പൗരസ്ത്യ സുറിയാനി സഭയോടും അതിൻ്റെ പൗരാണിക അപ്പോസ്തൊലിക, പാരമ്പര്യ വിശ്വാസ ബോധ്യങ്ങളോടുമുള്ള ബന്ധം ഭാരതത്തിലെ മാർതോമാ സുറിയാനി സഭയുടെ വിശ്വാസ അടിത്തറയെ പ്രബലപ്പെടുത്തിയ പ്രധാന ഘടകമാണ്. ക്രൈസ്തവ സഭയിൽ ഏറ്റവുമധികം പേർ ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷികളാവുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ഈ രക്തസാക്ഷികളുടെ സഭയെ “കൽദായ തീവ്രവാദികൾ” എന്നു വിളിച്ച് ആക്ഷേപിക്കുകയും കിഴക്കൻ സഭകളുടെ ലിറ്റർജിയെയും പാരമ്പര്യങ്ങളെയും പുച്ഛത്തോടെ കാണുകയും ചെയ്യുന്ന ഒരു ചെറിയ വിഭാഗം ഇന്നുണ്ട്. ചരിത്രബോധമില്ലാത്ത ഇത്തരക്കാരുടെ കുപ്രചാരണങ്ങളെ റവ.ഡോ. സേവ്യർ കൂടപ്പുഴയുടെ തിരുസ്സഭാ ചരിത്രം എന്ന ഗ്രന്ഥത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണ് ഈ ലേഖനത്തിലും തുടർന്നുള്ള ഏതാനും ലേഖനങ്ങളിലും.
റോമാ സാമ്രാജ്യത്തോടുള്ള ബന്ധത്തിൽ ആദിമകാല സഭകളുടെ പ്രരംഭചരിത്രം പരിശോധിക്കുമ്പോൾ, മൂന്ന് ഇടങ്ങളിലായിട്ടാണ് പ്രധാനമായും സഭകൾ രൂപം കൊണ്ടത് എന്നു കാണാം. ഒന്ന്: റോമാസാമ്രാജ്യത്തിൻ്റെ കിഴക്കുഭാഗത്തായി ജറുസലേം, അന്ത്യോഖ്യ, അലക്സാണ്ട്രിയ, ഏഷ്യാമൈനർ പ്രദേശങ്ങളിലെ സഭകളും, രണ്ട്: റോമാസാമ്രാജ്യത്തിൻ്റെ പടിഞ്ഞാറു ഭാഗത്തായി റോം കേന്ദ്രീകരിച്ചുള്ള സഭയും മൂന്ന്: റോമാ സാമ്രാജ്യത്തിനു വെളിയിലായി പേർഷ്യൻ സാമ്രാജ്യത്തിലും (ഇറാൻ, ഇറാക്ക് പ്രശേങ്ങൾ ) ഇന്ത്യയിലുമായി രൂപപ്പെട്ട സഭകളും.
റോമാസാമ്രാജ്യത്തിനു വെളിയിൽ രൂപം കൊണ്ട സഭകൾ എന്നതിനാലും വിശുദ്ധ തോമാസ്ളീഹായാൽ സ്ഥാപിതമായതെന്ന നിലയിലും ഭാരതത്തിലെ മാർ തോമാ ക്രിസ്ത്യാനികളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന സഭയാണ് പേർഷ്യയിൽ വളർന്നു വന്ന പൗരസ്ത്യ സുറിയാനി സഭ. “കിഴക്കിൻ്റെ സഭ” (The Church of the East) എന്നും അറിയപ്പെടുന്നു. ടൈഗ്രീസ് നദിയുടെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന സെലൂഷ്യ, സ്റ്റൈസിഫൺ നഗരങ്ങളിൽ ആസ്ഥാനമുറപ്പിച്ചാണ് ഈ സഭ വളർന്നത്. “കൽദായ സഭ” എന്നാണ് പൊതുവിൽ ഈ സഭ അറിയപ്പെട്ടിരുന്നത്.
