കാക്കനാട്: മണിപ്പൂരിൽ ഒരു വിഭാഗം ജനങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സംഘടിതമായ ആക്രമണങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം പ്രതിഷേധാർഹമാണെന്ന് സീറോമലബാർ മാതൃവേദി.

രണ്ടു മാസക്കാലമായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ ഏറ്റവുമധികം പീഡനങ്ങൾക്കിരയാകുന്നത് ന്യൂനപക്ഷമായ ക്രൈസ്തവജനതയാണ്. ആരാധനാലയങ്ങൾക്കും ക്രൈസ്തവസ്ഥാപനങ്ങൾക്കും ഭവനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കാത്ത സർക്കാരുകളുടെ സമീപനം ഭരണഘടനാവിരുദ്ധമാണെന്ന് യോഗം വിലിയരുത്തി.

ക്രൈസ്തവരുടെ ജീവനും സ്വത്തിനും ഭീഷണിയായി തുടരുന്ന അക്രമങ്ങളെ അപലപിച്ചും പീഡനങ്ങളിലൂടെ കടന്നുപോകുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അന്തർദ്ദേശീയ സീറോമലബാർ മാതൃവേദി പ്രമേയം അവതരിപ്പിച്ചു.

ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുന്നതോടൊപ്പം കലാപഭൂമിയിൽ ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായമെത്തിക്കേണ്ടതും സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

സീറോമലബാർ മാത്യവേദി ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, ആനിമേറ്റർ സി. ജീസ സി.എം.സി, പ്രസിഡണ്ട് ശ്രീമതി ബീന ജോഷി, ജനറൽ സെക്രട്ടറി ശ്രീമതി ആൻസി മാത്യു, ട്രഷറർ ശ്രീമതി സൗമ്യ സേവ്യർ, വൈസ് പ്രസിഡണ്ടുമാരായ ശ്രീമതി ഗ്രേസി ജെയ്ക്കബ്, ശ്രീമതി ആൻസി മാത്യു, ജോയിന്റ് സെക്രട്ടറിമാരായ ശ്രീമതി ഡിംബിൾ ജോസ്, ഷീജ ബാബു, സീറോമലബാർ മാതൃവേദി സെനറ്റ് അംഗങ്ങൾ എന്നിവർ പ്രതിഷേധയോഗത്തിന് നേതൃത്വം നൽകി.

ഫാ.ഡോ. ആന്റണി വടക്കേകര വി.സി.

പി.ആർ.ഒ, സീറോമലബാർസഭ &സെക്രട്ടറി, മീഡിയാ കമ്മീഷൻജൂൺ 27, 2023