ഭാരതത്തിലേക്ക് ആദ്യമായി സുവിശേഷസന്ദേശവുമായി എത്തിച്ചേര്‍ന്നത് വിശുദ്ധ തോമാസ്ലീഹാ ആയിരുന്നു എന്നത് തര്‍ക്കമറ്റ ചരിത്രസത്യമാണ്. തോമാസ്ലീഹായിലൂടെ പകരപ്പെട്ട ശ്ലൈഹിക പൈതൃകംകൊണ്ടു സമ്പന്നമാണ് പൗരസ്ത്യ ക്രൈസ്തവ സഭകള്‍. പൗരസ്ത്യ സഭകളില്‍ ഏറ്റവും ഊര്‍ജ്വസലമായി ഇന്നും നിലനില്‍ക്കുന്ന ഭാരതത്തിലെ സഭയാണ് സീറോമലബാര്‍ സഭ. 15-20 നൂറ്റാണ്ടുകളിലൂടെ ഈ സഭ കടന്നുപോയത് വളരെ സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിലൂടെയായിരുന്നു. ഇസ്ലാമിന്‍റെ അധിനിവേശവും പീഡനവുമായിരുന്നു ഇതര പൗരസ്ത്യ സഭകളെ തകര്‍ക്കുകയും തളര്‍ത്തുകയും ചെയ്തതെങ്കില്‍ സഹോദരസഭകളില്‍ നിന്നു നേരിട്ട അധിനിവേശങ്ങളും പീഡനങ്ങളുമായിരുന്നു മാര്‍ത്തോമാ നസ്രാണികളുടെ സഭയെ നൂറ്റാണ്ടുകളോളം വേട്ടയാടിയത്.

ലോക ക്രൈസ്തവ ചരിത്രത്തില്‍ മറ്റേതൊരു ശ്ലൈഹിക പാരമ്പര്യമുള്ള സഭയും നേരിടാത്തവിധം ഭാരതനസ്രാണി സഭ കടന്നുപോയ സ്വത്തപ്രതിസന്ധികളുടെ കാലഘട്ടത്തിന് താല്‍ക്കാലികമായി അന്ത്യം കുറിച്ചുകൊണ്ട് പീയൂസ് 11-ാമൻ പാപ്പ സീറോമലബാര്‍ ഹയരാര്‍ക്കി പുനഃസ്ഥാപിച്ചുകൊണ്ട് കല്‍പ്പന പുറപ്പെടുവിച്ചത് 1923 ഡിസംബര്‍ 21നാണ്. ഈ പ്രഖ്യാപനത്തിന്‍റെ നൂറാം വാര്‍ഷികമാണിന്ന് (2023 ഡിസംബര്‍ 21)

1923 മുതല്‍ 2023 വരെയുള്ള നൂറുവര്‍ഷങ്ങള്‍കൊണ്ട് സീറോമലബാര്‍ സഭ കുതിച്ചുമുന്നേറുന്ന കാഴ്ചയാണ് ഏവരും കാണുന്നത്. (സീറോ മലബാർ സഭ ഇന്ന്: കമൻ്റ് ബോക്സ് കാണുക). സഭയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച നിരവധി മെത്രാന്മാരും ആയിരക്കണക്കിന് വൈദികരും പതിനായിരക്കണക്കിന് കന്യാസ്ത്രീകളും ലക്ഷക്കണക്കിന് അല്‍മായനേതാക്കളും ദൈവാശ്രയബോധത്തോടെ നിസ്വാര്‍ത്ഥമായി ദൈവരാജ്യവ്യാപ്തിക്കായും അതിന്‍റെ വളര്‍ച്ചയ്ക്കായും യത്നിച്ചതിന്‍റെ ഫലമാണ് ഇന്ന് കാണുന്ന സീറോ മലബാര്‍ സഭ.

