ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ ഒൻപതു സുപ്രധാന മേഖലകളിൽ നടപ്പിലാക്കേണ്ട പരിപാടികൾ നിർദ്ദേശിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ് ‘കേരള ലുക്സ് എഹെഡ്ഡ്’- എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ സംഘടിപ്പിക്കുന്നു. ലോകപ്രശസ്തരായ വിദഗ്ധർ അതിൽ പങ്കെടുത്ത് സംസാരിക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ കോൺഫറൻസ് പൂർണമായും ഓൺലൈനായാണ് സംഘടിപ്പിച്ചിട്ടുള്ളത്.

രാജ്യാന്തര തലത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകൾ, നൈപുണ്യ വികസനം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇ-ഗവേണൻസ് എന്നീ പ്രധാന സാമ്പത്തിക മേഖലകൾക്കു പുറമെ തദ്ദേശഭരണം, ഫെഡറലിസം, വികസനോൻമുഖ ധനവിനിയോഗം എന്നീ പ്രത്യേക വിഷയങ്ങളും ചർച്ചയ്ക്ക് വിധേയമാകും.

രാജ്യാന്തര തലത്തിലും ഇന്ത്യക്കുള്ളിലും ഉണ്ടായ പുതിയ നീക്കങ്ങളും ഇടപെടലുകളും മനസ്സിലാക്കാനും അതിലൂടെ കേരളത്തിന്റെ പ്രത്യേകതകൾക്ക് അനുസൃതമായ വികസന തന്ത്രങ്ങൾ രൂപീകരിക്കാനും ഈ കോൺഫറൻസ് സഹായിക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കോവിഡ് കാരണം നഷ്ടപ്പെട്ട തൊഴിലും തൊഴിലവസരങ്ങളും വീണ്ടെടുക്കണമെങ്കിൽ ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്തെ തൊഴിലവസരങ്ങളും നൂതന തൊഴിൽ സംരംഭങ്ങളുടെ പ്രോത്സാഹനവും അടിസ്ഥാന സൗകര്യ വികസനവും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാനാകണം

.വിശ്രുത സാമ്പത്തിക വിദഗ്ധനും നോബൽ സമ്മാന ജേതാവുമായ പ്രൊഫ. അമർത്യാ സെൻ, സാമ്പത്തിക നോബേൽ സമ്മാന ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, വ്യവസായ പ്രമുഖരായ രത്തൻ ടാറ്റ, ആനന്ദ് മഹീന്ദ്ര, എം.എ. യൂസുഫ് അലി, കിരൺ മസുംദാർ ഷാ, ഡോ. രവി പിള്ള, ക്രിസ് ഗോപാലകൃഷ്ണൻ, ഡോ. ആസാദ് മൂപ്പൻ, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇവരുടെ കാഴ്ചപ്പാടുകളും സംസ്ഥാനത്തിന്റെ ഭാവിക്കായി അവർ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളും ഈ സമ്മേളനത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.

പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. ഏവർക്കും ഏതു സെഷനും കാണാൻ സാധിക്കുന്ന വിധത്തിലാണ് സമ്മേളനത്തിന്റെ ക്രമീകരണം. കോൺഫെറെൻസ് വെബ്സൈറ്റായ www.keralalooksahead.com എന്ന സൈറ്റിൽ എല്ലാ സെഷനുകളും ലൈവായി വീക്ഷിക്കാം.

നിങ്ങൾ വിട്ടുപോയത്