മനുഷ്യനെ മനുഷ്യൻ എന്നു വിളിക്കാതിരുന്നാൽ

അമേരിക്കയിലെ അറിയപ്പെടുന്ന ഒരു പ്രൊ-ലൈഫ് പ്രവർത്തക ആണു ആബി ജോൺസൺ. 2009 വരെ അബോർഷൻ ക്ലിനിക് ശൃംഘലയായ Planned parenthood ന്റെ ഒരു ക്ലിനിക്കിന്റെ ഡയറക്റ്റർ ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന ആബി ഒരിക്കൽ അബോർഷൻ നടത്തുന്നത് നേരിൽ കണ്ടതോടെ തന്റെ ജോലി രാജി വച്ച് പ്രോ ലൈഫ് പ്രവർത്തക ആയി മാറുകയായിരുന്നു.

താൻ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് തന്റെ ക്ലിനിക്കിൽ എത്തിയവർക്ക് കൌൺസലിംഗ് നൽകുന്നതിനെക്കുറിച്ച് ആബി ഒരിക്കൽ സംസാരിക്കുന്നത് കേൾക്കാൻ ഇടയായി. കൌൺസലിംഗ് എന്ന് പറഞ്ഞാൽ, അബോർഷൻ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരം ഒരുക്കുകയല്ല, മറിച്ച് അബോർഷൻ ചെയ്യാനായി ഒരുക്കുകയാണു എന്നാണു ആബി പറയുന്നത്. അത്തരം ഒരു തീരുമാനത്തിലേക്ക് തങ്ങളുടെ ക്ലയന്റിനെ എത്തിക്കുവാനായി കൌൺസലിംഗ് സമയത്ത് “ബേബി” എന്ന പദം ഉപയോഗിക്കില്ലായെന്നും പകരം “ടിഷ്യൂ” എന്ന പദമാണു ഉപയോഗിക്കുന്നത് എന്നും ആബി പറയുന്നു. ഇത് മനപൂർവ്വം ചെയ്യുന്നതാണത്രെ. കാരണം “ബേബി” എന്ന പദം ഒരു ഇമോഷണൽ അറ്റാച്മെന്റ് ഉണ്ടാക്കും എന്നാൽ “ടിഷ്യൂ” എന്ന് ആവർത്തിച്ചു പറഞ്ഞാൽ ആ അറ്റാച്ച്മെന്റ് ഇല്ലാതാകും എന്ന് മാത്രമല്ല, ഒരു കാൻസർ പോലെ തന്റെ ശരീരത്തിൽ വളരുന്ന എന്തോ ഒന്നാണു തന്റെ കുഞ്ഞ് എന്നും അതുകൊണ്ട് അത് മുറിച്ചു മാറ്റിയാൽ പ്രശ്നമില്ല എന്നും ക്ലയന്റിനെ ബോധിപ്പിക്കാൻ പറ്റുമത്രെ.

ഇന്നലെ Sibil Rose ന്റെ ടൈം ലൈനിൽ ഒരു പ്രോ ചോയിസ് സപ്പോർട്ടറുമായി നടന്ന ചർച്ചക്കിടയിൽ ആണു ആബി ജോൺസൺ പറഞ്ഞ ഈ കാര്യം ഓർമ്മ വന്നത്. അമ്മയുടെ ഉദരത്തിൽ ആയിരിക്കുന്ന ജീവനെ “ഭ്രൂണം” എന്നാണു വിളിക്കേണ്ടത് എന്നും അതിനെ “കുഞ്ഞ്” എന്ന് വിളിക്കരുത് എന്നുമാണു അദ്ദേഹത്തിന്റെ പക്ഷം. ശാസ്ത്രവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം പിന്നീട് ആദ്യത്തെ എട്ടു ആഴ്ച മാത്രമാണു ശാസ്ത്രം പോലും ആ ജീവനെ “ഭ്രൂണം” അഥവാ Embryo എന്ന് വിളിക്കുന്നത് സമ്മതിക്കുകയുണ്ടായി. എങ്കിലും തന്റെ തിയറിയിൽ മാറ്റം വരുത്താനോ ഉദരത്തിലായിരിക്കുന്ന ജീവനെ കുഞ്ഞ് എന്ന് വിളിക്കാനോ അദ്ദേഹം തയാറായില്ല.

