“Man in his pomp will not remain.
‭‭(Psalm‬ ‭49‬:‭12‬) ✝️

ജീവിതത്തിൽ മനുഷ്യൻ നെട്ടോട്ടമോടുന്നത് പ്രതാപം നേടാനും നിലനിർത്താനും ആണ്. ജീവിതത്തിൽ മനുഷ്യൻ വിവിധ ഭാവി പദ്ധതികൾ സ്വപ്നം കാണുന്നു, ഉദാഹരണം പറഞ്ഞാൽ സമ്പത്ത്, കുടുംബം, ജോലി, തലമുറ എന്നിങ്ങനെ വിവിധ കാര്യങ്ങളെ പറ്റി സ്വപ്നം കാണുന്നു.

സ്വാർത്ഥ താല്പര്യങ്ങൾ സ്വയം നേടിയെടുക്കുവാൻ മനുഷ്യൻ ശ്രമിക്കുന്നു. പലപ്പോഴും നാം സൃഷ്ടാവിനെ മറന്നു സൃഷ്ടിയെ നേടിയെടുക്കുവാൻ നാം നെട്ടോട്ടമോടുന്നു. ഒരു സെക്കൻഡ് ശ്വാസം നിലച്ചാൽ തളർന്നു വീഴുന്ന ശരീരമാണെന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. കേവലം എഴുപതോ അഥവാ എൺപതോ വർഷം മാത്രം ജീവിക്കുന്ന മനുഷ്യന്റെ ജീവിതം പുൽക്കൊടിക്കു തുല്യമാണ്.

മനുഷ്യൻ ഭൂമിയിൽ നേടുന്ന ഭൗതിക നേട്ടങ്ങൾ എല്ലാം മരണത്തോടെ ഭൂമിയിൽ ഉപേക്ഷിക്കേണ്ടി വരും. ഭൗതിക അനുഗ്രഹങ്ങൾ നേടേണ്ടതില്ല എന്നല്ല വചനം പറയുന്നത്, എന്നാൽ ദൈവത്തെ മറന്ന് ഭൗതിക ദുർമോഹങ്ങളുടെ പിന്നാലെ ഓടരുത് എന്നാണ് വചനം പറയുന്നത്. യാക്കോബ്‌ 1 : 14 ൽ പറയുന്നു, ഓരോരുത്തരും പരീക്‌ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്‌. നാം ഓരോരുത്തരുടെയും ആഗ്രഹങ്ങളെ ദൈവഹിതത്തിന് അനുസൃതമായും, ദൈവവചനത്തിന് അടിസ്ഥാനപ്പെടുത്തിയും കർത്താവിൻറെ കരങ്ങളിൽ സമർപ്പിക്കുക. നാം ഒരോരുത്തരുടെയും സന്തോഷം ലോകത്തിൻറെ മോഹത്തിൽ ആകാതെ കർത്താവിൽ ആനന്ദിക്കുക. അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കും.

സങ്കീര്‍ത്തനങ്ങള്‍ 37 : 4 ൽ പറയുന്നു, കര്‍ത്താവില്‍ ആനന്‌ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. കർത്താവ് നാം ഓരോരുത്തർക്കും നൽകിയിരിക്കുന്ന സഹായകനായ പരിശുദ്ധാത്മാവിൻറെ അഭിഷേകത്താൽ ജീവിതത്തെ ക്രമപ്പെടുത്തുക. മത്തായി 6 : 33 ൽ പറയുന്നു നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. നാം ഓരോരുത്തർക്കും ഭൗതിക പ്രതാപത്തിൽ ആശ്രയിക്കാതെ കർത്താവിൽ ആശ്രയിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്