(ഉയിർപ്പ്കാലം രണ്ടാം ഞായർ – പുതുഞായർ)
ഈസ്റ്റർ ഞായറാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന്റെയും നിലനിൽപ്പിന്റെയും പ്രത്യാശയുടെയും കാരണമാണ്. ഈശോയുടെ ഉയിർപ്പ് നമുക്കു നൽകുന്ന അതേ ദിവ്യരഹസ്യമാണ് ഉയിർപ്പിന്റെ എട്ടാംനാൾ പുതുഞായറിലും നാം അനുസ്മരിക്കുന്നത്. ഉത്ഥിതന്റെ പ്രധാന പ്രത്യക്ഷപ്പെടലെല്ലാം ഞായറാഴ്ചകളിലാണ്. തോമായുടെ ഞായറിന്റെ പ്രത്യേകതയും ഇതു തന്നെയാണ്. പുതുഞായർ വലിയ നവീകരണത്തിന്റെ ദിവസമാണ്.
പുതുഞായറിൽ ഉത്ഥിതൻ തോമാശ്ലീഹായ്ക്കു പ്രത്യക്ഷപ്പെടുകയും അതുവഴി ശിഷ്യന്മാർ വിശ്വാസത്തിൽ ഉറപ്പിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്നു. സഭയിലാകമാനം സംജാതമാകേണ്ട ഉണർവിന്റെയും ഐക്യത്തിന്റെയും വിശുദ്ധ പാരന്പര്യങ്ങളുടെ വിശേഷവിധിയായി നസ്രാണികൾക്കു തോമാശ്ലീഹായിലൂടെ ലഭിച്ച മിശിഹാനുഭവത്തിന്റെയും അനുസ്മരണദിനമാണിത്. ഭാരതനസ്രാണികൾ മാർത്തോമായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വർഷത്തിലേക്ക് പ്രവേശിക്കുന്പോൾ ഈ പുതുഞായറിന് ഏറെ പ്രാധാന്യമുണ്ട്. ശ്ലീഹ കേരളക്കരയിലിറങ്ങിയ കൊടുങ്ങല്ലൂരും ഗുജറാത്തിലെ ബാറൂച്ചും ഏഴരപ്പള്ളികളായ കൊടുങ്ങല്ലൂർ, പാലയൂർ, കോക്കമംഗലം, പറവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, ചായൽ (നിലയ്ക്കൽ), തിരുവാംകോട് എന്നിവയും പാദസ്പർശത്താൽ അനുഗൃഹീതമായ മലയാറ്റൂരും പുണ്യകുടീരം സ്ഥിതി ചെയ്യുന്ന മൈലാപ്പൂർ ചിന്നമലയും ഓരോ നസ്രാണിയുടെയും സിരയിലൂടെ ഒഴുകുന്ന ചുടുനിണം പോലെയാണ്. മലയാറ്റൂർ മലകയറ്റംതന്നെ ഏറ്റം സജീവത്തായ തോമാ പാരന്പര്യത്തെയാണ് പ്രഘോഷിക്കുന്നത്. ഓരോ നസ്രാണിയും ഒരിക്കലെങ്കിലും ഈ മലകയറാൻ ആഗ്രഹിക്കുന്നു. അനശ്വരമായ നസ്രാണി പാരന്പര്യത്തിന്റെ ഒരു സാക്ഷ്യമാണിത്.
