കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പാലാ രൂപതയുടെ ഈ മാതൃക പിന്തുടരണം.

*മൽത്തൂസിയൻ വിവാദങ്ങൾക്ക് നല്ല നമസ്കാരം!*

ജനസംഖ്യാവർധനവ് ഒരിക്കലും ഒരു ബാധ്യതയല്ലെന്ന് എല്ലാവർക്കും ഇന്ന് അറിയാം. അത് ഒരു അടിയന്തരാവശ്യമാണെന്ന് ഐക്യരാഷ്ട്രസംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എങ്കിലും കാലഹരണപ്പെട്ട മാൽത്തൂസിയൻ സിദ്ധാന്തമാണ് പല മനസ്സുകളെയും ഇന്നും ഭരിക്കുന്നത്.*മൽത്തൂസിൻ്റെ മണ്ടത്തരം*

തോമസ് റോബർട്ട് മൽത്തൂസ് എന്ന ഇംഗ്ലണ്ടുകാരൻ 19-ാം നൂറ്റാണ്ടിൻ്റെ പ്രാരംഭത്തിൽത്തന്നെ മുന്നോട്ടുവച്ച സിദ്ധാന്തമാണത്. അദ്ദേഹത്തിൻ്റെ ബോധ്യമനുസരിച്ച്, ജനസംഖ്യാപെരുപ്പത്തിന് ആനുപാതികമല്ലാത്ത ഭക്ഷ്യോൽപാദനമാണ് ഭൂമിയിലുള്ളത്. അതിനാൽ ജനസംഖ്യ തടയേണ്ടതുണ്ട്. ഈ ചിന്ത മഹാബദ്ധമാണെന്ന് കാലം തെളിയിച്ചുകഴിഞ്ഞു.

പല വികസിതരാജ്യങ്ങളും ജനമില്ലാതെ വലയുകയാണ്, ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാനാളില്ലാതെ നശിപ്പിച്ചുകളയുകപോലുമാണ്. ജനസംഖ്യ വർധിക്കുന്നത് ജ്യോമെട്രിക് അനുപാതത്തിലല്ല എന്നതിന് ആഗോളജനസംഖ്യതന്നെ സാക്ഷി. ഭക്ഷ്യോൽപാദനം പെരുകുന്നത് അരിത്മെറ്റിക് അനുപാതത്തിലുമല്ല.

സ്വാർത്ഥതമൂലം ശിശുജനനത്തോടു വിമുഖത കാട്ടിയ യൂറോപ്യൻരാജ്യങ്ങൾ അതിൻ്റെ ദോഷഫലങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്.എന്നാൽ, ജനസംഖ്യാവിസ്ഫോടനം എന്ന സാങ്കല്പികമുക്കണ്ണനെ കാട്ടി ജനത്തെ ഭയപ്പെടുത്താൻ ഇന്ത്യയിലെ ഭരണാധികാരികൾ ഒരു കാലത്തു ശ്രമിച്ചത് മൽത്തൂസിയൻ തിയറിയെ ആധാരമാക്കിയായിരുന്നു.

*ജീവോപാസനയുടെ പുത്തൻസംസ്കൃതി*

ജീവന് വലിയ പ്രാധാന്യമാണ് ക്രൈസ്തവവിശ്വാസവും ധാർമികതയും നല്കുന്നത്. മനുഷ്യന് പെരുകിവർധിക്കാനുള്ള കല്പനയാണ് ദൈവം ആദ്യം നല്കിയത് (ഉത്പ 1,28). ഈ കല്പനയെ ക്രൈസ്തവർ അവഗണിച്ചതിൻ്റെ ദൂഷ്യഫലങ്ങളാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.

രണ്ടു പ്രസവം കഴിയുമ്പോൾത്തന്നെ ‘നിറുത്തിയില്ലേ?’ എന്നു ചോദിക്കുന്ന വഷളൻ സംസ്കാരത്തെ തിരുത്തിയെടുക്കാൻ പുത്തൻ ബോധവത്കരണ ശ്രമങ്ങൾ ഇവിടെ നടക്കേണ്ടതുണ്ട്… അതിന് ധീരമായ നിലപാടുകൾ കൂടിയേ തീരൂ.

