നക്ഷത്രം വഴികാട്ടുമോ?
ഇന്നലെ ലോകം ക്രിസ്മസ് ആഘോഷിച്ചു..പല രാജ്യങ്ങളും നാടുകളിലും പള്ളികളിലും ആഘോഷങ്ങൾ അനുസ്മരണങ്ങൾ വ്യത്യസ്ഥമായിരുന്നു .കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
നമ്മുടെ ആഘോഷങ്ങളെ ബാധിച്ചു .തികച്ചും വ്യത്യസ്തമായിരുന്നുവല്ലേ ?യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ,ക്രിസ്ത്യാനിയായി ജീവിക്കാത്തവർപോലും ക്രിസ്മസിനെക്കുറിച്ചു അറിയുവാൻ ക്രിസ്മസ് ആഘോഷങ്ങൾ ഇടയാക്കുന്നു .വര്ഷം തോറും പിറവിയും ,പിന്നെ മരണവും ഉത്ഥാനവും ആചരിക്കുന്ന അനേകായിരങ്ങൾക്ക് , എനിക്ക് ഈ ക്രിസ്തു ആരാണ് ? എൻെറ വ്യക്തി -കുടുംബ -സഭാ -സാമൂഹ്യ ജീവിതത്തിൽ യേശു ക്രിസ്തുവിന്റെ യഥാർത്ഥ സ്ഥാനം എന്താണ് ? ക്രിസ്തു പിറക്കുന്നുവെന്ന മംഗള വാർത്ത അറിഞ്ഞ ഹേറോദോസ് പ്രതികരിച്ച രീതിയും നാം മറക്കരുത് .
സദ് വാർത്തകൾ അറിയുവാനും അറിയിക്കുവാനുമുള്ള മനോഭാവം നമ്മിൽ നിറയട്ടെ .
വിശുദ്ധ യോഹന്നാൻ തൻെറ സുവിശേഷം തുടങ്ങുന്നതുതന്നെ വചനം മനുഷ്യനായതിൻെറ ചരിത്രം പറഞ്ഞുകൊണ്ടാണ് .വചനം (ലോഗോസ് ) പുതിയ നിയമത്തിൽ 330 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു .യോഹന്നാന്റ്റെ സുവിശേഷത്തിൽ 40 പ്രാവശ്യവും ,അദ്ദേഹത്തിൻെറ ലേഖനങ്ങളിൽ 7 പ്രാവശ്യവും വെളിപാടിൽ 18 പ്രാവശ്യവും ഈ പദം ഉപയോഗിച്ചിട്ടുണ്ട് .യോഹന്നാൻ എഴുതിയ സുവിശേഷത്തിൻെറ ഒന്നാം അദ്ധ്യായത്തിലെ ഒന്നുമുതൽ 18 വരെയുള്ള വചനം ഇന്ന് നാം ശ്രദ്ധയോടെ വായിക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു …
“തന്നെ സ്വീകരിച്ചവർക്കെല്ലാമാകട്ടെ , തൻ്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം , ദൈവമക്കളാകുവാൻ അവൻ കഴിവുനൽകി . അവൻ ജനിച്ചത് രക്തത്തിൽ നിന്നോ ശാരീരികാഭിലാഷത്തിൽ നിന്നോ ,പുരുഷൻെറ ഇച്ഛയിൽ നിന്നോ അല്ല ,പ്രത്യുത ,ദൈവത്തിൽ നിന്നത്രേ” …
18 മത് വചനം വായിക്കുമ്പോൾ നമ്മുടെ ഹൃദയം സന്തോഷംകൊണ്ട് , പ്രത്യാശകൊണ്ട് ജ്വലിക്കുന്നില്ലേ ? ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല .പിതാവുമായി ആത്മബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടത്തെ വെളുപ്പെടിത്തിയത് . ഇന്ന് ഈ സത്യം നമുക്ക് വെളിപ്പെടുത്തികിട്ടിയോ ?