ധീരനായ തോമാ
തോമാ ആവശ്യപ്പെട്ടത് ഉത്ഥിതനെ കാണാനുള്ള തന്റെ അവകാശമാണ്. തോമാ മിശിഹായുടെ തിരുമുഖത്തിന്റെ ഉത്തമ പരിഭാഷയാണ്. അവിശ്വസിച്ച തോമായെയല്ല, ആഴമായി വിശ്വസിച്ച തോമായെയാണ് നമ്മൾ സുവിശേഷത്തിൽ കാണുന്നത്. മറ്റു ശിഷ്യന്മാർ മൗനം പാലിച്ചപ്പോൾ തോമാ പറഞ്ഞു: നമുക്കും അവന്റെ കൂട്ടത്തിൽ പോയി മരിക്കാം. മിശിഹായെ കൂടാതെ ജീവിക്കുന്നതിനേക്കാൾ മിശിഹായോടുകൂടി മരിക്കാനാണ് തോമാ ആഗ്രഹിച്ചത് (യോഹ. 11:16). യഥാർഥ വഴി താൻ തന്നെയാണെന്ന് ഈശോയെക്കൊണ്ടു പറയിപ്പിച്ചവനാണ് തോമാ. ഈ തോമായാണ് ഉത്ഥിതന്റെ ദർശനവും സഹവാസവും അവകാശത്തോടുകൂടി ആഗ്രഹിച്ചത്. എന്റെ കർത്താവേ, എന്റെ ദൈവമേ (മാർ വാലാഹ്) എന്ന ഏറ്റം സുന്ദരവും ശ്രദ്ധേയവുമായ വിശ്വാസപ്രഖ്യാപനത്തിൽ എത്തിയതുമൂലം ശ്ലീഹന്മാരിൽത്തന്നെ ഏറ്റവും ശ്രദ്ധേയനായി. ഈസ്റ്ററിനോട് ഏറ്റവും അടുത്ത ഞായറാണ് പുതുഞായർ. ഈസ്റ്ററിന്റെ ഉള്ളടക്കം തന്നെയാണ് പുതുഞായറിന്റെ ഉള്ളടക്കവും – ഉത്ഥിതനെ കണ്ടുമുട്ടുക. ഈസ്റ്ററിന്റെ എട്ടാം നാൾ ഈസ്റ്ററിന്റെ വിസ്മയം തന്നെയാണ് ഒന്നുകൂടി വെളിപ്പെടുത്തുന്നത്. ഈസ്റ്ററിനോട് ഏറ്റം ചേർന്നു നിൽക്കുന്ന ശക്തമായ ഒരു ദൈവാനുഭവത്തിന്റെ വിശദാംശങ്ങളാണ് പുതുഞായറിൽ കാണുന്നത്. ആവർത്തിക്കപ്പെടുന്ന ഈസ്റ്ററാണ് പുതുഞായർ. തോമാ കാർക്കശ്യക്കാരനും ധീരനും സത്യാന്വേഷിയും തനതാത്മകതയുള്ള ചിന്തകനുമായതുകൊണ്ടാണ് ഈ വലിയ വിശ്വാസപ്രഖ്യാപനം നമുക്കു ലഭിച്ചത്.
തോമായുടെ പൈതൃകം
ഏറ്റം വലിയ പിടിവാശിക്കാരനോട് ഉത്ഥിതൻ പറഞ്ഞു; നിന്റെ വിരൽ എന്റെ വിലാപുറത്ത് ഇടുക. പുലിപോലെ നിന്ന തോമാ കുഞ്ഞാടിനെപ്പോലെ കൈ നീട്ടി ഉത്ഥിതന്റെ പക്കലേക്കു പാഞ്ഞെത്തുകയാണ്. ഏറ്റം വലിയ റിബൽ അനുസരണത്തിന്റെ സമർപ്പിതനാവുകയാണ്. റോമാ സാമ്രാജ്യത്തിന് പുറത്ത് തനതാത്മകതയുള്ള ഒരു ആധ്യാത്മിക സാമ്രാജ്യം സ്ഥാപിക്കാനായിരുന്നു അത്. കീഴടങ്ങിയപ്പോൾ ഏറ്റം വലിയ വിശ്വാസപ്രമാണം നാം ഏറ്റുവാങ്ങുകയാണ്. എന്നെ തൊടരുത് എന്നാണ് മഗ്ദലനയോട് ഉത്ഥിതൻ പറഞ്ഞതെങ്കിൽ, വന്നു തൊടുക എന്നാണ് തോമായോടു പറഞ്ഞത്. ഈസ്റ്ററിൽ ഈശോയാണ് കേന്ദ്രസ്ഥാനത്തെങ്കിൽ പുതുഞായറിൽ കേന്ദ്രസ്ഥാനത്ത് തോമായാണ്, ശിഷ്യന്മാരാണ്. മറ്റു ശിഷ്യന്മാരെല്ലാം പ്രധാനമായും റോമാസാമ്രാജ്യത്തിനുള്ളിലൊതുങ്ങിയപ്പോൾ മറ്റു സാമ്രാജ്യങ്ങൾക്കും ജനതകൾക്കും ലഭിച്ച ഭാഗ്യമാണ് തോമാ. അത്യുജ്വലമായ ഒരു ശ്ലൈഹികപാരന്പര്യവും താപസ ജീവിതശൈലി തന്നെയും തോമായുടെ മിശിഹാനുഭവത്തിൽനിന്നു കൈവന്നതാണ്. റോമാ സാമ്രാജ്യത്തിനു പുറത്തുള്ള രാജ്യങ്ങളെല്ലാം വാസ്തവത്തിൽ തോമായോട് ബന്ധിതമാണ്. ഭാരതത്തിന്റെ മാത്രമല്ല അന്ന് അറിയപ്പെടാതെ നിൽക്കുന്ന എല്ലാ ദേശത്തിന്റെയും ശ്ലീഹായായ തോമാ വിശ്വാസംവഴി അവരെയെല്ലാം ഉറപ്പുള്ളവരാക്കി .