പേർഷ്യൻ പ്രദേശങ്ങളിൽ സുവിശേഷം കടന്നു വരുന്നത് എങ്ങനെയെന്നതിന് പ്രധാനമായി ഒരു പാരമ്പര്യവിശ്വാസവും അതോടൊപ്പം ചരിത്രപരമായ രണ്ട് സാധ്യതകളുമാണ് പരിഗണിക്കാറുള്ളത്. ഒന്നാമതായി, ഉണ്ണിയേശുവിനേ സന്ദർശിക്കാൻ കിഴക്കു നിന്നെത്തിയ ജ്ഞാനികൾ പേർഷ്യക്കാരായിരുന്നുവെന്നും ഇവരിലൂടെ രക്ഷാകരസന്ദേശം പേർഷ്യയിൽ കടന്നുവന്നുവെന്നും വിശ്വസിക്കുന്നു. ചരിത്രപരമായി കരുതുന്ന സാധ്യതകളിൽ പ്രധാനപ്പെട്ടത് മാർ തോമാ സ്ളീഹായുടെ എഴുപത്തിരണ്ട് ശിഷ്യന്മാരിൽ ഒരാളായ മാർ അദ്ദായി സുവിശേഷം പ്രസംഗിച്ചുവെന്നതാണ്. അതു കൂടാതെ പന്തക്കുസ്താ ദിവസം പത്രോസിൻ്റെ പ്രസംഗം കേട്ടവരിൽ പേർഷ്യൻ പ്രദേശങ്ങളായ പാർത്തിയ, മേദിയ, ഏലാം, മെസിപ്പൊട്ടോമിയ (അപ്പ പ്രവൃത്തി 2:9) പ്രദേശങ്ങളിൽ നിന്നുള്ളവർ രക്ഷയുടെ സന്ദേശം പേർഷ്യയിൽ എത്തിച്ചു എന്നും കണക്കാക്കുന്നു. എന്നാൽ ചരിത്രപരമായി ഏറെ തെളിവുകൾ ഉള്ളത് മാർതോമാ സ്ളീഹായുടെ ശിഷ്യനായ മാർ അദ്ദായിയുടെ സുവിശേഷീകരണവുമായി ബന്ധപ്പെട്ടുള്ള വിശ്വസത്തിനാണ്.
AD 341-ൽ പേർഷ്യയിലുള്ള സഭകളെയെല്ലാം പുനഃസംഘടിപ്പിച്ച് റോമിൻ്റെ കീഴിൽ കൊണ്ടുവരുവാൻ മാർപാപ്പാ ഒരു നീക്കം നടത്തിയിരുന്നു. എന്നാൽ തോമാസ്ളീഹായിലൂടെ സംലഭ്യമായ അപ്പസ്തോലിക പാരമ്പര്യത്തിൽ അഭിമാനിച്ചിരുന്ന പേർഷ്യൻ സഭകൾ ഇതിനെ എതിർത്തു. മാർതോമാ സ്ളീഹായുടെ ശിഷ്യനാൽ സ്ഥാപിക്കപ്പെട്ട തങ്ങൾ മറ്റ് സഭകളുടെ കീഴിൽ വരേണ്ടതില്ലെന്ന് തീരുമാനിച്ചു (Alphons Mingana, The early spread of Christianity in India, page 33. *A Mingana was an Assyrian theologian, historian, Syriacist, orientalist and a former priest who is best known for collecting and preserving the Mingana Collection of ancient Middle Eastern manuscripts)
AD 410 ൽ സെലൂഷ്യയിൽ പൗരസ്ത്യ സഭകളുടെ ഒരു സൂനഹദോസ് കൂടുകയും നിഖ്യാ, കോൺസ്റ്റാൻഡിനോപ്പിൾ സൂനഹദോസ് ക്രമപ്പെടുത്തിയ വിശ്വാസ പ്രമാണത്തെ അംഗീകരിക്കുകയും ചെയ്തു.