പാലാരൂപതയ്ക്കും കല്ലറങ്ങാട്ടു പിതാവിനും അഭിനന്ദനങ്ങൾ!

സ്വന്തം ജനത്തിൻ്റെ ക്ലേശങ്ങൾ അറിയുന്ന നേതാക്കൾക്ക് അവരുടെ ബുദ്ധിമുട്ടുകളിൽ സഹായഹസ്തം നീട്ടാതിരിക്കാനാവില്ല. കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പാലാ രൂപതയുടെ ഈ മാതൃക പിന്തുടരണം.

*ആരോഗ്യകരമായ സാമുദായികസന്തുലിതാവസ്ഥ അനിവാര്യം*

കേരളസർക്കാർതന്നെ പുറത്തിറക്കിയിട്ടുള്ള Annual vital statistics വ്യക്തമാക്കുന്നതു പോലെ 2018-ൽ കേരളത്തിലെ സമുദായം തിരിച്ചുള്ള ജനനനിരക്കിൽ വലിയ അസന്തുലിതാവസ്ഥയുണ്ട്. ഇവിടത്തെ ഭൂരിപക്ഷമായ ഹൈന്ദവസമുദായാംഗങ്ങളുടെ ജനനനിരക്ക് 41.69% ആയിരിക്കെ, ന്യൂനപക്ഷമായ മുസ്ലീം സമുദായത്തിലെ ജനനനിരക്ക് 43.74% ആണ്. മറ്റൊരു ന്യൂനപക്ഷമായ ക്രൈസ്തവ സമുദായത്തിൻ്റേത് വെറും 14.30%ഉം. 20 ശതമാനം മരണനിരക്കുള്ളിടത്താണ് 14.3 ശതമാനം ജനനനിരക്ക് എന്നതുകൂടി തിരിച്ചറിയുമ്പോഴാണ് ക്രൈസ്തവസമുദായം അഭിമുഖീകരിക്കുന്ന അതിഗുരുതരമായ സാഹചര്യം വ്യക്തമാകുന്നത്. അസ്തിത്വംതന്നെ അപകടത്തിലായിരിക്കുന്ന ഒരു സമുദായത്തിൻ്റെ നേതൃത്വം ശിശുജനനത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കംകുറിക്കുമ്പോൾ സുബോധമുള്ളവർ അതിനെ അഭിനന്ദിക്കുകയേ ചെയ്യൂ...

ക്രൈസ്തവനേതൃത്വത്തിൻ്റെ നിലപാടുകൾക്ക് കേരളത്തിൻ്റെ വിശാലസമൂഹത്തെത്തന്നെയും സ്വാധീനിക്കാനാകും. കേരളത്തിൽ ജനസംഖ്യാനിരക്ക് കുറഞ്ഞു കൊണ്ടിരിക്കുന്ന സമുദായങ്ങളിലെ നേതാക്കളെല്ലാം ഇത്തരം നിലപാടുകളുമായി ഇനി മുമ്പോട്ടു വരണം. അങ്ങനെ ഇവിടെ സാമുദായിക സന്തുലിതാവസ്ഥയ്ക്കും കളമൊരുങ്ങണം.

*യാഥാർത്ഥ്യബോധമുള്ള മാധ്യമപ്രവർത്തനം എന്നുണ്ടാകും?

*മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടത് സാമുദായികമായ ഇന്നത്തെ അസന്തുലിതാവസ്ഥയാണ്, അതു പരിഹരിക്കാനുള്ള മാർഗങ്ങളാണ്. ഇത്തരം ഭാവാത്മകമായ നീക്കങ്ങളെ വിവാദമാക്കുന്ന മാധ്യമങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും കഥയറിയാതെ ആർക്കോവേണ്ടി കോലം കെട്ടിയാടുകയാണ്…

ഫാ .ജോഷി മയ്യാറ്റിൽ

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

Logo for web magalavartha-01

നിങ്ങൾ വിട്ടുപോയത്