“ജ്ഞാനികളുടെ സന്ദർശനം ” വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിൽ 2:1-12 വരെയുള്ള വചനങ്ങളിൽ പറയുന്നു. കിഴക്ക് “അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ് ” എന്നാണ് ഹേറോദേസ് രാജാവിനോട് പറഞ്ഞത്. രാജാവിനെ കണ്ടശേഷം അവർ പുറപ്പെട്ടു. അവർ കിഴക്കുകണ്ട നക്ഷത്രം, ശിശു കിടക്കുന്ന സ്ഥലത്തിന് മുകളിൽ വന്നുനിൽക്കുന്നതുവരെ, അവർക്ക് മുമ്പേ നീങ്ങികൊണ്ടിരുന്നു. നക്ഷത്രം കണ്ടപ്പോൾ അവർ അത്യധികം സന്തോഷിച്ചു . അവർ ഭവനത്തിൽ പ്രവേശിച്, ശിശുവിനെ അവന്റെ അമ്മയായ മറിയത്തടൊപ്പം കണ്ട് മുട്ടിന്മേൽവീണ് ആരാധിക്കുകയും അവരുടെ നിക്ഷേപപാത്രങ്ങൾ തുറന്ന് പൊന്ന്, മീറ, കുന്തിരുക്കം എന്നി കാഴ്ചകൾ അവന് അർപ്പിക്കുകയും ചെയ്തു.
പ്രിയപ്പെട്ടവരേ നക്ഷത്രം നമ്മെ യഥാർത്ഥ ലക്ഷ്യത്തിലേക്കു നയിക്കുന്നുണ്ടോ? ഹേറോദോസ് പല രൂപത്തിൽ നമ്മുടെ മുന്നിൽ വരുന്നില്ലേ? നമുക്ക് നൽകുന്ന നിർദേശങ്ങൾ, ഉപദേശങ്ങൾ,.. നമ്മുടെ വഴിയേ തെറ്റിക്കുമോ? !
മുൻവിധിയോടെ രക്ഷകനെ നിരീക്ഷിക്കുന്ന അധികാരിയുടെ പൊള്ളയായ വാഗ്ദാനങ്ങൾ. ജീവനെ ഭയന്ന് അനേകം ജീവിതങ്ങളെ കൊന്നൊടുക്കുന്ന സംസ്കാരത്തിന്റെ പ്രതീകമായ രാജാവ്. തനിക്കും പോയി ആരാധിക്കണമെന്നു പറഞ്ഞ്, ജീവന്റെ സുവിശേഷത്തെ തകർക്കാനും തളർത്താനുമുള്ള ബോധപൂർവമായ ശ്രമം. മരണ സംസ്കാരത്തിന്റെ പ്രതീകങ്ങൾ അഭിനയിക്കുന്നത് തിരിച്ചറിയുവാൻ വൈകും. എന്നാൽ പരിശുധാൽമാവ് തക്കസമയത്ത് വെളിപ്പെടുത്തുമ്പോൾ നാം അത് മനസ്സിലാക്കി ജീവന്റെ സുഗമമായ വഴിയിലൂടെ സഞ്ചരിക്കാൻ തയ്യാറായാൽ മതി. പിശാചിന് വിജയിക്കുവാൻ കഴിയില്ല.
നാം നന്നായി ആഗ്രഹിച്ചു ഒരുങ്ങിയാൽ ഉണ്ണിയേശുവിനെ കാണുകതന്നെ ചെയ്യും. ആട്ടിടയർ പാടുന്ന സ്വർഗീയ സംഗിതം കേൾക്കുവാൻ കഴിയും. ഈശോ നോക്കി ചിരിക്കും . ഔസേപ്പ് പിതാവും മാതാവും നമ്മെ തോളിൽ തട്ടി ആശ്വസിപ്പിക്കും . മുന്നിൽ നക്ഷത്രം ഉണ്ടോ?
ജീവന്റെ വരവിനെ ഭയത്തോടെ വീക്ഷിക്കുന്നവർ നമുക്ക് ചുറ്റും ഉണ്ട്. പുതിയ ജീവൻ നൽകുന്ന പ്രത്യാശ സന്തോഷം അവർ കാണുന്നില്ല. അവർ ഭയത്തോടെ ഉദരത്തിലെ കുഞ്ഞിനെ ജനിക്കുവാൻ, ജനിച്ച കുഞ്ഞിനെ ജീവിക്കുവാൻ അനുവദിക്കാതെ തടസ്സം സൃഷ്ടിക്കുന്നു.
