*വിശ്വാസ സംരക്ഷണമോ വേദവിപരീതമോ?*
വേദവിപരീതം എന്ന വാക്ക് കത്തോലിക്കാ സഭയിൽ ഉണ്ടായിട്ടുള്ള പാഷണ്ഡതകളെയും ശീശ്മകളെയും സൂചിപ്പിക്കുന്ന ഒന്നാണ്. തിരുസഭയുടെ ഔദ്യോഗികമായ പ്രബോധനം നിരാകരിച്ച് അതിനു വിരുദ്ധമായി പഠിപ്പിക്കുന്നതാണ് പാഷണ്ഡത.
സഭയിലെ ദൈവസ്ഥാപിതമായ അധികാരത്തെ ധിക്കരിക്കുകയും ഔദ്യോഗിക പ്രബോധനങ്ങൾക്കെതിരായി പഠിപ്പിക്കുകയും ചെയ്യുക വഴി സഭയിൽ ഭിന്നതയുണ്ടാക്കി സഭയിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് ശീശ്മ.
അബദ്ധോപദേശങ്ങളായ പാഷണ്ഡതകൾ ശീശ്മയിലേക്ക് നയിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് ‘വിശ്വാസ സംരക്ഷണം’ എന്ന പേരിൽ നടത്തിയ റാലിയെ വിശ്വാസ സംരക്ഷണം എന്നാണോ വേദവിപരീതം എന്നാണോ വിശേഷിപ്പിക്കേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്. ഈ റാലിയിൽ ഉയർത്തിപ്പിടിച്ച ഒരു പ്ലക്കാർഡിൽ പറയുന്നതനുസരിച്ച് “സഭ എന്നാൽ മെത്രാനല്ല, ദൈവജനമാണ്”.ഇത് അടിസ്ഥാനപരമായ ഒരു പാഷണ്ഡതയാണ്.രണ്ടാം വത്തിക്കാൻ കൗൺസിലിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവർ തന്നെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ “മെത്രാന്മാരുടെ അജപാലന ധർമ്മത്തെക്കുറിച്ചുള്ള ഡിക്രി”യിൽ മെത്രാന്റെ അധികാരങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നവയെപ്പറ്റി മൗനം പാലിക്കുകയും അജ്ഞത നടിക്കുകയും ചെയ്യുന്നത് വിചിത്രമാണ്.
കൗൺസിൽ പറയുന്നു :”ദൈവ രഹസ്യം പകർന്നു കൊടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത് മെത്രാന്മാരാണ്. തങ്ങൾക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭയിലെ ദൈവാരാധനാപരമായ ജീവിതം മുഴുവന്റെയും ഭരണകർത്താക്കളും പരിപോഷകരും സംരക്ഷകരും അവർ തന്നെയാണ് “(CD,15). ഉറങ്ങുന്നവരെ ഉണർത്താൻ സാധിക്കും എന്നാൽ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ സാധിക്കില്ല എന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്. ഈ റാലിയിൽ മുഴങ്ങിക്കേട്ട പ്രതിജ്ഞ സീറോ മലബാർ സിനഡിനെതിരായും പൗരസ്ത്യ കാര്യാലയത്തിനെതിരായും ആയിരുന്നു.ഒരു കയ്യിൽ മാർപാപ്പയും മറുകയ്യിൽസീറോ മലബാർ സിനഡ് വിരുദ്ധതയും പൗരസ്ത്യ കാര്യാലയ വിരുദ്ധതയും ആണ് ഈ റാലിയുടെ മുഖമുദ്ര.അതിനാൽ ഈ റാലി അതിൽത്തന്നെ വിശ്വാസവിരുദ്ധമാണ് .
*കത്തോലിക്കാ വിശ്വാസത്തിന്റെ അനന്യത*
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പറയുമ്പോൾ ആ വിശ്വാസം പാലിക്കുന്നവർ അടിസ്ഥാനപരമായി അംഗീകരിക്കേണ്ട ചില കാര്യങ്ങളുണ്ട് .അത് പ്രധാനമായും സഭയിൽ ഉള്ള വിശ്വാസമാണ്. ആ വിശ്വാസം എപ്രകാരം ആയിരിക്കണമെന്നും അതിനെ എപ്രകാരം വളർത്തണമെന്നും സംരക്ഷിക്കണമെന്നും കാലാ കാലങ്ങളായി സഭയിലെ അധികാരികൾ പ്രത്യേകിച്ച് മാർപാപ്പമാർ ഉദ്ബോധിപ്പിക്കുന്നുണ്ട്.
