വേദനയും ദുഃഖവും ഇരുൾ പരത്തിയിരിക്കുന്നതും മരണത്തിന്റെ താഴ്വരകളിലൂടെ കടന്നുപോകുന്നതുമായ കുരിശിന്റെ വഴികളുടെ ഒടുവില്‍ നാം നിശ്ചയമായും എത്തിച്ചേരുന്നത് പുനഃരുത്ഥാനപ്രഭയുടെ നാട്ടിലാണ്.
ക്രൈസ്തവ വിശ്വാസത്തെ പൊതിഞ്ഞുനില്‍ക്കുന്ന ഭാഗ്യകരമായ പ്രത്യാശയുടെ പ്രഭവകേന്ദ്രം ഈ പുനഃരുത്ഥാന ദർശനമാണ്. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു; മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു; ശക്തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. (1കൊരി 15: 42-43) ക്രിസ്തുവില്‍ ആരംഭിച്ച കുരിശിന്റെ വഴി മനുഷ്യവംശത്തലൂടെ കാലദേശ ഭേദമെന്യെ ഇന്നും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ആദ്യഫലമായ ക്രിസ്തു ഉത്ഥിതനായ വിധത്തിൽ ക്രിസ്തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും ഉയിർക്കും എന്ന പ്രത്യാശയുടെ വചനം കുരിശിൻ്റെ വഴികളിൽ പാതക്ക് വിളക്കായി ജ്വലിക്കുന്നു.സഭയ്ക്കുവേണ്ടി “ക്രിസ്തു തന്റെ ശരീരത്തില്‍ ഏറ്റ പീഡകളുടെ കുറവു” പരിഹരിക്കാന്‍ തയാറായ പൗലോസിനെപ്പോലെ ധീരന്മാരായ ക്രിസ്തുഭകതന്മാര് സഞ്ചരിച്ച കഷ്ടാനുഭവങ്ങളെയും ക്രൈസ്തവലോകം കുരിശിൻ്റെ വഴിത്താരകളിൽ സ്മരിക്കുന്നു.
കുരിശില്‍നിന്ന് മഹത്വത്തിലേക്ക് ഉയര്‍ന്ന ഈശോ മശിഹായുടെ മനുഷ്യാവതാര കാലത്തിന്റെ അവസാനത്തെ ഏതാനും മണിക്കൂറുകള്‍, ആദിമസഭ മുതലേ ധ്യാനവിഷയമാക്കിയിരുന്നതായാണ് ചരിത്രം പറയുന്നത്. പീഡകളുടെ മുന്നില്‍ ഭയന്നു മാറിനില്ക്കാതെ “ഞാനും ക്രിസ്ത്യാനിയാണ്” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ക്രിസ്തുവിശ്വാസത്തിനു വേണ്ടി കൊല്ലപ്പെടാൻ യുവാക്കളടക്കം അനേകർ മുന്നോട്ടുവന്നിരുന്നു.
വിശ്വാസത്തിനു വേണ്ടി കഷ്ടം സഹിക്കാൻ മുമ്പോട്ടുവന്ന സഭയുടെ ധീരസന്താനങ്ങൾക്ക് പ്രചോദനം നല്കിയതായിരുന്നു ഉയര്പ്പുതിരുന്നാളിനു മുന്നോടിയായി പാടിയും പ്രാര്‍ത്ഥിച്ചും ഭക്തലക്ഷങ്ങള്‍ കടന്നുപോയ സ്ലീവാപ്പാതകള്‍.ഗബ്ബാത്തയിലെ ന്യായാസനത്തില്‍ ഇരുന്നുകൊണ്ടു പീലാത്തോസ് പ്രഖ്യാപിച്ച ‘വിധി’ നടപ്പാക്കാന്‍ റോമന്‍ പടായളികള് ഈശോമശിഹായേ കാല്‍വരിക്കുന്നിലെ കൊലമരത്തിലേക്ക് നയിച്ചു. ആ യാത്രയിലെ ഓരോ അവിസ്മരണീയ ഘട്ടങ്ങളെയുമാണ് കുരിശിന്റെ വഴികളില്‍ സഭ വിചിന്തനം ചെയ്യുന്നത്.
