കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് മാമ്മോദിസ സ്വീകരിച്ച എല്ലാവരും “പുതിയ ജനനം വഴിയും പരിശുദ്ധാത്മാവിന്റെ അഭിഷേകം വഴിയും ഒരു ആത്മീക ഭവനവും പരിശുദ്ധ പൗരോഹിത്യമായും പ്രതിഷ്ഠിതരായിരിക്കുന്നു.” ക്രിസ്തുവിന്റെ പൗരോഹിത്യത്തിലുള്ള വിശ്വാസികളുടെ ഈ പങ്കുപറ്റിലിനെ വിശ്വാസികളുടെ പൊതുപൗരോഹിത്യമെന്നാണ് ജനതകളുടെ പ്രകാശം എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഡോഗ്മാറ്റിക് കോണ്‍സ്റ്റിറ്റ്യൂഷന്‍ വിശേഷിപ്പിച്ചിരിക്കുന്നത് (LG 10). രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അതേ പ്രമാണരേഖ പ്രകാരം വിശ്വാസികളുടെ പൊതുപൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യവും സത്താപരമായി വ്യത്യസ്തവും അതേസമയം പരസ്പരബന്ധിതവുണ്.
സഭയെ നയിക്കുന്നതിനും പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനുമുള്ള അധികാരം കര്‍ത്താവ് തന്റെ ശ്ലീഹന്മാരെയാണ് ഭരമേല്പ്പിച്ചത്. ആ ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരെ ഈ ത്രിവിധ ദൗത്യങ്ങളില്‍ സഹായിക്കുവാനായി പ്രത്യേകം വിളിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും അഭിഷേകം ചെയ്യപ്പെടുകയും ചെയ്തവരാണ് ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ച വൈദികര്‍. കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് ശുശ്രൂഷാപൗരോഹിത്യം ആരുടെയും അവകാശമല്ല. “വിളിക്കപ്പെട്ടവര്‍ വളരെ തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം” (മത്താ 22:14). പുരോഹിത ശുശ്രൂഷികളെ ഉത്തരവാദപ്പെട്ട സഭാധികാരികളാണ് തിരഞ്ഞെടുക്കുകയും തിരുപ്പട്ടശുശ്രൂഷ വഴിയായി സഭാശുശ്രൂഷയ്ക്കായി നിയോഗിക്കുകയും ചെയ്യുന്നത്.
കത്തോലിക്കാസഭയുടെ കാനന്‍ നിയമമനുസരിച്ച് ആറ് വര്‍ഷത്തില്‍ കുറയാത്ത തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ പ്രവേശക കൂദാശകള്‍ സ്വീകരിച്ച് സെമിനാരി പരിശീലനം പൂര്‍ത്തിയാക്കിയ ഒരു വൈദിക വിദ്യാര്‍ത്ഥിയെ, നിയമപ്രകാരമുള്ള ചെറുപട്ട സ്വീകരണങ്ങള്ക്കും ഡീക്കന്‍പട്ട സ്വീകരണത്തിനുംശേഷം തിരുപ്പട്ട സ്വീകരണത്തിന് പരിഗണിക്കാവുന്നതാണ്. എന്നാല്‍, എല്ലാ പരിശീലന നിബന്ധനകളും പൂര്‍ണ്ണമായി പാലിച്ചു എന്നതുകൊണ്ടുമാത്രം പൗരോഹിത്യ പട്ടത്തിന് കത്തോലിക്കാസഭയില്‍ യാതൊരു അവകാശവും ആര്‍ക്കും ലഭിക്കുന്നില്ല.
