ചിക്കാഗോ: കേരളത്തിൽ രൂപംകൊണ്ട് പൊന്തിഫിക്കൽ പദവി കരസ്തമാക്കി ലോകമെമ്പാടേക്കും വളരുന്ന ‘ജീസസ് യൂത്തി’ന് അഭിമാന നിമിഷം സമ്മാനിച്ച് അമേരിക്കയിൽനിന്ന് ഒരു ഇംഗ്ലീഷ് യുവാവ് പൗരോഹിത്യ സ്വീകരണത്തിന് തയാറെടുക്കുന്നു. മിൽവോക്കി സ്വദേശിയായ 26 വയസുകാരൻ ജോസഫ് ക്രിസ്റ്റഫർ സ്റ്റാഗറാണ് ജീസസ് യൂത്തിന്റെ ശുശ്രൂഷകൾക്കായി പൗരോഹിത്യ പരിശീലനം നടത്തുന്നത്. അമേരിക്കയിലെ സീറോ മലബാർ സഭയ്ക്കും അഭിമാന നിമിഷമാണിത്. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയിലൂടെയാണ് ജോസഫ് സ്റ്റാഗർ ‘ജീസസ് യൂത്ത്’ വൈദികനായി അഭിഷേകം ചെയ്യപ്പെടുക. വിദേശികളിൽനിന്ന് ഇത് ആദ്യമായാണ് ഒരാൾ ജീസസ് യൂത്തിനുവേണ്ടി തിരുപ്പട്ട സ്വീകരണത്തിന് ഒരുങ്ങുന്നത്.

ചിക്കാഗോ സീറോ മലബാർ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ടിൽനിന്ന് ഇക്കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം കാറോയ, സബ് ഡൈക്കണേറ്റ് പട്ടങ്ങളും വൈദികവസ്ത്രവും സ്വീകരിച്ചത്. ഫ്‌ളോറിഡയിലെ സെന്റ് വിൻസെന്റ് ഡി പോൾ സെമിനാരിയിൽ ദൈവശാസ്ത്ര വിദ്യാർത്ഥിയാണിപ്പോൾ. ജീസസ് യൂത്തിനുവേണ്ടിയുള്ള ഇദ്ദേഹത്തിന്റെ വൈദികപരിശീലനത്തെ ‘വിളിക്കുള്ളിലെ വിളി’ എന്ന് വിശേഷിപ്പിക്കാം. മിൽവോക്കി അതിരൂപതയ്ക്കുവേണ്ടി വൈദിക പരിശീലനം ആരംഭിച്ച ഇദ്ദേഹം, സെമിനാരിയിൽവെച്ചാണ് ജീസസ് യൂത്തിനെ കുറിച്ച് അറിഞ്ഞതും, തന്റെ ദൈവവിളി പ്രസ്തുത ശുശ്രൂഷകൾക്കുവേണ്ടിയാണെന്ന് സ്ഥിരീകരിച്ചതും!

ഗ്രിഗറി- മേരിയെലൻ സ്റ്റാഗർ ദമ്പതികളുടെ മകനാണ്. ദൈവീക കാര്യങ്ങൾക്കും കൂദാശാ ജീവിതത്തിനും ഒന്നാം സ്ഥാനം കൊടുത്തിരുന്ന കുടുംബാന്തരീക്ഷവും ദൈവവിളി രൂപീകകരണത്തിനായി മിൽവോക്കി അതിരൂപത സംഘടിപ്പിച്ചിരുന്ന ‘കോർ ജീസസ്’ യുവജനക്യാംപുമാണ് ഇദ്ദേഹത്തിന്റെ പൗരോഹിത്യ ദൈവവിളിക്ക് അടിസ്ഥാനമായത്. 2014ൽ ചിക്കാഗോ സെന്റ് ജോസഫ് സെമിനാരിയിൽ വൈദികാർത്ഥിയായി. അവിടെ സഹപാഠികളായിരുന്ന ചിക്കാഗോ സെന്റ് തോമസ് രൂപതാംഗങ്ങളിൽനിന്നാണ് ജീസസ് യൂത്തിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. പരിചയം അധികം താമസിയാതെ അടുപ്പമായി മാറുകയായിരുന്നു.