ആദിമസഭമുതല്‍ തീര്‍ത്ഥാടകര്‍ കുരിശിന്റെ വഴികളെ ധ്യാനിക്കുവാന്‍ ജെറുസലേമില്‍ വരുമായിരുന്നു. ഇതിന് ഉപോത്ബലകമായി ഒരു പാരമ്പര്യവിശ്വാസമുള്ളത്, ദിവ്യമാതാവ് തന്റെ പുത്രന്റെ അവസാന യാത്രയുടെ ഓര്‍മയ്ക്കായി, ജെറുസലേമിനു വെളിയിലുള്ള തന്റെ ഭവനത്തിന്റെ സമീപത്ത് കുരിശിന്റെ വഴിയിലെ പ്രധാന സംഭവങ്ങള്‍ക്കായി ഓര്‍മ്മക്കല്ലുകള്‍ നാട്ടിയിരുന്നുവത്രെ. കന്യകമറിയാമായിരുന്നു കുരിശിന്റെ വഴികളെ ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗമായി അവതരിപ്പിച്ചത് എന്നാണ് പാരമ്പര്യവിശ്വാസം.
യേശു സഞ്ചരിച്ച കുരിശിന്റെ വഴികളില്‍ സ്മരണാര്‍ഹമായ പതിനാല് സംഭവങ്ങള്‍ ഉണ്ടായി എന്നാണ് കരുതുന്നത്
1. യേശുവിനെ മരണത്തിന് വിധിക്കുന്നു 2. യേശു കുരിശു വഹിച്ചു നീങ്ങുന്നു 3. യേശു കുരിശുമായി ഒന്നാംപ്രാവശ്യം വീഴുന്നു 4. കുരിശിന്റെ വഴിയില്‍ മകന് അമ്മയെ കണ്ടുമുട്ടുന്നു 5. കുറേനക്കാരനായ ശിമയോന് കുരിശു വഹിച്ച് യേശുവിനെ സഹായിക്കാന്‍ മുന്നോട്ടുവരുന്നു 6. വെറോനിക്കാ രക്തമൊഴുകുന്ന തിരുമുഖം തുടയ്ക്കുന്നു 7. യേശു രണ്ടാംപ്രാവശ്യവും വീഴുന്നു 8. വിലപിക്കുന്ന ജെറുസലേം വനിതകളെ യേശു തന്റെ പീഡാനുഭവങ്ങളുടെ മധ്യേ ആശ്വസിപ്പിക്കുന്നു 9. അവിടുന്ന് മൂന്നാം പ്രാവശ്യവും വീഴുന്നു 10. പടയാളികള്‍ ഈശോയുടെ കുപ്പായമെല്ലാം ഉരിഞ്ഞുമാറ്റുന്നു 11. പടയാളികള്‍ അവിടുത്തെ കുരിശിൽ കിടത്തി കൈകളിലും കാലുകളിലും ആണിയടിക്കുന്നു 12. യേശു കുരിശില്‍ മരിക്കുന്നു 13. അവിടുത്തെ ശരീരം കുരിശില്‍ നിന്ന് താഴെയിറക്കി മാതാവിൻ്റെ മടിയിൽ കിടത്തുന്നു 14. ദിവ്യശരീരം കല്ലറയില്‍ അടക്കം ചെയ്യുന്നു.