പുരോഹിത ശുശ്രൂഷികളുടെ അവകാശങ്ങളെയും കടമകളെയും പറ്റി പൗരസ്ത്യ കാനോന സംഹിതയിലെ 367 മുതല്‍ 393 വരെയുള്ള കാനോനകള്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് ദൈവരാജ്യപ്രഘോഷണവും കൂദാശകളുടെ പരികര്‍മ്മവും റോമാ മെത്രാനോടും സ്വയാധികാര സഭയുടെ തലവനോടും രൂപതാ മെത്രാനോടുമുള്ള അനുസരണവും. പൗരസ്ത്യ കാനോന സംഹിതയിലെ 761-ാം കാനോന ഇങ്ങനെ നിഷ്കര്‍ഷിക്കുന്നു: “ഡീക്കന്‍ പട്ടത്തിനോ വൈദിക പട്ടത്തിനോ ഉള്ള ഒരു അര്‍ത്ഥി സാധുവായി അഭിഷേകം ചെയ്യപ്പെടേണ്ടതിന്, തിരുപ്പട്ടം സ്വീകരിക്കുവാന്‍ താന്‍ തയ്യാറാണെന്നും അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ സ്വയമായും സ്വതന്ത്രമായും സ്വീകരിക്കുന്നുവെന്നും സഭാശുശ്രൂഷയ്ക്കായി തന്നെ സ്ഥിരമായി അര്‍പ്പിക്കുന്നുവെന്നും സാക്ഷ്യപ്പെടുത്തിക്കൊണ്ടും അതേസമയം തിരുപ്പട്ടം സ്വീകരിക്കുവാന്‍ തന്നെ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടും തന്റെ കൈയൊപ്പോടുകൂടിയ ഒരു പ്രഖ്യാപനം തന്റെ രൂപതാ മെത്രാനോ മേജര്‍ സുപ്പീരിയറിനോ സമര്‍പ്പിക്കേണ്ടതാണ്.”
പുരോഹിത പട്ടത്തിനുള്ള ഒരു അര്‍ത്ഥി തന്റെ രൂപതാമെത്രാനാലോ അല്ലെങ്കില്‍ നിയമാനുസൃതമായ അധികാരപത്ര (Dimissorial letter.) ത്തോടുകൂടിയ മറ്റൊരു മെത്രാനാലോ ആണ് അഭിഷേകം ചെയ്യപ്പെടേണ്ടതെന്ന് CCEO കാനോന 747 വ്യക്തമാക്കുന്നു. അതുപോലെ 751-ാം കാനോന ഇങ്ങനെ അനുശാസിക്കുന്നു: “നിയമപ്രകാരം ആവശ്യമായിരിക്കുന്ന എല്ലാ സാക്ഷ്യപത്രങ്ങളും ലഭിക്കാത്തപക്ഷം അധികാരപത്രങ്ങള്‍ നല്കപ്പെടാവുന്നതല്ല.” മേല്‍ സൂചിപ്പിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വൈദീകാര്ത്ഥിയുടെ സ്വഭാവവൈശിഷ്ഠ്യത്തെക്കുറിച്ചും അനുസരണശീലത്തെക്കുറിച്ചുമുള്ള സാക്ഷ്യപത്രം. ഡീക്കനായിരുന്ന കാലത്ത്, സിനഡ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച വിശുദ്ധ കുര്‍ബാനയര്‍ പ്പണത്തില്‍ തുടര്‍ച്ചയായി പങ്കെടുത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ അതിനോട് സഹകരിക്കുകയോ ചെയ്തിട്ടുള്ള, അഥവാ ചെയ്തുകൊണ്ടിരിക്കുന്ന ഡീക്കന്മാരോട്, തങ്ങള്‍ വൈദിക പട്ടസ്വീകരണത്തിനുശേഷം അങ്ങനെയുള്ള നിയമവിരുദ്ധ ബലിയര്‍പ്പണം തുടരുകയില്ലായെന്ന് സത്യവാങ്മൂലമായി എഴുതിത്തരണമെന്നുള്ള മുന്‍ഉപാധി (pre-condition) വയ്ക്കുവാന്‍ എറണാകുളം- അങ്കമാലി അതിരൂപതാധികാരികളെ നിര്‍ബന്ധിതരാക്കിയത് ഈ പശ്ചാത്തലമാണ്. “തങ്ങള്‍ക്ക് വൈദികരാകണം; എന്നാല്‍, തങ്ങള്‍ വൈദികര്‍ക്കായി നിയമത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ഉത്തരവാദിത്വ ങ്ങളും കടമകളും നിര്‍വഹിക്കുവാന്‍ തയ്യാറല്ല” എന്ന മനോഭാവം സ്വീകാര്യമല്ല. ഏത് ജീവിതാന്തസ്സിലേക്ക് പ്രവേശിക്കുന്ന വിശ്വാസിയും ആ ജീവിതാന്തസ്സിനടുത്ത ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വഹിക്കുന്നതാണെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത് അസാധാരണ സംഭവമല്ലതാനും.