സീറോ മലബാർ സഭയിലെ ഇന്നത്തെ പ്രതിസന്ധി ആരാധനക്രമവുമായി ബന്ധപ്പെട്ട് ഈ സഭയിലെ ഒരു അതിരൂപത അതിന്റേതായ വഴി തിരഞ്ഞെടുത്തിരിക്കുന്നു എന്നതാണ്. ഈ അതിരൂപതയ്ക്ക് സഭയുടെ നിലപാടുകളോ നിർദ്ദേശങ്ങളോ ബാധകമല്ലെന്നാണ് പലപ്പോഴും അതിനെ നയിക്കുന്നവരുടെ ശൈലി തെളിയിക്കുന്നത്. കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ പരമമായ നിയമം എന്താണെന്ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ തന്റെ “വിശ്വാസവും യുക്തിയും” എന്ന ചാക്രിക ലേഖനത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. അതിൻപ്രകാരം “കത്തോലിക്കാസഭയുടെ വിശ്വാസത്തിന്റെ പരമമായ നിയമം എന്നത് വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതവും സഭയുടെ പ്രബോധനാധികാരവും തമ്മിൽ പരിശുദ്ധാത്മാവ് സൃഷ്ടിച്ചിട്ടുള്ള പരസ്പര പുരകമായ ഒരു ഐക്യത്തിൽ നിന്നാണ് ഉണ്ടാകുന്നത്. പരസ്പര പൂരകം എന്നതിന്റെ അർത്ഥം ഈ മൂന്ന് ഘടകങ്ങളിൽ ഒന്നിനും മറ്റുള്ളവയെ കൂടാതെ നിലനിൽക്കാൻ ആവുകയില്ല എന്നാണ്” (No.55).
സഭയിലുള്ള വിശ്വാസത്തെക്കുറിച്ച് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു. “രക്ഷ കൈവരുന്നത് ദൈവത്തിൽ നിന്ന് മാത്രമാണ്.എന്നാൽ നാം വിശ്വാസജീവിതം പ്രാപിക്കുന്നത് സഭയിലൂടെ ആകയാൽ അവൾ നമ്മുടെ അമ്മയാണ്.നമുക്ക് പുതിയ ജനനം നൽകുന്ന അമ്മയായി സഭയെ നാം വിശ്വസിക്കുന്നു. നമ്മുടെ രക്ഷയുടെ വിധാതാവാണ് സഭ എന്ന നിലയിലല്ല നാം സഭയിൽ വിശ്വസിക്കുന്നത്. സഭ നമ്മുടെ മാതാവായിരിക്കുന്നതിനാൽ അവൾ നമ്മുടെ വിശ്വാസത്തിന്റെ ഗുരുനാഥയും ആകുന്നു”( കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, No.169).
സഭാ പിതാക്കന്മാരുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുളള അമ്മ, ഗുരുനാഥ തുടങ്ങിയ സംജ്ഞകളിലൂടെയാണ് കത്തോലിക്കാ സഭയുടെ മത ബോധന ഗ്രന്ഥം സഭയെ വിശേഷിപ്പിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കത്തോലിക്കാസഭയിലെ വലിയ പണ്ഡിതനായ സഭാ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഏറെ പ്രസക്തമാണ്:”കത്തോലിക്കാ സഭയുടെ പ്രബോധനാധികാരം എന്നെ പ്രേരിപ്പിച്ചിരുന്നില്ലെങ്കിൽ ഞാൻ സുവിശേഷത്തിൽ വിശ്വസിക്കുമായിരുന്നില്ല”.