ഇന്ത്യന്‍ ക്രിസ്ത്യാനിറ്റിയുടെ നട്ടെല്ലായി ഇന്ന് നിലകൊള്ളുന്നത് സീറോമലബാര്‍ സഭയാണ്. ആത്മീയവും ഭൗതികവുമായി സഭ ഏറെ വളര്‍ന്നു. 1500 കൊല്ലങ്ങള്‍കൊണ്ട് സഭ ഉണ്ടാക്കിയെടുത്ത ആത്മീയസമ്പത്തില്‍ ഏറെയും നഷ്ടപ്പെട്ടുവെങ്കിലും ആ പാരമ്പര്യസ്വത്തുക്കളെല്ലാം തിരികെപ്പിടിക്കുവാനുള്ള അത്യധ്വാനത്തിലാണ് സഭയിന്ന്. സീറോമലബാര്‍ സഭയുടെ ഹയരാര്‍ക്കി പുനഃസ്ഥാപിച്ചിട്ട് നൂറുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വാസ്തവത്തില്‍ നഷ്ടങ്ങളുടെ കണക്കെടുപ്പ് ഇതുവരെ പൂര്‍ത്തീകരിച്ചോ എന്നുപോലും സംശയമുണ്ട്, ആത്മീയമായി അത്രമേൽ സമ്പന്നമായിരുന്നു ഭാരതത്തിലെ മാർത്തോമാ നസ്രാണി സഭ എന്നതാണ് ചരിത്രത്തിൽ നാം കാണുന്നത്.

സീറോമലബാര്‍ സഭയുടെ കഴിഞ്ഞ നൂറു വര്‍ഷങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ ഓര്‍മ്മിക്കപ്പെടേണ്ട നിരവധി മെത്രാന്മാരുടെയും പട്ടക്കാരുടെയും കന്യാസ്ത്രീകളുടെയും അല്‍മായശ്രേഷ്ഠന്മാരുടെയും പേരുകളുണ്ട്. എന്നാലും സഭയില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടേണ്ട രണ്ടു പേരുകളാണുള്ളത്. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തായായിരുന്ന അഭിവന്ദ്യ മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവിന്‍റെയും ”സഭാപിതാക്കന്മാരുടെ യുഗം അവസാനിച്ചിട്ടും നമ്മുടെ സഭയെ സംബന്ധിച്ചിടത്തോളം പിതാക്കന്മാരുടെ ശ്രേണിയില്‍ നിലകൊള്ളുന്ന” ബഹുമാനപ്പെട്ട പ്ലാസിഡ് പൊടിപ്പാറ അച്ചന്‍റെയും.

പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു മുമ്പ് കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ലെങ്കിലും പ്ലാസിഡ് പൊടിപ്പാറ അച്ചന്‍റെ “കൂനന്‍ കുരിശിനു മുമ്പ്” എന്ന ഗ്രന്ഥവും അദ്ദേഹം എഴുതിയ നിരവധി ലേഖനങ്ങളും ഈ വിഷയത്തില്‍ പഠനം നടത്തുന്നവര്‍ക്ക് ഏറെ ഉപകരിക്കും.

🔵 പോര്‍ച്ചുഗീസ് ആഗമനവും ഭാരതസഭയും

1498-ല്‍ വാസ്ഗോഡി ഗാമായുടെ ഭാരത പ്രവേശനവും തുടര്‍ന്ന് പോര്‍ച്ചുഗീസ് ആധിപത്യവും ആരംഭിക്കുന്നതു വരെ ഭാരത ഭൂപ്രദേശം മുഴുവനിലും സ്വയംഭരണാധികാരമുള്ള കല്‍ദായ റീത്തില്‍പെട്ട സഭയായിരുന്നു ഇവിടെയുണ്ടായിരുന്നത്. “നസ്രാണി സഭ”, “മാര്‍ത്തോമ്മാ നസ്രാണികള്‍”, “തോമാസ്ലീഹായുടെ ഭാരതസഭ” എന്നൊക്കെയുള്ള പേരുകളിലാണ് നമ്മുടെ സഭ അറിയപ്പെട്ടിരുന്നത്. പൗരസ്ത്യ സുറിയാനി അഥവാ കല്‍ദായ ലിറ്റര്‍ജി ഉപയോഗിച്ചിരുന്ന ഈ സഭ ഇസ്രായേല്‍, ഈജിപ്റ്റ്, അന്ത്യോഖ്യ, കോണ്‍സ്റ്റാന്‍റിനോപ്പിള്‍, ആഫ്രിക്കയുടെ വിവിധ പ്രദേശങ്ങള്‍, റോം തുടങ്ങിയ പട്ടണങ്ങളില്‍ ആരംഭിച്ച ആദിമസഭകളുടെയെല്ലാം സമകാലികമായി രൂപംകൊണ്ടതാണ്.