ഡീക്കന്മാരെക്കൊണ്ട് ഇങ്ങനെയൊരു സത്യവാങ്മൂലം എഴുതി വാങ്ങിപ്പിക്കുക എന്നത് കത്തോലിക്കാ സഭയില്‍ അസാധാരണമാണ് എന്ന വസ്തുത അംഗീകരിക്കുമ്പോള്‍ത്തന്നെ, മാര്പാപ്പയെയും മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും സിനഡിനെയും അതിരൂപത മേലദ്ധ്യക്ഷനെയും അനുസരിക്കാത്ത, നിയമവിരുദ്ധമെന്ന് സിനഡും ഉന്നതാധികാരികളും ആവര്‍ത്തിച്ചു പ്രഖ്യാപിച്ച വിശുദ്ധ കുര്‍ബാനയര്‍പ്പണം ഭൂരിഭാഗം വൈദികരും തുടരുന്ന, മനപ്പൂര്‍വമായ നിയമലംഘന പ്രവര്‍ത്തനങ്ങളാണ് അതിനുള്ള കാരണമെന്നത് പകല്‍ പോലെ വ്യക്തം. സത്യവാങ്മൂലത്തില്‍ എഴുതുവാന്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യം നിയമം അനുസരിച്ചുകൊള്ളാമെന്നും നിയമവിരുദ്ധ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടത്തുകയില്ലായെന്നും മാത്രമാണെന്നതും ഇവിടെ വ്യക്തമാകുന്നു. അതിരൂപതാധികാരിയുടെ ഈ നിര്‍ദ്ദേശം സ്വീകാര്യമായി തോന്നാത്ത ഡീക്കന്മാര്ക്ക് ആ തീരുമാനത്തിനെതിരെ ഉന്നതാധികാരിക്ക് പരാതി കൊടുക്കുവാനുള്ള അവകാശം പൗരസ്ത്യ കാനോന സംഹിതയിലെ 755-ാം കാനോന വ്യക്തമാക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ പൗരസ്ത്യ കാനോന സംഹിതയിലെ ശിക്ഷാനിയമത്തിലെ 1460-ാം കാനോനയും എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നു: “ഒരു സിവിള്‍ അധികാരിയുടെ സ്വാധീനത്തിലൂടെ തിരുപ്പട്ടമോ ഒരുദ്യോഗമോ ശുശ്രൂഷയോ സഭയിലെ മറ്റൊരു ചുമതലയോ ലഭിക്കുവാനായി സിവിള്‍ അധികാരിയെ പ്രത്യക്ഷമായോ പരോക്ഷമായോ സമീപിക്കുന്ന ഒരു വ്യക്തി വലിയ മഹറോന്‍ ശിക്ഷപോലും ഒഴിവാക്കാതെതന്നെ, അനുയോജ്യമായി ശിക്ഷിക്കപ്പെടേണ്ടതാണ്.”
ചുരുക്കിപ്പറഞ്ഞാല്‍, നിയമലംഘനത്തില്‍ തുടര്‍ന്നുകൊണ്ട് വൈദികപട്ടം സ്വീകരിക്കുവാനുള്ള വൈദീകാര്‍ത്ഥികളുടെ ശ്രമവും വൈദിക പട്ടത്തിനുശേഷവും നിയമലംഘനത്തില്‍ തുടരുവാനുള്ള അവരുടെ തീരുമാനവുമാണ് ആവശ്യപ്പെട്ട സത്യവാങ്മൂലം നല്കുവാന് വിസമ്മതിച്ച അവരുടെ മനോഭാവം വ്യക്തമാക്കുന്നത്. വിശ്വാസസമൂഹത്തെ പഠിപ്പിക്കുകയും ഭരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുവാനുള്ള മെത്രാന് സംഘത്തിന്റെ ദൗത്യത്തില്‍ അവരോട് സഹകാരികളാകേണ്ടണ്ടവൈദിക സംഘത്തിലേക്ക് മനപ്പൂര്‍വ്വമായ അനുസരണക്കേടില്‍ തുടരുവാനുള്ള ഉദ്ദ്യേശം വ്യക്തമാക്കുന്നവരെ ചേര്‍ക്കുന്നത് അതിരൂപതാഭരണാധികാരിയെത്തന്നെ “കുറ്റകരമായ അനാസ്ഥ” എന്ന കുറ്റം ചെയ്തതായുള്ള (cf. CCEO c.1464 §2) ആരോപണത്തില്‍ എത്തിക്കുമെന്നതിനാല്‍ അത് അനുചിത മാണ് എന്നതാണ് വസ്തുത.
