ആത്മഹത്യയുടെ സ്വന്തം നാട് – കേരളം
വിനോദ് നെല്ലയ്ക്കൽ
ആത്മഹത്യകളും ആത്മഹത്യകളുടെ ഭാഗമായ കൊലപാതകങ്ങളും ഭീതിജനകമായ രീതിയില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ഒരു യാഥാര്‍ഥ്യമാണ്. മുന്‍വര്‍ഷങ്ങളിലും ആത്മഹത്യകളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍ത്തന്നെയാണ്. രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോകശ്രദ്ധ നേടിയതാണ്. മലയോര ജില്ലകള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ മേഖലകളിലെ ഒട്ടേറെ കര്‍ഷക കുടുംബങ്ങളില്‍ കടബാധ്യതകള്‍ മൂലമുള്ള കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. 2005 – 2006 വര്‍ഷങ്ങളില്‍ നിത്യവും ഒന്നിലേറെ കര്‍ഷക ആത്മഹത്യകള്‍ പത്രങ്ങള്‍ റിപ്പാര്‍ട്ട് ചെയ്തിരുന്ന കാലത്ത് ഏറ്റവുമധികം ആത്മഹത്യകള്‍ നടന്നിട്ടുള്ള പ്രദേശം വയനാട് ജില്ലയിലെ പാടിച്ചിറ വില്ലേജ് ആണ്. അക്കാലത്ത് കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 50000 രൂപ ഉടനടി ധനസഹായം നല്‍കിയിരുന്നു. എങ്കിലും, അക്കാലം മുതല്‍ ഇന്നോളവും കേരളത്തിന്റെ സവിശേഷമായ സാചര്യങ്ങളില്‍ നടക്കുന്ന ആത്മഹത്യകളെക്കുറിച്ച് ശരിയായ രീതിയിലുള്ള പഠനമോ വിശകലനമോ നടത്താന്‍ ആരുംതന്നെ (മാധ്യമങ്ങള്‍പ്പോലും) തയ്യാറായിട്ടുണ്ടെന്ന് തോന്നുന്നില്ല.
2005 – 2006 വര്‍ഷങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ പരമ്പരകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന കാലത്ത് വയനാട്ടിലെ ഒരു പത്രപ്രവര്ത്തകന് പറഞ്ഞതോര്‍ക്കുന്നു. “ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കര്‍ഷക ആത്മഹത്യകളെല്ലാം യഥാര്‍ത്ഥ കര്‍ഷക ആത്മഹത്യകള്‍ അല്ലെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങനെയെങ്കിലും ആ കുടുംബത്തിന് ഒരു ധനസഹായം ലഭിച്ചോട്ടെ എന്നുകരുതിയാണ് പലപ്പോഴും കര്‍ഷക ആത്മഹത്യ എന്ന തലക്കെട്ട് കൊടുക്കുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ചില ആത്മഹത്യകള്‍ പ്രത്യേകമായി പഠിക്കുകയും, പോലീസ് സ്റ്റേഷനുകളില്‍നിന്ന് ഉള്‍പ്പടെയുള്ള കണക്കുകള്‍ ശേഖരിക്കുകയും ചെയ്തതിന്റെ വെളിച്ചത്തില്‍, എല്ലാ ആത്മഹത്യാ കേസുകളെയും വെറും ആത്മഹത്യയായി കാണാന്‍ കഴിയില്ല എന്ന് നിശ്ചയം. അക്കൂട്ടത്തില്‍ കൊലപാതകങ്ങള്‍ പോലും ഉണ്ടായിരുന്നിരിക്കാം. സാമ്പത്തിക സഹായം എന്ന “പ്രോത്സാഹനം” ഉണ്ടായിരുന്നതിനാല്‍, പ്രേരിത ആത്മഹത്യകള്‍ പലത് നടന്നിരിക്കും എന്നുള്ളതും തീര്‍ച്ചയാണ്. കൂടാതെ, ആത്മഹത്യകള്‍ ചുറ്റുപാടും പലത് നടക്കുന്നതും മാധ്യമങ്ങള്‍ വീരപരിവേഷം ചാര്‍ത്തി റിപ്പോര്‍ട്ട് ചെയ്യുന്നതും ആത്മഹത്യ ചെയ്ത പലര്‍ക്കും ഉള്‍പ്രേരണ നല്കിയിട്ടുണ്ടാകാം എന്നുള്ളത് മനഃശാസ്ത്രപരമായ ഒരു സാധ്യതയുമാണ്.
