ജറുസലേം ദേവാലയ ഗോപുര മുകളിൽ നിന്ന് താഴേക്ക് ചാടാനാണ് യേശുവിനുണ്ടാകുന്ന രണ്ടാമത്തെ പ്രലോഭനം. തിരുവചനമുദ്ധരിച്ചാണ് പ്രലോഭകൻ ഇങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നത്. കാലുകൾ കല്ലിൽ തട്ടാതിരിക്കാൻ ദൈവം മാലാഖാമാരെ നിയമിച്ചുകൊള്ളും എന്ന സങ്കീർത്തന വചനമൊക്കെ സാത്താൻ മനഃപാഠമാക്കി വച്ചിരിക്കയാണ്. ആളുകൾ കാൺകെ അങ്ങനെ ചെയ്താൽ യേശു പ്രശസ്തനാകുമെന്നും ദൈവരാജ്യ പ്രഘോഷണത്തിന് അത് വളരെ ഗുണകരമാകുമെന്നുമാണ് ന്യായവാദം.
ദേവാലയ ഗോപുരം ഔന്നത്യത്തിന്റെയും ദൈവമനുഷ്യ സമാഗമത്തിന്റെയും അടയാളമാണ്. മണ്ണിനെയും വിണ്ണിനെയും കൂട്ടിയിണക്കുന്ന കണ്ണിപോലെ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തലയുയർത്തി നിൽക്കുന്ന മഹാ ഗോപുരങ്ങൾ ദൈവമഹത്വം വിളിച്ചോതുന്നു. അതിനു മുകളിൽ കയറ്റി നിർത്തിയാണ് പ്രലോഭകന്റെ രണ്ടാമത്തെ പരീക്ഷണം. ദേവാലയ ഗോപുരത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടാനുള്ള പ്രേരണ ദൈവീകമായ ഔന്നത്യം കൈവിട്ട് മണ്ണിലേക്ക് താഴാനുള്ള പ്രലോഭനം കൂടിയാണ്. “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്” എന്ന മറുപടിയിലൂടെ തന്റെ ദൈവത്വം പ്രലോഭകനെ അനുസ്മരിപ്പിക്കുകതന്നെയാണ് അതിനുള്ള ഏറ്റവും കൃത്യമായ ഉത്തരം.
“ആവശ്യങ്ങളുടെ ശ്രേണി”( Hierarchy of Needs) എന്ന പേരിൽ എബ്രഹാം മാസ്ലോവ് എന്ന മനഃശാസ്ത്രജ്ഞന്റേതായി പ്രശസ്തമായ ഒരു സിദ്ധാന്തമുണ്ട്. ഇതനുസരിച്ച് മനുഷ്യന് ഏറ്റവും അത്യാവശ്യമായി വേണ്ടത് ആഹാരം, വസ്ത്രം തുടങ്ങിയ പ്രാഥമിക കാര്യങ്ങളാണ്. അവ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതം സുരക്ഷിതമാക്കാനുള്ള പാർപ്പിടം, ജോലി, സമ്പാദ്യം തുടങ്ങിയ കാര്യങ്ങളിലേക്കാവും ശ്രദ്ധ. തുടർന്നങ്ങോട്ട് അംഗീകാരവും പ്രശസ്തിയും നേടാൻ അഭിനിവേശം ഉണ്ടാകുന്നു. ഇങ്ങനെ ഒന്ന് നേടിക്കഴിയുമ്പോൾ മറ്റൊന്ന് എന്ന തരത്തിൽ നിലയ്ക്കാത്ത ആഗ്രഹങ്ങളുടെ വേലിയേറ്റത്തിലാണ് മനുഷ്യജീവിതം മുന്നോട്ട് നീങ്ങുന്നത് എന്നാണ് മാസ്ലോവിന്റെ നിഗമനം.
പ്രശസ്തി നേടാനുള്ള ആഗ്രഹം അതുകൊണ്ടുതന്നെ മനുഷ്യസഹജമാണ്. അഭിനന്ദനങ്ങളും അംഗീകാരങ്ങളും ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. പ്രോത്സാഹനങ്ങളും കയ്യടിയുമൊക്കെ മറ്റുള്ളവർക്ക് നിർലോഭം നൽകുന്നത് നന്മയുടെ പോഷണത്തിനും വളർച്ചയ്ക്കും ആവശ്യവുമാണ്. അംഗീകാരങ്ങൾ ലഭിക്കുന്നത് വ്യക്തിത്വ വളർച്ചയ്ക്ക് ഉതകുകയും ചെയ്യും. എന്നാൽ, നന്മ ചെയ്യുന്നത് പേരും പ്രശസ്തിയും മാത്രം ലക്ഷ്യം വച്ചാകുന്നത് അപകടകരമാണ്. അലക്സാണ്ടർ ചക്രവർത്തിയും നെപ്പോളിയനുമൊക്കെ ലോകം വെട്ടിപ്പിടിക്കാൻ ഇറങ്ങിത്തിരിച്ചത് കീർത്തി നേടാനുദ്യമിച്ചാണ്. പേരും പ്രശസ്തിയും നേടാനുള്ള ചിലരുടെ ദുർബുദ്ധിയിൽ നിന്നാണ് ലോകമഹായുദ്ധങ്ങൾ പോലും ഉണ്ടായിട്ടുള്ളത്.
