ഗർഭഛിദ്രത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം എഴുതിയപ്പോൾ പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അവയിൽ ഏറ്റവും ബുദ്ധിമുട്ടേറിയത് എന്ന് എനിക്ക് തോന്നുന്ന കാര്യത്തെക്കുറിച്ചാണു ഈ ലേഖനം.
ബലാത്സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ ഗർഭിണിയായാൽ ആ കുഞ്ഞിനെ അബോർട്ട് ചെയ്ത് കളയാമോ?
ഏറ്റവും ബുദ്ധിമുട്ടേറിയ ചോദ്യങ്ങളിൽ ഒന്നാണു ഇത്. ബലാത്സംഗം എന്നത് ഏറ്റവും നീചമായ പ്രവൃത്തികളിൽ ഒന്നാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. അത്തരമൊരു വയലൻസിനു വിധേയയാകുന്ന സ്ത്രീ ശാരീരിക ബുദ്ധിമുട്ടുകളോടൊപ്പം വലിയ മാനസികബുദ്ധിമുട്ടുകളിലൂടെയും കടന്നു പോകേണ്ടതായി വരും. വിഷാദം, കോപം, ആകുലത, പേടി, അപമാനം എന്നിങ്ങനെ വിവിധ മാനസിക അവസ്ഥകൾ അവൾ പ്രകടിപ്പിച്ചേക്കാം. സമൂഹത്തിൽ ഇത് തുറന്നു പറഞ്ഞാൽ അവൾ നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകൾ വർദ്ധിക്കുകയേ ഉള്ളൂ എന്നതാണു പലപ്പോഴും അവസ്ഥ. അതിനാൽ തന്നെ സ്വന്തമായ തീരുമാനപ്രകാരമോ ഉറ്റവരുടെ നിർബന്ധത്തിലോ വഴങ്ങിയൊ ബലാത്സംഗത്തിനിരയായ കാര്യം പലപ്പോഴും ആരും പുറത്തു പറയാറില്ല. അവ മറച്ചുവക്കപ്പെടുന്നു. എന്നാൽ ബലാത്സംഗത്തിനിരയായി ഗർഭിണിയായാൽ ഇത്തരം മറച്ചുവക്കലുകൾ അസാധ്യമാകും. അതിനാൽ തന്നെ പ്രോ ലൈഫ് പ്രവർത്തകരിൽ പോലും പലരും ഇത്തരം കേസുകളിൽ അബോർഷൻ അനുവദിക്കാം എന്ന് പറയാറുണ്ട്. അങ്ങനെ അബോർഷൻ ചെയ്യുന്നതിലൂടെ റേപ്പ് ചെയ്യപ്പെട്ട സ്ത്രീക്ക് വേഗത്തിൽ സുഖമാകാൻ കഴിയും എന്നാണു പലരുടെയും വിശ്വാസം.
ഇത്തരം കേസുകൾ അനലൈസ് ചെയ്യുമ്പോൾ ഏറ്റവും ആദ്യം ഉന്നയിക്കപ്പെടുന്ന പ്രശ്നം ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്കൊ അവളുടെ കുടുംബത്തിനൊ അവളുടെ ഗർഭധാരണം മൂലം ഉണ്ടാകാവുന്ന മാനഹാനിയാണു. നന്നായി ഒന്ന് ആലോചിച്ചാൽ സ്ത്രീയെക്കുറിച്ചും അവളുടെ മാനത്തെക്കുറിച്ചും ഒക്കെ സമൂഹത്തിൽ നിലനിൽക്കുന്ന ചില വികലമായ ധാരണകൾ ആണു ഇവിടുത്തെ യഥാർത്ഥപ്രശ്നം എന്ന് മനസിലാകും. ആ ധാരണകളിൽ ആദ്യത്തേതാണു തന്റെ സമ്മതമില്ലാതെ മറ്റൊരാൾ ബലമായി അവളുമായി ശാരീരികബന്ധത്തിലേർപ്പെട്ടാൽ അവളുടെ മാനം പോകും എന്നത്. കന്യകാത്വം എന്നത് ശാരീരികമായ എന്തോ ഒരു സംഗതി ആയി മാത്രം കണക്കാക്കപ്പെടുന്നത് കൊണ്ടാണു ഇങ്ങനെ സംഭവിക്കുന്നത്. മറ്റൊന്ന് – ഇങ്ങനെ എന്തെങ്കിലും കാര്യം നടക്കുന്നതിലും മോശമാണു അത് നാലാൾ അറിഞ്ഞാൽ എന്നുള്ള ചിന്താഗതി. അതുകൊണ്ടാണു ബലാത്സംഗം നടക്കുന്നതിലും മോശമാണു ബലാത്സംഗം മൂലം ഗർഭിണിയാകുന്നത് എന്ന് കരുതപ്പെടുന്നത്. ഇവിടെ അഡ്രസ് ചെയ്യപ്പെടേണ്ടത് സമൂഹ മനസാക്ഷിയുടെ വികലമായ ധാരണകളാണു. ബലാത്സംഗങ്ങൾ ക്രൂരതയാണൂ എന്ന് വ്യക്തമായി പറയുന്നതിനൊപ്പം ബലാത്സംഗം ചെയ്യപ്പെട്ടവരെ “മാനഹാനി” സംഭവിച്ചവർ എന്ന അർത്ഥത്തിൽ ബലിയാടുകൾ ആക്കുന്നത് നിർത്തലാക്കപ്പെടുകയും വേണം. ഈ കാര്യങ്ങളെ അതിന്റെ ആഴത്തിൽ അഡ്രസ് ചെയ്യുന്നതിനു പകരം ഷോർട്ട്കട്ട് എന്ന നിലയിൽ ബലാത്സംഗങ്ങൾ മൂടി വക്കുവാനും അതിനുവേണ്ടി വേണമെങ്കിൽ ഗർഭഛിദ്രം വരെ നടത്താം എന്നു ഉപദേശിക്കുന്നതും യഥാർത്ഥത്തിൽ ഉപകാരപ്രദമല്ല.