നസ്രാണി സഭയെ ഭരിക്കുന്നതിനായി കല്‍ദായ പാത്രിയാര്‍ക്കിസുമാര്‍ കല്‍ദായ മെത്രാന്മാരെയാണ് ഇവിടേയ്ക്ക് അയച്ചുകൊണ്ടിരുന്നത്. മെത്രാന്‍റെ ഔദ്യോഗിക സ്ഥാനപ്പേര് “അഖിലേന്ത്യയുടെ മെത്രാപ്പോലീത്തായും വാതിലും” (മെത്രാപ്പോലീത്താ ഉതറ്ആദ് കൊല്ലാഹെന്‍ദോ) എന്നായിരുന്നു. ഉത്കൃഷ്ടമായ അധികാരത്തെയാണ് “വാതില്‍” എന്ന സ്ഥാനം സൂചിപ്പിച്ചിരുന്നത്. അദ്ദേഹത്തെ സഹായിക്കാന്‍ തദ്ദേശീയരില്‍നിന്ന് തെരഞ്ഞെടുക്കുന്ന “അഖിലേന്ത്യയുടെ അര്‍ക്കദിയാക്കോന്‍” എന്ന വ്യക്തിയും ഉണ്ടായിരുന്നു. “സിന്ധു നദിമുതല്‍ കന്യാകുമാരിവരെ ” വ്യാപിച്ചതായിരുന്നു സഭയുടെ അധികാരപരിധി.

പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും മലബാറിലും ആധിപത്യമുറപ്പിച്ചു. 1534-ല്‍ ഗോവയില്‍ ആദ്യത്തെ പോര്‍ച്ചുഗീസ് ലത്തീന്‍ മെത്രാസനം രൂപീകരിക്കുകയും 1558-ല്‍ ഗോവ അതിരൂപതയായും അതേവര്‍ഷം കൊച്ചിയില്‍ ആദ്യത്തെ രൂപത സ്ഥാപിക്കുകയും ചെയ്തു. ഗോവയുടെ രൂപതാധ്യക്ഷനെ “ഇന്ത്യ മുഴവന്‍റെയും മലബാറിന്‍റെയും പ്രഥമസ്ഥാനീയൻ” ആയി പ്രഖ്യാപിക്കുകയും ചെയ്തതോടെ തദ്ദേശീയമായി 1500 കൊല്ലമായി നിലനില്‍ക്കുന്ന മാര്‍ത്തോമ്മാ നസ്രാണി സഭയും പോര്‍ച്ചുഗലിന്‍റെ സഭയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു.

കല്‍ദായ പാത്രിയര്‍ക്കീസ് അയയ്ക്കുന്ന മെത്രാന്മാരെ മലബാറിലോ ഇന്ത്യയുടെ മറ്റേതെങ്കിലും ഭാഗത്തോ സഭാധികാരം പ്രയോഗിക്കാന്‍ പോര്‍ച്ചുഗീസ് സംഘം അനുവദിച്ചില്ല. മലബാര്‍ സഭയ്ക്ക് തങ്ങളുടെ പ്രതിസന്ധികള്‍ റോമിനെ അറിയിക്കാനുള്ള സ്വാധീനശക്തിയും അന്നില്ലായിരുന്നു. കല്‍ദായ പാത്രിയാര്‍ക്കീസിനും ഇക്കാര്യം റോമിനെ അറിയിക്കാന്‍ കഴിയാത്ത സഹാചര്യമായിരുന്നു അന്നുണ്ടായിരുന്നത്. പോര്‍ച്ചുഗീസ് സഭാധികാരികളുടെ സാന്നിധ്യവും സ്വാധീനവും മലബാറില്‍ ശക്തമായതോടെ ഇന്ത്യയില്‍ കല്‍ദായ സഭാധികാരം 16-ാം നൂറ്റാണ്ടോടെ ഇല്ലാതെയായി (ഇന്ത്യയില്‍ മലബാര്‍ സഭാധികാരത്തിന്‍റെ വ്യാപനം, ഫാ പ്ലാസിഡ് പൊടിപ്പാറ). മാര്‍ത്തോമാ നസ്രാണികള്‍ ഇതിനെതിരേ ശക്തമായി പ്രതികരിച്ചുവെങ്കിലും എല്ലാം നിഷ്ഫലമാവുകയായിരുന്നു.

