-പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ–“സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാന ഉറപ്പ് വരുത്തുകയും അതിനു അനുകൂലമായ സാഹചര്യം ഉണ്ടാകുന്നതുവരെയും പരിശുദ്ധ കുർബാന പരികർമ്മംചെയ്യരുതെന്ന് ഞാൻ കൽപ്പിക്കുകയും ചെയ്യുന്നു…”

പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ചു ബിഷപ്പ് സിറിൽ വാസിൽ എസ് ജെ.യുടെ കത്ത് -പരിഭാഷ

എറണാകുളം അങ്കമാലി അതിരൂപതയിലെ സകല വൈദികർക്കും.

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട വൈദിക സഹോദരങ്ങളേ,

സീറോ മലബാർ മെത്രാന്‍ സിനഡിന്റെ നിർണ്ണായക തീരുമാനവും, പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ വ്യക്തമായ നിർദ്ദേശവും, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തമായ ആവശ്യപ്പെടലും ഉണ്ടായിരുന്നിട്ടും എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ അവിടെ വിശുദ്ധ കുർബാനയുടെ ആഘോഷ രീതിയെക്കുറിച്ചുള്ള സിനഡൽ തീരുമാനം പല പള്ളികളിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍, താഴെ ഒപ്പിട്ട ആർച്ചുബിഷപ്പ് സിറിൽ വാസിൽ എസ്.ജെ. എന്ന ഞാന്‍ ഈ ദിവസങ്ങളിൽ ഞാൻ കണ്ടുമുട്ടിയ സകലരോടും വേണ്ടവിധം സംവദിച്ച ശേഷം, രൂപതയിലെ വിവിധ ഭാഗങ്ങളിൽ നിന്നു കിട്ടിയ അപേക്ഷകളും നിവേദനങ്ങളും പരിഗണിച്ചുകൊണ്ട്, ശരിയായ പഠനത്തിനും ധ്യാനത്തിനും പ്രാർത്ഥനയ്ക്കും ശേഷം, പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലുള്ള കോംപീറ്റന്‍റ് സമിതികളുമായുള്ള ചർച്ചയ്ക്കും ശേഷം, എറണാകുളം അങ്കമാലി-അതിരൂപതയിലെ പൊന്തിഫിക്കൽ ഡെലിഗേറ്റ് എന്ന എന്റെ പദവിയിൽ നിന്നു കൊണ്ട്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ എനിക്ക് തന്നിരിക്കുന്ന അധികാരമുപയോഗിച്ച്, എറണാകുളം അങ്കമാലി അതിരൂപതയിലെ മുഴുവൻ വൈദികരോടും ഈ അതിരൂപതയിൽ വസിക്കുകയും ജോലി ചെയ്യുന്നവരുമായ സകല സന്യസ്തരോടുമായി താഴെ പറയുന്ന തീരുമാനങ്ങള്‍ അറിയിക്കുന്നു:

