ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷപ്രസംഗങ്ങളുടെ കേള്‍വിയില്‍നിന്നാണു വിശ്വാസം ജനിക്കേണ്ടത് എന്ന് തിരുവചനം പ്രഖ്യാപിക്കുമ്പോഴും കേട്ടറിഞ്ഞ വിശ്വാസത്തിന് സഭാചരിത്രസംഭവങ്ങളുടെ കാഴ്ചയിലൂടെ കൂടുതൽ ഉറപ്പു ലഭിക്കുന്നു എന്ന അനുഭവമാണ് റോമാനഗരത്തിലെ പത്രോസിന്‍റെയും പൗലോസിന്‍റെയും ബസിലിക്കകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്നത്. എ.ഡി 67 ജൂണില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാർ റോമില്‍ രക്തസാക്ഷികളായി എന്നാണ് സഭയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ വർഷവും ജൂണ്‍ 29 ഇവരുടെ രക്തസാക്ഷിത്വദിനമായി സാർവ്വത്രികസഭ ആചരിക്കുന്നു.

പത്രോസ് ശ്ലീഹ അന്ത്യവിശ്രമം കൊള്ളുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ അദ്ദേഹത്തിന്‍റെ കല്ലറയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ ഗലീലാക്കടല്‍ത്തീരത്തു വലവീശിക്കൊണ്ടിരുന്ന മുക്കുവനായ ശീമോനെയും കേസറിയാ ഫിലിപ്പിയ പ്രദേശത്തുവച്ച് സ്വര്‍ഗ്ഗസ്ഥ പിതാവിന്‍റെ വെളിപാടുകള്‍ക്ക് പാത്രീഭവിച്ച ശിഷ്യപ്രമുഖനായ ശീമോനെയും രൂപാന്തരീകരണ മലയില്‍ സൂര്യശോഭയോടെ നില്‍ക്കുന്ന മശിഹായുടെ വിശ്വസ്തസാക്ഷിയായ ശീമോനെയും നമ്മള്‍ ഓര്‍മ്മിക്കും. സുവിശേഷത്തിലൂടെ സഞ്ചരിച്ച പത്രോസ് പിന്നെ സുവിശേഷത്തിനു വെളിയിൽ സഭയുടെ ചരിത്രത്തിലൂടെ ദീര്‍ഘവര്‍ഷങ്ങള്‍ സഞ്ചരിച്ചു, റോമായിലെത്തിയ അദ്ദേഹം അവിടെ “നിത്യപ്രകാശത്തെക്കുറിച്ചും ആത്മാക്കള്‍ക്ക് രക്ഷനല്‍കുന്ന സത്യവചനത്തെക്കുറിച്ചും പ്രസംഗിച്ചു” കൊണ്ട് തിരുസ്സഭയുടെ ചരിത്രത്തിന്‍റെ ഭാഗമായി.

ഗുരുവിനെപ്പോലെ മരിക്കാനുള്ള യോഗ്യതയില്ലെന്ന് ഏറ്റുപറഞ്ഞതിനാല്‍ തലകീഴായി ക്രൂശിക്കപ്പെട്ട ബര്‍ യോനാ ശീമോന്‍റെ ജീവിതത്തിന്‍റെ ഫിനിഷിംഗ് പോയിന്‍റാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ അസ്ഥിവാരത്തോടു ചേര്‍ന്നുള്ള ആ കല്ലറ. “എന്‍റെ വേര്‍പാടിനു ശേഷവും നിങ്ങള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കാന്‍ വേണ്ടതു ഞാന്‍ ചെയ്യും” (2 പത്രോസ് 1:15) എന്ന ശ്ലീഹായുടെ പ്രഖ്യാപനം ആ കബറിങ്കല്‍ പൂര്‍ത്തീകരിക്കപ്പെടുന്നതായി നമുക്കനുഭവപ്പെടും. “നീ പത്രോസാണ്, ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും, നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല” എന്ന വചനത്തിന്‍റെ ഗാംഭീര്യം വെളിപ്പെടുന്ന ഇടമാണ് സെന്‍റ് പീറ്റേഴ്സ് ബസലിക്ക.

സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ വലതുഭാഗത്ത് സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ വാഹകനായി പത്രോസ് ശ്ലീഹ തലമുറകളെ നോക്കിനില്‍ക്കുന്ന കാഴ്ച മഹത്തരമാണ്. പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനം സ്വജീവിതത്തിൽ ഏറ്റുപറഞ്ഞ ഓരോ ക്രിസ്തുവിശ്വാസിയും ആദരവോടെയും അഭിമാനത്തോടെയുമാണ് ബസിലിക്കയുടെ തിരുമുറ്റത്തു പ്രവേശിക്കുന്നത്. ബസിലിക്കയുടെ തെക്കുഭാഗത്ത് വചനത്തിന്‍റെ വാളേന്തിയ പൗലോസ് ശ്ലീഹ നിൽക്കുന്നു. രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും ആ കണ്ണുകളിലെ തീഷ്ണത മങ്ങിയിട്ടില്ല.

ഈ ശ്ലീഹാമാരുടെ ജീവിതം ഇന്നും ജനകോടികളെ ക്രിസ്തുവിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. തിരുസ്സഭയുടെ അടിസ്ഥാനശിലകളായ ഇരുവരുടെയും രക്തസാക്ഷിത്വം ഒരേ ദിവസത്തിലായിരുന്നു എന്നാണ് ചരിത്രലിഘിതങ്ങള്‍ നല്‍കുന്ന സാക്ഷ്യം. പ്രതികൂലങ്ങളുടെയും പീഡനങ്ങളുടെയും തീച്ചൂളയിലൂടെ കടന്നുപോകുന്ന ഓരോ ക്രിസ്തുഭക്തനും പ്രത്യാശയുടെ ഉറപ്പും ധൈര്യവും നൽകുന്ന ജീവിതമായിരുന്നു രക്തസാക്ഷിത്വത്തിന്‍റെ ബലിവേദിയില്‍ പാനീയയാഗമായിത്തീര്‍ന്ന പത്രോസ് പൗലോസ് ശ്ലീഹാമാരുടേത്.

നാലാം നൂറ്റാണ്ടിലെ സഭാചരിത്രകാരനായ യൗസേബിയസ് പംഫീലസിന്‍റെ (Eusebius Pamphilus) സഭാചരിത്രത്തില്‍ (വാള്യം 2, അധ്യായം 14, ഖണ്ഡിക 6) പറയുന്നത് “ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഭരണത്തിന്‍റെ രണ്ടാം വര്‍ഷത്തില്‍ ശക്തനും മഹത്വമുള്ളവുമായ പത്രോസ് കിഴക്കുനിന്നും പടിഞ്ഞാറുദേശത്ത് (റോമില്‍) വന്ന് പ്രകാശത്തെക്കുറിച്ചും ആത്മാക്കള്‍ക്കു രക്ഷനല്‍കുന്ന വചനത്തെക്കുറിച്ചും സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും പ്രസംഗിച്ചു” എന്നാണ്. “നീറോ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് പത്രോസിനെ ക്രൂശിച്ചുവെന്നും പൗലോസിനെ ശിരഛേദം ചെയ്തുവെന്നും” എവുസേബിയസ് രേഖപ്പെടുത്തിയിട്ടുണ്ട്, (വോള്യം 2: അധ്യായം 25, ഖണ്ഡിക 5).

രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കായൂസിന്‍റെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് എവുസേബിയസ് സഭാചരിത്രത്തില്‍ എഴുതിയിരിക്കുന്നതു പത്രോസ് പൗലോസ് അപ്പൊസ്തൊലന്മാരുടെ രക്തസാക്ഷിത്വം റോമില്‍ സംഭവിച്ചിരുന്നു എന്നതിന്‍റെ ആധികാരികമായ തെളിവാണ്. ആറാം ഖണ്ഡികയില്‍ അദ്ദേഹം എഴുതി: “ശ്ലീഹന്മാരുടെ ട്രോഫികള്‍ (സ്മാരകങ്ങള്‍) ചൂണ്ടിക്കാണിക്കാന്‍ എനിക്കു കഴിയും. വത്തിക്കാനിലേക്കോ ഓസ്തിയന്‍ വഴിയിലേക്കോ വരാന്‍ താങ്കള്‍ക്കു മനസ്സുണ്ടെങ്കില്‍ ഈ സഭ സ്ഥാപിച്ചവരുടെ ട്രോഫികള്‍ കാണാന്‍ സാധിക്കും” (വോള്യം 2: അധ്യായം 25, ഖണ്ഡിക 7)

ഓസ്തിയൻസിൽ നിന്നും ലോറൻ്റിന വഴി വരുമ്പോൾ റോഡരികിൽ “ത്രെ ഫൊന്താനെ” (Abbazia delle Tre Fontane) എന്ന പൗലോസിൻ്റെ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള ബോർഡു കാണാം. അദ്ദേഹത്തിൻ്റെ തടവറ സ്ഥിതിചെയ്തിരുന്ന ഇടം ഇപ്പോള്‍ “സ്കാലാ കൊയിലി” (Chiesa di Sancta Maria Scala Coeli) എന്ന പേരുള്ളൊരു ദേവാലയമാണ്. “ട്രാപ്പിസ്റ്റ്” സന്യാസിമാരാണ് (The Trappists, officially known as the Order of Cistercians of the Strict Observance) പൗലോസ് ശ്ലീഹായുടെ അന്ത്യദിനങ്ങളുടെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ചരിത്രസ്മാരകത്തിന്‍റെ ഇന്നത്തെ സൂക്ഷിപ്പുകാര്‍. നിശ്ശബ്ദതയിലും ധ്യാനത്തിലും പ്രാര്‍ത്ഥനയിലുമായി ജീവിതം സമര്‍പ്പിച്ചിരിക്കുന്നവരാണ് ട്രാപ്പിസ്റ്റ് സന്യാസികള്‍. ഇവരുടെ മൊണാസ്ട്രിയും ഇവിടെ സ്ഥിതിചെയ്യുന്നു.

പുറംലോകത്തോടു യാതൊരു ബന്ധവുമില്ലാതെ യാമങ്ങള്‍ തോറുമുള്ള പ്രാര്‍ത്ഥനകളുമായി കഴിഞ്ഞുകൂടുന്ന ട്രാപ്പിസ്റ്റ് സന്യാസിമാരുടെ സാന്നിധ്യം ഈ പവിത്രസ്മാരകത്തിന്‍റെ പ്രശാന്തതയ്ക്ക് അനിവാര്യമാണെന്ന് സമ്മതിക്കേണ്ടിവരും. സഭയ്ക്കുവേണ്ടി ഈശോമശിഹാ സഹിച്ച പീഡകളില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ അത് ഞാന്‍ എന്‍റെ ശരീരത്തില്‍ പൂരിപ്പിക്കുന്നുവെന്ന ബോധ്യത്തോടെ സുവിശേഷത്തിനായി ജീവിതംസമര്‍പ്പിച്ച താര്‍സൂസിലെ സാവൂളിന്‍റെ പ്രോജ്ജ്വലമായ ഓര്‍മ്മകളുടെ പരിപാവനത നിലനിര്‍ത്തുവാന്‍ നിശ്ശബ്ദത കൂടിയേ കഴിയൂ. അതിനാല്‍ ത്രേ ഫൊന്താനയുടെ കവാടത്തില്‍ തന്നെ നിശ്ശബ്ദത ആവശ്യപ്പെട്ടുകൊണ്ടു നില്‍ക്കുന്ന വിശുദ്ധ ബര്‍ണാഡിന്‍റെ ഒരു പ്രതിമയുണ്ട്. അവിടംമുതല്‍ നമ്മള്‍ നിശ്ശബ്ദതയിലേക്ക് ആഴ്ന്നിറങ്ങുന്നതായി അനുഭവപ്പെടും.

പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിൽ താൻ കടന്നു പോകുന്ന പീഡനപർവ്വങ്ങളുടെ വിവരണങ്ങളെല്ലാം ഒന്നൊന്നായി നമ്മുടെ ഓർമ്മകളിൽ തെളിഞ്ഞുവരും. അദ്ദേഹത്തിൻ്റെ വിശ്വാസ ജീവിതയാത്ര ഒടുവിൽ ഈ മണ്ണിലാണ് എത്തിച്ചേർന്നത്! തന്നെ “ചങ്ങല ധരിച്ച ക്രിസ്തുവിൻ്റെ സ്ഥാനപതിയായി” (I am an ambassador in chains -Ephesians 6:20) സ്വയം വിശേഷിപ്പിച്ച പൗലോസിൻ്റെ കാലടികൾ പതിഞ്ഞ മണ്ണിലാണ് നിൽക്കുന്നത് എന്ന ചിന്ത നമ്മെ ഏറെ വൈകാരികമാക്കും, നിറകണ്ണുകളോടെ മാത്രം നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഈ തീര്‍ത്ഥാടനത്തിന് നിശ്ശബ്ദതയേക്കാള്‍ നല്ലൊരു സഹചാരിയെ നമുക്കു ലഭിക്കില്ല.

സ്കാലാ കൊയിലി ദേവാലയത്തിൻ്റെ അടിഭാഗത്താണ് പൗലോസ് ശ്ലീഹായുടെ ജയിലറ സ്ഥിതി ചെയ്യുന്നത്. അവിടേക്കുള്ള പടിയിറങ്ങുന്നിടത്ത് ഭിത്തിയില്‍ “വിശുദ്ധ പൗലോസിന്‍റെ തടവറ” (Cripta Prigione di San Paolo) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിവച്ചിരിക്കുന്ന ബോര്‍ഡു കാണാം. പടിയിറങ്ങി താഴെയെത്തിയപ്പോള്‍ വേനലില്‍പോലും അസഹനീയമായ തണുപ്പ് അനുഭവപ്പെട്ടു.

തടവറയുടെ ഭിത്തിയുടെ ഒരു വശത്ത് കമ്പിവലയിട്ട രണ്ട് ജനലുകളുണ്ട്. ഈ രണ്ട് ജനലുകള്‍ക്കും മധ്യേയുള്ള ഭിത്തിയില്‍ ഒരു കുരിശും അതിനു മുന്നില്‍ നിത്യേന എരിഞ്ഞുകത്തുന്ന മെഴുതിരികളുമുണ്ട്. കമ്പിവലയിട്ട ഈ ജനലുകള്‍ക്കിടയിലൂടെ നോക്കിയാല്‍ രക്തസാക്ഷിത്വത്തിനു മുമ്പ് ശ്ലീഹായെ പാര്‍പ്പിച്ച റോമൻ തടവറ കാണാം. കല്ലില്‍ തീര്‍ത്ത ഒരു ചെറിയ ഇരിപ്പിടം അതിലുണ്ട്. ശ്ലീഹാ തൻ്റെ അന്ത്യദിനങ്ങളിൽ കിടന്നുറങ്ങിയത് വെറും മണ്‍തറയിലായിരുന്നു. അതെല്ലാം അപ്രകാരംതന്നെ നിലനിര്‍ത്തിയിരിക്കുന്നു. തടവറയുടെ ഒരു ഭാഗത്ത് ഭിത്തിയില്‍ ഒരു ദ്വാരമുണ്ട്. അതിലൂടെയായിരുന്നത്രെ “തടവുപുള്ളി”ക്ക് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നത്. കടുത്ത നിശ്ശബ്ദത വ്യാപരിക്കുന്ന ഈ അന്തരീക്ഷത്തില്‍ പൗലോസിന്‍റെ ശബ്ദം പ്രതിധ്വനിക്കുന്നു ”എനിക്ക് ജീവിക്കുന്നത് ക്രിസ്തുവം മരിക്കുന്നത് നേട്ടവുമാണ്”