1599 മുതല്‍ 1896 വരെ ഏതാണ് മൂന്നു നൂറ്റാണ്ടുകള്‍ മാര്‍ത്തോമാ നസ്രാണി സഭ ലത്തീന്‍ ഭരണത്തിന്‍റെ കീഴിലായിരുന്നു. പാദ്രുവാദോ, പ്രൊപ്പഗാന്ത എന്നിത്യാദി പേരുകളില്‍ അറിയപ്പെടുന്ന അധികാരപത്രങ്ങളുടെ പിന്‍ബലത്തല്‍ പോര്‍ച്ചുഗീസ്, ലത്തീന്‍ സഭാധികാരികള്‍ (ഈശോസഭ) മാര്‍ത്തോമാ നസ്രാണി സഭയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. 1653ലെ കൂനന്‍കുരിശു സത്യത്തിലൂടെ മാര്‍ത്തോമാ നസ്രാണികളുടെ സഭാസ്നേഹവും പ്രതികരണശേഷിയും എല്ലാവര്‍ക്കും ബോധ്യപ്പെട്ടുവെങ്കിലും കാര്യമായ നേട്ടം സഭയ്ക്കുണ്ടായില്ല. മലബാറില്‍ “പ്രൊപ്പഗാന്ത” എന്ന പേരില്‍ ലത്തീന്‍ അധികാരം നടപ്പാക്കാന്‍ കാരണായി പറയപ്പെടുന്നത് കൂനന്‍കുരിശു സത്യമാണെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.

“പോര്‍ച്ചുഗീസ് പാദ്രവാദോ അധികാരവും ലത്തീന്‍ പ്രൊപ്പഗാന്ത അധികാരവും നസ്രാണി സഭയെ വിഭജിച്ചു” (ഇന്ത്യയില്‍ മലബാര്‍ സഭാധികാരത്തിന്‍റെ വ്യാപനം, ഫാ പ്ലാസിഡ് പൊടിപ്പാറ). “പ്രതിസന്ധികളുടെയെല്ലാം നടുവിലും തോമാസ്ലീഹാ സുവിശേഷം പ്രസംഗിക്കുകയും മലബാറിലെ ഞങ്ങളുടെ പൂര്‍വ്വപിതാക്കന്മാരെ മാമ്മോദീസാ മുക്കുകയും ചെയ്ത കാലം മുതല്‍ ഇന്നുവരെയും ഞങ്ങള്‍ സുറിയാനിക്കാരാണ്” എന്ന അവബോധം മാര്‍ത്തോമാ നസ്രാണികളെ എക്കാലവും ഭരിച്ചിരുന്നു. തോമാമാര്‍ഗ്ഗത്തെ പിന്തുടര്‍ന്നവരുടെ ഈ നിശ്ചയദാര്‍ഡ്യത്തെ മറികടക്കാന്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വിദേശമിഷനറിമാര്‍ക്ക് കഴഞ്ഞില്ല എന്നതിൻ്റെയും തെളിവാണ് ഇന്നുള്ള സീറോ മലബാർ സഭ.

1599 മുതല്‍ നീണ്ടുനിന്ന 297 വര്‍ഷത്തെ ലത്തീന്‍ ഭരണത്തിനൊടുവില്‍ 1896-ല്‍ മലബാര്‍ സഭയ്ക്കു നാമമാത്രമായ ചില അധികാരങ്ങള്‍ കൈവന്നു. പ്രസ്തുത വര്‍ഷം തൃശൂര്‍, എറണാകുളം, ചങ്ങനാശ്ശേരി എന്നീ മൂന്നു അപ്പൊസ്തൊലിക വികാരിയത്തുകള്‍ സ്ഥാപിതമായി, 1911-ല്‍ കോട്ടയത്ത് ക്നാനായക്കാര്‍ക്കുവേണ്ടി ഒരു വികാരിയത്തും സ്ഥാപിതമായി. 1917ല്‍ മലബാര്‍ സഭ പ്രൊപ്പഗാന്താ തിരുസ്സംഘത്തിന്‍റെ അധികാരത്തില്‍നിന്നും പൗരസ്ത്യ തിരുസ്സംഘത്തിന്‍റെ അധികാരത്തിന്‍ കീഴില്‍ വന്നു. 1923ല്‍ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിതമായി. തൃശ്ശൂര്‍, കോട്ടയം, ചങ്ങനാശ്ശേരി എന്നിവ സാമന്തരൂപതകളായി, എറണാകുളം അതിരൂപതയുമായി. ഒരു കാലത്ത് സിന്ധുനദിക്കും കന്യാകുമാരിക്കും മധ്യേ പ്രവര്‍ത്തനപരിധിയുണ്ടായിരുന്ന സഭയുടെ പ്രവര്‍ത്തനമണ്ഡലം “പമ്പാ നദിക്കും ഭാരതപ്പുഴയ്ക്കും ഇടയിലായി” പുനഃക്രമീകരിക്കുകയും ചെയ്തു.