കൽദായ സഭയിലെ പ്രമുഖ പിതാക്കന്മാരാണ് “പരിശുദ്ധാത്മാവിൻ്റെ വീണ” എന്നറിയപ്പെടുന്ന മാർ അപ്രേം (AD 373), “സുറിയാനി സംഗീതത്തിൻ്റെ പിതാവ്” എന്നറിയപ്പെടുന്ന മാർ ബർദൈസാൻ (AD 222), “ദിയാതെസ്സറോൺ” (Diatessaron) എന്ന പേരിൽ അറിയപ്പെടുന്ന സംയുക്ത സുവിശേഷത്തിൻ്റെ രചയിതാവായ ടാസിയൻ (AD 180), “പേർഷ്യൻ സന്യാസി” എന്നറിയപ്പെടുന്ന അഫ്രാത്തസ്, ക്രിസ്ത്യൻ സന്യാസിവര്യനായ റാബൂള (AD 435), ”ദുഃഖിതന്മാരിൽ തലവനായി” ഓർത്തഡോക്സ് സഭ അനുസ്മരിക്കുന്ന മാർ ബർസോമാ (Barsauma) എന്നിവർ കൽദായ സഭയിലെ വിശ്വോത്തര പിതാക്കന്മാരാണ്.
ക്രൈസ്തവ വിശ്വാസത്തിൻ്റെ പിള്ളത്തൊട്ടിലായ അന്തോഖ്യൻ, സഭയോടും ബൈസൻറ്റൈൻ സാമ്രാജ്യത്തിലെ മറ്റുസഭകളേടുമുള്ള ആത്മീയ ബന്ധത്തിന് കൽദായ സഭയ്ക്ക് ഏറെ വിലനൽകേണ്ടി വന്നു. റോമൻ ചക്രവർത്തിമാർ ക്രിസ്തുമതത്തെ അംഗീകരിച്ചതിനാൽ അന്ത്യോഖ്യ, അലക്സാൺട്രിയ തുടങ്ങിയ പ്രദേശങ്ങളിലെ സഭകളോടുള്ള പേർഷ്യൻ സഭകളുടെ ബന്ധം പേർഷ്യൻ സഭകൾക്ക് വിനയായി. പേർഷ്യൻ രാജാക്കന്മാർ റോമൻ രാജാക്കന്മാരുമായി ശത്രുതയിൽ ആയിരുന്നു. റോമാ സാമ്രാജ്യത്തിൽ ക്രൈസ്തവ മതത്തിനു ലഭിച്ച അംഗീകാരവും പിന്തുണയും പേർഷ്യൻ രാജാക്കന്മാരേ ചൊടിപ്പിച്ചു. റോമിൻ്റെ പിന്തുണയുള്ള ക്രിസ്തുമതത്തേ സംശയദൃഷ്ടിയോടെയാണു അവർ കണ്ടത്. തത്ഫലമായി ക്രിസ്ത്യാനികളെ പീഡിപ്പിക്കുമ്പോൾ റോമിനേ അക്രമിക്കുന്നു എന്ന പ്രതീതിയാണ് അവർക്ക് ഉണ്ടായിരുന്നത്.
ഷാപ്പൂർ (മൂന്നാം നൂറ്റാണ്ട് ) ഒന്നാമൻ്റെ കാലത്ത് വൈദികരും റിശ്വാസികളുമായ 16,000 പേർ പേർഷ്യൻ സഭയിൽ രക്തസാക്ഷികളായി എന്നാണ് സഭാ ചരിത്രകാരന്മാർ പറയുന്നത് . AD 540 മുതൽ ആരംഭിച്ച മതപീഡന കാലത്ത് പള്ളികളും ആശ്രമങ്ങളും നശിപ്പിക്കപ്പെട്ടു, കാതോലിക്കയും സഭാ നേതാവുമായിരുന്ന മാർ ആബായെ നാടുകടത്തി. AD 608/609 മുതൽ 628 വരെ നടന്ന മത പീഡന കാലത്ത് നിരവധി സഭാ നേതാക്കൾ രക്തസാക്ഷികളായി.
