നു. ഇവിടെ വസിക്കുമ്പോഴാണ് അദ്ദേഹം വിവിധ സഭകൾക്ക് ലേഖനങ്ങൾ എഴുതിയത്.

സ്മിര്‍ണയിലെ സഭയുടെ ഇന്നുള്ള സ്ഥിതിയെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ ആര്‍ച്ച് ബിഷപ് മാര്‍ട്ടിന്‍റെ കണ്ണുകള്‍ നിറയുന്നതും കവിഞ്ഞൊഴുകുന്നതും കണ്ടു. കണ്ണടയൂരി കണ്ണീര്‍ തുടച്ച ശേഷം അദ്ദേഹം ഞങ്ങളെ ആശീര്‍വദിച്ചു യാത്രയാക്കി. (തുടരും)

മാത്യൂ ചെമ്പുകണ്ടത്തിൽ

Mathew Chempukandathil

Part 2

https://www.facebook.com/share/p/1Du6HBa8E8/

നിങ്ങൾ വിട്ടുപോയത്