കാക്കനാട്: ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയുംചെയ്ത് അഭ്രപാളികളിലും കേരളീയ പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന അതുല്യപ്രതിഭയായിരുന്നു അന്തരിച്ച ശ്രീ. ഇന്നസെന്റ് എന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

മലയാളികളുടെ മനം കവർന്ന ഹാസ്യ-സ്വഭാവനടൻ ശ്രീ. ഇന്നസെന്റിന്റെ നിര്യാണത്തിൽ ദുഃഖം രേഖപെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. സിനിമാനടൻ എന്നതിലുപരി മുൻ ലോക്സഭാംഗവും സിനിമാതാരങ്ങളുടെ സംഘടനയായ AMMAയുടെ പ്രസിഡണ്ടും സാംസ്കാരിക പ്രവർത്തകനും പൊതുജനസേവകനുമായ ശ്രീ. ഇന്നസെന്റ് നമ്മളോട് വിടപറയുമ്പോൾ മലയാളികൾക്കെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തകളും സ്നേഹവികാരങ്ങളും മനസ്സിലുണരുന്നുണ്ട്.

കാരുണ്യപ്രവർത്തനങ്ങളിലും വികസനകാര്യങ്ങളിലും ജനക്ഷേമകരമായ സത്കൃത്യങ്ങളിലും ശ്രീ. ഇന്നസെന്റ് നല്ല മാതൃക കാട്ടിയിട്ടുണ്ട്.
സീറോമലബാർസഭയുടെ പേരിലും എല്ലാ സഹൃദയരുടെ പേരിലും ശ്രീ. ഇന്നസെന്റിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തോടും സിനിമാപ്രവർത്തകരോടും മറ്റെല്ലാവരോടും അനുശോചനം രേഖപെടുത്തുന്നതായി കർദിനാൾ അറിയിച്ചു.