All evildoers flourish, they are doomed to destruction forever
(Psalm 92:7) ✝️
തിൻമ നിത്യം നിലനിൽക്കുകയില്ല. തിൻമ ചെയ്യുമ്പോൾ ആദ്യം സന്തോഷം പകരുമെങ്കിലും, തിൻമയിലൂടെ ലഭിക്കുന്ന സന്തോഷം വേദനയായി തീരുവാൻ നിമിഷ നേരം മതി. തിൻമ ചെയ്യുന്നവരുടെ പ്രവർത്തികൾ അവർക്കു നേരെ തിരിയുകയും അവരെ തന്നെ നശിപ്പിക്കുകയും ചെയ്യും. തിൻമ ചെയ്യുന്നവർ പുകപോലെ മാഞ്ഞുപോവുകയും, അവർ തിന്മയുടെ പ്രവൃത്തികളാൽ അവകാശമായി നേടിയവയിൽ നിന്ന് ഒരിക്കൽ കർത്താവിനാൽ വിശ്ചേദിക്കപ്പടുകയും ചെയ്യും. എന്നാൽ നീതിമാന്മാർക്ക് താങ്ങും തണലുമേകുന്നത് ദൈവമായിരിക്കും.
ജീവിതത്തിൽ നാം ചെയ്യുന്ന തിൻമ ചെയ്യുന്ന വ്യക്തികളെ വേട്ടയാട്ടാറുണ്ട്. തിൻമ എന്നത് ആത്യന്തികമായി ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റായിട്ടാണ് വചനം പ്രതിപാദിക്കുന്നത്. തിൻമ മനുഷ്യനെതിരെ ചെയ്യുന്നതാണെങ്കിലും തിൻമ അതിൽത്തന്നെ ദൈവപ്രമാണത്തിന്റെ ലംഘനവും ദൈവത്തിനെതിരായ തെറ്റുമാണ്. ആദവും ഹവ്വയും തിൻമ ചെയ്തു പാപത്തിന്റെ അഥവാ തിൻമയുടെ ഫലമായി അവർ ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. പഴയനിയമത്തിൽ സംഖ്യയിലും, നിയമാവർത്തനത്തിലും തിൻമ ചെയ്യുന്ന വ്യക്തികളുടെ മൂന്നും നാലും തലമുറകളെ ശിക്ഷിക്കുന്ന ദൈവത്തെ ആണ് നാം കാണുന്നത്.
പുതിയ നിയമത്തിൽ തിൻമ അഥവാ പാപങ്ങൾ ഏറ്റു പറയുമ്പോൾ ക്ഷമിക്കുന്ന ദൈവത്തെ ആണ് നാം കാണുന്നത്. പലപ്പോഴും തിൻമ അഥവാ പാപം മോചിക്കാൻ ദൈവം സന്നദ്ധനല്ലാത്തതിനാലല്ല, മറിച്ച് തിൻമ ചെയ്യുന്നവർ മോചനം സ്വീകരിക്കാൻ ഒരുക്കമല്ലാത്തതിനാലാണ് തിൻമ ക്ഷമിക്കപ്പെടാത്തതായി തീരുന്നത്. ഈ അവസ്ഥയിൽ തുടരുന്നിടത്തോളം കാലം തിൻമയിൽ നിന്ന് മോചനം അസാധ്യമായിരിക്കുന്നു. ദൈവത്തിൽ ആശ്രയിച്ച് നന്മയിൽ തുടരുന്നവർക്ക് സുരക്ഷിതമായ ജീവിതവും കർത്താവിലുള്ള ആനന്ദവുമാണ് വചനം ഉറപ്പുനൽകുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.