വിശ്വസിക്കേണ്ടതിനായി സംശയിക്കുന്നു
തോമാ വാശിപിടിച്ചതു തോമായുടെ സംശയം വലുതായതുകൊണ്ടല്ല, തോമായുടെ സ്നേഹവും ഉത്ഥിതനെ കാണാത്തതിലുള്ള ദുഃഖവും വലുതായതുകൊണ്ടാണ്. ഉറപ്പുള്ള വിശ്വാസത്തിലേക്ക് എത്തുന്നതിൽ ശരിയായ സംശയത്തിനും നിർണായകമായ സ്ഥാനമുണ്ട്. തോമായുടെ കാര്യത്തിൽ, വിശ്വസിക്കേണ്ടതിനായി ഞാൻ സംശയിക്കുന്നു എന്നു പറയുന്നതിൽ ഒരു തെറ്റുമില്ല. വിശുദ്ധ യോഹന്നാൻ തോമായെക്കുറിച്ചു പറയുന്ന മൂന്നു തിരുവചനഭാഗങ്ങളും തോമായെ ഒന്നാംകിട വിശ്വാസിയും മിഷനറിയും ശ്ലീഹായുമാക്കി. ഭാരതത്തിലെ സഭ, മിശിഹായുടെ സഭയുടെ ഏറ്റവും മൂലരൂപത്തോട് ആരംഭകാലം മുതലേ ബന്ധപ്പെട്ടു നിൽക്കുന്നു. ചരിത്രപരമായ അപ്പസ്തോലികതയുടെ ഏറ്റവും വലിയ തെളിവാണ് ഭാരത നസ്രാണികൾ; അറമായ ഭാഷയുടെ അനന്തരാവകാശികളും.
എന്റെ കർത്താവേ, എന്റെ ദൈവമേ
മുറിപ്പാടുകളിലൂടെ വ്യക്തമാക്കപ്പെടുന്ന ദൈവികതയാണ് പുതുഞായറിന്റെ കാതൽ. ഷാലോം എന്നുപറയുന്നത് രോഗമില്ലാത്ത അവസ്ഥയല്ല, പൂർണ്ണ ശാരീരിക സൗഖ്യത്തിലായിരിക്കുന്ന അവസ്ഥയുമല്ല. ഷാലോം എന്നത് ദൈവസാന്നിദ്ധ്യത്തിന്റെയും അതിന്റെ അംഗീകാരത്തിന്റെയും അവസ്ഥയാണ്. സൗഖ്യമെന്നത് ആത്യന്തികമായി മനുഷ്യനെ ദൈവത്തോട് ബന്ധപ്പെടുത്തിനിർത്തുന്പോൾ മാത്രം ലഭിക്കുന്ന ഒന്നാണ്.