ആദിമ പാരമ്പര്യവിശ്വാസ പ്രകാരമുള്ള കുരിശിൻ്റെ വഴിയിൽ ഇന്നുള്ള പതിനാല് സ്ഥലങ്ങളെയും അനുസ്മരിച്ചിരുന്നില്ല എന്നു പറയാറുണ്ട്. ഏതാനും സംഭവങ്ങള്‍ പിന്നീട് 16-ാം നൂറ്റാണ്ടിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഫ്രാന്‍സിസ്കന്‍ വൈദികരാണ് പതിനാല് സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഇന്നത്തെ കുരിശിന്റെ വഴിക്ക് 18-ാം നൂറ്റാണ്ടില്‍ രൂപം നല്കിയതും ആചരണം ആരംഭിക്കുന്നതും. കത്തോലിക്കാ സഭയും പ്രൊട്ടസ്റ്റന്റ് സഭകളും തര്‍ക്കമില്ലാതെ കുരിശിന്റെ വഴികളെ ധ്യാനിക്കാറുണ്ട് എന്നത് സ്ലീബാപാതയുടെ ചരിത്രപരതയ്ക്ക് സാക്ഷ്യമായി പറയപ്പെടുന്നു.
കുരിശിന്റെ വഴിയലെ 3,4,6,7,9,13 സ്ഥലങ്ങള്‍ക്ക് ബൈബിളില്‍ യാതൊരു തെളിവുമില്ലെന്നു വാദിക്കുന്നവരുണ്ട്. അവ മഹത്തായ പാരമ്പര്യവിശ്വാസങ്ങളായി സഭ കണക്കാക്കുന്നു. 1991ലെ ദുഃഖവെള്ളിയില്‍ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പാ “തിരുവെഴുത്തുകളിന്‍ പ്രകാരമുള്ള കുരിശിന്റെ വഴിക്ക്” (Scriptural Way of the Cross) അംഗീകാരം നല്‍കിയിരുന്നു. ഇത് പാരമ്പര്യമായി ആചരിക്കുന്ന കുരിശിന്റെ വഴിയെ നിരാകരിക്കാനല്ല എന്ന് അദ്ദേഹം എടുത്തു പറയുകയും ചെയ്തിരുന്നു.
2007ല്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പാ ഈ കുരിശിന്റെ വഴിയെ വിശ്വാസികള്‍ക്ക് ആചരിക്കുവാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു. “തിരുവെഴുത്തുകളിന്‍ പ്രകാരമുള്ള കുരിശിന്റെ വഴി”യുടെ ആരംഭം ഒന്നാം സ്ഥലത്ത്, ഗതസമെനയില് കര്‍ത്താവിന്റെ രക്തംവിയര്‍ത്തുള്ള പ്രാര്‍ത്ഥന മുതല്‍ ആരംഭിക്കുന്നു. തുടര്‍ന്ന് 2. യൂദാ ഒറ്റിക്കൊടുക്കുന്നതും പിടിക്കപ്പെടുന്നതും 3. സെന്‍ഹദ്രീന്‍ കുറ്റക്കാരനായി പ്രഖ്യാപിക്കുന്നു 4. പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു 5. പീലാത്തോസ് യേശുവിനെ കുരിശുമരണത്തിന് ഏല്‍പ്പിക്കുന്നു 6. യേശുവിനെ അടിക്കുകയും മുള്‍ക്കിരീടം അണിയിക്കുകയും ചെയ്യുന്നു 7. യേശു കുരിശു വഹിക്കുന്നു 8. കുറേനക്കാരനായ ശീമോന് യേശുവിന്റെ കുരിശു വഹിക്കുന്നു 9. യേശു ജെറുസലേം വനിതകളെ ആശ്വസിപ്പിക്കുന്നു 10. യേശുവിനെ കുരിശില്‍ തറയ്ക്കുന്നു 11. മാനസാന്തരപ്പെട്ട കള്ളന് യേശു ദൈവരാജ്യം വാഗ്ദാനം ചെയ്യുന്നു 12. യേശു തന്റെ അമ്മയോടും പ്രിയ ശിഷ്യനോടും അവസാനമായി സംസാരിക്കുന്നു 13. യേശു കുരിശില്‍ മരിക്കുന്നു 14. ദിവ്യശരീരം കല്ലറയില്‍ അടക്കുന്നു. ഇവയെക്കൂടാതെ 15-ാം സ്ഥലമായി “ഈശോമശിഹായുടെ പുനഃരുത്ഥാനവും” കുരിശിന്റെ വഴിയില്‍ ഉള്‍പ്പെടുത്താന്‍ ജോണ്‍പോള്‍ രണ്ടാമന് പാപ്പാ അനുവാദം നല്‍കിയിരുന്നു.
ഫിലിപ്പൈന്‍സിലുള്ള ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടേതായ ഒരു കുരിശിന്റെ വഴിയും പ്രചാരത്തിലുണ്ട്. അത് അന്ത്യത്താഴം മുതല്‍ ആരംഭിക്കുന്നതും പതിനാലാം സ്ഥലത്ത് യേശുക്രിസ്തുവിന്റെ പുനഃരുത്ഥാന സ്മരണയുമായി ബന്ധിപ്പിച്ചിരിക്കുന്നതുമാണ്.
1 അന്ത്യത്താഴം 2 ഗെതസമീനയിലുള്ള പ്രാര്‍ത്ഥന 3. സെന്ഹെദ്രീനു മുമ്പാകെ 4. യേശുവിനെ അടിക്കുകയും മുള്‍ക്കിരീടം അണിയിക്കുകയും ചെയ്യുന്നു 5. കുരിശു വഹിക്കുന്നു 6. കുരിശോടുകൂടെ യേശു വീഴുന്നു 7. ശീമോന് സഹായിക്കുന്നു 8. ജെറുസലേം വനിതകളെ ആശ്വസിപ്പിക്കുന്നു 9. കുരിശില്‍ തറയ്ക്കുന്നു 10. മാനസാന്തരപ്പെടുന്ന കള്ളനോടുള്ള സംഭാഷണം 11. കുരിശിന്റെ ചുവട്ടില്‍ മാതാവും യോഹന്നാനും 12. യേശു കുരിശില്‍ മരിക്കുന്നു 13. ദിവ്യശരീരം കല്ലറയില്‍ വയ്ക്കുന്നു 14. പുനഃരുത്ഥാനംകുരിശിന്റെ വഴികള്‍ –
പാരമ്പര്യമായുള്ളതോ തിരുവെഴുത്തുകളിന്‍ പ്രകാരമുള്ളതോ ഫിലിപ്പിനോകളുടെ കുരിശിന്റെ വഴിയോ -ഏതുമാകട്ടെ, എല്ലാറ്റിലും ഒരുപോലെ ഒരു പ്രാര്‍ത്ഥന ഉള്‍പ്പെടുത്തിയിട്ടുണ്ട് “ഈശോമശിഹായേ ഞങ്ങള്‍ അങ്ങയെ കുമ്പിട്ട് ആരാധിച്ച് വണങ്ങി സ്തോത്രം ചെയ്യുന്നു, എന്തുകൊണ്ടെന്നാല്‍ കുരിശിനാല്‍ അങ്ങ് ലോകത്തെ വീണ്ടെടുത്തു”. കുരിശും ക്രൂശിതനും അതിന്റെ പരമമായ ലക്ഷ്യവും ഈ പ്രാര്‍ത്ഥനയില്‍ നിറഞ്ഞുനില്ക്കുന്നു.
മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പിന് ഉപാധിയായി കുരിശിനെ തെരഞ്ഞെടുത്തവനോടുള്ള ആരാധനയാണ് കുരിശിന്റെ വഴികളെ ഏറെ വൈകാരികമാക്കുന്നത്.”ദൈവത്തിന്‍െറ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍െറ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു” ഫിലിപ്പിയ ലേഖനം 2:6-9 വരെയുള്ള വാക്യങ്ങള്‍ ആദിമസഭയുടെ ഗീതമായിരുന്നു എന്നാണ് ബൈബിൾ പണ്ഡിതർ പറയുന്നത്. കുരിശിന്റെ വഴികളെ മുഴുവന്‍ ആറ്റിക്കുറുക്കിയുള്ള ഒരു വചനഭാഗമാണിത്. സ്ലീവാപ്പാതയില്‍ സഞ്ചരിക്കുന്നവര്‍ ക്രിസ്തുസംഭവങ്ങളുടെ ആകെത്തുകയായ ഈ വചനത്തെ വളരെ വിപുലമായ രീതിയില്‍ വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്മരിക്കുന്നു എന്നേയുള്ളൂ.