  1. കുർബാന അർപ്പണം സംബന്ധിച്ച സിനഡിന്റെ തീരുമാനം 2023 ഓഗസ്റ്റ് 20 മുതൽ നടപ്പാക്കുക. ഈ കല്പനക്കെതിരെയുള്ള ഏതൊരു അനുസരണക്കേടും പരിശുദ്ധ പിതാവിനെതിരെയുള്ള മനഃപൂർവവും വ്യക്തിപരവും കുറ്റകരവുമായ അനുസരണക്കേടായി പരിഗണിക്കപ്പെടുന്നതാണ്. അതിനാൽ , ഈ നിർദ്ദേശം പാലിക്കാതിരിക്കുന്നത് അനിവാര്യമായും കൂടുതൽ അച്ചടക്ക നടപടികൾ ക്ഷണിച്ചു വരുത്തുന്നതാണ് എന്ന് നിങ്ങൾ ഓരോരുത്തരോടും വ്യക്തിപരമായി അറിയിക്കുന്നു. ഭീഷണി, അക്രമം, ഉപദ്രവങ്ങൾ, മറ്റുള്ളവർ ഉണ്ടാക്കുന്ന അലങ്കോലങ്ങൾ തുടങ്ങിയ
    ഭൗതിക കാരണങ്ങളാൽ, സിനഡിന്റെ തീരുമാനം അനുസരിച്ചുള്ള കുർബാന അർപ്പിക്കാൻ പറ്റാത്ത ഒറ്റപ്പെട്ട സാഹചര്യത്തിൽ, സിനഡിന്റെ തീരുമാനം അനുസരിച്ചുള്ള കുർബാന അർപ്പിക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടെന്ന് ഉറപ്പാക്കുന്നത് വരെ പൊതുജനങ്ങൾക്കായി കുർബാന അർപ്പിക്കരുതെന്നു ഞാൻ നിങ്ങളോട് കൽപ്പിക്കുകയും നിങ്ങളെ അതിന് അധികാരപ്പെടുത്തുകയും ചെയ്യുന്നു.
  2. എറണാകുളം അങ്കമാലി അതി രൂപതയിലെ ദൈവജനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ 2022 മാർച്ച്‌ 25 ന് എഴുതിയ കത്ത്, എല്ലാ ഇടവക പള്ളികളിലും എല്ലാ കുരിശുപള്ളികളിലും വിരുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന ഇതര സ്ഥാപനങ്ങളിലും എല്ലാ ആരാധന ശുശ്രുഷകളിലും 2023 ഓഗസ്റ്റ് 20 ഞായറാഴ്ച, വിശ്വാസികൾക്കായി വായിച്ചിരിക്കേണ്ടതാണ്. ഈ ഉത്തരവ് നടപ്പിലാക്കിയ ശേഷം, പരിശുദ്ധ പിതാവിന്‍റെ കത്ത് വായിച്ചതായി സ്ഥിരീകരിച്ച് ഇടവക വികാരി, അസിസ്റ്റന്റ് വികാരിമാർ ഉണ്ടെങ്കില്‍ അവര്‍, കൈക്കാരന്മാര്‍, വൈസ് ചെയർമാന്‍, സെക്രട്ടറി അല്ലെങ്കില്‍ പാരിഷ് കൗൺസിലിലെ രണ്ട് പ്രതിനിധികൾ എന്നിവര്‍ സാക്ഷ്യപ്പെടുത്തി എറണാകുളം-അങ്കമാലി അതിരൂപതാ കൂരിയാ ചാൻസലർക്ക് അയയ്ക്കുക. മറ്റിടങ്ങളിൽ , സ്ഥാപനത്തിന്റെ അധികാരി അതിരൂപതാ കൂരിയയ്ക്ക് റിപ്പോർട്ട്‌ അയക്കേണ്ടതാണ്. പരിശുദ്ധ പിതാവ് ഈ കത്തിൽ പ്രകാശിപ്പിച്ച ഉദ്ദേശ്യങ്ങൾ നിങ്ങളുടെ വ്യക്തിപരമായ വ്യാഖ്യാനങ്ങളാല്‍ ചോർത്തി കളയരുതെന്നും, മറിച്ച് കുർബാനയുടെ അര്‍പ്പണരീതി സംബന്ധിച്ച
    സിനഡ് തീരുമാനം അതിരൂപതയിൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് പരിശുദ്ധ പിതാവിന്റെ താല്പര്യം നേരിട്ടും വ്യക്തമായും മനസിലാക്കുവാൻ ദൈവ ജനത്തെ സഹായിക്കാൻ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കണമെന്നും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.
    ഈ കല്പനയോടുള്ള ഏതൊരു അനുസരണക്കേടും ദൈവ ജനത്തോട് സംവദിക്കാനുള്ള പരിശുദ്ധ പിതാവിന്റെ അവകാശത്തെ തടസപ്പെടുത്തുന്നതാണെന്നും ഇത്തരം നടപടികള്‍ പരിശുദ്ധ പിതാവിനെതിരെയുള്ള ഗുരുതരമായ കുറ്റമായി പരിഗണിക്കപ്പെടുന്നതും തുടര്‍ന്ന് കാനോനിക ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നതുമാണ്.
  3. പരിശുദ്ധ കുർബാനയുടെ അര്‍പ്പണവേളയിൽ നിയമപരമായ മേലധികാരികളെ അനുസ്മരിക്കേമ്ടതാണ്. ആരാധനക്രമപുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ, എല്ലാ ആരാധന ശുശ്രുഷ വേളകളിലും മാർപ്പാപ്പയെയും മേജർ ആർച്ചുബിഷപ്പിനെയും അപ്പസ്തോലിക് അഡ്മിനി സ്ട്രേറ്ററെയും അനുസ്മരിക്കണമെന്ന് നിങ്ങളോരോരുത്തരോടും വ്യക്തിപരമായി ഞാൻ കൽപിക്കുന്നു. ഈ കല്പന നിവൃത്തിയാക്കുന്നതിലുള്ള ഏതൊരു ഉപേക്ഷയും പൗരസ്ത്യ കാനന്‍ നിയമം (c 1438) അനുശാസിക്കുന്ന ശിക്ഷാ നടപടികൾ ക്ഷണിച്ചു വരുത്തുന്നതാണ്.

പ്രിയ വൈദിക സഹോദരങ്ങളേ, തിരുപ്പട്ടസ്വീകരണ വേളയിൽ നിങ്ങളെടുത്ത അനുസരണ പ്രതിജ്ഞയെക്കുറിച്ച് നിങ്ങൾ ഗൗരവത്തോടെ ചിന്തിക്കണമെന്നും തീക്ഷ്‌ണമായി പ്രാർത്ഥിക്കണമെന്നും ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. നിയമാനുസൃത അധികാരികളെ അനുസരിക്കാനും വിശ്വാസികൾക്ക് മുന്നിൽ നല്ലൊരു മാതൃക സൃഷ്ടിക്കാനും ദൈവത്തിൽ നിന്ന് സഭവഴി, സമ്പൂർണ്ണ ദാനമായി ലഭിച്ച, സഭാധികാരികളാൽ ഭരമേൽപ്പിക്കപ്പെട്ട തിരുപ്പട്ടത്തിന് ചേർന്ന ജീവിതം നയിക്കാനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

ഈശോയുടെ തിരിഹൃദയത്തിന് നിങ്ങളെയെല്ലാം സമർപ്പിച്ചു കൊണ്ട്,
കർത്താവിൽ നിങ്ങളുടെ സഹോദരൻ,

ഒപ്പ്..
*ആർച്ചു ബിഷപ്പ് സിറിൽ വാസിൽ എസ് ജെ.,
എറണാകുളം അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലിഗേറ്റ്.

Letter-to-Priestspdf

MAL-Letter-of-the-Holy-Father-Pope-Francis-addressed-to-the-Archeparchy-of-Ernakulam-Angamaly-exhorting-to-implement-the-Synodal-decision-on-the-mode-of-celebration-of-Holy-Qurbana.

Pontifical-Letter

1990_code_of_canons_of_the_eastern_churches

PDF_img2pdf_17Aug23_1112