ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ
ദൈവരാജ്യം (മർക്കോ 1:14-20)
സ്നാപകയോഹന്നാൻ തടവിലായിരിക്കുന്നു. ദൈവവചനത്തിന്റെ വിത്തുകൾ വിതച്ചതിനാണ് ഹേറോദേസ് അവനെ ബന്ധനസ്ഥനാക്കിയിരിക്കുന്നത്. സമയം അനുകൂലമല്ല. നല്ലൊരു മുഹൂർത്തത്തിന് വേണ്ടി യേശുവിന് വേണമെങ്കിൽ കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു. ഇല്ല, അവൻ കാത്തിരിക്കുന്നില്ല. അവൻ സുവിശേഷവുമായി ഇറങ്ങിത്തിരിക്കുകയാണ്. വ്യത്യസ്തമായ ഒരു ദൈവസങ്കൽപ്പത്തെ കുറിച്ചുള്ള സുവിശേഷവുമായി. ആ ദൈവസങ്കൽപ്പമാണ് എല്ലാ ഹിംസയ്ക്കുമുള്ള മറുപടി. അതാണ് അവന്റെ നല്ല വാർത്ത.
വ്യക്തമാണ് അവന്റെ ഉദ്ദേശം. ഒരു പുതിയ മതം സ്ഥാപിക്കാനോ പുതിയ നിയമങ്ങളെ രൂപീകരിക്കാനോ ഒന്നുമല്ല അവൻ വന്നിരിക്കുന്നത്. ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കാനാണ്. കാരണം, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ദൈവ-മനുഷ്യ ബന്ധമാണ് ചരിത്രം. പരസ്പരം രണ്ടു ദിക്കുകളിൽ നിന്ന ചരിത്രമാണത്. ആ ബന്ധത്തിൽ ഇതാ ഒരു വഴിത്തിരിവ്. ദൈവം അടുത്തേക്ക് വരുന്നു. അവൻ നസ്രത്തിലെ യേശുവിനോടൊപ്പം നമ്മെ കാണാൻ വരുന്നു. ഇനി ദൈവത്തെ തേടി അലയേണ്ട. ദൈവം യേശുവിലുണ്ട്.
യേശു പറയുന്നു: “സമയം പൂർത്തിയായി”. ഇതാണ് മുഹൂർത്തം. ഇനി ഒഴികഴിവുകൾ പറയരുത്. നാളത്തേക്ക് വേണ്ടി മാറ്റിവയ്ക്കുകയും ചെയ്യരുത്. നല്ലൊരു സമയം നോക്കി ഞാൻ മാറാം എന്ന് പറയരുത്. എല്ലാം സ്ഫടികം പോലെ വ്യക്തമായി കഴിയുമ്പോൾ ദൈവത്തെ സ്വീകരിക്കാമെന്നും പറയരുത്. ദൈവം ഇവിടെയുണ്ട്. നമ്മുടെ അടുത്ത്. നമ്മുടെ അനുദിന പ്രവൃത്തികളിൽ, അടുക്കളയിലെ പാത്രങ്ങൾക്കിടയിൽ, ഓഫീസിലെ ഫയലുകൾക്കിടയിൽ, ആശുപത്രിയുടെ ഇടനാഴികളിൽ, നമ്മുടെ കുഞ്ഞുങ്ങളുടെ പുഞ്ചിരിയിൽ, ദൂരെ നിന്നും മുഴങ്ങുന്ന പള്ളിമണി നാദത്തിൽ… സാധാരണമെന്ന് കരുതുന്ന ഓരോ നിമിഷ ദൈർഘ്യത്തിലും അവനുണ്ട്. ഒത്തിരി നൊവേനകളിലോ ധ്യാനങ്ങളിലോ പങ്കെടുക്കുന്നതിലൂടെയല്ല ഒരാൾ വിശുദ്ധനാകുന്നത്, അനുദിന ജീവിതത്തിലെ അരാജകത്വത്തിലും അസ്വാരസത്തിലും ദൈവസന്നിധ്യത്തെ തിരിച്ചറിയുമ്പോഴാണ്.