🔵 പൊടിപ്പാറയച്ചനും ആധുനികസീറോമലബാര്‍ സഭയും

1923ല്‍ സീറോമലബാര്‍ ഹയരാര്‍ക്കി നിലവില്‍ വന്നുവെങ്കിലും തുടര്‍ന്നുള്ള ഏതാനും പതിറ്റാണ്ടുകള്‍ വൈദേശികാധിപത്യത്തിന്‍റെ സ്വാധീനം വിട്ടുമാറാത്ത ഒരു തലമുറയുടെ കീഴിലായിരുന്നു സീറോമലബാര്‍ സഭ. പാശ്ചാത്യസഭകളുടെ ഭരണത്തിന്‍ കീഴിലായതോടെ ഭാരതത്തിലെ നഷ്ടപ്പെട്ട അപ്പൊസ്തൊലിക പാരമ്പര്യവും ആരാധനക്രമവും വീണ്ടെടുക്കണമെന്ന ചിന്ത പലയിടങ്ങളിലായി സഭയില്‍ സജീവമായിക്കൊണ്ടിരുന്നു. ഈ അവശ്യബോധത്തിലേക്കു സഭയെ അതിവേഗം നയിച്ചത് ഭാരതസഭയുടെ മൽപ്പാനും കര്‍മ്മലീത്താ സന്യാസസഭാംഗവുമായിരുന്ന ബഹുമാനപ്പെട്ട പ്ലാസിഡ് ജോസഫ് പൊടിപ്പാറ അച്ചനായിരുന്നു. മാര്‍ത്തോമാ നസ്രാണി സഭയില്‍ ജനിച്ചുവളര്‍ന്ന പല സെമിനാരി പ്രഫസര്‍മാരായ വൈദികരുടെയും സാന്നിധ്യം പോലും വൈദികവിദ്യാര്‍ത്ഥികളില്‍ പൗരസ്ത്യ വിഷയങ്ങളോടു നിസ്സംഗത ജനിപ്പിച്ചിരുന്നുവെന്നും ഈ നിലപാട് കാലക്രമേണ പൗരസ്ത്യമായ എല്ലാറ്റിനെയും തൃണവല്‍ഗണിക്കാനോ വെറുക്കുവാനോ ഇടയാക്കുമെന്ന് പ്ലാസിഡച്ചന്‍ മനസ്സിലാക്കിയിരുന്നു.

“സഭാപിതാക്കന്മാരുടെ യുഗം അവസാനിച്ചിട്ടും നമ്മുടെ സഭയെ സംബന്ധിച്ചിടത്തോളം പിതാക്കന്മാരുടെ ശ്രേണിയിലാണ് ബഹുമാനപ്പെട്ട പ്ലാസിഡച്ചന്‍ ” എന്നാണ് അഭിവന്ദ്യ പൗവ്വത്തില്‍ പിതാവ് പ്ലാസിഡ് അച്ചനെ വിശേഷിപ്പിച്ചത് (പ്ലാസിഡ് സിമ്പോസിയം, 1997). പൗരസ്ത്യസഭകളുടെ വലിയൊരു ദൈവശാസ്ത്രജ്ഞന്‍, ലിറ്റര്‍ജി പണ്ഡിതന്‍, ചരിത്രകാരന്‍, നിയമജ്ഞന്‍, ബഹുഭാഷാ വിശാരദൻ എന്നീ നിലകളിലെല്ലാം പ്ലാസിഡച്ചന്‍ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. ഭാരതസഭ നെസ്തോറിയന്‍ സഭയായിരുന്നു എന്ന വാദത്തെ ഖണ്ഡിച്ചത് ബഹുമാനപ്പെട്ട പ്ലാസിഡച്ചനാണ്. ഇതേത്തുടര്‍ന്ന് ”നൊസ്തോറിയന്‍ പാഷണ്ഡതയും സീറോമലബാര്‍ സഭയും” എന്ന വിഷയത്തില്‍ നിരവധി പഠനങ്ങള്‍ സഭയിൽ നടക്കുകയുണ്ടായി. ഭാരതസഭ എക്കാലത്തും കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലായിരുന്നു എന്ന് കാര്യകാരണസഹിതം തെളിയിക്കുവാന്‍ പ്ലാസിഡച്ചന് സാധിച്ചു. “തോമാസ്ലീഹായുടെ ഭാരതസഭയെ എത്രകൂടുതല്‍ അദ്ദേഹം അടുത്തറിഞ്ഞോ അത്ര കൂടുതല്‍ അദ്ദേഹം അതിനെ സ്നേഹിച്ചു” എന്നാണ് പൗവ്വത്തില്‍ പിതാവ് പ്ലാസിഡ് അനുസ്മരിച്ചത്.

