ഒന്‍റാരിയോ: കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണം ചൂണ്ടിക്കാട്ടി പ്രമുഖ പ്രോലൈഫ് ക്രിസ്ത്യന്‍ മാധ്യമമായ ‘ലൈഫ്‌സൈറ്റ് ന്യൂസ്’ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ യുട്യൂബിന്റെ നടപടി വിവാദമാകുന്നു. ഓണ്‍ലൈന്‍ വീഡിയോ ഷെയറിംഗ് മാധ്യമമായ യൂട്യൂബിന്റെ നടപടി സെന്‍സര്‍ഷിപ്പ് സംബന്ധിച്ച ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായിരിക്കുകയാണ്. നടപടിയെ അപലപിച്ചുകൊണ്ട് നാഷണല്‍ കത്തോലിക് ബയോഎത്തിക്സ് സെന്റര്‍ എന്ന കത്തോലിക്ക സംഘടന രംഗത്തെത്തിയിട്ടുണ്ട്. യുട്യൂബില്‍ ശാസ്ത്രജ്ഞന്‍മാരല്ല എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ദരുമാണ് ഉള്ളതെന്നും, ശാസ്ത്രീയമായ കാര്യങ്ങളെക്കുറിച്ച് അവര്‍ക്കുള്ള അറിവ് പരിമിതമാണെന്നും നാഷ്ണല്‍ കത്തോലിക് ബയോഎത്തിക്സ് സെന്ററിലെ എഡ്വാര്‍ഡ് ഫൂര്‍ട്ടണ്‍ പറഞ്ഞു.

ഇത്തരം സെന്‍സര്‍ഷിപ്പുകള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും, അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമനിര്‍മ്മാണം വഴി സംരക്ഷിക്കുവാനുള്ള ആര്‍ജ്ജവം രാഷ്ട്രീയക്കാര്‍ കാണിക്കാത്തിടത്തോളം കാലം ഇത് തുടരുമെന്നും ഫൂര്‍ട്ടണ്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പകര്‍ച്ചവ്യാധി തടയല്‍ മാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് ലൈഫ്‌സൈറ്റ് ന്യൂസിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് യൂടൂബിന്റെ ഉടമയായ ഗൂഗിള്‍ പറയുന്നത്. എന്നാല്‍ ഇത് യുക്തിരഹിതമാണെന്നാണ് മാധ്യമം അവകാശപ്പെടുന്നത്. യാതൊരുവിധ അറിയിപ്പും കൂടാതെയാണ് യുട്യൂബ് തങ്ങളുടെ ചാനലിനു വിലക്കേര്‍പ്പെടുത്തിയതെന്നു ലൈഫ്‌സൈറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ചാര്‍ജ് ഹെന്രി വെസ്റ്റേണ്‍ വ്യക്തമാക്കി.

ഔദ്യോഗിക കത്തോലിക്കാ മാധ്യമമല്ലെങ്കിലും ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മികത ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമമാണ് ലൈഫ്സൈറ്റ് ന്യൂസ്. കോവിഡ് പ്രതിരോധത്തിനായുള്ള ചില വാക്സിനുകളില്‍ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കിയ ഭ്രൂണകോശങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ആഗോള സമൂഹത്തെ ആദ്യം അറിയിച്ച മാധ്യമങ്ങളില്‍ ഒന്നു കൂടിയായിരിന്നു ഇത്. കോവിഡ്-19 മായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭീതിയെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖ കനേഡിയന്‍ ഡോക്ടര്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ വീഡിയോ കഴിഞ്ഞ ഡിസംബറില്‍ യുട്യൂബ് നീക്കം ചെയ്തിരുന്നുവെന്ന് ലൈഫ്സൈറ്റ് ന്യൂസ് ആരോപിച്ചു. ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ കോവിഡ് വാക്സിനുകള്‍ സ്വീകരിക്കരുതെന്ന്‍ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ് ലൈഫ്സൈറ്റ് ന്യൂസിലൂടെ പറഞ്ഞ വീഡിയോയും യുട്യൂബ് സെന്‍സര്‍ ചെയ്തിരുന്നു.

കോവിഡ് ലോക്ക്ഡൌണിനെക്കുറിച്ചും, കോവിഡ് വാക്സിനു ഉപയോഗിയ്ക്കുന്ന ഭ്രൂണകോശങ്ങളെക്കുറിച്ചുമുള്ള സത്യങ്ങള്‍ തുറന്നു പറഞ്ഞതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് തങ്ങളുടെ അനുമാനമെന്നു ഹെന്രി വെസ്റ്റേണ്‍ പറഞ്ഞു. കോവിഡ് വാക്സിന്‍ പ്രത്യക്ഷമായോ, പരോക്ഷമായോ അബോര്‍ഷന്‍ ചെയ്യപ്പെട്ട ഭൂണകോശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്‌സ്ഫഡ്- അസ്ട്രാ സെനക്ക എന്ന കമ്പനി നിര്‍മ്മിക്കുന്ന വാക്സിനില്‍ ഭ്രൂണകോശങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ക്രിസ്തീയ ധാര്‍മ്മികതക്ക് നിരക്കാത്തതാണെന്നും അതൊഴിവാക്കണമെന്നും അമേരിക്കന്‍ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിരിന്നു.

കടപ്പാട്