ഒരു സ്വാന്തന്ത്ര്യ ദിനാഘോഷം കൂടി …
സ്ഥാപിത താല്പര്യങ്ങളോ, അധികാര മോഹങ്ങളോ ഇല്ലാതെ, ഇന്ത്യ എന്ന ഒറ്റ വികാരത്താൽ നയിക്കപ്പെട്ടും ജ്വലിക്കപ്പെട്ടും, സ്വജീവൻ പോലും ത്യജിച്ച ഒരു കൂട്ടം ആളുകളുടെ വീരേതിഹാസത്തിനു കാലം കാത്തുവച്ച സമ്മാനമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം; സ്വന്തം മണ്ണിൽ തലയുയർത്തി നിൽക്കുന്നതിന് അവനെ പ്രാപ്തനാക്കാനായി ഒരു കൂട്ടം ആളുകൾ ഒഴുക്കിയ വിയർപ്പിന്റെയും കണ്ണീരിന്റെയും രക്തത്തിന്റെയും ഫലം.
എന്നാൽ ഇന്ന്,
അടിച്ചമർത്തലും മാറ്റിനിർത്തലും വേലികെട്ടലും ചവിട്ടിതാഴ്ത്തലും എല്ലാം സ്വന്തം മണ്ണിൽ, സഹോദരങ്ങൾ ഏറ്റെടുത്തുവെന്നത് വിരോധാഭാസം …
മതേതരത്വം അപേക്ഷികവത്കരിക്കപ്പെടുകയോ സ്വകാര്യവത്കരിക്കപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നു. സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഗീതം പാടിയിരുന്ന ഒരു ജനത അന്യവത്കരണത്തിന്റെ വേലിക്കെട്ട് പണിയുന്നിടത്തു വരെ ഇന്ന് എത്തപ്പെട്ടിരിക്കുന്നു എന്നതാണ് “വളർച്ച” ആയി ചൂണ്ടികാണിക്കാനുള്ളത് എന്നത് സ്വാതന്ത്ര്യ സമരത്തെയും ആ സമരനായകരെയും പുനർവായന നടത്താൻ നമ്മെ പ്രേരിപ്പിക്കേണ്ടിയിരിക്കുന്നു.
സമൂഹ ജീവിയായ മനുഷ്യൻ പരാശ്രയ ബോധം വീണ്ടെടുത്ത്, ആപേക്ഷികവത്കരിക്കപ്പെട്ട നീതിയെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമുള്ള തൃഷ്ണ വെടിയുന്നിടത്താണ് യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ നാൾ വഴികൾ ആരംഭിക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ ഈ ദിവസവും ആഘോഷങ്ങളും അർത്ഥപൂർണമാവും.
മനുഷ്യത്വം ഉരിഞ്ഞു കളഞ്ഞ മനുഷ്യരും ദൈവത്തെ മാറ്റിവച്ച മതങ്ങളും ഒന്ന് ചേർന്ന് പുതിയൊരു മതേതര സംസ്കരം പണിതു തുടങ്ങിയപ്പോൾ അത് അന്ത: ഛിദ്രങ്ങൾക്കു കാരണമായി എന്നത് സ്വാതന്ത്ര്യസ്മരണയുടെ നാളിൽ ഒരു വേദനയുടെ ഓർമ്മകുറിപ്പാകുന്നു.
ഇന്ന് കത്തോലിക്കാ സഭാ പരി. അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളും ആഘോഷിക്കുന്നു.
സ്വന്തം ഇഷ്ടങ്ങളെക്കാളും സ്വകാര്യവത്കരിക്കപ്പെട്ട സന്തോഷത്തേക്കാളും സഹോദര – സമൂഹ നന്മ കാംഷിക്കുന്നതാണ് സ്വാതന്ത്ര്യത്തിന്റെ ശരിയായ അർത്ഥമെന്നു , ദൈവേഷ്ടത്തോട് ” ആമേൻ ” പറഞ്ഞതിലൂടെ പഠിപ്പിച്ചു തരുന്നു പരി. ‘അമ്മ.
യഥാർത്ഥ സ്വാതന്ത്ര്യം, യുക്തിയില്ലാത്ത ചിന്തകളുടെ കുഴലൂത്തുകളെക്കാൾ സമൂഹ നന്മയെ പ്രതി ദൈവനാമത്തിൽ ഏറ്റെടുക്കുന്ന ഇത്തിരി നോവുകളിലാണ് എന്നത് തിരിച്ചറിഞ്ഞു പക്വതയോടെ അതിനെ അഭിമൂഖീകരിക്കുന്നതാണ് എന്ന സത്യം അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
വളരട്ടെ നമ്മുടെ ചിന്തകൾ … ഉയരട്ടെ നമ്മുടെ മാനം … പുൽകാം നമുക്ക് സഹോദരങ്ങളെ …ത്രിവർണ്ണ പതാകയ്ക്കൊപ്പം പാറി കളിക്കട്ടെ നമ്മുടെ സ്നേഹദൂതും സഹോദര്യത്തിൻ കിളിക്കൂടും.
സ്വർഗ്ഗാരോപണ തിരുനാളിൻ പുണ്യങ്ങളും സ്വാതന്ത്ര്യദിനത്തിന് അഭിമാനവും നേരുന്നു സ്നേഹത്തോടെ …
Ben Joseph