സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കുര്‍ബാനയര്‍പ്പണരീതി സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ അതിന്റെ സകലസീമകളും ലംഘിച്ചിരിക്കുന്ന സങ്കടകരമായ സന്ദര്‍ഭമാണല്ലോ ഇത്.
പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പഠനത്തിനുംശേഷമാണ് 1999 ലെ സിനഡ്, ഏകീകൃതകുര്‍ബാനയര്‍പ്പണരീതി അംഗീകരിച്ചത്.
2016 ല്‍ ചേര്‍ന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി ഏകീകരണം ഒട്ടും വൈകരുത് എന്നു നിര്‍ദേശിച്ചു.
2020 ജൂലൈ 3 ന് ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സീസ് മാര്‍പാപ്പാ സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്, വൈദികര്‍, സമര്‍പ്പിതര്‍, അല്മായര് എന്നിവര്‍ക്കു കത്തെഴുതി.
പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ലെയോനാര്‍ദോ സാന്ദ്രി, സീറോ മലബാര്‍ സഭ മേജര്‍ ആര്ച്ചുബിഷപ്പിനയച്ച കത്തില്‍, ഏകീകൃതകുര്‍ബാനയുടെ കാര്യത്തില്‍ സിനഡിന്റെ ഭാഗത്തുനിന്നു സംയോജിതമായും മെത്രാന്മാരുടെ ഭാഗത്തുനിന്നു വ്യക്തിപരമായും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു.
സിനഡ് അന്തിമമായി എടുത്ത തീരുമാനം പഠനത്തിനും വിശകലനത്തിനുംശേഷം സഭയുടെ പരമാധികാരിയായ മാര്‍പാപ്പാ അംഗീകരിച്ചു നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
സാര്‍വത്രികസഭയുടെയും പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പായുടെയും അംഗീകാരത്തോടെ സീറോ മലബാര്‍ സഭയുടെ പരമോന്നതസമിതിയായ സിനഡ് അംഗീകരിച്ച നിയമപരവും സഭാംഗങ്ങള്‍ക്കു ബാധകവുമായ ഏകീകൃതകുര്‍ബാന എല്ലാവരും അംഗീകരിച്ചേ മതിയാകൂ.
തീരുമാനമാകുംവരെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയുന്നതില്‍ തെറ്റില്ല. സിനഡിന്റെ തീരുമാനം സമ്പൂര്‍ണമായി സഭയുടെ പ്രബോധനങ്ങള്‍ക്ക് അനുസൃതമാണ്.
നിയമങ്ങള്‍, അതു കാനന്‍ നിയമമാകട്ടെ സിവില്‍ നിയമമാകട്ടെ, ഒരാളുടെ ഇഷ്ടവും അനിഷ്ടവും നോക്കിയല്ല നിര്‍മിക്കപ്പെടുന്നത്. യോജിപ്പുണ്ടെങ്കിലും വിയോജിപ്പുണ്ടെങ്കിലും എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.
നിയമസഭയോ പാര്‍ലമെന്റോ ഒരു നിയമം നിര്‍മിച്ചാല്‍ ഒരു ജില്ലയ്ക്ക്, ആ ജില്ലയെ നിയമത്തില്‍നിന്ന് ഒഴിവാക്കണം എന്നു പറയാന്‍ പറ്റില്ലല്ലോ.
സഭയുടെ ആരാധനക്രമം എല്ലായിടത്തും ഒരുപോലെയായിരിക്കണമെന്നു പറയുന്ന കാനന്നിയമമുണ്ട്.
ആരാധനക്രമം സഭയുടെ അടിസ്ഥാനഘടകമാണ്. നിയമപരമായി സാധുതയുള്ള ഒരു അതോറിറ്റി നിയമമുണ്ടാക്കുന്നു. അത് സഭയുടെ അടിസ്ഥാനപ്രബോധനങ്ങള്ക്കു സമരസപ്പെട്ടുനില്ക്കുന്നു. അതിനു സാര്‍വത്രികസഭയുടെയും പരിശുദ്ധപിതാവിന്റെയും അംഗീകാരം ലഭിക്കുന്നു. അതിനാല്‍ത്തന്നെ സഭയുടെ എറണാകുളം ഒഴികെയുള്ള എല്ലാ രൂപതകളും അതു നടപ്പാക്കുകയും ചെയ്തു.