മനുഷ്യനെ മനുഷ്യൻ എന്നു വിളിക്കാതിരുന്നാൽ അവനെതിരെ എന്തും ചെയ്യാം എന്നുള്ളത് വളരെ പഴയ തിയറികളിൽ ഒന്നാണു. ഒരു കാലത്ത് ആഫ്രിക്കൻ വംശജരെയും റെഡ് ഇന്ത്യക്കാരെയുമൊക്കെ ഒരുകാലത്ത് ഇങ്ങനെയാണു കണ്ടിരുന്നത്. ഹിറ്റ്ലറിന്റെ കാലത്ത് യഹൂദരെ “എലികൾ” എന്നു വിശേഷിപ്പിച്ചിരുന്നത്. അവരെ Untermenschen അഥവാ Subhuman ആയാണു കണ്ടിരുന്നത്.

മറ്റൊരുവനെ “മനുഷ്യനായി” കണ്ടാൽ അവനെ ഇല്ലാതാക്കാനുള്ള ശ്രമം “കൊലപാതക ശ്രമം” ആയി കാണുമെന്നും അത്തരം മനസാക്ഷികുത്തലുകൾ ഒഴിവാക്കാൻ അവരെ “മനുഷ്യരിലും താഴെയുള്ളവരായി” കണ്ടാൽ മതിയെന്നുമുള്ള ഈ പഴയ തിയറിയുടെ പുതിയ രൂപമാണു ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിനെ “കുഞ്ഞ്” , “ബേബി” എന്നൊക്കെ വിശേഷിപ്പിക്കുന്നതിൽ നിന്നും അബോർഷൻ അനുഭാവികളെ പിന്തിരിപ്പിക്കുന്നത്. പകരം അവർ കണ്ടുപിടിച്ച വാക്കുകളാണു “ടിഷ്യൂ” “ഭ്രൂണം” എന്നിവയൊക്കെ. മരണത്തിന്റെ സംസ്കാരത്തിന്റെ വക്താക്കളാകുകയാണു അവരെ അറിഞ്ഞോ അറിയാതെയോ ഫോളോ ചെയ്യുന്നവർ.

കുറച്ചു നാളുകൾക്ക് മുമ്പ് ഗർഭിണിയായ ഒരു ആന കൊല്ലപ്പെട്ടപ്പോൾ ആ ആനയുടെ കുട്ടിയെ “കുട്ടിയാന” എന്നാണു എല്ലാവരും വിശേഷിപ്പിച്ചത്. അതിനെ ഒരു “ടിഷ്യൂ” എന്നോ “ഭ്രൂണം” എന്നൊ ഒന്നും ആരും വിശേഷിപ്പിച്ചു കണ്ടില്ല. അത്രയും പോലും പരിഗണന മനുഷ്യമക്കളോട് കാണിക്കാത്തത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല.

പ്രിയപ്പെട്ട അമ്മമാരെ, സഹോദരിമാരെ, നിങ്ങളുടെ ഉദരത്തിൽ വളരുന്നത് ഒരു ടിഷ്യൂവൊ ഭ്രൂണമൊ അല്ല, നിങ്ങളുടെ കുഞ്ഞാണു. ജീവനുള്ള ഒരു മനുഷ്യക്കുഞ്ഞ്. അതിനാൽ Say no to violence, say no to abortion.

കടപ്പാട്: ബിബിൻ മഠത്തിൽ

(ചിത്രത്തിൽ ആബി ജോൺസൺ തൻ്റെ ഭർത്താവിനോടും കുഞ്ഞുങ്ങളോടും ഒപ്പം…)

Soniya Kuruvila Mathirappallil

(Sr Sonia Teres)