കുരിശിന്റെ വഴികള്‍ കണ്ണുനീരിന്റെയും രക്തത്തിന്റെയും വഴികളാണ്. ദുഃഖസാന്ദ്രമായ ഈ വഴികളില്‍ ആദ്യമായി സഞ്ചരിച്ചവന്റെ പുറകെ, അദൃശ്യമായ ഒരു കുരിശും തോളിലേറ്റി ദിനംതോറും സഞ്ചരിക്കുന്നവരുടെ പരസ്യപ്രഖ്യാപനമാണ് ഉയിര്‍പ്പ് തിരുനാളിനോട് അനുബന്ധിച്ചുള്ള കുരിശിന്റെവഴി അനുസ്മരണ യാത്രകള്‍. ക്രിസ്തുവിശ്വാത്തിന്റെ പേരില്‍ ലോകം മുഴുവനും പീഡയേല്ക്കുന്ന ആയിരണക്കിന് ക്രൈസ്തവരാണ് ഇന്നുള്ളത്. അവരോടുള്ള ഐക്യദാര്‍ഢ്യവും കുരിശിന്റെ വഴികളെ ഏറെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റുന്നു. ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ ഈ നൂറ്റാണ്ടില്‍ മാത്രം കാണപ്പെടുന്നവരല്ല, സഭയുടെ ആരംഭം മുതല്‍ ഇന്നയോളം, പീഡയേല്ക്കുന്ന ജനലക്ഷങ്ങളാണ് സഭയോടൊപ്പം കുരിശുവഹിച്ച് സഞ്ചരിക്കുന്നത്.
ഹെബ്രായ ലേഖനത്തില്‍ മെച്ചപ്പെട്ട പുനഃരുത്ഥാനം പ്രാപിക്കാന്‍വേണ്ടി പീഡകളില്‍നിന്ന് രക്ഷപ്പെടാന്‍ കൂട്ടാക്കാത്തവരും മരണംവരെ പ്രഹരത്തിന് വിട്ടുകൊടുത്തവരെയുംകുറിച്ച് വായിക്കുന്നു. ചിലര്‍ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും കാരാഗൃഹവാസവും സഹിച്ചു. ചിലരെ കല്ലെറിഞ്ഞു; ചിലരെ വിചാരണ ചെയ്തു; ചിലര്‍ രണ്ടായി വെട്ടി മുറിക്കപ്പെട്ടു; ചിലര്‍ വാളുകൊണ്ട് വധിക്കപ്പെട്ടു. ചിലര്‍ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോലു ധരിച്ചു നിസ്സഹായരായും വേദനിക്കുന്നവരായും പീഡിതരായും അലഞ്ഞു നടന്നു, വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അവര്‍ അലഞ്ഞുതിരിഞ്ഞു. ഇവിടെ കഷ്ടത അനുഭവിക്കുന്നവരെ പ്രത്യേകം പറയുന്നു “വേറേ ചിലര്‍ ” (The Others). ഇവർ എല്ലാവരെയും “ക്രിസ്തുവിന്റെ പ്രിയപ്പെട്ട വേറേ ചിലര്‍” (the beloved others of Christ) എന്നാണ് വിളിക്കുന്നത്. ഒടുവില്‍ വായിക്കുന്നു “ലോകം അവര്‍ക്ക് യോഗ്യമായിരുന്നില്ല” വാസ്തവത്തിൽ ക്രിസ്തുവിനെക്കാള്‍ വിലയേറിയതായി അവര്‍ ലോകത്തില്‍ യാതൊന്നും കണ്ടിരുന്നില്ല! വെളിപ്പാട് പുസ്തകം രണ്ടാം അധ്യായത്തില്‍ “എന്‍െറ വിശ്വസ്തസാക്ഷി” എന്ന് യേശുനാഥന്‍ എടുത്തു പറയുന്ന പെര്‍ഗമം സഭയിലെ അന്തിപ്പാസിനെ അനേകരും ഓര്‍മിക്കാത്ത ഒരു രക്തിസാക്ഷിയാണ്. അന്തിപ്പാസിനെ ചുട്ടുകൊല്ലുന്നതിന് മുമ്പ് അദ്ദേഹത്തോട് പറഞ്ഞു “അന്തിപ്പാസേ, ലോകം മുഴുവന്‍ നിനക്ക് എതിരാണ്, നീ ക്രിസ്തുവിനെ തള്ളിപ്പഞ്ഞാല്‍ ഇവിടെനിന്നും രക്ഷപ്പെടാം” ഉടനെ അന്തിപ്പാസ് അത് നിഷേധിച്ചുകൊണ്ട് പറഞ്ഞു “അന്തിപ്പാസ് മുഴുലോകത്തിനും എതിരാണ്”. അന്തിപ്പാസിനെ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ “സഹദാ”യായി സ്മരിക്കുന്നുണ്ട്.