ഇന്നും ലോകത്തെ അപകടകരമാം വിധം യുദ്ധത്തിന്റെ വിളുമ്പിൽ നിർത്തുന്നത് തങ്ങൾക്ക് പേരെടുക്കാനുള്ള ചില രാഷ്ട്രത്തലവന്മാരുടെ ദുരാഗ്രഹമാണ്. ഭരണ കാലത്ത് തങ്ങളുടെ പേരുകൾ കഴിയുന്നത്ര ശിലാ ഫലകങ്ങളിൽ രേഖപ്പെടുത്താനാണ് പല ഭരണാധികാരികളും മത്സരബുദ്ധ്യാ പരിശ്രമിക്കുന്നത്. പ്രത്യേകിച്ച് ജനാധിപത്യ സമ്പ്രദായമുള്ള ദേശങ്ങളിൽ ഭരണ കാലഘട്ടം അവസാനിക്കാറാവുന്ന നാളുകളിൽ ഈ പ്രവണത വളരെ പ്രകടമാണ്. ഓരോരുത്തരും അവനവന്റെ കർമ്മ മണ്ഡലത്തിൽ ചെറുതോ വലുതോ ആയ രീതിയിൽ അറിയപ്പെടാനും കയ്യടി നേടാനും പരിശ്രമിക്കാറുണ്ടെന്നത് നിഷേധിക്കാനാവില്ല. സോഷ്യൽ മീഡിയയിൽ ലൈക്കുകൾ നേടാൻ പരിശ്രമിക്കുന്നവർ മുതലങ്ങോട്ട് ആരും ഈ കാര്യത്തിൽ അത്ര പിന്നോട്ടല്ല. അംഗീകാരം കൊതിക്കുന്ന ഒരു “പ്രാഞ്ചിയേട്ടൻ” മനുഷ്യനായിപ്പിറന്ന എല്ലാവരിലുമുണ്ടെന്നു തോന്നിപ്പോകും.
കീഴ്പ്പെടുത്താൻ ഏറെ പ്രയാസമുള്ള ഈ പ്രലോഭനത്തിൽ ആത്മീയ ഗുരുക്കന്മാർ പോലും അറിയാതെ വീണു പോയേക്കാം. പലരുടെയും കയ്യടിയും പ്രീതിയും നേടാൻ പല വിധത്തിലുള്ള വിട്ടു വീഴ്ചകൾക്ക് തയ്യാറാകുമ്പോഴും തമ്പുരാനിലേക്ക് ആളുകളെ നയിക്കേണ്ടതിനു പകരം തങ്ങളെത്തന്നെ ദൈവമനുഷ്യരായി ഉയർത്തിക്കാട്ടി ചുറ്റും ആൾക്കൂട്ടത്തെ സൃഷ്ടിച്ച് അതിൽ സന്തോഷം കണ്ടെത്തുമ്പോഴും ആത്മീയതയുടെ ഉത്തുംഗ ശ്രുംഗങ്ങളിൽ വ്യാപരിക്കുന്ന പലരും താഴേക്ക് ചാടുക തന്നെയാണ് ചെയ്യുന്നത്. തങ്ങൾ ദൈവകരങ്ങളിലെ വെറുമൊരു ഉപകരണം മാത്രമാണെന്നത് വിസ്മരിച്ച് കേവലം പേരും പ്രശസ്തിയും മാത്രം ലക്ഷ്യമിട്ട് ഉപവി പ്രവർത്തങ്ങൾക്കോ ആത്മീയ ശുശ്രൂഷകൾക്കോ ഇറങ്ങിത്തിരിക്കുന്നവരും തങ്ങൾപോലും അറിയാതെ രണ്ടാമത്തെ പ്രലോഭനത്തിന് അടിപ്പെട്ട് പോകുന്നവരാണ്.
അംഗീകാരങ്ങൾ തേടിപ്പോകേണ്ടവയല്ല, ദൈവ നിശ്ചയപ്രകാരം തക്ക സമയത്ത് വന്നു ചേരേണ്ടവയാണ്. തന്റെ ഹിത പ്രകാരം മുന്നോട്ട്പോകുന്നവരുടെ ജീവിതങ്ങൾക്ക് അംഗീകാരമുദ്ര വയ്ക്കേണ്ടത് ദൈവത്തിന്റെതന്നെ കടമയാണ്. പിതാവായ ദൈവമാണ് തന്റെ മേൽ അംഗീകാര മുദ്ര വച്ചിരിക്കുന്നതെന്ന് യേശു പ്രസ്താവിക്കുന്നുണ്ടല്ലോ( യോഹ. 6: 27 ). മനുഷ്യരിൽ നിന്ന് താൻ മഹത്വം സ്വീകരിക്കുന്നില്ല എന്ന് അവിടുന്ന് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്( യോഹ. 5: 41 ). “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു, ഇനിയും മഹത്വപ്പെടുത്തും” എന്ന് ആശീർവദിച്ചു കൊണ്ട് പിതാവ് പുത്രന്റെ ജീവിതവിശുദ്ധിയെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്( യോഹ. 12: 28 ). ഇന്ന് ഓശാന വിളിച്ച് പ്രശംസിക്കുന്ന മനുഷ്യർതന്നെ നാളെ കുരിശിലേറ്റാൻ ആക്രോശിച്ചേക്കാം. അതുകൊണ്ട്, മനുഷ്യരുടെ അംഗീകാരത്തിനോ പുകഴ്ചകൾക്കോ നിന്നുകൊടുക്കാതെ സ്വർഗീയ പിതാവിന്റെ അംഗീകാരം മാത്രം കാംഷിക്കുകയാണ് അഭിലഷണീയം. അംഗീകാരം ലഭിക്കാൻ കുറുക്കുവഴികൾ തേടാനുള്ള പ്രലോഭനത്തിനെതിരെ എപ്പോഴും കരുതലുള്ളവരുമായിരിക്കാം.
*ഫാ.ജോസഫ് കുമ്പുക്കൽ*
SH College, Thevara