കൊച്ചി – കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് സന്നദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ സി സി ഹെൽപിംഗ് ഹാൻഡ്സ് – കോവിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു .

കേരളത്തിലെ മുഴുവൻ രൂപതകളിലുള്ള പ്രദേശങ്ങളും ഉൾക്കൊള്ളുന്ന സ്ഥലങ്ങളിൽ സജീവമായ സാമൂഹ്യ സേവന സഹായങ്ങൾ നൽകുക എന്നതാണ് ഈ ആക്ഷൻ ഫോഴ്സിന്റെ ഉദ്ധേശം. ഇതിനായി യൂണിറ്റ് , രൂപത , ഗ്ലോബൽ കമ്മറ്റികൾക്ക് പ്രത്യേകമായി വോളന്റിയർ ടീം പ്രവർത്തനം നടത്തി വരുന്നു . ഫുഡ് ആൻഡ് മെഡിസിൻ ചലഞ്ച് , ടെലി – കൗൺസിലിംഗ് , എമർജൻസി വെഹിക്കിൾ സർവീസ് , 24 മണിക്കുറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ , കോവിഡ് കെയർ സെന്റർ , വാക്സിനേഷൻ ബൂസ്റ്റർ സ്കീം തുടങ്ങി വ്യത്യസ്ഥ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ആക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു .

ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഗ്ലോബൽ തലത്തിൽ 251 അംഗ ഹെൽപ് ഡെസ്ക് ആരംഭിച്ചു . ഇടവകകൾ കേന്ദ്രീകരിച്ച് നിർദ്ധനരരും സാധാരണക്കാരുമായ ആളുകൾക്ക് പരമാവധി സഹായം എത്തിക്കുന്നതിനായി ഉള്ള ക്രമീകരണങ്ങളാണ് ആക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നത് . ഭക്ഷണമില്ലാത്ത നിർദ്ധനരായ ആളുകളെ കണ്ടെത്തി അവർക്ക് ഭക്ഷണ സൗകര്യം ഒരുക്കുക , കോവിഡ് ബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മെഡിക്കൽ കിറ്റ് വിതരണം ചെയ്യുക എന്നിങ്ങനെ ഉള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു .


സി സി ഹെൽപിംഗ് ഹാൻഡ്സ് – കോവിഡ് ആക്ഷൻ ഫോഴ്സിന്റെ ഉദ്ഘാടനം ബിഷപ്
ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ നിർവ്വഹിച്ചു . ഗ്ലോബൽ പ്രസിഡൻറ് അഡ്വ.ബിജു പറയനിലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി . റോട്ടറി ഗവർണർ ശ്രീ . സുനിൽ കെ തോമസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് സെമിനാർ നയിച്ചു . ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി , ജനറൽ സെക്രട്ടറി ശ്രീ രാജീവ് കൊച്ചു പറമ്പിൽ , ട്രഷറർ ഡോ . ജോബി കാക്കശ്ശേരി , ഭാരവാഹികളായ ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ , ബെന്നി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു .