ദൈവത്തിലും, ദൈവത്തിന്റെ വചനത്തിലും ഉള്ള വിശ്വാസം അടിയുറച്ചതായിരിക്കണം. ദൈവം മനുഷ്യനു നല്‍കുന്ന സൗജന്യമായ ഒരു ദാനമാണ് വിശ്വാസം. നാം ഓരോരുത്തരുടെയും ആൽമീയ ജീവിതത്തിൽ ദൈവ വിശ്വാസത്തോടൊപ്പം, പ്രവർത്തിയും ഉണ്ടായിരിക്കണം. വിശ്വാസം നമ്മുടെ ജീവിതത്തിൽ കാണിക്കണം, അല്ലെങ്കിൽ അത് രക്ഷയ്ക്ക് ഉതകുന്ന വിശ്വാസം അല്ല. പരീക്ഷകളും തകർച്ചകളും ഉണ്ടാകുമ്പോൾ നമ്മൾ ദൈവത്തിലേക്ക് കൂടുതൽ അടുക്കുന്നുവോ, അതോ ദൈവത്തിൽ നിന്നും അകന്നു പോകുന്നുവോ എന്നു തീരുമാനിക്കുന്നത് നമ്മളിലെ വിശ്വാസത്തിന്റെ ആഴമാണ്
കർത്താവിനെ ഏതു സാഹചര്യത്തിലും പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുക. നമ്മുടെയൊക്കെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്നു തോന്നുമ്പോളും, പല പല ആവശ്യങ്ങൾക്കു വേണ്ടി നാം പ്രാർത്ഥിച്ചിട്ട് ഉത്തരമില്ല എന്ന് തോന്നുമ്പോളും ഓർക്കുക, നമ്മുക്കു വേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതി നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്.നാം ദൈവത്തോട് ചേർന്നു നിന്നാൽ സമയത്തിന്റെ പൂർണതയിൽ ആ പദ്ധതി നമ്മിൽ നടപ്പാവുക തന്നെ ചെയ്യും. കാരണം നമ്മളെക്കുറിച്ചുള്ള പൂർണമായ വിളിയും പദ്ധതിയും അറിയുന്നവൻ ദൈവം മാത്രമാണ്. നമ്മുടെയൊക്കെ നിയോഗങ്ങളുടെയും പ്രാർത്ഥനകളുടെയും അന്തിമ ലക്ഷ്യം നിത്യജീവൻ ആയിരിക്കട്ടെ.
ജീവിതത്തിൽ നൻമകൾ വരുമ്പോൾ അബ്രാഹത്തെ പോലെയും, ദാവീദിനെ പോലെയും നന്ദി അർപ്പിക്കുക. സഹനങ്ങൾ വരുമ്പോൾ ദൈവ തിരുമുൻപിൽ ജോബിനെപ്പോലെ വിശ്വസ്തയോടെ ദൈവ മുഖത്തേയ്ക്ക് നോക്കുക. ജീവിത പരീക്ഷണങ്ങളുടെ മധ്യേയും നിവർന്നു നിന്ന് ശിരസുയർത്തി അവിടുത്തെ വരവേൽക്കാൻ ഒരുങ്ങണം. ജീവിത വ്യഗ്രതയും കഷ്ടപ്പാടുകളും നമ്മെ വലയം ചെയ്യുമ്പോഴും വീണ്ടെടുപ്പിനായുള്ള വിളിയിൽനിന്ന് ശ്രദ്ധ അകലരുത്. ഉറക്കത്തിനു കീഴടങ്ങാതെ എല്ലാ സമയത്തും പ്രാർത്ഥനയോടെ കർത്താവിനെ കാത്തിരിക്കുക. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.