വിശ്വസ്തസാക്ഷികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ബോധപൂര്‍വ്വം സഞ്ചരിച്ച വഴികളാണ് കുരിശിന്റെ വഴികള്‍. കുരിശിന്റെ വഴികളില്‍ കാഴ്ചക്കാരില്ല, സഞ്ചാരികള്‍ മാത്രമേയുള്ളൂ.കുരിശിന്റെ വഴികളെ ധ്യാനിക്കുന്ന നാളുകളില്‍ തോമസ് അക്കെമ്പിസിന്റെ പ്രിസദ്ധമായ ഉദ്ധരണിയാണ് ഓര്‍മയില്‍ വരിക. “നിനക്ക് ഇഷ്ടമുള്ളിടത്തു പോകാം; ഇഷ്ടമുള്ളത് അന്വേഷിക്കാം, എന്നാല്‍ കുരിശിന്റെ വഴിയേക്കാള്‍ ഭേദവും ഭദ്രവുമായ മാര്‍ഗ്ഗം ഒരിടത്തുമില്ല”. കുരിശിനെ നാട്ടിനിര്ത്താനും അതിനു മുന്നില്‍ തിരികൊളുത്താനും അതിനെ ധ്യാനിക്കാനും എല്ലാം കഴിയും. അത് എവിടെയെങ്കിലും സ്ഥാപിച്ച് ആത്മസംതൃപ്തി അടയുന്നവരും ധാരാളമുണ്ട്. എന്നാല്‍ കുരിശ് സ്ഥായിയായി നില്ക്കുന്നതല്ല, അതിനെ സ്ഥാപനവല്ക്കരണത്തിന്റെ പ്രതീകമായി കാണാനും കഴിയില്ല.
കുരിശിന് സഞ്ചാരിയുടെ പ്രതീകമാണ് ഏറെ യോജിക്കുക. “കുരിശ് ക്രൂശിക്കുവാനുള്ളതാണ്, അത് എപ്പോഴും ഇരയെ തേടുന്നു. ഒന്നുകില്‍ എനിക്കുതന്നെ അതിന്റെ ഇരയായി മാറാം (ഗലാത്യര്‍ 6:14) അല്ലെങ്കില്‍ എനിക്ക് ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കാം (ഹെബ്രായര്‍ 6:6)”.കുരിശിന്റെ മുമ്പിലെത്തുന്നവന് അതിനേ തോളിലേന്തുകയും ഒടുവില്‍ തന്നേ അതിലേക്ക് വിട്ടുനല്‍കുകയും ചെയ്യുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. വലിയനോമ്പു കാലത്തെ കുരിശിന്റെ വഴികള്‍ ഈ ചോദ്യങ്ങള്‍ക്കാണ് നമ്മില്‍നിന്ന് ഉത്തരം തേടുന്നത്.
മാത്യു ചെമ്പുകണ്ടത്തിൽ