കൽദായ സഭയുടെ ആധ്യാത്മിക കേന്ദ്രമായിരുന്നു സിസിബിസിലെ ദൈവശാസ്ത്ര പഠന കേന്ദ്രം. ദൈവശാസ്ത്രജ്ഞന്നും വ്യാഖ്യാതാവും സത്യവിശ്വാസത്തിൻ്റെ നെടുംതൂണും മൽപാന്മാരുടെ മൽപാനും എന്നറിയപ്പെട്ടിരുന്ന മാർ തിയദോറിൻ്റെ (AD 350-428) ചിന്താരീതിയെ ആണ് പേർഷ്യൻ സഭകൾ പിൻപറ്റിയത്. കൂടാതെ മാർ തെയദോറിൻ്റെ നിഖ്യാ വിശ്വാസ പ്രമാണ വ്യാഖ്യാനമാണ് പൗരസ്ത്യ സഭകളുടെ വിശ്വാസ അടിത്തറയെ ബലപ്പെടുത്തിയത്. മാർ തെയദോറിൻ്റെ അനാഫെറെ ഇന്നും സീറോ മലബാർ ലിറ്റർജിയുടെ ഭാഗമാണ്.
AD 562-63 കാലത്ത് കോൺസ്റ്റൻ്റിനോപ്പിളിൽ ഒരു സഭൈക്യ ചർച്ച നടന്നു. ഇത് സംഘടിപ്പിച്ചത് ജസ്റ്റീനിയൻ ചക്രവർത്തി ആയിരുന്നു. ഈ ചർച്ച ദൈവശാസ്ത്ര വിഷയത്തേക്കാൾ രാഷ്ട്രീയപരമായിരുന്നു. പൊതുവേ പേർഷ്യൻ രാജാക്കന്മാരിൽ നിന്നും പീഡനം നേരിടുന്ന കാലമാകയാൽ പേർഷ്യൻ സഭ ഇതിന് വലിയ പ്രാധാന്യം കൽപ്പിച്ചില്ല. ഇതോടെ ബൈസൻ്റയിൻ സഭകളും പേർഷ്യൻ സഭകളും തമ്മിലുള്ള ബന്ധം വഷളായി.
പേർഷ്യൻ സഭയുടെ നേതാവും മതപഠനകേന്ദ്രത്തിൻ്റെ അധ്യക്ഷനുമായിരുന്ന മാർ അബ്രഹാം തയ്യാറാക്കിയ അനുസ്മരണ പട്ടികയിൽ ഗ്രീക്ക് പിതാക്കന്മാരായ ദിയദോറിൻ്റെയും തെയദോറിൻ്റെയും നെസ്തോറിയസിൻ്റെയും പേരുകൾ ഉൾപ്പെടുത്തി. ബൈസൻ്റയിൻ സഭകൾ പാഷണ്ഡരായി ശപിച്ചു തള്ളപ്പെട്ടവരെ പേർഷ്യൻ സഭകൾ പിതാക്കന്മാരായി സ്വീകരിച്ചു; അതോടൊപ്പം ബൈസൻ്റെയിൻ സഭകൾ AD 523-ൽ അംഗീകരിച്ച പലതും പാഷണ്ഡതയായി പേർഷ്യൻ സഭകളും കണക്കാക്കി.