മേജര്‍ ആര്‍ച്ചുബിഷപ്പാകട്ടെ, സിനഡാകട്ടെ, വത്തിക്കാന്‍ പ്രതിനിധിയാകട്ടെ, മാര്പാപ്പായാകട്ടെ, ആരുടെയും നിര്‍ദേശം അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഗുരുതരമായ കുറ്റമാണു ചെയ്യുന്നത്.
അച്ചടക്കവും അനുസരണവും
പൊതുനിരത്തുകളിലും തെരുവുകളിലും പള്ളിപ്പരിസരത്തും അള്‍ത്താരയിലുമൊക്കെ വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രതിഷേധങ്ങള്‍ അച്ചടക്കത്തിന്റെയും അവഹേളനത്തിന്റെയും സകലസീമകളും ലംഘിച്ചിരിക്കുകയാണ്.
സഭയ്ക്കുമാത്രമല്ല, സര്‍ക്കാരിനോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ സംഘടനകള്‍ക്കോ മറ്റു സ്ഥാപനങ്ങള്‍ക്കോ ഇങ്ങനെ അച്ചടക്കമില്ലാതെ മുന്നോട്ടു പോകാനാവില്ല. രാഷ്ട്രീയപ്പാര്ട്ടികളിലാണ് ഇത്തരം പ്രതിഷേധങ്ങളെങ്കില്‍ പ്രതിഷേധം കഴിയുംമുമ്പേ നടപടിയെടുത്തു പ്രതിഷേധക്കാരെ പുറത്താക്കിയിരിക്കും. തുടക്കത്തില്‍ത്തന്നെ സഭ പ്രതികരിക്കണമായിരുന്നു.
സൂചികൊണ്ട് എടുക്കേണ്ടതു തൂമ്പകൊണ്ടുപോലും എടുക്കാന്‍ പറ്റാത്ത നിലയിലായി. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിച്ചപോലെ, കുര്‍ബാനയെപ്പോലും സമരായുധമാക്കി വെല്ലുവിളിക്കുകയാണവര്‍.
അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠം എന്നു പഠിപ്പിച്ചവരാണ്, ചെറിയ വിയോജിപ്പിന്റെ പേരില്‍ മാര്‍പാപ്പായെപ്പോലും അനുസരിക്കാത്തത് എന്നോര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നു.
2018 ജൂണ്‍ 5 ന് എറണാകുളം മേജര്‍ ആര്‍ച്ചു ബിഷപ്സ് ഹൗസിനുമുന്നില്‍ സീറോമലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാളിന്റെ കോലം സഭാവിരുദ്ധസംഘടനയുടെപേരില് കത്തിച്ചു.
പിന്നീട് അതിരൂപതയുടെ പാസ്റ്ററല്‍ സെന്ററായ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കര്‍ദിനാള്‍ ലെയോനോര്ദോ സാന്ദ്രിയുടെയും മറ്റും കോലം കത്തിച്ചു.
ഏതു കല്പന/സര്‍ക്കുലര്‍ സഭാധികാരികള്‍ പുറപ്പെടുവിച്ചാലും എറണാകുളം ബസിലിക്കയ്ക്കുമുന്നില്‍ അല്മായരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാളുകള്‍ കത്തിക്കുകയാണു പതിവ്. അവസാനമായി, പൊന്തിഫിക്കല്‍ ഡെലിഗേറ്റിന്റെ കല്പനയും കത്തിച്ചു. വൈദികരുടെ അറിവോടും അനുവാദത്തോടുംകൂടിയാണ് കത്തിക്കല്‍ സമരങ്ങള്‍ അരങ്ങേറുന്നതെന്ന് പകല്‍പോലെ വ്യക്തം.
വൈദികര്‍ക്കു ചെയ്യാന്‍ പറ്റാത്തവയെല്ലാം പാവം അല്മായരെക്കൊണ്ടു ചെയ്യിക്കുകയാണെന്നു ചുരുക്കം.
ഓര്‍മിക്കുക, തെരുവില്‍ കത്തിച്ചത് സഭാതലവന്റെയോ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ടായ കര്‍ദിനാളിന്റെയോ കോലമല്ല; മറിച്ച്, സഭയിലെ ശ്രേഷ്ഠാചാര്യത്വമാണ്. പൗരോഹിത്യം എന്ന വിശുദ്ധസങ്കല്പമാണ്; പിതൃഹത്യയാണിത്.
ജീവിച്ചിരിക്കുന്നവരുടെ രൂപം തെരുവില്‍ കത്തിച്ച് സായുജ്യമടയുന്ന അപരിഷ്കൃതരീതി സംസ്കാരശൂന്യതയാണ്. അതില്‍നിന്നുണ്ടാകുന്ന ആനന്ദം പൈശാചികമാണ്.
സമവായം കണ്ടെത്താനും സമാധാനം നിലനിറുത്താനുമുള്ള സിനഡിന്റെയും വത്തിക്കാന്റെയും നീക്കങ്ങളെയെല്ലാം തെറ്റായ വ്യാഖ്യാനങ്ങളിലൂടെയും പിടിവാശികളിലൂടെയും ചിലര്‍ പരാജയപ്പെടുത്തുകയാണ്.
സീറോ മലബാര്‍ സഭ മാത്രമല്ല, ആഗോളസഭയും അപമാനിക്കപ്പെടുകയാണ്. അരമനയില്‍ കട്ടില് സമരം, സെന്റ് തോമസ് മൗണ്ട് വളയല്‍, പിതാക്കന്മാരെ ബന്ദിയാക്കല്‍, വഞ്ചിസ്ക്വയര്‍ സമരങ്ങള്‍, വ്യാജരേഖ, കോലം കത്തിക്കല്‍ എന്നിങ്ങനെ എല്ലാ സമരാഭാസങ്ങളും സഭയെ മുറിപ്പെടുത്തുന്നവയായിരുന്നു.
ഒരു കാലത്ത് എല്ലാവര്ക്കും മാതൃകയായിരുന്ന എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇങ്ങനെ ദുര്‍ഗതി വരുന്നതില്‍ ഏവരും ദുഃഖിതരാണ്.
കൈവയ്പുശുശ്രൂഷയെ തള്ളിപ്പറയരുത്
കത്തോലിക്കാസഭയില്‍ ഒരാള്‍ വൈദികനാകുന്ന തിരുപ്പട്ടശുശ്രൂഷയില്‍, ഏറ്റവും പ്രധാനം കൈ വയ്പുശുശ്രൂഷയാണ്.
കാര്‍മികനായ മെത്രാനുമുന്നില് നവവൈദികന് മുട്ടുകുത്തിനില്ക്കുന്നതും നവവൈദികന്റെ ശിരസ്സില്‍ കാര്മികന് കൈകള്‍വച്ചു പ്രാര്ഥിക്കുന്നതുമാണു കൈവയ്പുശുശ്രൂഷ. ഇതിലൂടെയാണ് പൗരോഹിത്യജീവിതം ആരംഭിക്കുന്നത്.
സഭാപ്രബോധനങ്ങളെയും മാര്‍പാപ്പായുടെ കല്പനകളെയും ബിഷപ്പിന്റെ നിയമപരമായ തീരുമാനങ്ങളെയും അംഗീകരിച്ചുകൊള്ളാമെന്നു തിരുപ്പട്ടശുശ്രൂഷയില്‍ നവവൈദികന് വിശുദ്ധഗ്രന്ഥത്തിനു മുകളില്‍ കൈകള്‍വച്ച്, സ്വതന്ത്രമനസ്സോടും തിരഞ്ഞെടുപ്പോടുംകൂടി ദൈവത്തിനുമുന്നിലും സാര്വത്രികസഭയ്ക്കുമുന്നിലും പ്രതിജ്ഞ ചെയ്യുന്നുണ്ട്.
സിനഡിന്റെ തീരുമാനത്തെ തിരസ്കരിക്കുമ്പോഴും മാര്‍പാപ്പായുടെ പ്രതിനിധിയുടെ കല്പന പരസ്യമായി ലംഘിക്കുമ്പോഴും ഗുരുതരമായ തെറ്റു ചെയ്യുകയും പ്രതിജ്ഞാലംഘനം നടത്തുകയുമാണ് വൈദികര്‍ ചെയ്യുന്നത്.