പ്രഘോഷണത്തോടൊപ്പമാണ് ആദ്യ ശിഷ്യന്മാരുടെ വിളിയെ കുറിച്ചുള്ള വിവരണം മർക്കോസ് സുവിശേഷകൻ ചേർത്തുവയ്ക്കുന്നത്. മീൻപിടുത്തക്കാരായ ശിമയോനെയും അന്ത്രയോസിനേയും യേശു കണ്ടു എന്നാണ് കുറിച്ചിരിക്കുന്നത്. കർത്താവിന്റെ കാഴ്ചയിൽ നിന്നാണ് എല്ലാം വിളികളുടെയും ചരിത്രം തുടങ്ങുന്നത്. അവരല്ല അവനെ കാണുന്നത്, അവനാണ് അവരെ കാണുന്നത്. ശിഷ്യരെ കാണുന്ന യേശു. നമ്മെ കാണുന്ന ദൈവം. അതെ, ദൈവത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നതിന് മുൻപേ അവൻ നമ്മെ കാണുന്നു. ഇത് വലിയൊരു ആശ്വാസമാണ്. വിശ്വാസത്തിൽ നിന്നും അകന്നവരെയോ ആത്മീയതയെ അവഹേളിക്കുന്നവരെയോ കാണുമ്പോൾ വിഷമിക്കേണ്ട ഒരു കാര്യവുമില്ല. അവർ ദൈവത്തെ കാണുന്നില്ലെങ്കിലും ദൈവം അവരെ കാണുന്നുണ്ട്.
ആ രണ്ടു മത്സ്യത്തൊഴിലാളികളിൽ യേശു എന്തായിരിക്കും കണ്ടിട്ടുണ്ടാവുക? ശരിയാണ്, അവൻ ശിഷ്യന്മാരെ തേടുകയായിരുന്നു. എന്നാൽ പിന്നെ എന്തുകൊണ്ടാണ് അവൻ വിദ്യാഭ്യാസമുള്ളവരുടെ ഇടയിലേക്ക് പോകാതിരുന്നത്? ശിഷ്യരെ തേടി പട്ടണങ്ങളിലേക്ക് പോകാതിരുന്നത്? ഉത്തരം ഒന്നേയുള്ളൂ; അറിവല്ല, ആശ്രയത്വമാണ് ശിഷ്യത്വത്തിന്റെ അടിത്തറ. എന്തുകൊണ്ട് തീരദേശം? കാരണം തീരത്തിലെ ഉപ്പിൽ ജീവന്റെയും മരണത്തിന്റെയും കണികകളുണ്ട്. അവിടെയുള്ളവർക്ക് മരണത്തിലേക്ക് മീനിനെ പിടിക്കുന്നതുപോലെ ജീവനിലേക്ക് മനുഷ്യരെയും പിടിക്കുവാൻ സാധിക്കും.
ഇനി ശിമയോനെയും അന്ത്രയോസിനേയും ശ്രദ്ധിക്കാം. അവരുടെ ജോലിയുമായി ഒരു ബന്ധവുമില്ലാത്ത തലത്തിലേക്കാണ് യേശു അവരെ വിളിക്കുന്നത്. മീൻപിടുത്തത്തിൽ നിന്നും മനുഷ്യരെ പിടുത്തത്തിലേക്കുള്ള ഒരു പരിവർത്തനമാണിത്. അവർ അനുദിനം ചെയ്തിരുന്ന ഒരു സാധാരണ ജോലിയെ മനുഷോന്മുഖമാക്കി എന്നതാണ് യേശുവിന്റെ വിളിയുടെ പ്രത്യേകത.
എങ്കിലും സുവിശേഷം വായിക്കുമ്പോൾ ശിഷ്യന്മാർ മത്സ്യബന്ധനം തുടരുന്നതും കുടുംബാംഗങ്ങളുമായി അവർ ബന്ധം പുലർത്തുന്നതും കാണാൻ സാധിക്കും. അങ്ങനെയാകുമ്പോൾ എന്താണ് അവരിൽ സംഭവിച്ചിരിക്കുന്ന മാറ്റം? എന്താണ് അവർ ഉപേക്ഷിച്ചത്? അവരുടെ മനോഭാവത്തിലാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. കുടുംബവുമായും ജോലിയുമായുള്ള അവരുടെ ബന്ധത്തിലാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. അതിലിപ്പോൾ സ്വർഗ്ഗരാജ്യമുണ്ട്. യേശുവുണ്ട്.
എല്ലാം ഉപേക്ഷിക്കുക എന്നത് സ്വയം ശൂന്യവൽക്കരണത്തിന്റെ പര്യായമാണ്. അത് വിശ്വാസമാണ്. എല്ലാ ആസൂത്രണത്തിൻ്റെയും നിർമാർജ്ജനമാണ്. എന്തായിരിക്കുമെന്ന് പ്രവചിക്കാൻ ആഗ്രഹിക്കാത്ത മനസ്സാണത്. വിളിക്കുന്നവൻ എന്തിനെയും നേരിടാനുള്ള ശക്തി നൽകുമെന്ന ബോധ്യമാണത്. ഒറ്റവാക്കിൽ പറഞ്ഞാൽ ദൈവപരിപാലനയിലുള്ള ആശ്രയത്വമാണത്.
/// മാർട്ടിൻ N ആൻ്റണി ///