കാക്കനാട്: കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നൽകുന്നതെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. കലാലയങ്ങളിൽ അച്ചടക്കവും ധാർമികതയും നിലനിൽക്കണമെന്നു നിർബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയിൽ മാധ്യമചർച്ചകൾ പുരോഗമിക്കുന്നത് ഒരിക്കലും ഇളം തലമുറയുടെ പരിശീലനത്തിന് സഹായിക്കില്ല. ഏവർക്കും ദുഃഖകരമായ ആത്മഹത്യകളെ ചില തത്പരകക്ഷികൾ വർഗ്ഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കികാണുന്നത്.
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളുമെല്ലാം മികച്ച സേവന നിലവാരം പുലർത്തുന്നവയും കേരളത്തിൻ്റെ വളർച്ചയ്ക്കും വികസനത്തിനും കാരണമായിട്ടുള്ളവയുമാണ്. അവയെ ദുർബലപ്പെടുത്തുന്നതിലൂടെ ക്രൈസ്തവ വിരോധം സാധിതമാക്കുക മാത്രമല്ല കേരളത്തിലെ യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കി ഇവിടെ അരാജകത്വം വിതയ്ക്കാനും വർഗ്ഗീയതയുടെ വിളവെടുപ്പ് നടത്താനും കൂടിയാണ് ഛിദ്രശക്തികൾ ശ്രമിക്കുന്നത്. അമൽ ജ്യോതി കോളേജിലുണ്ടായ പ്രതിഷേധങ്ങൾക്കു പിന്നിലെ രാഷ്ട്രീയ-വർഗ്ഗീയ താല്പര്യങ്ങൾ പൊതുസമൂഹം തിരിച്ചറിഞ്ഞുവെന്നതും യുവജനങ്ങളുൾപ്പെടെ ശക്തമായ പ്രതികരണങ്ങൾക്കു തയ്യാറായി എന്നതും പ്രതീക്ഷാനിർഭരമാണ്. എന്നാൽ ഇത്തരം പ്രതിരോധ ശ്രമങ്ങളെപ്പോലും വർഗ്ഗീയവത്കരിക്കാനാണ് പ്രതിലോമശക്തികൾ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വിനാശം വിതയ്ക്കുന്ന രാഷ്ട്രീയ-വർഗ്ഗീയ കൂട്ടുകെട്ടുകളെ സിനഡ് ശക്തമായി അപലപിക്കുന്നു. കേരള സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം വ്യതിയാനങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ജാതിമതഭേദമന്യേ ഏവരോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഉന്നതനിലവാരം പുലർത്തുന്ന ക്രൈസ്തവസ്ഥാപനങ്ങളെ വളഞ്ഞിട്ടാക്രമിക്കുമ്പോൾ ഇന്നിന്റെ മാത്രമല്ല നാളെയുടെയും നാശമാണ് ക്ഷണിച്ചുവരുത്തുന്നതെന്ന് പൊതുസമൂഹം തിരിച്ചറിയണം. ക്രൈസ്തവന്റെ ക്ഷമയെ ഒരു ദൗർബല്യമായി കരുതി ഈ ന്യൂനപക്ഷത്തെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ്. ക്രൈസ്തവസ്നേഹവും ക്ഷമയും ആക്രമിക്കപ്പെടുവാനുള്ളതല്ല, അനുകരിക്കപ്പെടാനുള്ളതാണ്. ഈ സത്യത്തോട് ചേർന്ന് പ്രവർത്തിക്കുന്നതാണ് മനുഷ്യസമൂഹത്തിന്റെ ഭാവിക്ക് നല്ലതെന്ന് എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫാ.ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ, സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ
ജൂൺ 19, 2023