1953ല്‍ ഭാരതം സന്ദര്‍ശിച്ച പൗരസ്ത്യ തിരുസ്സംഘം തലവന്‍ കര്‍ദ്ദിനാള്‍ യൂജിന്‍ ടിസറാംങ് മെത്രാപ്പോലീത്തായുടെ ആഗമനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട പ്ലാസിഡച്ചന്‍ അദ്ദേഹത്തിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ ഏഴോളം പ്രധാനപ്പെട്ട ആവശ്യങ്ങളാണ് മുന്നോട്ടു വച്ചത്. അതില്‍ പരമപ്രധാനമായി അദ്ദേഹം ആവശ്യപ്പെട്ടത് “പൗരാണികമായ സീറോമലബാര്‍ റീത്തിന്‍റെ പുനഃരുദ്ധാരണ”മായിരുന്നു. “ഇന്ത്യയിലെ മാര്‍ത്തോമാ നസ്രാണി സഭ സംസ്കാരത്തില്‍ ഭാരതീയവും ആരാധനയില്‍ പൗരസ്ത്യവും വിശ്വാസത്തില്‍ കാതോലികവുമാണ്” എന്ന പ്രസ്താവന പ്ലാസിഡ് അച്ചൻ്റേതായിരുന്നു. ഈ തിരിച്ചറിവാണ് പ്രതിസന്ധികളില്‍ പതറാതെ മുന്നേറാന്‍ അദ്ദേഹത്തെ ശക്താക്കിയത്. പത്രോസിന്‍റെ പിന്‍ഗാമിയായ റോമാ മാര്‍പ്പാപ്പയിലുള്ള അച്ചൻ്റെ അചഞ്ചല വിശ്വാസവും പ്രസിദ്ധമാണ്. “പരിശുദ്ധ സിംഹാസനം എന്‍റെ ആഗ്രഹങ്ങള്‍ക്ക് എതിരായേക്കുമെന്ന് മനസ്സിലാക്കുന്ന ക്ഷണത്തില്‍തന്നെ യാതൊരു ഉപാധിയും കൂടാതെ ഞാന്‍ അവയെ ഉപേക്ഷിക്കും” എന്നു പറഞ്ഞ പ്ലാസിഡച്ചനില്‍ സഭാസ്നേഹത്തിന്‍റെ ഉത്തമമാതൃക നമുക്കു കാണാന്‍ കഴിയും. “ലത്തീനായിരിക്കുന്നതെല്ലാം പുകര്‍ത്തണമെന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്നു” കര്‍ദ്ദിനാള്‍ ടിസറാംഗിനോടു പറയുവാന്‍ കഴിയുംവിധം സഭയുടെ പൗരാണികതയുടെ മഹത്വം തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു ബഹുമാനപ്പെട്ട പ്ലാസിഡച്ചന്‍.