സൗഖ്യമാക്കൽ കൂട്ടായ്മയിൽനിന്നു ലഭിക്കേണ്ടതാണ്. ദൈവത്തിന്റെ സാന്നിധ്യം ഒരുമിച്ച് ആഘോഷിക്കുന്പോൾ ലഭിക്കുന്ന ഒന്നാണ്. മുറിവുകളിൽനിന്ന് ഓടി മാറിയിട്ട് പൂർണമായ സൗഖ്യം നാം അന്വേഷിക്കരുത്. ഉത്ഥിതശരീരത്തിലും ഈശോ മുറിപ്പാടുകൾ സംരക്ഷിച്ചു. മരണത്തെ കീഴ്പ്പെടുത്തിയപ്പോഴും മുറിവുകളെയും ബലഹീനതകളെയും തുടച്ചുമാറ്റിയില്ല. നമ്മുടെ ശരീരത്തിലെ എല്ലാ പരിമിതികളോടുംകൂടി ഉത്ഥിതനെ നാം ഉൾക്കൊള്ളണം. തകർച്ചയിലും ശാരീരികാസ്വസ്ഥതകളിലും വേദനകളിലും ആക്ഷേപങ്ങളിലും ഉത്ഥിതനെ അനുഭവിക്കാൻ സാധിക്കണം. നമ്മെ അടിമുടി മാറ്റി എല്ലാ പോരായ്മകളും മാറ്റിത്തന്നുകൊണ്ടല്ല ദൈവം നമ്മെ ഉത്ഥാനാനുഭവത്തിലേക്കു നയിക്കുന്നത്. നമ്മുടെ വേദനകളിൽ നാം ദൈവത്തിന്റെ കരുണയും വാത്സല്യവും അനുഭവിക്കണം.
മുറി അടച്ചാലും ഭയം ബാക്കി കാണും
തോമാ കടന്നുപോകുന്നത് ഒരുപക്ഷേ നമുക്കും സുപരിചിതമായ അവസ്ഥയാണ്. വിശ്വാസം പരീക്ഷിക്കപ്പെടാം. ക്രിസ്തുശിഷ്യരുടെ ഒത്തൊരുമ അവിടെ ആവശ്യമായി വരുന്നു. സഹവിശ്വാസികളെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്താൻ ഇടവകകളിലും സമൂഹത്തിലും എല്ലായിടത്തും സ്നേഹത്തിൽ അധിഷ്ഠിതമായ, പവിത്രമായ ഒരു കടമ ഉണ്ടല്ലോ. മിശിഹായെ ഞങ്ങൾ കണ്ടുവെന്ന് മറ്റു ശിഷ്യന്മാർ പറയുന്നത് എക്കാലത്തും എവിടെയും സഭാമക്കൾക്ക് സുസാദ്ധ്യമായ മിശിഹാനുഭവം തന്നെയാണ്. അത് പീഡനത്തിന്റെ അനുഭവമാകാം, ഉയിർപ്പിന്റെ അനുഭവമാകാം, കരുണയുടെയും ക്ഷമയുടെയും അനുഭവമാകാം, ദൈവവചനം നൽകുന്ന സാന്ത്വനത്തിന്റെ അനുഭവമാകാം. സഭയുടെ ഐക്യമാണ് മിശിഹാ സന്നിഹിതനാകാനുള്ള ഇടം. ഭയം നിമിത്തം കതകുകളടച്ച ശിഷ്യന്മാർ മാനുഷികമായി എടുത്ത മുൻകരുതലുകൾ വൃഥാവിലാണെന്നാണല്ലോ വെളിപ്പെടുത്തുന്നത് : മുറി അടച്ചാലും ഭയം ബാക്കി കാണുന്നു.
നമ്മൾ അടയ്ക്കുന്ന കതകുകൾ തുറക്കുന്നവനാണ് ദൈവം. സംശയത്തിലും ഭയത്തിലും കഴിയുന്നവരോട് അവിടുന്ന് പറയുന്നതു കേൾക്കാം: “എന്റെ മുറിവുകൾകാണുക. നിന്റെ കൈ എന്റെ പാർശ്വത്തു വയ്ക്കുക’. (യോഹ. 20:27) അവിടുത്തെ മുറിവുകളിൽ നാം സൗഖ്യപ്പെട്ടുവെന്ന് ഏശയ്യായും പ്രഘോഷിക്കുന്നു (ഏശയ്യ. 53:5).