ജീസസ് യൂത്തിന്റെ ജീവിതശൈലിയാണ് തന്നെ ഏറെ സ്വാധീനിച്ചതെന്ന് ജോസഫ് സ്റ്റാഗർ സൺഡേ ശാലോമിനോട് പറഞ്ഞു: ‘സെമിനാരി പരിശീലനത്തിന്റെ ആദ്യനാളുകളിൽതന്നെ മിഷൻ പ്രവർത്തനം എന്ന ആഗ്രഹവും എന്നിലുണ്ടായി. അക്കാലത്തുതന്നെയാണ് ജീസസ് യൂത്തിനെ കുറിച്ച് അറിഞ്ഞതും. ക്രമേണ, മിഷനറി ജീവിതത്തോടുള്ള താൽപ്പര്യവും ജീസസ് യൂത്തിനോടുള്ള ആഭിമുഖ്യവും വർദ്ധിക്കുകയായിരുന്നു. ജീസസ് യൂത്തിനെപ്പോലെ വിശുദ്ധിയോടെ ക്രിസ്തീയ വിശ്വാസത്തിൽ ജീവിക്കാൻ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന മറ്റൊരു സമൂഹത്തെ ഞാൻ കണ്ടിട്ടില്ല.’

മൂന്നു വർഷത്തെ തത്വശാസ്ത്ര പനം പൂർത്തിയാക്കിയ ശേഷമാണ് തന്റെ ദൈവവിളി ജീസസ് യൂത്തിനുവേണ്ടിയാണെന്ന ചിന്ത ശക്തമായത്. സെമിനാരി പനത്തിൽനിന്ന് താൽക്കാലിക അവധിയെടുത്ത് ഏതാണ്ട് ഒരു വർഷക്കാലം ജീസസ് യൂത്തിന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. ജീസസ് യൂത്തിനെ ആഴത്തിൽ അറിയുക എന്നതിനപ്പുറം തന്നെക്കുറിച്ചുള്ള ദൈവഹിതം ആരായൽ കൂടിയായിരുന്നു അത്. തുടർന്നാണ്, മിൽവോക്കി അതിരൂപതയുടെ അനുഗ്രഹാശിസുകളോടെ ചിക്കാഗോ സീറോ മലബാർ രൂപതയുടെ ഭാഗമായി ജീസസ് യൂത്തിനുവേണ്ടി 2019ൽ അദ്ദേഹം സെമിനാരി പരിശീലനം പുനരാരംഭിച്ചത്.

യു.എസിൽനിന്ന് ജീസസ് യൂത്തിനുവേണ്ടി സെമിനാരി പരിശീലനം നടത്തുന്നവരുടെ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ജീസസ് യൂത്ത് നാഷണൽ ഫോർമേഷൻ ടീം കോർഡിനേറ്റർ സുനിൽ നടരാജൻ, ജീസസ് യൂത്തിനുവേണ്ടി ഈയിടെ തിരുപ്പട്ടം സ്വീകരിച്ച ഫാ. തോമസ് പുളിക്കൽ എന്നിവരുടെ പിന്തുണയാലാണ് ജീസസ് യൂത്തിനുവേണ്ടിയുള്ള പൗരോഹിത്യ പരിശീലനത്തിലേക്ക് താൻ എത്തിയതെന്നും ജോസഫ് സ്റ്റാഗർ പറഞ്ഞു. മൈക്കിൾ സ്റ്റാഗർ, ജെയിംസൺ സ്റ്റാഗർ, മരിയ സ്റ്റാഗർ എന്നിവരാണ് സഹോദരങ്ങൾ.

കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ ഫലമായി 1970കളിൽ രൂപീകൃതമായ ജീസസ് യൂത്തിനെ 2016ലാണ് വത്തിക്കാൻ പൊന്തിഫിക്കൽ പദവിയുള്ള അൽമായ മുന്നേറ്റമായി ഉയർത്തിയത്. റീത്ത് ഭേദങ്ങളില്ലാതെയും സുവിശേഷമൂല്യങ്ങൾക്കും തിരുസഭാപഠനങ്ങൾക്കും പ്രാധാന്യം നൽകിയും പ്രവർത്തിക്കുന്ന ജീസസ് യൂത്ത് മലയാളികളിലൂടെ ലോകമെമ്പാടേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പരിശീലനം പൂർത്തിയാക്കി സ്റ്റീഫൻ സ്റ്റാഗർ തിരുപ്പട്ടം സ്വീകരിക്കുമ്പോൾ, നാലാമത്തെ വൈദികനെയാകും ജീസസ് യൂത്തിന് ലഭിക്കുക.

കടപ്പാട് സൺ‌ഡേ ശാലോം