തടവറയിൽ നിന്നും നൂറു മീറ്റർ അകലെ രക്തസാക്ഷിത്വത്തിൻ്റെ ബലിവേദിയിലേക്കു ശ്ലീഹാ നടന്നുപോയ കല്ലുപാകിയ വഴി പ്രത്യേകം വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇതിലൂടെ നടന്നുചെന്നാണ് പൗലോസ്ശ്ലീഹാ ആരാച്ചാര്‍ക്കു മുന്നില്‍ തന്‍റെ ശിരസ്സ് വച്ചുകൊടുത്തത്. “ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു, എന്‍റെ വേര്‍പാടിന്‍റെ സമയം സമാഗതമായി” (2 തിമോ 4:6) എന്ന് തിമോത്തിയെ എഴുതി അറിയിച്ചതിൻ്റെ സാക്ഷാത്കാരം സംഭവിച്ചു! കല്ലേറുകൊണ്ട് രക്തസാക്ഷിയാകുന്നതിനു മുമ്പ് സ്തെഫാനോസ് ദര്‍ശിച്ചതുപോലെ മഹത്വത്തിന്‍റെ വലതുഭാഗത്ത് എഴുന്നേറ്റുനിന്ന് ദൈവപുത്രന്‍ തന്നെ അഭിവാദ്യം ചെയ്യുന്നതു പൗലോസും കണ്ടുകാണും! ഇത് പൗലോസിന്‍റെ ചോര വീണ മണ്ണാണ്…!ഈശോമശിഹായുടെ വിശ്വസ്തസാക്ഷിയുടെ ആത്മാവിനെ സ്വീകരിക്കാന്‍ ദൈവദൂതന്മാര്‍ ഇറങ്ങിവന്നതും ഇവിടെയാണ്! വിശ്വാസത്തിന്‍റെ കേള്‍വിയെ മഹനീയമാക്കുന്ന കാഴ്ചയാണ് റോമാ നഗരത്തിനു വെളിയിലുള്ള ത്രെ ഫൊന്താന.

പൗലോസ് സ്ലീഹായുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് റോമാ നഗരത്തിനു വെളിയിലുള്ള സെന്‍റ് പോള്‍സ് ബസിലിക്കയുടെ അടിയിലാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവർ നിരന്തരം ഇവിടെ സന്ദര്‍ശകരായി എത്തുന്നു.

പത്രോസിന്‍റെ ബസിലിക്കയും പൗലോസിന്‍റെ ബസിലിക്കയും വിശ്വാസത്തിന് കാഴ്ചയാലുള്ള ഉറപ്പാണ് നൽകുന്നത്. ഈ ശ്ലീഹന്മാരുടെ ജീവരക്തങ്ങളില്‍ ആണ് ക്രിസ്തുവിന്‍റെ സഭ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

“അവന്‍ അഞ്ചാമത്തെ മുദ്രതുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു.

വലിയ സ്വരത്തില്‍ അവര്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരുടെമേല്‍ ന്യായവിധി നടത്തി ഞങ്ങളുടെ രക്തത്തിനു പ്രതികാരം ചെയ്യാന്‍ അങ്ങ്‌ എത്രത്തോളം വൈകും?

അവര്‍ക്ക്‌ ഓരോരുത്തര്‍ക്കും ധവളവസ്‌ത്രം നല്‍കപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹദാസരുടെയും സഹോദരരുടെയും എണ്ണം തികയുന്നതുവരെ അല്‍പസമയംകൂടി വിശ്രമിക്കാന്‍ അവര്‍ക്കു നിര്‍ദേശം കിട്ടി”

(വെളിപാട്‌ 6 : 9-11)

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്