പൗരസ്ത്യ പാരന്പര്യമനുസരിച്ച് മാർത്തോമാസ്ലീവാ മഹത്വത്തിന്റെ സ്ലീവായാണ്. മൈലാപ്പൂർ ദേവാലയത്തിൽ കണ്ടെത്തിയ ഈ സ്ലീവാ ഉത്ഥാനമഹത്വത്തിന്റെ പ്രകടമായ സൂചനയും പീഡാസഹനങ്ങളുടെ പ്രതിസമ്മാനമായ മഹത്വവും വ്യക്തമാക്കുന്നു. ഉത്ഥിതന്റെ അനുഭവം സഹജമായ രീതിയിൽ സ്വന്തമാക്കിയ ഒരു സംസ്കാരത്തിന്റെ പൈതൃകം കൂടിയാണ് മാർത്തോമാസ്ലീവാ. ഉത്ഥാനത്തിന്റെ അനുഭവത്തിന് ഒരു തിരിച്ചറിവ് – നമുക്ക് വളരെ സ്വന്തമായ ഒരു തിരിച്ചറിവ് – തരുന്നതാണ് തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം.
കാണാതെ താൻ വിശ്വസിക്കില്ലെന്ന് തോമാ പറയുന്പോൾ ഉപയോഗിക്കുന്ന ഭാഷ വളരെ ശക്തിയുള്ളതാണ്. ഈ ശക്തമായ പ്രതിഷേധം വഴിമാറി, വിശ്വാസത്തിലേക്കുവന്ന തോമായാണല്ലോ വിശ്വാസത്തിൽ നമ്മുടെ പിതാവ്. ഉത്ഥിതനെ കണ്ട ശിഷ്യന്മാർ ആ അനുഗ്രഹങ്ങളെപ്പറ്റി തോമായോടു പറഞ്ഞപ്പോൾ അതു വിശ്വസിക്കുകയില്ല എന്നു പറയുകയും പിന്നീട് ഈശോ പേരെടുത്ത് വിളിച്ചപ്പോൾ, ഇവിടെ വരിക എന്നു പറഞ്ഞപ്പോൾ, ദൈവപുത്രനെ ഉത്ഥിതനായി തിരിച്ചറിഞ്ഞ അനുഭവത്തിൽനിന്നു വളരെ പെട്ടെന്ന് ഉദ്ധരിച്ച രണ്ടു വാക്കുകളാണ്, അനശ്വരമായ മുത്തുകളാണ്: എന്റെ കർത്താവേ, എന്റെ ദൈവമേ – മാർ വാലാഹ്.
വിശ്വാസ വളർച്ച പുനഃപരിശോധിക്കണം
തോമായുടെ വിശ്വാസപ്രഖ്യാപനം സംശയരഹിതമായ വിശ്വാസത്തിന്റെ പ്രഖ്യാപനമായിരുന്നു. ഇതു ശ്രവിക്കുന്പോൾ നമ്മുടെ വിശ്വാസവളർച്ചയും പരിശോധിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. ശാരീരികമായും മാനസികമായും അതുപോലെ പ്രായത്തിലും ജ്ഞാനത്തിലും വളരുന്പോൾ മിശിഹായിലേക്കുള്ള നമ്മുടെ വളർച്ച സംഭവിക്കുന്നുണ്ടോ എന്നു നാം തന്നെയാണ് പരിശോധിക്കേണ്ടത്. സുവിശേഷത്തിലുടനീളം വിശ്വാസത്തെ പുരോഗമിക്കേണ്ട ഒന്നായി ചിത്രീകരിച്ചിരിക്കുന്നു. ഈശോയുടെ ഓരോ വെളിപ്പെടുത്തലിന്റെയും വെളിച്ചത്തിൽ പുതുക്കപ്പെടേണ്ട ഒന്നാണ് വിശ്വാസം. ഈശോ നമ്മെ വിളിക്കുന്പോൾ, മുന്നോട്ടു പോകുന്നില്ലെങ്കിൽ നാം വിപരീത ദിശയിലേക്കു മാറുകയും അകന്നു പോവുകയും ചെയ്യുന്നു.
വിശ്വാസവും അവിശ്വാസവും ചലനാത്മകമാണ്. തോമായുടെ വളർച്ച വിശ്വാസത്തിന്റെ എതിർദിശയിലാണെന്നുകണ്ട ഈശോ, അവരുടെ ഇടയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, സംശയിക്കുന്നതു നിർത്തി വിശ്വസിക്കാനും, വിശ്വാസ ജീവിതത്തിൽ മുന്നോട്ടുപോകാനും തോമായോട് ആവശ്യപ്പെടുന്നു. അവിശ്വസിക്കലിൽ ആയിരിക്കുന്നത് നിർത്തിയിട്ട് വിശ്വസിക്കലിൽ ആയിരിക്കുക എന്നാണ് മൂലഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അവിശ്വാസിയാകുന്നതു നിർത്തുക, വിശ്വാസിയായി മാറുക. തോമായെ ശരിയായ ദിശയിലേക്കു നയിക്കാൻ, ഉത്ഥിതന്റെ മുറിവുകൾ അനുഭവിക്കാനുള്ള അവസരം ഈശോ അവനു നൽകുന്നു.
