യു.കെയിലെ വിസാ തട്ടിപ്പുകാരുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്ന അനീഷ് എബ്രഹാം FB യിൽ പങ്കുവച്ച ഒരു വീഡിയോ സന്ദേശത്തിൽ നിന്നായിരുന്നു തുടക്കം…
അർത്തുങ്കൽ സ്വദേശിനി ആലീസും കുടുംബവും യുകെയിൽ വിസാ തട്ടിപ്പിനിരയായി വഴിയാധാരമായ കഥ ഞെട്ടലോടെയാണ് കേട്ടത്. ആ വീഡിയോ എനിക്കയയച്ചു തന്ന ഒരാള്‍ ചോദിച്ചു: ബ്രിട്ടീഷ് മലയാളി ചാരിറ്റി വഴി എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്ന്. വിസ തട്ടിപ്പിൽ കുടുങ്ങിയവരെ സഹായിക്കാൻ BM ചാരിറ്റിക്ക് സാങ്കേതിക തടസ്സങ്ങൾ ഉണ്ട്.
ആലീസിന്റേത് ഒരൊറ്റപ്പെട്ട സംഭവം അല്ല, ഇതുപോലെയുള്ള നിരവധി കേസുകൾ ദിവസവും കേൾക്കുന്നു എന്നാണ് BMCF അഡ്വൈസറി ബോർഡ് അറിയിച്ചത്. ആലീസിന്റെ നിലവിളി നെഞ്ചിൽ ഒരു വിങ്ങലായി മാറിയപ്പോൾ മദേഴ്സ് ചാരിറ്റിയുടെ സാരഥി ലിസ്സി ചേച്ചിക്ക് (ലിസ്സി ഉണ്ണികൃഷ്ണൻ, സൗത്താംപ്റ്റൺ) ഒരു സന്ദേശം അയച്ചു. ഈ ലോകത്തിൽ സങ്കടം അനുഭവിക്കുന്ന ഓരോ ആത്മാവിനെയും നെഞ്ചോട് ചേർത്തു പിടിക്കാൻ ആഗ്രഹിക്കുന്ന ലിസ്സിചേച്ചി ആ സന്ദേശം ഏറ്റെടുത്തു. ആലീസിന് തിരിച്ചുപോകാൻ ഇനി രണ്ടു ദിവസങ്ങൾ മാത്രം ബാക്കി. ഇവർക്ക് യുകെയിൽ മറ്റൊരു സ്പോൺസർഷിപ്പ് കിട്ടാനുള്ള സാധ്യതകൾ ചേച്ചി അന്വേഷിച്ചു. ആർക്കും തന്നെ പുതിയ വർക്ക് പെർമിറ്റുകൾ കിട്ടുന്നില്ല എന്നാണ് അറിഞ്ഞത് . അതേസമയം ഞാൻ സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ള മനുഷ്യസ്നേഹിയായ നേഴ്സിങ് ഹോം ഉടമ മാമച്ചനോട് ആലീസിന്റെ കഥന കഥ പറഞ്ഞതിൻ പ്രകാരം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്റർവ്യൂ നടത്തി അദ്ദേഹത്തിന്റ കമ്പനി ആലീസിനോട് ഡോക്യുമെന്റുകൾ വാങ്ങി. അപ്പോഴാണ് അറിയുന്നത് യു.കെ ഹോം ഓഫീസിന്റെ ബയിലിൽ ആയിരിക്കുന്ന ആൾക്കുവേണ്ടി COS അപ്ലൈ ചെയ്താൽ നിരസിക്കപ്പെടും എന്ന്.
ഇനി ഒരു ദിവസം മാത്രം ബാക്കി. ആലീസിന്റെ കയ്യിൽ കുടുംബത്തിന് വിമാന ടിക്കറ്റ് എടുക്കാനുള്ള പൈസ പോലും ബാക്കിയില്ല. “നമുക്ക് പെട്ടന്നൊരു കളക്ഷൻ നടത്തിയാലോ”? ലിസ്സിചേച്ചി ചോദിച്ചു. മദേഴ്‌സ് ചാരിറ്റിയുടെ പിന്തുണയോടെ അപ്പോൾ തന്നെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിൽ ആലീസിന്റെ ഭർത്താവ് ബിജുവിനെ അക്കൗണ്ട് ഡീറ്റെയിൽസ് ഉൾപ്പെടെ ഒരു ചെറിയ മെസ്സേജ് തയ്യാറാക്കി പോസ്റ്റ് ചെയ്തു…
പിന്നെ നടന്നത് അത്ഭുതമായിരുന്നു. ആ മെസ്സേജ് ഫോണുകളിൽനിന്നും ഫോണുകളിലേക്ക് കൈമാറി. അനീഷ് എബ്രഹാം ഇതേ സന്ദേശം ഒരു വീഡിയോകുറിപ്പായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. സ്കോട്ലന്റിൽനിന്നും പൊതുപ്രവർത്തകൻ ജോസ് മാത്യു ഉൾപ്പെടെയുള്ളവർ പിന്തുണയുമായി വന്നു. കേവലം 24 മണിക്കൂറിനുള്ളിൽ ആലീസ് അപ്പീൽ ക്ലോസ് ചെയ്യുമ്പോൾ കിട്ടിയത് 3750 പൗണ്ട് ആയിരുന്നു. ഒരു വാർത്തയും കൊടുക്കാതെ, പബ്ലിസിറ്റി ഇല്ലാതെ വാട്സ്ആപ്പ്, ഫേസ്ബുക് മെസ്സേജുകൾ വഴിയാണ് ഈ തുക സമാഹരിച്ചത്.
ഇത് മനുഷ്യസ്നേഹികളുടെ കൂട്ടായ്മയുടെ വിജയമായിരുന്നു. ഇന്നലെ അപ്പീൽ ക്ലോസ് ചെയ്തുവെങ്കിലും ഇന്ന് ആലീസ് കളക്ഷൻ 4000 പൗണ്ട് കടന്നിരിക്കുന്നു. ചിറകരിഞ്ഞ യുകെ സ്വപ്നങ്ങളുമായി ഇന്നു വൈകുന്നേരം 7 : 20നുള്ള EY 68 വിമാനത്തിൽ ആലീസും കുടുംബവും നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ ഇതുപോലുള്ള നിരവധി ആലീസുമാരെ വഞ്ചിച്ചു പെട്ടന്ന് പണക്കാരായ വിസാ കച്ചവടക്കാർ ഓർക്കേണ്ട ഒരു ദൈവവചനമുണ്ട് : “അന്യന്റെ പണംകൊണ്ടു വീടുപണിയുന്നവന്‍ തന്റെ ശവകുടീരത്തിനു കല്ലു ശേഖരിക്കുന്നവനെപ്പോലെയാണ്” (പ്രഭാ 21/8). ഇന്നല്ലെങ്കിൽ നാളെ ഇവരുടെ കണ്ണീരിനു നിങ്ങൾ കണക്കുപറയേണ്ടിവരും… ഒരിടത്ത് ഹൃദയശൂന്യരായ റിക്രൂട്ടുമെന്റുകാർ പാവങ്ങളെ കബളിപ്പിക്കുമ്പോൾ, മറ്റൊരിടത്ത് ഹൃദയത്തിൽ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അനേകർ അവർക്ക് താങ്ങാകുന്നു എന്നത് ജീവിതത്തിൽ പ്രതീക്ഷ നൽകുന്നു…