പേർഷ്യൻ സഭകളുടെ ചരിത്രത്തിൽ പത്തോളം സിനഡുകൾ AD 410-നും 676നും ഇടയിൽ ചേർന്നതായി ചരിത്രത്തിൽ കാണാം. ഇസ്ളാമിക ഭരണകൂടങ്ങളുടെ ആവിർഭാവത്തോടെ പേർഷ്യൻ സഭ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മംഗോളിയരും ഇസ്ളാം ഭരണാധികാരി ആയിരുന്ന ടൈമൂറും പേർഷ്യൻ സുറിയാനി സഭയ്ക്ക് ഏറെ ആഘാതമേൽപ്പിച്ചു. പതിനായിരങ്ങൾ രക്തസാക്ഷികളായി. 14 നൂറ്റാണ്ടുകളോളം വളരെ ശക്തമായി നിലനിന്ന് ചൈനയിലും മധ്യേഷ്യയിലും വ്യാപിച്ച പേർഷ്യൻ സുറിയാനി സഭ ഓർമ്മയായി. പേർഷ്യൻ രാജാക്കന്മാരുടെ പീഡനങ്ങളേയും അറബികളുടെ ആക്രമണങ്ങളെയും അതിജീവിച്ച് പതിനൊന്നാം നൂറ്റാണ്ടുവരെ പേർഷ്യൻ സഭകൾ ശക്തമായി നിലനിന്നു.
16-ാം നൂറ്റാണ്ടിൽ ഒരു പാത്രിയാർക്കീസിൻ്റെ തെരഞ്ഞെടുപ്പു സംബന്ധിച്ച് പേർഷ്യൻ സഭയിൽ തർക്കം ഉണ്ടായി. ഇവരിൽ ഒരു കൂട്ടർ 1553 ൽ റോമിലെത്തി ജൂലിയസ് മൂന്നാമൻ മാർപാപ്പായെ കണ്ടു. ഈ സംഘത്തിൻ്റെ അഭ്യർത്ഥന മാനിച്ച് സൈമൺ സൂലുഖയെ പാത്രിയർക്കീസായി അംഗീകരിച്ചു. ഈ പാത്രിയർക്കീസിൻ്റെ നേതൃത്വത്തിലുള്ള സഭാവിഭാഗത്തിന് മാർപാപ്പ നൽകിയ പേരാണ് “കൽദായ കത്തോലിക്കാ സഭ” എന്നത്.
“ബൈബിളിലും ആരാധനക്രമത്തിലും സഭാപിതാക്കന്മാരുടെ ആധികാരിക വ്യാഖ്യാനങ്ങളിലും വേരുറച്ച ദൈവശാസ്ത്ര വീക്ഷണവും ആധ്യാത്മിക ജീവിതശൈലിയും മാർതോമാ സ്ളീഹാ സ്ഥാപിച്ച സഭകളുടെ പൊതു പൈതൃകമായി വളർത്തിയെടുത്ത കൽദായ സഭയോടു ഭാരതത്തിലെ പൗരസ്ത്യ സഭയ്ക്കുള്ള ബന്ധം അഗാധവും ബഹുമുഖവുമാണ്. കൽദായ സഭയിൽ നിന്ന് ഭാരതത്തിൽ വന്നിരുന്ന മെത്രാന്മാർ ഇവിടുത്തെ ഭരണകാര്യങ്ങളിൽ ഇടപെടാതെ ആദ്ധ്യാത്മിക ഗുരുക്കന്മാരായി മാത്രം കഴിഞ്ഞിരുന്നത് ഇന്നത്തെ തലമുറയിലുള്ള സഭാനേതൃത്വത്തിനും മാർഗ്ഗദീപം തന്നെ…. വിശുദ്ധരും താപസരും ത്യാഗോജ്വല ജീവിതം നയിച്ചിരുന്നവരുമായ കൽദായമെത്രാമാരേ ലഭിക്കാൻ മാർത്തോമാ ക്രിസ്ത്യാനികൾ എന്നും ഉത്സുകരായിരുന്നു. ആദ്ധ്യാത്മികമായ ഭാരതീയ വീക്ഷണവുമായി കൽദായ സഭയ്ക്ക് ഉണ്ടായിരുന്ന അഗാധമായ ബന്ധമായിരുന്നു ഈ താൽപര്യത്തിന് നിദാനം” (തുടരും)*
തിരുസ്സഭാ ചരിത്രം, റവ ഡോ. സേവ്യർ കൂടപ്പുഴ, പേജ് -362-389
മാത്യൂ ചെമ്പുകണ്ടത്തിൽ