ഈശോയിൽനിന്നുള്ള വെളിപാട് തോമാ സ്വീകരിച്ചു. പക്ഷേ ഈശോയിൽനിന്ന് ഒരു പ്രശംസയും ലഭിച്ചില്ല. മറിച്ച്, തന്നെ കണ്ട ശിഷ്യന്മാരുടെ സാക്ഷ്യത്തിലൂടെ വിശ്വസിക്കുന്നവരെയാണ് ഈശോ കാത്തിരിക്കുന്നത്. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ, തോമായെപ്പോലെ കാണുന്നത് എന്നാൽ വിശ്വസിക്കുന്നതാണെങ്കിൽ (seeing is believing), വിശ്വസിക്കുന്നത് എന്നത് കാണലും (believing is seeing) ആണെന്ന് ഈശോ പഠിപ്പിക്കുന്നു.
“നിങ്ങൾ അവനെ കണ്ടിട്ടില്ലെങ്കിലും, നിങ്ങൾ അവനെ സ്നേഹിക്കുന്നു; നിങ്ങൾ അവനെ ഇപ്പോൾ കാണുന്നില്ലെങ്കിലും, നിങ്ങൾ അവനിൽ വിശ്വസിക്കുകയും പറഞ്ഞറിയിക്കാനാവാത്ത മഹത്തായ സന്തോഷംകൊണ്ട് നിറയുകയും ചെയ്യുന്നു, കാരണം നിങ്ങളുടെ ലക്ഷ്യം നിങ്ങൾക്കു ലഭിക്കുന്നു. വിശ്വാസം, നിങ്ങളുടെ ആത്മാക്കളുടെ രക്ഷ” ( 1 പത്രോ.1: 8,9).
നമ്മുടെ സഹനവഴികൾ നമ്മുടെ വിശ്വാസവളർച്ചയുടെ വഴികളാണ്. ഈശോ നമ്മെ ഇടയ്ക്കിടെ കണ്ടുമുട്ടും; എന്റെ മുറിവുകൾ കാണുക എന്നു പറയും. ഈശോയിലേക്കു വളരാനുള്ള അത്തരം ഒരവസരമാണ്, എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന തിരുവചന ഭാഗം; പുതുഞായർ. നമ്മളെല്ലാവരും സഭാ പാരന്പര്യങ്ങളിൽ ഈ വളർച്ചക്കു ലഭിച്ച പരിപോഷണത്തിന്റെ അനന്തരാവകാശികളാണ്. ഈ അവകാശം വിശുദ്ധമായ ഈ സുവിശേഷ പൈതൃകം, അനശ്വരമായ പാരന്പര്യം നന്ദിയോടെ, ധീരതയോടെ, പ്രതീക്ഷയോടെ, നമുക്ക് ഏറ്റെടുക്കാം. മിശിഹായുടെ തിരുമുഖത്തിന്റെയും ഉത്ഥിതനായ മിശിഹായെക്കുറിച്ചുള്ള ദൈവാനുഭവത്തിന്റെയും ഭാരതീയ ഭാഷ്യമാണ് തോമാപാരന്പര്യം. അതിന്റെ സൂക്ഷിപ്പുകാരും സാക്ഷികളും പ്രധാനമായും ഭാരത നസ്രാണികൾതന്നെ.