ജീവന്റെ വെളിച്ചം ലോകം എങ്ങും പ്രകാശിക്കട്ടെ. നക്ഷത്രം തുക്കുവാൻ പോലും ഭയപ്പെടുന്ന ഭവനങ്ങൾ, സ്ഥാപനങ്ങൾ വർധിക്കുന്നില്ലേ? ഇന്നലെ ഞാൻ കൊച്ചി നഗരത്തിലൂടെ വാഹനമോടിച്ചു സെന്റ്. മേരിസ് ബസലിക്കയിൽ പോയപ്പോൾ ഇരുവശവും ശ്രദ്ധിച്ചു. നക്ഷത്രം തുക്കുവാൻ മറന്ന, മടിച്ച നിരവധി സ്ഥാപനങ്ങൾ കണ്ടു.. ക്രിസ്താനികൾ നടത്തുന്നതും, നിരവധി ക്രൈസ്തവർ നടത്തുന്നതുമായ സ്ഥാപനങ്ങൾ, നക്ഷത്രം തുക്കുവാൻ മറന്നുപോയി.? !
പണ്ട് എല്ലാ വീടുകളിലും കടകളിലും നക്ഷത്രം തുക്കുന്നതിൽ വിമുഖത കാണിച്ചിരുന്നില്ല. ഇപ്പോൾ “നക്ഷത്രം ക്രിസ്തു സന്ദേശമായി ” കാണുന്നുവോ.
ആരെങ്കിലും ഭയപ്പെടുന്നുവോ? ചില പ്രദേശങ്ങളിലൂടെ യാത്രചെയ്യുമ്പോൾ ഒരു നക്ഷത്രംപോലും കാണുവാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ട്?
ഇതര മത വിശ്വാസികൾ നക്ഷത്രം തുക്കിയാൽ, അത് വിറ്റാൽ ആരെങ്കിലും അവരെ തടയുന്നുണ്ടോ? കൂട്ടുകാരായ അക്രസ്തവർക്കു സമ്മാനമായി നക്ഷത്രവും, ഉണ്ണിഈശോയുടെ ചിത്രം ഉള്ള ആശംസാ കാർഡ് അയക്കുവാനും മടിയുണ്ടോ?
ജീവന്റെ സുവിശേഷം അറിയിക്കുവാനുള്ള അവസരങ്ങൾ നമ്മൾ നഷ്ട്ടപ്പെടുത്തരുതേ !.
ക്രിസ്മസ് നമുക്ക് നമ്മെ അറിയുവാനുള്ള സമയമാണ്. തൊട്ടടുത്തു അഭ്യർത്ഥിയായി, അഗതിയായി അലയുന്ന ഒരു കുടുംബത്തെ അറിയാനുള്ള അവസരം ആണ്. പ്രസവത്തിനു ഒരുങ്ങുന്ന ഒരു ദരിദ്രകുടുംബത്തിന് സഹായം എത്തിക്കുവാനുള്ള സാധ്യതയാണ്.
ജീവനെ നശിപ്പിക്കുവാൻ ഒരുങ്ങുന്ന ആധുനിക ഹെറോദോസുമാരിൽ നിന്നും അനേകം ജീവനെ രക്ഷിക്കുവാൻ, മനുഷ്യമഹത്വം പ്രഹോഷിക്കുവാനുള്ള അവസരം ആണ്.
പ്രൊ ലൈഫ് ശുശ്രുഷകർ രക്ഷകന്റെ വരവ് , പിറവി അറിഞു എത്തിയവരിൽ എല്ലാം ഉണ്ടാകണം.
നക്ഷത്രം നോക്കി യാത്രചെയ്യണം. അട്ടിയരോടൊപ്പം നിലനിക്കണം. തിരുകുടുംബത്തിന് കാവലും കരുതലുമാകണം. അതിന് ആദ്യം ഈശോ എനിക്ക് സ്വന്തമായി മാറണം .
സഭയിൽ സമൂഹത്തിൽ
മംഗള വാർത്തയുടെ -നന്മകളുടെ ,പ്രഘോഷകരായി ജീവിക്കുവാനുള്ള കൃപകൾക്കായി നമുക്ക് പ്രാർത്ഥിക്കാം 🙏.
സാബു ജോസ്, എറണാകുളം.