നെടുമ്പാശേരി : സിബിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ബംഗളൂരുവിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന് സ്നേഹോഷ്മള സ്വീകരണം.

വൈകിട്ട് 7.30ന് വിമാനത്താവളത്തിലെത്തിയ മാർ താഴത്തിനെ ബിഷപ്പുമാരും എറണാകുളം-അങ്കമാലി അതിരൂപതയിലെയും തൃശൂർ അതിരൂപതയിലെയും വൈദികരും ചേർന്ന് സ്വീകരിച്ചു.

ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത്, മാർ ടോണി നീലങ്കാവിൽ, യൂഹന്നാൻ മാർ തെയോഡോഷ്യസ് എന്നിവരും തൃശൂർ മേയർ എം. കെ. വർഗീസ്, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് തുടങ്ങിയവരും നിരവധി വൈദികരും മാർ താഴത്തിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയിരുന്നു.


പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിർദേശിക്കുന്നത് അനുസരിച്ച് ചെയ്യുക മാത്രമാണ് തന്റെ ദൗത്യമെന്ന് ഏകീകൃത കുർബാന സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

മാർപാപ്പ പറയുന്നതു വിട്ട് ഒന്നും ചെയ്യാനാകില്ല . എല്ലാ കത്തിലും പരിശുദ്ധ പിതാവ് കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട് . ഈസ്റ്ററിന് മുൻപ് ഏകീകൃത കുർബാന നടപ്പിലാക്കാനാണ് ആദ്യം അറിയിച്ചിരുന്നത്. സൂനഹദോസ് തീരുമാനത്തിൽ നിന്നും വ്യത്യസ്തമായ നിലപാട് എടുക്കണമെങ്കിൽ പ്രത്യേക അനുമതി വേണം. എല്ലാവരും പരിശുദ്ധ പിതാവിനോട് ചേർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