പ്രസ്തുത അതിരൂപതയിലെ കൂടുതല്‍ പള്ളികളില്‍ നിയമാനുസൃതമുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പിലായിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത്, തങ്ങള്‍ നിയമവിരുദ്ധമായ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടത്തുകയില്ല എന്ന സത്യവാങ്മൂലം എഴുതി നല്കിയാല്പ്പിന്നെ, വിശുദ്ധ കുര്‍ബാനയര്‍പ്പണം തന്നെ അസാദ്ധ്യമാകുമെന്ന വാദഗതിയും നിലനില്‍ക്കില്ല എന്നതും ഇവിടെ അനുസ്മരിക്കുന്നു. അങ്ങനെ സത്യവാങ്മൂലം നല്കുന്ന വൈദികരെ നിയമാനുസൃതമുള്ള ബലിയര്‍പ്പണം നിലവിലുള്ള ഇടവകകളിലേക്ക് നിയമിക്കുവാനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട്.
സാധുവായ തിരുപ്പട്ട സ്വീകരണത്തിന് ആവശ്യമായ കാര്യങ്ങള്‍
പൗരസ്ത്യ കാനോനസംഹിതയിലെ 394-ാം കാനോനയനുസരിച്ച് സാധുവായി സ്വീകരിക്കപ്പെട്ട ഒരു തിരുപ്പട്ടം ഒരിക്കലും അസാധുവാകുന്നില്ല. എങ്കിലും, നല്കപ്പെട്ട തിരുപ്പട്ടം അസാധുവായി പ്രഖ്യാപിക്കുവാനുള്ള സാധ്യത പ്രസ്തുത കാനോനയുടെ ഒന്നാം നമ്പറില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സാധുവായി തിരുപ്പട്ടം പരികര്‍മ്മം ചെയ്യപ്പെടുവാന്‍ വൈദികാര്‍ത്ഥിക്ക് താന്‍ സ്വീകരിക്കുവാന്‍ പോകുന്ന പട്ടത്തെപ്പറ്റിയും അതിന്റെ ഉത്തരവാദിത്വങ്ങളെയും അവകാശങ്ങളെപ്പറ്റിയും അറിവുണ്ടായാല്‍ മാത്രം പോരാ, പ്രത്യുത, അത് സ്വീകരിക്കുവാനുള്ള ഉദ്ദ്യേശവുംകൂടി ഉണ്ടാകണം (knowledge and intention). അതിനോടൊപ്പംതന്നെ, യാതൊരു നിര്‍ബന്ധത്തിനും വഴങ്ങാതെ, പൂര്ണസ്വാതന്ത്ര്യത്തോടെവേണം അര്‍ത്ഥി പട്ടം സ്വീകരിക്കുവാന്‍. ആരാലെങ്കിലും നിര്‍ബന്ധിക്കപ്പെട്ടാണ് തിരുപ്പട്ടം സ്വീകരിക്കുന്നതെങ്കില്‍ അത് അസാധുവായിരിക്കും. രണ്ടാമതായി, പട്ടം നല്കുന്ന മെത്രാന് ഇതുപോലെതന്നെ അര്‍ത്ഥിയുടെ അനുയോജ്യതയെപ്പറ്റിയുള്ള അറിവും പട്ടം കൊടുക്കുവാനുള്ള ഉദ്ദ്യേശവും ഉണ്ടായിരിക്കുകയും സ്വതന്ത്ര മനസ്സോടും പൂര്‍ണ്ണസമ്മതത്തോടും കൂടിത്തന്നെ പട്ടം നല്കല് ശുശ്രൂഷ പരികര്‍മ്മം ചെയ്യുകയും വേണം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, എറണാകുളം വിമതരെപ്പോലെ ആരെങ്കിലും തെരുവില്‍ പ്രകടനം നടത്തി ബലംപ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ സാധുവായി തിരുപ്പട്ടം ആര്‍ക്കും വാങ്ങിച്ചുകൊടുക്കുവാനാ വില്ല. മൂന്നാമതായി, തിരുപ്പട്ടം സാധുവായി പരികര്‍മ്മം ചെയ്യപ്പെടേണ്ടതിന്, പട്ടം നല്കുന്ന മെത്രാന് കൈവെപ്പു ശുശ്രൂഷ നടത്തുകയും അതോടൊപ്പം സഭ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രാര്‍ത്ഥനകള്‍ ഉരുവിടുകയും വേണം. അര്‍ത്ഥിയുടെ തലയില്‍ മെത്രാന് കൈവെപ്പു ശുശ്രൂഷ നടത്തണമെന്ന് സഭ നിഷ്കര്‍ഷിക്കുന്നു ണ്ടെങ്കിലും പ്രാര്‍ത്ഥനയുടെ സമയം മുഴുവന്‍ മെത്രാന്റെ കൈകള്‍ അര്‍ത്ഥിയുടെ തലയിലായിരിക്കണ മെന്ന് സാധുത നിശ്ചയിക്കുന്ന പശ്ചാത്തലത്തില്‍ വിവക്ഷയില്ല. ഇതോടൊപ്പംതന്നെ, സാധുതയ്ക്ക് ആവശ്യമായ കാര്യങ്ങളാണ് അര്‍ത്ഥി മാമ്മോദീസ സ്വീകരിച്ച പുരുഷനായിരിക്കണമെന്ന വ്യവസ്ഥയും അതുപോലെതന്നെ, പട്ടം നല്കുന്ന വ്യക്തി മെത്രാന് ആയിരിക്കണമന്നതും.
പട്ടം നല്കുന്ന മെത്രാന്റെ സമ്മതം ചതിയിലൂടെയോ വഞ്ചനയിലൂടെയോ നേടിയാലും ആ പട്ടം സാധുവായി കരുതുവാനാവില്ല. ഇക്കാര്യം ഇവിടെ സൂചിപ്പിക്കുന്നത് ഈ ലേഖനം എഴുതിക്കൊണ്ടിരി ക്കുന്ന 2024 ഒക്ടോബര്‍ 22-ാം തീയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാര് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ കണ്ട് സഭ ആവശ്യപ്പെട്ട സത്യവാങ്മൂലം എഴുതി ഒപ്പിട്ട് നല്കി എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ്. ആ സത്യവാങ്മൂലത്തില്‍ അവര്‍ പ്രഖ്യാപിക്കുന്നത് തങ്ങള്‍ക്ക് വൈദികപട്ടം കിട്ടിയാല്‍ പിന്നെ, അവര്‍ സിനഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന രീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം മാത്രമേ നടത്തുകയുള്ളൂ എന്നും നിയമവിരുദ്ധമായി പ്രഖ്യാപിച്ച ജനാഭിമുഖ ബലിയര്‍പ്പണം ഒരിക്കലും നടത്തുകയില്ല എന്നുമാണ്. പിന്നെ ‘പാലം കടക്കുവോളം നാരായണ….’ എന്ന മനോഭാവത്തോടുകൂടി പട്ടം കിട്ടിയശേഷം നിയമം ലംഘിക്കാമെന്നുള്ള ദുരുദ്ദ്യേശത്തോടുകൂടിയും മെത്രാന്റെ സമ്മതം വഞ്ചനയിലൂടെ നേടാമെന്നുള്ള ഉദ്ദ്യേശത്തോടുകൂടിയും ഏതെങ്കിലുമൊരു ഡീക്കന്‍ ഈ സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിട്ടുണ്ടെങ്കില്‍, അതുവഴി നേടുന്ന തിരുപ്പട്ടവും അസാധുവായി കരുതേണ്ടി വരും.
