Says the Lord. Make your ways and your intentions good, and I will live with you in this place. (Jeremiah 7:3) ✝️
ലോകത്തിന്റെ ആദരവും അംഗീകാരവും ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും ചെയ്യാൻ പറ്റുന്ന ഒന്നല്ല കർത്താവിനെ തേടിയുള്ള യാത്ര. ഇന്നത്തെ ലോകത്തിൽ കർത്താവിനെ തേടുന്നവർ, ശാരീരികമായ ഒരു യാത്രയെക്കാളുപരിയായി ആത്മീയമായ ഒരു യാത്രയാണ് ചെയ്യേണ്ടത്. ക്രിസ്തുവിലേക്കുള്ള വിളി നമുക്ക് ഈ ലോകത്തിൽ അർഹമായ സ്ഥാനമാനങ്ങൾ ഇല്ലാതാക്കുന്ന ഒരു യാത്രയല്ല; മറിച്ച്, ദൈവഹിതത്തിനെതിരായി നമ്മിലുള്ള അവസ്ഥകളെ ചെറുത്തുകൊണ്ടുള്ള ഒരു ആത്മീയയാത്ര ആയിരിക്കണം അത്. ഈ യാത്രയിൽ നമുക്ക് വഴി കാണിച്ചു തരുന്ന, യാതൊരു അന്ധകാരത്തിനും കീഴടക്കാൻ സാധിക്കാത്ത, വെളിച്ചവുമായാണ് രക്ഷകനായ ദൈവം ഭൂമിയിലേക്ക് വന്നത്.
പാപികളെത്തേടി ഭൂമിയിലേക്കു വന്ന യേശുവിനു സാക്ഷ്യം നൽകുന്നതായിരിക്കണം ഓരോ ക്രിസ്തീയന്റെയും ജീവിതം. യേശുവിന്റെ പ്രബോധനങ്ങൾ അനുസരിച്ചു ജീവിച്ച് അവിടുത്തെ വചനത്തിനു സാക്ഷ്യം നൽകാനും, യേശുവിന്റെ വഴിയെ നടന്നുകൊണ്ട് അവിടുത്തെ സ്നേഹം മറ്റുള്ളവർക്ക് അനുഭവേദ്യമാക്കി കൊടുക്കാനും പരിശ്രമിക്കേണ്ടവരാണ് നമ്മൾ. അത്യാർത്തിയും ഭോഗേച്ഛയും അസൂയയും നിറഞ്ഞ ലോകത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ സ്നേഹവും വിശുദ്ധിയും കരുണയും പരത്തുന്ന പരിമളമായിരിക്കണം ക്രിസ്തുവിനെ അനുഗമിക്കുന്നവരെന്നു അവകാശപ്പെടുന്ന നമ്മിലെ പ്രകാശം.
ലോകത്തിന്റെ സാമാന്യ രീതികളും നിയമങ്ങളുമായി പൊരുതപ്പെട്ട് എല്ലാവരെയും പോലെ മര്യാദക്കാരനായി ജീവിക്കാൻ ശ്രമിക്കുന്ന ക്രിസ്തുശിഷ്യൻ മറക്കുന്ന ഒന്നുണ്ട്: നല്ലവനായി ജീവിക്കാനുള്ള ഒരു വിളിയല്ല ഒരു ക്രൈസ്തവന്റേത്, വിശുദ്ധിയിലേക്കുള്ള വിളിയാണത് ലോകത്തിന്റെ പ്രകാശമാകാനുള്ള വിളി. നമ്മുടെ കുടുംബജീവിതത്തിലും ജോലിയിലും, വിജയങ്ങളിലും തകർച്ചകളിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സന്തോഷങ്ങളിലും സന്താപങ്ങളിലും, വാക്കുകളിലും, മൗനങ്ങളിലും നമ്മുടെ ചുറ്റുമുള്ളവർക്ക് നമ്മിൽ കത്തിജ്വലിക്കുന്ന ദൈവത്തിന്റെ പ്രകാശം ദർശിക്കാൻ സാധിക്കുന്നത് ആയിരിക്കണം നമ്മുടെ ജീവിതം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.