🔵പൗരാണിക പാരമ്പര്യങ്ങളുടെ യഥാസ്ഥാപനത്തിനായിപ്രയത്നിച്ച മാര്‍ പൗവ്വത്തില്‍

പ്ലാസിഡ് അച്ചന്‍റെ ”നമ്മുടെ റീത്ത്” എന്ന ഗ്രന്ഥത്തില്‍നിന്ന് മാര്‍ത്തോമാ നസ്രാണി സഭയെക്കുറിച്ചും അതിന്‍റെ പൗരാണിക പാരമ്പര്യത്തെക്കുറിച്ചും ആരാധനക്രമത്തെക്കുറിച്ചുമെല്ലാം ഏറെ പഠിക്കുവാന്‍ അവസരം ലഭിച്ച വൈദികശ്രേഷ്ഠനായിരുന്നു പൗവ്വത്തില്‍ പിതാവ്. 1953 കാലഘട്ടത്തില്‍ ഭാരതസന്ദര്‍ശനത്തിന്‍റെ വേളയില്‍ കര്‍ദ്ദിനാള്‍ ടിസറാംഗിനെയും പ്ലാസിഡ് അച്ചനെയും മൈനര്‍ സെമിനാരിയില്‍ പഠിക്കുമ്പോള്‍ അകലത്തില്‍നിന്നും വീക്ഷിക്കുവാന്‍ മാത്രമേ തനിക്ക് അവസരം ലഭിച്ചിരുന്നുള്ളൂവെന്ന് പൗവ്വത്തില്‍ പിതാവ് പറഞ്ഞിട്ടുണ്ട്. “പ്ലാസിഡച്ചന്‍റെ ലേഖനങ്ങളും പുസ്തകങ്ങളും വായിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഞങ്ങള്‍ മൈനര്‍ സെമിനാരിയില്‍ പഠിക്കുമ്പോള്‍ പാസ്ലിഡച്ചന്‍റെ ചിന്തകളും വേണ്ടവിധം അംഗീകാരം ലഭിക്കാത്ത ഒരു സഭയുടെ അംഗമായിരിക്കുക എന്ന തോന്നലും നമ്മുടെ സഭയുടെ തനിമ നാനാവിധത്തില്‍ ഊന്നിപ്പറയുവാന്‍ പൂനയിലെ ജീവിതസാഹചര്യത്തില്‍ ഞങ്ങളില്‍ ചിലരെ നിര്‍ബന്ധിതരാക്കി….” (പ്ലാസിഡ് സിമ്പോസിയം 1997)

”റോമിലായിരുന്ന പ്ലാസിഡ് അച്ചനുമായി 1972 മുതല്‍ ഒരു മെത്രാനെന്ന നിലയില്‍ കൂടുതല്‍ ബന്ധപ്പെടുവാന്‍ എനിക്ക് സാധിച്ചു… ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അദ്ദേഹത്തിന്‍റെ സംഭാഷണം കേന്ദ്രീകരിച്ചിരുന്നത് സീറോമലബാര്‍ സഭയുടെ ഭാവിഭാഗധേയത്തെക്കുറിച്ചായിരുന്നു. ലിറ്റര്‍ജിയുടെ നവീകരണത്തിനും പുനഃരുത്ഥാരണത്തിനും ഉണ്ടായ പ്രതിബന്ധങ്ങളും സഭാകാര്യങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അന്നേ പ്രകടമായിരുന്ന പെരുമാറ്റരീതികളും അദ്ദേഹത്തെ വളരെയധികം വ്യാകുലചിത്തനാക്കി. സഹനവും ദൃഢചിത്തതയുമല്ലാതെ ഈ സഭയുടെ പുനര്‍ജ്ജന്മത്തിനു മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് അദ്ദേഹത്തിനറിയമായിരുന്നു” (പ്ലാസിഡച്ചൻ, കര്‍മ്മധീരനായ സഭാചാര്യന്‍, ഞാനറിയുന്ന പ്ലാസിഡച്ചന്‍, മാര്‍ ജോസഫ് പൗവ്വത്തില്‍ മെത്രാപ്പോലീത്ത, പേജ് 14,15,16)

“നമ്മുടെ സഭയുടെ പാരമ്പര്യം നഷ്ടപ്പെടുത്തുന്നത് സാര്‍വ്വത്രികസഭയോടുതന്നെ ചെയ്യുന്ന ദ്രോഹമാണ്” എന്നായിരുന്നു പൗവ്വത്തില്‍ പിതാവ് വിശ്വസിച്ചിരുന്നത്. “വിവിധങ്ങളായ ഈ പാരമ്പര്യങ്ങളിലൂടെയാണ് മിശിഹാരഹസ്യത്തിന്‍റെ, സഭയാകുന്ന രഹസ്യത്തിന്‍റെ സമ്പന്നത ലോകത്തില്‍ അറിയപ്പെടുകയും വിവിധ തരക്കാരായ ആളുകള്‍ക്ക് സഭയെ സമീപിക്കുവാന്‍ ഒരു സാധ്യത ഉണ്ടാവുകയും ചെയ്യുന്നത്” എന്നതായിരുന്നു പൗവ്വത്തില്‍ പിതാവിന്‍റെ നിലപാട്. (പ്ലാസിഡ് സിമ്പോസിയം, 1997).

