*+OBITUARY*
മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് തുരുത്തേല്‍ അച്ചന് (84) കൂദാശകളെല്ലാം സ്വീകരിച്ച് സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ വച്ച് ഇന്നു രാവിലെ 4 മണിക്ക് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 2012 മുതല്‍ ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയിലൂടെയും ആത്മീയജീവിതത്തിലൂടെയും അജപാലനവൈഭവത്തിലൂടെയും തന്റെ ശുശ്രൂഷാമേഖലകളെ ഫലസമൃദ്ധമാക്കാന്‍ കഴിഞ്ഞ ഇടയനായിരുന്നു ഫാ. ജോസഫ് തുരുത്തേല്‍. അജപാലനമേഖലയിലെ കരുതലുള്ള സൗമ്യനായ ഒരിടയന്‍ എന്നതിനോടൊപ്പം തന്നെ അനേകരെ ആത്മീയമായി വഴിനടത്തിയും ശാരീരികമായി അദ്ധ്വാനിച്ചും ക്രൈസ്തവസംഗീതമേഖലയില് കലാപരമായി ഇടപെടലുകള്‍ നടത്തിയും ക്രിയാത്മകമായി തന്റെ പൗരോഹിത്യം ജീവിക്കാന്‍ അച്ചന് സാധിച്ചു.
1937 മെയ് 28-ന് കോതമംഗലം രൂപതയിലെ മൈലക്കൊന്പ് ഇടവകയിലാണ് ജോസഫച്ചന് ജനിക്കുന്നത്. പരേതരായ ചാക്കോ ത്രേസ്യ എന്നിവരാണ് മാതാപിതാക്കന്മാര്. മൂന്ന് സഹോദരന്മാരും നാല് സഹോദരിമാരുമാണ് ജോസഫച്ചന് ഉള്ളത്. തൊടുപുഴ ഗവണ്മെന്റ് സ്കൂളില്‍ നിന്ന് പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം മാനന്തവാടിയിലെ ജില്ലാ ബോര്‍ഡ് സ്കൂളിലാണ് അച്ചന് സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തൃശ്ശൂര്‍ മൈനര്‍ സെമിനാരിയിലെ പഠനത്തിന് ശേഷം കാര്മല്ഗിരിസെമിനാരിയില് തത്വശാസ്ത്രവും മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്രവും പഠിച്ചു. 1966 മാര്‍ച്ച് പത്തിന് തലശ്ശേരി അതിരൂപതയുടെ പ്രഥമാദ്ധ്യക്ഷന്‍ ദിവംഗതനായ അഭി. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് തലശ്ശേരി അതിരൂപതയ്ക്കുവേണ്ടി ജോസഫച്ചന് തിരുപ്പട്ടം സ്വീകരിച്ചു.
അവിഭക്ത തലശ്ശേരി അതിരൂപതക്കുവേണ്ടിയാണ് അച്ചന് പട്ടം സ്വീകരിച്ചതെങ്കിലും ഇപ്പോള്‍ മാനന്തവാടി രൂപതയിലുള്ള ഇടവകകളില്ത്തന്നെയാണ് അച്ചന് സേവനം ചെയ്തിട്ടുള്ളത്. 1966-ല്‍ കല്ലോടിയില്‍ അസിസ്റ്റന്റ് വികാരിയായി ആരംഭിച്ച അച്ചന്റെ പൗരോഹിത്യജീവിതം അവസാനിക്കുന്നത് വരെ ഇടവകജനത്തോടൊപ്പം മാത്രമുള്ളതായിരുന്നു. വഞ്ഞോട് സെന്റ് ജോസഫ് ചര്‍ച്ച്, വെള്ളമുണ്ട സെന്റ് തോമസ് ചര്‍ച്ച് (1966-1969), കുറുന്പാല സെന്റ് ജോസഫ് ചര്‍ച്ച്, പുതുശ്ശേരിക്കടവ് ക്രൈസ്റ്റ് ദ കിംഗ് ചര്‍ച്ച് (1969-1970), കപ്പിമല സെന്റ് ജോസഫ് ചര്‍ച്ച്, കല്‍പ്ര സെന്റ് മേരീസ് ചര്‍ച്ച് (1970-1973), കുപ്പാടിത്തറ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് (1973-1974), വിളന്പുകണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, മംഗളം ഗുഡ് ഷെപ്പേഡ് ചര്‍ച്ച് (1974-1978), അന്പായത്തോട് സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് (1978-1984), കോട്ടത്തറ സെന്റ് ആന്റണീസ് ചര്‍ച്ച്, കാവുമന്ദം ലൂര്‍ദ്ദ് മാതാ ചര്‍ച്ച് (1984-1988), ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് ചര്‍ച്ച് (1988-1990), മരക്കടവ് സെന്റ് ജോസഫ്സ് ചര്‍ച്ച് (1990-1992), കണിയാന്പറ്റ സെന്റ് മേരീസ് ചര്‍ച്ച്, അരിഞ്ചേര്‍മല സെന്റ് തോമസ് ചര്‍ച്ച് (1992-1997), കുറുമണി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് (1997-1999), കല്ലുവയല്‍ സെന്റ് മേരീസ് ചര്‍ച്ച് (1999-2003), കരിന്പില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് (2003-2005), എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് (2005-2008), പറളിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് (2008-2012) എന്നീ ഇടവകകളിലായിട്ടാണ് അച്ചന്റെ സുദീര്‍ഘമായ അജപാലനജീവിതം ചിലവഴിക്കപ്പെട്ടത്. 2012 മുതല്‍ ദ്വാരക വിയാനി ഭവനില്‍ വിശ്രമജീവിതത്തിലായിരുന്നു.
ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന അച്ചന്റെ ഭൗതികശരീരം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൊതദര്ശനം അനുവദിക്കുന്നത്. ഇന്ന് വൈകുന്നേരം 3.30-ന് മൃതസംസ്കാരശുശ്രൂഷ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കുകയും ദ്വാരകയിലുള്ള വൈദികരുടെ സെമിത്തേരിയില്‍ സംസ്കരിക്കുകയും ചെയ്യും. മാനന്തവാടി രൂപതാദ്ധ്യക്ഷന് ബിഷപ് ജോസ് പൊരുന്നേടം സംസ്കാരശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ബഹുമാനപ്പെട്ട ജോസഫ് തുരുത്തേലച്ചന്റെ ദേഹവിയോഗത്തില്‍ രൂപതാകുടുംബം ദുഖം രേഖപ്പെടുത്തുകയും അച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
*ഫാ. ജോസ് കൊച്ചറക്കല്‍*
PRO Eparchy of Mananthavady