പുതിയ ട്രെന്‍ഡുകള്‍!
പിന്നീട് ആത്മഹത്യാ തരംഗങ്ങള്‍ കേരളത്തില്‍ പലത് പിന്നിട്ടു. ഒടുവില്‍ നാം കണ്ടത് കോവിഡ് കാലത്തെ ആത്മഹത്യകളാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെയും ലോകാരോഗ്യ സംഘടനയുടെയും മറ്റും റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയും വിശിഷ്യാ കേരളവും ആത്മഹത്യകളുടെ കാര്യത്തില്‍ വളരെ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടിയ ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന സംസ്ഥാനം കേരളവും, ജില്ല കൊല്ലവുമാണ്. സംസ്ഥാനത്തിന്റെ ആത്മഹത്യ നിരക്ക് 24.3 (ഒരു ലക്ഷത്തില്‍) ആണെങ്കില്‍ കൊല്ലം ജില്ലയില്‍ അത് 44 ആണ്. 2020ല്‍ 8500 ആത്മഹത്യകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ 6570 പേര് (77 %) പുരുഷന്മാരാണ്. പലവിധ കോവിഡ് പ്രതിസന്ധികളാണ് കഴിഞ്ഞ രണ്ടുവര്ഷങ്ങള്ക്കിടയിലെ ആത്മഹത്യകളില്‍ ഏറിയ പങ്കിന് പിന്നിലും ആരോപിക്കപ്പെട്ടത്. എന്നാല്‍, കോവിഡ് പ്രതിസന്ധി ഏറെക്കുറെ അരങ്ങൊഴിഞ്ഞിട്ടും ആത്മഹത്യകളുടെ എണ്ണവും നിരക്കും കുറയുകയല്ല, ആത്മഹത്യകള്‍ പുതിയ കാരണങ്ങള്‍ തേടുകയാണ് എന്നാണ് ഒട്ടേറെ സമീപകാല സംഭവങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.
അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ആത്മഹത്യകളില്‍ വലിയൊരു വിഭാഗം ഏറ്റവും വേദനാജനകമായ കൂട്ട ആത്മഹത്യകളാണ്. കൂട്ട ആത്മഹത്യകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതില്‍ ഒന്നുമാത്രമായിരിക്കും ആത്മഹത്യ. മറ്റുള്ളത് കൊലപാതങ്ങളായിരിക്കും. പ്രത്യേകിച്ച് പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കൂടി മരണങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍. ഭാര്യാഭര്ത്താക്കന്മാര് ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുക്കുന്ന സാഹചര്യങ്ങളില്‍ മിക്കപ്പോഴും കുട്ടികളെക്കൂടി കൊല്ലാന്‍ അവര്‍ തീരുമാനമെടുക്കുന്നത് നമ്മില്‍ പലപ്പോഴും നടുക്കം സൃഷ്ടിക്കാറുണ്ട്. പക്ഷെ അത്തരം നടുക്കങ്ങളുടെ ഗ്രാവിറ്റി ഇക്കാലത്ത് ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്നുള്ളതാണ് വാസ്തവം. സമീപകാലത്ത് എറണാകുളത്ത് വൃദ്ധ മാതാവും മകളും മകളുടെ ഭര്‍ത്താവും ആത്മഹത്യ ചെയ്ത ഒരു സംഭവമുണ്ടായിരുന്നു. ആറും പതിനൊന്നും വയസുള്ള കുട്ടികളെ അവര്‍ ജീവിക്കാന്‍ അനുവദിച്ചു എന്നുള്ളത് വലിയകാര്യം. എന്നാല്‍, ചില സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയില്‍ ചിലരുടെ അഭിപ്രായ പ്രകടനങ്ങള്‍ നടുക്കമുളവാക്കി. അവര്‍ക്ക് ആ കുഞ്ഞുങ്ങളെക്കൂടി കൊണ്ടുപോയിക്കൂടായിരുന്നോ എന്നതായിരുന്നു അവരുടെ “ദുഃഖം”.
ആത്മഹത്യകള്‍ക്ക് വിചിത്രവും ദുരൂഹവുമായ കാരണങ്ങള്‍ ഏറിവരുന്നു എന്നുള്ളതാണ് സമീപകാലത്ത് കണ്ടുവരുന്ന മറ്റൊരു പ്രതിഭാസം. കുടുംബജീവിതവുമായി ബന്ധപ്പെട്ട് പ്രതികാര ചിന്തകള്‍ വര്‍ദ്ധിക്കുന്നതായി നിരീക്ഷണങ്ങളില്‍ വ്യക്തമാണ്. ചെറിയ കുടുംബപ്രശ്നങ്ങള്‍ പോലും വിചിത്രമായ പ്രതികാര ചിന്തകളിലേയ്ക്കും കുട്ടികളെയും കൊന്നുകൊണ്ടുള്ള ആത്മഹത്യകളിലേയ്ക്കും നയിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണങ്ങളില്‍ പ്രധാനപ്പെട്ടതായി പലപ്പോഴും ഉയര്‍ത്തിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും അതിനപ്പുറമുള്ള കുടുംബപ്രശ്നങ്ങളും മനഃശാസ്ത്രപരമായ മറ്റു പ്രശ്നങ്ങളുമാണ് യഥാര്‍ത്ഥ കാരണങ്ങളെന്ന് പല സംഭവങ്ങളിലും വ്യക്തമാണ്. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ പലതും നഷ്ടപ്പെടുന്ന സാഹചര്യം അനേകരില്‍ ഉടലെടുക്കുന്നുണ്ട് എന്നുള്ളത് തീര്‍ച്ചയാണ്. ബന്ധങ്ങളും ബന്ധങ്ങളുടെ ആഴങ്ങളും കുറയുന്നതും, മറ്റുള്ളവരുടെ പ്രതിസന്ധികളില്‍ താങ്ങാകുവാനും താല്‍പ്പര്യം കാണിക്കുവാനുമുള്ള സന്മനസ് ഇല്ലാതായിക്കൊണ്ടിരിക്കുന്നതും, മനസുകളില്‍ ദുരഭിമാനത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതും കുടുംബ ആത്മഹത്യകള്‍ക്ക് പിന്നിലെ പ്രധാന ഘടകങ്ങളായി മാറുന്നു. ആവശ്യമെങ്കില്‍ മനഃശാസ്ത്ര വിദഗ്ധരെ കാണാനോ, സുഹൃത്തുക്കളോടുപോലും പ്രതിസന്ധികള്‍ തുറന്നുപറയാനോ കഴിയാതെ വരുന്നത് വലിയൊരു പങ്ക് ആത്മഹത്യകള്‍ക്കും പിന്നിലുള്ള യഥാര്‍ത്ഥ കാരണമാണ്.
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുന്നതാണ് സമീപകാലത്തെ മറ്റൊരു ആശങ്ക. പണ്ട് പരീക്ഷാ റിസള്‍ട്ടുകളുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ കണ്ടുവന്നിരുന്ന ആത്മഹത്യകളേക്കാള്‍, കാരണങ്ങള്‍ തിരിച്ചറിയാതെ പോകുന്ന ആത്മഹത്യകള്‍ എത്രയോ അധികം ഇന്ന് നടക്കുന്നു! കുട്ടികളുടെ മനസികാവസ്ഥകളില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ആഴമുള്ള പഠനങ്ങള്‍ അനിവാര്യമായിരിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടയില്‍ അശാസ്ത്രീയമായി നടപ്പാക്കിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതികള്‍ ഏതൊക്കെ വിധത്തിലാണ് കുട്ടികളെ ബാധിച്ചിട്ടുള്ളത് എന്നുള്ളത് വ്യക്തമല്ല. ഭൂരിപക്ഷം കുട്ടികളും ഓണ്‍ലൈന്‍ പഠനത്തിനായി ആശ്രയിച്ചത് മൊബൈല്‍ ഫോണുകളാണ്. സ്വതന്ത്രമായി ലഭിക്കുന്ന മൊബൈല്‍ ഫോണുകളും ഡാറ്റയും ഒട്ടേറെ കുട്ടികളില്‍ ഗെയിം, അശ്ളീല വീഡിയോ, സോഷ്യല്‍മീഡിയ അഡിക്ഷനുകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഒട്ടേറെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ വഴിവച്ചിട്ടുണ്ടാകാനിടയുണ്ട്. വാസ്തവത്തില്‍ ഈ കാലഘട്ടം ബാക്കിവച്ചിരിക്കുന്ന ദൂഷ്യഫലങ്ങള്‍ ഇനിയും നാം കാണാന്‍ ബാക്കിയുണ്ടാവാം.