“നമ്മുടെ സഭ സ്വയംഭരണാധികാരമുള്ള സഭയെന്ന്” (Sui Iuris) പറയപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നമ്മുടെ പാരമ്പര്യങ്ങളില്‍ ആരുടെയും കൈകടത്തല്‍ കൂടാതെ അതിന്‍റെ പാരമ്പര്യം നിര്‍ണ്ണയിക്കുകയും സംരക്ഷിക്കുകയും ചെയ്യുക” എന്നതാണെന്നു പൗവ്വത്തില്‍ പിതാവു മനസ്സിലാക്കി. “സാര്‍വ്വത്രിക സഭയില്‍ വളരെയേറെ ശ്ലാഘിക്കപ്പെടുന്ന ഒരു ആരാധനാ പൈതൃകമാണ് നമുക്കുള്ളത്, ഒരുപക്ഷേ നമ്മളില്‍ ചിലര്‍ക്ക് സമ്പുഷ്ടമായ ഈ പൈതൃകത്തെക്കുറിച്ച് ആത്മാഭിമാനത്തിനു പകരം അപകര്‍ഷതാ ബോധമാണ് ഉണ്ടാകുന്നതെങ്കില്‍ അതിന്‍റെ മുഖ്യകാരണം അതെക്കുറിച്ചുള്ള അജ്ഞതയോ തെറ്റിദ്ധാരണയോ ആകാമെന്നതും” അദ്ദേഹം തിരിച്ചറിഞ്ഞ വസ്തുതയായിരുന്നു. നമ്മുടെ സഭയെക്കുറിച്ച് ആത്മാഭിമാനം വളരണമെന്ന് അദ്ദേഹം പല സന്ദര്‍ഭങ്ങളിലും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചിരുന്നു.

🔵 വർത്തമാനകാല യാഥാർത്ഥ്യങ്ങൾ

സഭയുടെ ഹയരാര്‍ക്കി പുനഃസ്ഥാപനത്തിന്‍റെ നൂറു വര്‍ഷങ്ങള്‍ കഴിഞ്ഞു, എന്നാല്‍ ഈ വസ്തുതയെ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ തയ്യാറാകുമ്പോഴും വൈദികരില്‍ ഒരു വിഭാഗവും ഏതാനും മെത്രാന്മാരും സഭയെക്കുറിച്ചും അതിന്‍റെ പൗരാണികതയെക്കുറിച്ചും അജ്ഞത നടിക്കുകയും അപകര്‍ഷതാബോധം പൊതുസമൂഹത്തിന്‍റെ നടുവില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.

ചരിത്രത്തിലെ ചില ദുര്‍ഘടസന്ധികളില്‍ നഷ്ടപ്പെട്ടുപോയ അപ്പൊസ്തൊലിക പാരമ്പര്യ ബോധനങ്ങളെ പൂര്‍ണ്ണമായും തിരികെക്കൊണ്ടുവരുവാന്‍ സഭയ്ക്ക് കഴിയമോ എന്നത് സംശയമാണ്. അത്രമേല്‍ മാര്‍ത്തോമാ മാര്‍ഗ്ഗത്തില്‍ ഇന്ന് കലര്‍പ്പുകള്‍ വ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ത്തോമാ മാര്‍ഗ്ഗത്തില്‍ അഭിമാനിക്കുന്ന സഭാസ്നേഹികളില്‍കൂടി വരുംകാലങ്ങളില്‍ ഇതും സാധ്യമാകുമെന്ന് പ്രത്യാശിക്കാം. അവര്‍ക്ക് പ്രചോദനമായി സഭയില്‍ രണ്ടു പേരുകള്‍ എന്നുമുണ്ടാകും; അഭിവന്ദ്യ ജോസഫ് പൗവ്വത്തില്‍ പിതാവിന്‍റെയും മല്‍പ്പാന്‍ പൊടിപ്പാറ പ്ലാസിഡ് ജോസഫ് അച്ചന്‍റെയും.

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം