മഹാത്മാ ഗാന്ധി സര്‍വകലാശാലയെ സമാനതകളില്ലാത്ത വളര്‍ച്ചയുടെ പാതയിലൂടെ നയിച്ച വര്‍ഷങ്ങള്‍ക്കൊടുവിലാണ് പ്രഫ. സാബു തോമസ് വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് വിരമിക്കുന്നത്.
അധ്യാപനം, ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം, വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം, സംരംഭകത്വ പ്രോത്സാഹനം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇക്കാലയളവില്‍ സര്‍വകലാശാലയ്ക്ക് സാധിച്ചു.
അധ്യാപകനെന്ന നിലയില്‍ മുപ്പത്തിയാറു വര്‍ഷത്തെയും വൈസ് ചാന്‍സലറായി നാലു വര്‍ഷത്തെയും സേവനം പൂര്‍ത്തിയാക്കി സഹപ്രവര്‍ത്തകരുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി പടിയിറങ്ങുമ്പോള്‍ അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചു പറയുന്നു; ഇപ്പോഴത്തെ നിലയില്‍ മുന്നേറാനായാല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല രാജ്യത്തെ മികച്ച പത്തു സര്‍വകലാശാലകളിലൊന്നായി മാറും.
തികഞ്ഞ ലാളിത്യവും എല്ലാവരെയും പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമീപനവുമാണ് പ്രഫ. സാബു തോമസിന്റെ വിജയത്തിന് ഊര്‍ജ്ജം പകര്‍ന്നതെന്ന് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും അനുസ്മരിക്കുന്നു. അനേകം വിദ്യാര്‍ഥികള്‍ക്ക് ഉയരങ്ങളിലെത്താന്‍ സഹായകമായതും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘത്തെ ആഗോള പ്രശക്തമാക്കിയതും അതേ സമീപനവും അടിയുറച്ച ഗവേഷണാഭിമുഖ്യവുമാണ്.
2019 മെയ് 28 നാണ് വൈസ് ചാന്‍സലറായി പ്രഫ. സാബു തോമസ് ചുമതലയേറ്റത്. തുടര്‍ന്നിങ്ങോട്ട് സമഗ്രമായ പുരോഗതിയുടെ കാലഘട്ടത്തിനാണ് സര്‍വകലാശാല സാക്ഷ്യം വഹിച്ചത്. 127 പേരുടെ ഗവേഷണ ഗൈഡായി പ്രവര്‍ത്തിച്ചു. നൂറോളം രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ക്ക് സര്‍വകലാശാല ആതിഥ്യമരുളി.
സംയുക്ത ഗവേഷണ പദ്ധതികളുടെയും കോണ്‍ഫറന്‍സുകളുടെയും ഭാഗമായി എണ്‍പതോളം രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി.
അനേകം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദേശ രാജ്യങ്ങളില്‍ ഗവേഷണത്തിന് അവസരമൊരുക്കി. 205 പുസ്തകങ്ങള്‍ എഴുതി. 1260 ഗവേഷണ പ്രസിദ്ധീകരണങ്ങളും പതിനഞ്ച് പേറ്റന്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍നിന്നായി മൂന്ന് സര്‍വകലാശാലകളുടെ ഹോണറി ഡോക്ടറേറ്റിന് തിരഞ്ഞെടുക്കപ്പെട്ടു.
സര്‍വകലാശാലകളുടെ ആഗോള റാങ്കിംഗില്‍ നാനൂറിനും അഞ്ഞൂറിനും ഇടയില്‍ ഇടം നേടാന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് സഹായകമായത് ഗവേഷണത്തിലും സംരംകത്വത്തിനും ഊന്നല്‍ നല്കി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്. വൈസ് ചാന്‍സലര്‍ പദവിയിലെ അവിസ്മരണീയ നേട്ടം ഇതാണെന്ന് അദ്ദേഹം പറയുന്നു. ദേശീയ റാങ്കിംഗിലും ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ സര്‍വകലാശാലയ്ക്ക് സാധിച്ചു.ജര്‍മനി ആസ്ഥാനമായുള്ള അള്‍പര്‍-ഡോഗര്‍(എ.ഡി) സയിന്റിഫിക് ഇന്‍ഡക്സില്‍ ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം നേടിയ അദ്ദേഹം പ്രമുഖ രാജ്യാന്തര ശാസ്ത്ര ഗവേഷണ പോര്‍ട്ടലായ റിസര്‍ച്ച് ഡോട് കോമിന്റെ 2023ലെ റാങ്കിംഗില്‍ ഇന്ത്യയിലെ മെറ്റീരിയല്‍ സയന്‍സ് ശാസ്ത്രജ്ഞരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.പ്രമുഖ അമേരിക്കന്‍ മാധ്യമ സ്ഥാപനമായ യു.എസ് ന്യൂസിന്റെ 2022 -23ലെ റാങ്കിംഗില്‍ പോളിമെര്‍ സയന്‍സില്‍ ഉന്നത പഠനത്തിനുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല ഒന്നാം സ്ഥാനത്ത് എത്തിയതിനു പിന്നിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. 1989 മുതല്‍ വിവിധ വിദേശ സര്‍വകലാശാലകളില്‍ പോസ്റ്റ് ഡോക്ടറല്‍, വിസിറ്റിംഗ് പ്രഫസറായി പ്രവര്‍ത്തിക്കുന്ന പ്രഫ. സാബു തോമസ് വിരമിക്കുന്നതിനു മുന്‍പ് ആറാം തലമുറ വയര്‍ലെസ് നെറ്റ് വര്‍ക്കുകളില്‍ വൈദ്യുത കാന്തിക തരംഗങ്ങളുടെ സുഗമ നീക്കത്തിന് സഹായകമായ പരിസ്ഥിതി സൗഹൃദ ഷീല്‍ഡുകള്‍ വികസിപ്പിച്ച ഗവേഷണത്തിനും നേതൃത്വം നല്കി.
ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെലോഷിപ്പ്, പ്രഫ. സുകുമാര്‍ മെയ്തി നാഷണല്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് പോളിമെര്‍ റിസര്‍ച്ചര്‍, സ്ലൊവേനിയയിലെ ജോസെഫ് സ്റ്റീഫന്‍ ഇന്സിറ്റിറ്റൂട്ടിലെ ഡിസ്റ്റിംഗുഷ്ട് പ്രഫസര്‍ അവാര്‍ഡ്, ഡോ.എപിജെ അബ്ദുല്‍ കലാം അവാര്‍ഡ് ഫോര്‍ സയന്‍സ് എക്സലന്‍സ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മികച്ച സര്‍വകലാശാലയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചാന്‍സലേഴ്സ് അവാര്‍ഡ് മൂന്നു തവണ എം.ജി. സര്‍വകലാശാലാ സ്വന്തമാക്കി. ഇന്നവേഷന്‍ – സംരംഭകത്വ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന സര്‍വ്വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള അടല്‍ റാങ്കിംഗില്‍ മൂന്നാം സ്ഥാനം നേടി. ഇക്കാലഘട്ടത്തില്‍ ബിസിനസ് ഇന്‍കുബേഷന്‍, സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങള്‍ വിപുലീകരിക്കാന്‍ സാധിച്ചു. സംസ്ഥാന സര്‍ക്കാര്‍ പത്തു കോടി രൂപ ചിലവഴിച്ച് സര്‍വകലാശാലയില്‍ ട്രാന്സ്ലേലേഷണല് സംവിധാനം സജ്ജമാക്കുകയാണ്. കിഫ്ബി ഫണ്ടിംഗോടെ രാജ്യാന്തര സ്പോര്ടസ് കോംപ്ലസ്കും യാഥാര്ത്ഥമാകുകയാണ്. വിപുലമായ ലാബോറട്ടറി സമുച്ചയങ്ങളും സര്‍വകലാശാലയ്ക്ക് സ്വന്തമാകും.
ഒരുപാട് വിദ്യാര്‍ഥികളെ ഗവേഷണ മേഖലയിലേക്ക് കൊണ്ടുവരാന്‍ നമുക്ക് കഴിയണം. ഗവേഷണങ്ങള്‍ പ്രബന്ധങ്ങളില്‍ മാത്രം ഒതുക്കാതെ വികസിപ്പിച്ച് ബിസിനസ് സംരംഭങ്ങളായി വളര്ത്തനാകാണം. അതിനുള്ള എല്ലാ സാധ്യതകളും ഇപ്പോള്‍ സര്‍വകലാശാലയിലുണ്ട് അദ്ദേഹം പറയുന്നു. ഭാവിയിലും സര്‍വകലാശാലയുടെ ഭാഗമായി തുടരുമെന്ന് പ്രഫ. സാബു തോമസ് പറഞ്ഞു. നാനോ സയന്‍സ്, പോളിമെര്‍ സെന്ററുകളുടെ ഭാഗമായി പ്രഫസര്‍ ഓഫ് എമിനന്‍സ്, എമരിറ്റസ് പ്രഫസര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. കുട്ടികള്‍ക്ക് ശാസ്ത്ര വിഷയങ്ങളില്‍ താത്പര്യം വര്‍ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.1960 മാര്‍ച്ച 14ന് കോട്ടയം പെരുമ്പായിക്കാട്ട് ജനിച്ച പ്രഫ സാബു തോമസ് പാറമ്പുഴ ബേത്ലഹെം സ്കൂള്‍, കുമാരനല്ലൂര്‍ ദേവീവിലാസം സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. കോട്ടയം സി.എം.എസ് കോളജില്‍നിന്ന് പ്രീഡിഗ്രിയും 1980ല്‍ മാന്നാനം കെ.ഇ. കോളജില്‍നിന്ന് കെമിസ്ട്രിയില്‍ ബിരുദവുമെടുത്തു. 1983ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് പോളിമെര്‍ സയന്‍സ് ആന്റ് റബര്‍ ടെക്നോളജില്‍ ബിടെക് നേടി. 1987ല്‍ ഖരക്പൂര്‍ ഐ.ഐ.ടിയില്‍നിന്ന് എന്‍ജിനിയറിംഗില്‍ പി.എച്ച്.ഡി നേടി.
1987 ഡിസംബറിലാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചത്. 1994 മുതല്‍ 97 വരെ മാന്നാനത്തെ സ്കൂള്‍ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സിന്റെ റീജിണയല്‍ ഡയറക്ടറുടെ ചുമതല വഹിച്ചു. 1994 മുതല്‍ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ പ്രഫസറാണ്. സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഡയറക്ടര്‍, ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സസ് ഡീന്‍, സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം, ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജി, സ്കൂള്‍ എനര്‍ജി മെറ്റീരിയല്‍സ് എന്നിവയുടെ സ്ഥാപക ഡയറക്ടര്‍,മഹാത്മാ ഗാന്ധി ഇന്നവേന് ഫൗണ്ടേഷന് ചെയര്മാന്, പ്രോ വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികളും വഹിച്ചു.
മാര്‍ച്ച് ആറു മുതല്‍ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ അധിക ചുമതലയും വഹിച്ചുവരികയായിരുന്നു കോട്ടയം മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. ആൻ ജോർജ് ആണ് പ്രഫ. സാബു തോമസിന്റെ ഭാര്യ. മകൻ മാർട്ടിൻ ജോർജ് തോമസ് ഫ്രാൻസിൽ നിന്നും കെമിസ്ട്രിയിൽ പി. എച്ച് .ഡി നേടിയശേഷം ഇറ്റലിയിൽ ജോലി ചെയ്യുന്നു.
മകൾ ഡോ. ക്രിസ്റ്റീൻ റോസ് തോമസ് ( അസം).
Mahatma Gandhi University Kerala