ഇനി ഈ കാര്യത്തെ മറ്റൊരാങ്കിളിൽ നിന്നു ചിന്തിക്കാം. ഒരാൾ കുറ്റം ചെയ്താൽ അതിന്റെ ഫലം അനുഭവിക്കേണ്ടത് അയാൾ ആണു എന്ന് പറയാറുണ്ട്. ആദ്ധ്യാത്മരാമായണത്തിൽ തുഞ്ചത്തെഴുത്തച്ഛൻ എഴുതുന്നത് ഇവിടെ ചിന്തിക്കാവുന്നതാണു. “നിത്യവും ചെയ്യുന്ന കർമ്മ ഗുണഫലംകർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോതാന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾതാന്താനനുഭവിച്ചീടുകന്നേ വരൂ.”
എന്നാൽ ബലാത്സംഗം മൂലം ഗർഭിണിയായ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ കൊല്ലുന്നതിലൂടെ മറ്റൊരാളുടെ കർമ്മഫലത്തിനു ആ കുഞ്ഞ് ഇരയാകുകയാണു എന്ന് പറയേണ്ടി വരും. അതായത് വയലൻസ് ചെയ്തത് ഒരാൾ, അതിന്റെ ശിക്ഷ അനുഭവിക്കുന്നത് മറ്റൊരാൾ. ഇത് എങ്ങനെ നീതിയാകും?
ബൈബിളിന്റെ എത്തിക്കൽ വ്യൂ കൂടി ഇക്കാര്യത്തിൽ പരിഗണിക്കാം. റോമാ 12:21 -ൽ ഇപ്രകാരം പറയുന്നു, “തിന്‍മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്‍മയെ നന്‍മകൊണ്ടു കീഴടക്കുവിന്‍.” ബലാത്സംഗം ഒരു തിന്മ ആണു. വളരെ വലിയ ഒരു തിന്മ. എന്നാൽ ആ തിന്മയെ കീഴടക്കേണ്ടത് ഗർഭഛിദ്രം അഥവാ അബോർഷൻ എന്ന മറ്റൊരു തിന്മ കൊണ്ടല്ല. ബലാത്സംഗം ചെയ്യപ്പെട്ട ഒരുവൾ ഗർഭിണിയായാൽ ആ കുഞ്ഞിനെ നശിപ്പിക്കുന്നതുകൊണ്ട് ആദ്യത്തെ തിന്മ ഇല്ലാതാകുന്നില്ല എന്ന് മാത്രമല്ല, തിന്മ ഇരട്ടിക്കുകയും ചെയ്യുന്നു.
ഇതൊക്കെയും എഴുതാൻ എളുപ്പമാണു, എന്നാൽ ജീവിതത്തിൽ നേരിടേണ്ടി വരുമ്പോൾ ബുദ്ധിമുട്ടാണു എന്ന സത്യം മറക്കുന്നില്ല. എന്നാൽ ബലാത്സംഗത്തിനിരയായ ഏതെങ്കിലും പെൺകുട്ടി ഗർഭിണിയായാൽ അവളെയും അവളുടെ കുഞ്ഞിനെയും കുറ്റപ്പെടുത്താതെയും അവഗണിക്കാതെയും ചേർത്തുനിർത്തുന്ന ഒരു സമൂഹം രൂപപ്പെട്ടാൽ തിന്മക്ക് പകരം തിന്മ ചെയ്യേണ്ടി വരില്ല എന്നു തന്നെയാണു എന്റെ വിശ്വാസം. അത്തരമൊരു സമൂഹത്തിലേക്കുള്ള വളർച്ചയാണു നമ്മൾ ആഗ്രഹിക്കേണ്ടത്. അതായിരിക്കും ഈ തിന്മയെ ഇല്ലാതാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധവും.
Say no to violence. Say no to abortion.
ബിബിൻ മഠത്തിൽ
എൻ.ബി: ഒരു പ്രോ ചോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ആയ ഗുട്മാഖർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനമനുസരിച്ച് അമേരിക്കയിൽ അബോർഷനു വിധേയരാകുന്ന സ്ത്രീകളിൽ ഒരു ശതമാനത്തിനു താഴെ മാത്രമാണു റേപ്പ് ഒരു കാരണമായി ചൂണ്ടിക്കാട്ടിയത്. അതായത് – അബോർഷൻ ഡിസ്കഷനുകളിൽ തുടർച്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഈ ഒരു കാര്യം യഥാർത്ഥ പ്രശ്നത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണു. എന്നാൽ ഇമോഷണൽ വാല്യു ഉള്ള ഒരു കാര്യമായതിനാൽ മുഴുവൻ അബോർഷനുകളെയും ന്യായീകരിക്കാനുള്ള ഒരു കാരണമായി ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ചർച്ച ചെയ്യേണ്ടത് ആവശ്യമാണ് എന്ന തോന്നലിൽ നിന്നാണു ഇത്രയും എഴുതിയത്.