വചനധ്യാനവും, വചന വായനയും ഇല്ലാതെ പ്രാർത്ഥനാ ജീവിതത്തിൽ വളരാനാവില്ല എന്ന ആൽമീയ രഹസ്യം മറക്കരുത്. വചനം വായിക്കുമ്പോൾ നാം കേൾക്കുന്നത് ദൈവത്തിന്റെ സ്വരമാണ്. നിരന്തരം വചനം വായിച്ചാൽ ദൈവത്തിന്റെ സ്വരം പരിചിതമാകും. ഇടത്തോട്ടും വലത്തോട്ടും തിരിയുമ്പോൾ, പിന്നിൽ നിന്ന് ആ സ്വരം കേൾക്കുവാൻ കഴിയും. (ഏശയ്യാ 30:21) അപ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയും, ദൈവത്താൽ നടത്തപ്പെടുകയും ചെയ്യും. ദൈവവചനത്തിന്റെ മുൻപിൽ ഇരിക്കുന്നവരുടെ മേൽ ദൈവത്തിന്റെ നോട്ടം വീഴും. എത്യോപ്യാക്കാരനായ ഷണ്ഠൻ രഥത്തിൽ ഇരുന്ന് ഏശയ്യായുടെ വചനം വായിച്ചത്, ദൈവം കണ്ടു. (അപ്പ പ്രവ 8 : 26-28)

വചന വായനയിലൂടെ നമ്മിൽ ശുദ്ധീകരണം സംഭവിക്കുന്നത് നാം അറിയണമെന്നില്ല. പഞ്ചേന്ദ്രിയങ്ങളുടെ ഉള്ളിൽ കയറുന്ന അശുദ്ധിയുടെ ഇരുട്ട് വചന വായനയിലൂടെ വെളിച്ചമായി മാറും.സങ്കീർത്തനങ്ങൾ 119: 130 ൽ പറയുന്നു, അങ്ങയുടെ വചനങ്ങളുടെ ചുരുൾ അഴിയുമ്പോൾ പ്രകാശം പരക്കുന്നു. ഒരു വചനം പ്രാർത്ഥനാപൂർവ്വം ഉരുവിടുമ്പോൾ അതു നമ്മിൽ നിറയുകയും, ആവശ്യനേരത്ത് ആയുധം ആയി മാറുകയും ചെയ്യും. നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്‌. (റോമാ 12 : 14) എന്ന വചന വാക്യം പല പ്രാവശ്യം ഏറ്റു പറഞ്ഞ് പ്രാർത്ഥിച്ചാൽ, പ്രകോപിതരാകേണ്ട സന്ദർഭം വരുമ്പോൾ ഈ വചനം ദേഷ്യത്തെ അമർച്ച ചെയ്തു കൊളളും.

ഓരോ വചനത്തിലും ദൈവീക ജീവൻറെ തുടിപ്പ് ഉണ്ട്. തിരുവചനത്തിൽ ദൈവിക ജീവൻ ഉള്ളതുകൊണ്ടാണ് വചനം കേൾക്കുമ്പോൾ തിൻമയുടെ പ്രലോഭനങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്ന് ഓടിയകലുകയും, വിശുദ്ധി പ്രാപിക്കുകയും ചെയ്യും. ഈശോ പ്രലോഭനങ്ങളെ അതിജീവിച്ചതും, ദൈവ വചനങ്ങളെ ഉദ്ധരിച്ചു കൊണ്ടാണല്ലോ. നാം ഒരോരുത്തർക്കും ദിനംപ്രതി വചനം വായിച്ചും, അനുസരിച്ചും വിശുദ്ധി പ്രാപിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

Malayalam Bible Verses

നിങ്ങൾ വിട്ടുപോയത്