ഉപസംഹാരം
പൗരോഹിത്യത്തിലേക്കുള്ള വിളി ദൈവത്തിന്റെ പ്രത്യേക ദാനമാണ്. അത് പിടിച്ചു വാങ്ങുവാനുള്ളതല്ല. കത്തോലിക്കാസഭയില്‍ വൈദികര്‍ മെത്രാന്മാരോട് ചേര്‍ന്നുനിന്ന് സഭാത്മകമായി ജീവിക്കുവാനും പ്രവര്‍ത്തിക്കുവാനും വിളിക്കപ്പെട്ടവരാണ്. അവര്‍ ഈശോമിശിഹായുടെ സുവിശേഷം പ്രഘോഷിക്കുവാനും അവിടുത്തെ ബലിയര്‍പ്പണത്തില്‍ സഭാത്മകമായ രീതിയില്‍ പങ്കുചേരുവാനും അവിടുത്തെ നാമത്തിലും (in persona Christi) അവിടത്തോട് ചേര്‍ന്നും ബലിയര്പ്പിക്കേണ്ടവരാണ്. പുരോഹിതന് ദൈവജനത്തെ ദൈവത്തിലേക്ക് നയിക്കേണ്ടവനാണ്. ദൈവത്തിന് പകരം നില്ക്കേണ്ടവനല്ല. ദൈവജനം പുരോഹിതന്റെ മുഖത്ത് നോക്കിയല്ല പ്രാര്‍ത്ഥിക്കേണ്ടത്; പ്രത്യുത, വിശ്വാസികള്‍ പുരോഹിതന്റെ നേതൃത്വത്തില്‍ ഒരു സമൂഹമായി ദൈവത്തോടാണ് പ്രാര്‍ത്ഥിക്കേണ്ടത്. കര്‍ത്താവ് വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത് ഒരു പെസഹാത്തിരുനാളിലായിരുന്നു. പെസഹാ ഭക്ഷണം ഒരുക്കുവാനാണ് അവിടുന്ന് ശിഷ്യരോട് ആവശ്യപ്പെട്ടത്. അവിടുന്ന് ശിഷ്യരോടൊപ്പം ഒരു ഗണമായി ജെറുസലേമിലേക്ക് തിരിഞ്ഞു നിന്നുകൊണ്ടാണ് പെസഹാ ആചരിച്ചത്; അല്ലാതെ അവിടുന്ന് മേശയുടെ ഒരു വശത്തും ശിഷ്യന്മാര് മറുവശത്തു നിന്നുകൊണ്ട് അവിടുന്നിലേക്ക് ദൃഷ്ടികള്‍ ഉറപ്പിച്ചുകൊണ്ടുമല്ല. വിശുദ്ധ കുര്‍ബാന ഒരു ഓര്‍മ്മ ആചരണമാണ്; ഈശോയുടെ ഏറ്റവും വലിയ അനുസരണത്തിന്റെ ഓര്‍മ്മ; കാല്‍വരിയിലെ ബലി അനുസരണത്തിന്റെ ബലിയായിരുന്നു. ആ അനുസരണത്തിന്റെ ബലി അനുസരണക്കേടിലൂടെ അര്‍പ്പിക്കുക എന്നത് തങ്ങളുടെ അവകാശമായി കരുതുന്ന വിമത വൈദികരും അത്മായരും സഭയെ നശിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലാണ് വ്യാപൃതരായിരിക്കുന്നത്. അത് തിന്മയുടെ പ്രവര്‍ത്തനമാണ്; വര്‍ജ്ജിക്കേണ്ടതും അപലപിക്കപ്പെടേണ്ടതുമാണ്. ആ തിന്മയുടെ ശക്തിയുടെ സ്വാധീനത്തില്‍പ്പെടാതെ, അഥവാ ആ സ്വാധീനത്തില്‍നിന്ന് മോചിതരായി, സഭയോടൊത്ത് ചിന്തിക്കുവാനും ചരിക്കുവാനും ആര്‍ജ്ജവം കാണിച്ച എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാര് നമ്മുടെ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനാശംസകളും അര്‍ഹിക്കുന്നു.
– ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