മലയാറ്റൂർ കുരിശുമല: പൊന്നിൻ കുരിശു മലകയറ്റം
മലയാറ്റൂർ കുരിശുമലയിലേക്ക് പതിനായിരങ്ങൾ ഓടിക്കൂടുന്നത് നസ്രാണികളുടെ ഇടയിലെ അതിസന്പന്നമായ ഒരു പ്രാദേശിക പാരന്പര്യത്തിന്റെ സാക്ഷിപത്രമാണ്. തോമായുടെ പാദമുദ്ര പതിഞ്ഞ മലയിൽ കർത്താവിന്റെ മരക്കുരിശ് കയറി ഇറങ്ങുന്നു. ഓശാന മുതൽ പുതുഞായർ വരെ മലയാറ്റൂർ പൊന്നുംകുരിശു മലയിലേക്ക് നസ്രാണികൾ ചിന്ത തിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നു പതിനായിരങ്ങൾ അവിടെ എത്തുന്നു. മരക്കുരിശിലാണ് സമസ്തരഹസ്യവുമെന്ന് ഓരോ തവണയും വ്യക്തമാക്കപ്പെടുന്നു. തടിക്കുരിശാണ്, മരക്കുരിശാണ് അവിടെ സംവഹിക്കപ്പെടുന്നത്. മരക്കുരിശാണ് “പൊന്നും കുരിശുമല മുടി”.
ആരും സ്വർണക്കുരിശോ വെള്ളിക്കുരിശോ കയറ്റുന്നതായി കാണുന്നില്ല. കുരിശിനെ സ്വർണവും വെള്ളിയുംകൊണ്ട് ചെറുതാക്കരുത്. സുവിശേഷത്തിന്റെ ലാളിത്യത്തിലേക്കും ക്രിസ്തീയതയുടെ യഥാർത്ഥ കാന്പിലേക്കുമാണ് ഇത് വിശ്വാസികളെ എത്തിക്കുന്നത്. മരക്കുരിശ് വിശ്വാസികൾക്കു പൊന്നാണ്. തോമാശ്ലീഹായുടെ വ്യക്തിത്വത്തോട് ബന്ധപ്പെട്ടു കിടക്കുന്ന സജീവപാരന്പര്യങ്ങളെ മിശിഹായുടെ മരക്കുരിശ് വഹിച്ച് മിഴിവുള്ളതാക്കി തീർക്കാനുള്ള ഉത്തരവാദിത്വമാണ് പുതുഞായർ നമുക്ക് നൽകുന്നത്. ഈ പാരന്പര്യത്തെ നാം ഉൾക്കൊള്ളുന്പോൾ എല്ലാ സഭകൾക്കും വിശിഷ്യ ഭാരത നസ്രാണികൾക്കും റോമാ സാമ്രാജ്യത്തിനു പുറത്തുള്ള എല്ലാ സഭകൾക്കും ആത്മീയ ഊർജംതന്നെയാകും.
പുതുഞായറിലാണ് ഉത്ഥിതന്റെ രഹസ്യം ശ്ലീഹന്മാരിലേക്ക്, വ്യക്തികളിലേക്ക് കൂടുതൽ എത്തുന്നത്. മിശിഹാ രഹസ്യത്തോട് എല്ലാ ശ്ലൈഹികപാരന്പര്യങ്ങളെയും ഭക്താഭ്യാസങ്ങളെയും ചേർത്തു നിർത്തണമെന്ന് പുതുഞായർ പഠിപ്പിക്കുന്നു. തോമായോടുള്ള ഭക്തി അല്ല മിശിഹായോടുള്ള ആരാധനയാണ് മരക്കുരിശും വഹിച്ചുകൊണ്ടുള്ള മലകയറ്റം. മിശിഹാകേന്ദ്രിതവും സുവിശേഷാധിഷ്ഠിതവുമായ ആത്മീയതയാണ് പുതുഞായറിന്റേത്. തോമായുടെ ഭക്തിയും പൂർണമായും മിശിഹായോട് ബന്ധപ്പെട്ടായിരുന്നു; അതുമാത്രമായിരുന്നു. മിശിഹായിലെത്താത്ത ഭക്തി തളർന്നുമരവിക്കുകയാണ്. തോമായിലൂടെ കടഞ്ഞെടുത്ത തിരുവചനങ്ങളാണ് സുവിശേഷകൻ നമുക്കു നൽകുന്നത്.
ജ്ഞാനമാർഗവും (ഞാനാണ് വഴി) കർമമാർഗവും (പോയി മരിക്കാം), ഭക്തിമാർഗവും (എന്റെ കർത്താവേ, എന്റെ ദൈവമേ) തോമായിൽ ഒഴുകിയെത്തുന്നു, ആത്യന്തികമായി ഈശോയിൽ.
മാർ ജോസഫ് കല്ലറങ്ങാട്ട്