സിനഡ് ഫോര്‍മുലപ്രകാരമുള്ള വിശുദ്ധകുര്‍ബാനയര്‍പ്പണരീതി നടപ്പാക്കാന്‍ മാര്‍പാപ്പായാണ് പൊന്തിഫിക്കല്‍ ഡെലിഗേറ്റിനെ ചുമതലപ്പെടുത്തിയത്.
പൊന്തിഫിക്കല്‍ ഡെലിഗേറ്റിന്റെ കല്പന അനുസരിക്കാതിരിക്കുന്നത് കാനോനികനടപടികള്ക്കിടവരുത്തും. സഭാകൂട്ടായ്മയ്ക്ക് ഒപ്പം നിന്ന്, മാര്‍പാപ്പായെ അനുസരിച്ച് അല്മായരുടെ ബഹുമാനവും ആദരവും നേടി മാതൃകാവ്യക്തിത്വങ്ങളാകണമെന്നാണു വിനീതമായ അപേക്ഷ.
മാര്‍പാപ്പായെ അനുസരിക്കണം
മാര്‍പാപ്പായെ അനുസരിക്കുക എന്നത് ഏതൊരു കത്തോലിക്കാവിശ്വാസിയുടെയും പരമപ്രധാനമായ ഉത്തരവാദിത്വമാണ്.
പരിശുദ്ധ പിതാവിനെയും കത്തോലിക്കാസഭയെയും പിന്തുടരാന് ആഗ്രഹിക്കുന്നവരെല്ലാം മാര്‍പാപ്പായെ അനുസരിച്ചേ മതിയാകൂ. അനുസരണം കൂടാതെ ഒരു പ്രസ്ഥാനത്തിനോ സഭയ്ക്കോ മുന്നോട്ടു പോകാനാവില്ല.
തുടര്‍ച്ചയായ, ഒട്ടും ക്രൈസ്തവമികമല്ലാത്ത പ്രതിഷേധങ്ങളും തിരസ്കരണങ്ങളും സഭയ്ക്കു വലിയ ദോഷം ഉണ്ടാക്കിയിട്ടുണ്ട്.
നമ്മെ നിരീക്ഷിക്കുന്നവരുടെ മുന്നില്‍ അപമാനഭാരംകൊണ്ടു തലകുനിച്ചു നില്‍ക്കേണ്ടിവരുന്നു. ദൈവത്തിനു നിരക്കാത്ത അനുസരണക്കേടിന്റെ ഫലം വലിയ ആത്മീയനാശം സൃഷ്ടിക്കും.
മാര്‍പാപ്പായുടെ പ്രതിനിധിയുടെ കല്പന അനുസരിക്കാന്‍ സഭാമക്കള്‍ക്ക് ബാധ്യതയുണ്ട്. എന്നും സഭയോടൊപ്പം നില്‍ക്കാനും ഏതു കാര്യത്തിലും ദൈവഹിതം ആരായാനുമാണ് അധികാരികള്‍ ചെറുപ്പംമുതലേ പഠിപ്പിച്ചിട്ടുള്ളത്.
എന്റെ ഇഷ്ടങ്ങളെക്കാള്‍, താത്പര്യങ്ങളെക്കാള്‍ ദൈവഹിതം നിറവേറട്ടെ എന്നാണു പ്രാര്‍ഥനയും. പ്രാദേശികവിഭാഗീയതയെക്കാള്‍ സഭയ്ക്കൊപ്പം നില്‍ക്കാനാണ് എന്നും പറഞ്ഞു പഠിപ്പിച്ചത്.
സഭാകൂട്ടായ്മയ്ക്കൊപ്പം ചരിക്കുകയും മാര്‍പാപ്പായെ അനുസരിക്കുകയും ചെയ്യുമ്പോഴാണ് നമ്മള് സഭാമക്കളാകുക. ആ തിരിച്ചറിവിലേക്ക് പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS
(ലേഖകന്‍ എറണാകുളം -അങ്കമാലി പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും, കെ.സി.എസ്.എല്‍., സി.എല്‍.സി. മുന്‍ സംസ്ഥാന പ്രസിഡന്റും, മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവുമാണ്.)