കുടുംബങ്ങളിലും കുട്ടികളിലും മാത്രമല്ല, യുവജനങ്ങള്‍ക്കിടയിലും ആത്മഹത്യാപ്രവണതകള്‍ വര്‍ദ്ധിക്കുകയാണ്. ജീവിത പരാജയത്തോടുള്ള ഭയവും നിരാശയും യുവതലമുറയില്‍ വര്‍ദ്ധിച്ചുവരുന്നതും, ലഹരിയുടെ ഉപയോഗവും, മറ്റു മാനസിക പ്രതിസന്ധികളും വിവിധ സമ്മര്‍ദ്ദങ്ങളും ആത്മഹത്യാ കാരണങ്ങളാണെങ്കിലും, പ്രണയനൈരാശ്യം പ്രധാന കാരണമായി തുടരുകയാണ്. പ്രണയിതാവിനെ അപായപ്പെടുത്തിയതിന് ശേഷമുള്ള ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നത് വലിയ അപകടസൂചനയാണ്. പ്രണയത്തെ തുടര്‍ന്ന് ഒരുമിച്ചുള്ള ആത്മഹത്യകള്‍ സമീപകാലത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും, യുവജനങ്ങള്‍ക്കിടയില്‍ മറ്റു വിവിധ രീതികളിലുള്ള ആത്മഹത്യാ പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്നതും അന്വേഷണ വിധേയമാകേണ്ടതുണ്ട്. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനുള്ള കരുത്ത് യുവജനങ്ങള്‍ക്ക് നല്‍കുക എന്ന ദൗത്യത്തിന് കൂടുതല്‍ ഊന്നല്‍ നല്കുവാന് ഭരണകൂടം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.
വിവാഹജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ ആത്മഹത്യ തെരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം സമീപകാലത്ത് വലിയതോതില്‍ വര്‍ദ്ധിച്ചിരിക്കുന്നത് മറ്റൊരു പ്രധാന ചിന്താവിഷയമാകേണ്ടതുണ്ട്. കഴിഞ്ഞ ചില മാസങ്ങള്‍ക്കിടയില്‍ അത്തരം ഒട്ടേറെ ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അത്യാവശ്യ പഠനങ്ങള്‍ക്ക് ശേഷം ചെറിയ പ്രായത്തില്‍ത്തന്നെ വിവാഹിതരാകുന്ന പെണ്‍കുട്ടികളാണ് അത്തരത്തില്‍ ജീവന് ഒടുക്കുന്നവരില് ഏറെയും. സ്വന്തമായൊരു ജോലി ഉണ്ടായിരുന്നെങ്കില്‍ അവള് ഇപ്രകാരം ചെയ്യുമായിരുന്നില്ല എന്ന പരാമര്‍ശം ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് ചിലപ്പോഴെങ്കിലും കേള്‍ക്കാറുണ്ടെങ്കിലും അത്തരം ആത്മഹത്യകള്‍ക്ക് പ്രധാന കാരണം മറ്റു ചിലതാണെന്ന് അനുമാനിക്കേണ്ടതുണ്ട്. കാരണം, വിവാഹത്തിന് മുമ്പ് തന്നെ ജോലി ഉള്ളവരും, വിവാഹത്തിന് ശേഷം വൈകാതെ തന്നെ ജോലി നേടിയവരുമായ യുവതികളും സമീപകാലത്തെ ആത്മഹത്യാ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. കുടുംബജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ, സാമ്പത്തിക പ്രശ്നങ്ങള്‍ക്കപ്പുറം മറ്റുചില പ്രതിസന്ധികള്‍ ആ കുടുംബങ്ങളില്‍ രൂപംകൊള്ളുന്നെങ്കില് ആ വിഷയം വ്യക്തമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇടുങ്ങിയ വഴികളിലൂടെ കടന്നുവരുന്ന ഇക്കാലത്തെ യുവതീയുവാക്കളില്‍ ഒരു വിഭാഗം കൂടുതല്‍ സങ്കുചിത മനസ്കരും പരസ്പരം ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നവരും സാങ്കല്‍പ്പിക ലോകത്തെ ഉള്ളില്‍ സൂക്ഷിക്കുന്നവരും ആയിരിക്കാനിടയുണ്ട്. ഇത്തരം കേസുകളില്‍ ഭര്‍തൃപീഡനം പലപ്പോഴും ഒരു സമാനഘടകമായി കാണപ്പെടാറുമുണ്ട്. മേല്പറഞ്ഞതുപോലെ, നമുക്കിടയിലെ യുവതീയുവാക്കളുടെ മനസികാരോഗ്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിശകലനങ്ങളും ശാസ്ത്രീയമായ ഇടപെടലും ഇന്ന് ആവശ്യമാണ്.
കേരളത്തില്‍ എല്ലായ്പ്പോഴും നിലനില്‍ക്കുന്ന ആത്മഹത്യാ തരംഗങ്ങളില്‍നിന്ന് ഒരു ജീവിത സാഹചര്യങ്ങളിലുള്ളവരും വിമുക്തരല്ല എന്നുള്ളത് ശ്രദ്ധേയമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സന്യാസാര്‍ത്ഥിനികളായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വിവാദങ്ങളായവയാണ്. ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ നിന്ന് സന്യാസജീവിതം തെരഞ്ഞെടുത്ത് മുന്നോട്ടുവരുന്ന പെണ്‍കുട്ടികളിലും ഇത്തരത്തില്‍ അപൂര്‍വ്വമായെങ്കിലും ആത്മഹത്യാ പ്രവണതയും അതിലേയ്ക്ക് നയിക്കുന്ന മാനസിക പ്രതിസന്ധികളും പ്രകടമാണ്. സന്യാസാർത്ഥിനികൾ മാത്രമല്ല, സന്യസ്തരും, വൈദികരും പോലും ആത്മഹത്യ ചെയ്ത സംഭവങ്ങൾ അപൂർവമല്ല. മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്നതിനുള്ള വഴികള്‍ തിരയുന്നതിന് പകരം അവരെപ്പോലുള്ളവരും നിരാശയില്‍ നിപതിക്കുകയും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു എന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തിലെ ചിന്താധാരകളും സമ്മര്‍ദ്ദങ്ങളും ഓരോരുത്തരെയും ചെറിയ അളവിലെങ്കിലും സ്വാധീനിക്കുന്നു എന്നുളളതാണ് വാസ്തവം.
അരക്ഷിതാവസ്ഥകളിലേയ്ക്കും മനോദൗര്ബ്ബല്യങ്ങളിലേയ്ക്കും പാഞ്ഞടുക്കുന്ന ഒരു ആള്‍ക്കൂട്ടമായി മലയാളികള്‍ മാറുന്നതിന് പിന്നില്‍ ഒട്ടേറെ കാരണങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞേക്കും. ഈ വെല്ലുവിളിയെ ഒരു കൂട്ടുത്തരവാദിത്തമായി ഏറ്റെടുക്കാനുള്ള ആര്‍ജ്ജവം ഇവിടുത്തെ ബൗദ്ധിക സമൂഹവും നേതൃനിരകളിലുള്ളവരും പ്രകടിപ്പിക്കണം. ആത്മഹത്യകളെയും അനുബന്ധ ദാരുണ സംഭവങ്ങളെയും എല്ലായ്പ്പോഴും ലൈംലൈറ്റില്‍ നിര്‍ത്തുന്ന മാധ്യമങ്ങളുടെ ശൈലിക്ക് മാറ്റം ആവശ്യമാണ്. അപരനെക്കുറിച്ച് കൂടുതല്‍ കരുതലുള്ളവരാകുന്നതിലൂടെ അവരവര്‍തന്നെ സുരക്ഷിതരാവുന്നു എന്ന ബോധ്യത്തിലേയ്ക്ക് സാധാരണക്കാരും കടന്നുവരേണ്ടതുണ്ട്. എല്ലാം മറച്ചുവച്ച് തങ്ങളില്‍ തന്നെ ഒതുങ്ങികൂടുന്നവരാകാതെ തുറന്ന് ചിന്തിക്കുന്നവരും തുറന്ന് സംസാരിക്കുന്നവരുമായി മാറാന്‍ എല്ലാവര്ക്കും കഴിയേണ്ടതുണ്ട്. ലോകത്തിന്റെ ആത്മഹത്യാമുനമ്പായി ഈ അറബിക്കടലിന്റെ തീരം വിശേഷിപ്പിക്കപ്പെടുന്ന അപമാനകരമായ അവസ്ഥയ്ക്ക് മാറ്റം അനിവാര്യമാണ്.