*ഏകീകൃതബലിയർപ്പണ രീതിയും വിഭാഗീയതയുടെ അന്ത്യവും*
സീറോമലബാർ സഭയുടെ ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കപ്പെട്ട ഒരു ദിനം ആയിരുന്നു 2021 നവംബർ 28. അന്നാണ് ലോകമെങ്ങുമുള്ള സീറോ മലബാർ സഭയിൽ ഏകീകൃത ബലിയർപ്പണ രീതി നടപ്പിലാക്കപ്പെട്ടത് . ചരിത്രത്തിന്റെ ഗതിവിഗതികളിൽ പല രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം സ്വീകരിക്കേണ്ടി വന്ന സീറോ മലബാർ സഭയിലെ പല രൂപതകളും തങ്ങളുടെ ശൈലികൾ മാറ്റിക്കൊണ്ട് ഏകീകൃത ബലിയർപ്പണത്തിന് വേണ്ടി വളരെയധികം വിട്ടുവീഴ്ചകൾ ചെയ്തു. ഇതിനുപിന്നിൽ ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ- സഭയോടുള്ള അനുസരണവും വിധേയത്വവും.
ഏകീകൃത ബലിയർപ്പണ രീതി നിലവിൽവന്നതിനു ശേഷം സീറോ മലബാർസഭയിൽ ഒരു പുതിയ വസന്തം സംജാതമായി എന്ന് വിശ്വസിക്കുന്നവരാണ് ഈ സഭയിൽ എന്നും ഐക്യം ഉണ്ടാകണമെന്ന് ആഗ്രഹിച്ച അനേകം വിശ്വാസികൾ.1990 കളിൽ സീറോമലബാർ സഭയിലെ മേജർ സെമിനാരികളിൽ പഠിച്ചിരുന്ന വൈദിക വിദ്യാർഥികൾക്ക് അക്കാലത്തെ അധികാരികൾ നൽകിയ നിർദ്ദേശം ഏറെക്കുറെ ഇപ്രകാരമായിരുന്നു: “ഇവിടെ ആരും വിഭാഗീയ പ്രവണതകൾ കാണിക്കരുത്. എറണാകുളം രീതി വേണ്ടവർക്ക് അങ്ങനെയാകാം. ചങ്ങനാശ്ശേരി രീതി വേണ്ടവർക്ക് അങ്ങനെയും ആകാം”. അക്കാലത്ത് സീറോ മലബാർ സഭയുടെ ആരാധനക്രമം എന്നത് രൂപതാടിസ്ഥാനത്തിൽ ഈ രണ്ട് രീതികളുടെയും ഘടകങ്ങൾ ഉൾക്കൊണ്ടവ ആയിരുന്നു. വ്യക്തമായ ഭിന്നത അന്ന് സഭയിൽ ദൃശ്യമായിരുന്നു.1999ൽ സീറോമലബാർ സഭയിലെ എല്ലാ പിതാക്കന്മാരും സംയുക്തമായി ഏകീകൃത ബലിയർപ്പണത്തിന് വേണ്ടിയുള്ള ഒരു സർക്കുലർ പുറപ്പെടുവിക്കുകയുണ്ടായി. എന്നാൽ നിർഭാഗ്യവശാൽ അന്നത് നടപ്പിലായില്ല. വീണ്ടും 21 വർഷങ്ങൾക്ക് ശേഷം ഇന്ന് അത് സഭയിൽ നടപ്പിലായിരിക്കുകയാണ്. ഈ സഭയുടെ ഐക്യം കാംക്ഷിക്കുന്ന എല്ലാ വിശ്വാസികളും ഏകീകൃത ബലിയർപ്പണം അഥവാ ലോകമെങ്ങുമുള്ള സീറോ മലബാർ സഭയിലെ ദൈവാലയങ്ങളിലും സന്യാസ സമൂഹങ്ങളിലും ഒരേപോലെ ബലിയർപ്പിക്കണം എന്ന സിനഡിന്റെ നിർദ്ദേശം സർവാത്മനാ സ്വീകരിക്കുമെന്ന് ഉറപ്പാണ്.
കർത്താവിന്റെ പരിശുദ്ധാത്മാവാണ് ഈ സഭയെ നയിക്കുന്നത്. ഇന്ന് ഈ സഭയിലെ 35 രൂപതകളിൽ 34 രൂപതകളിലും ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലായിക്കഴിഞ്ഞിരിക്കുകയാണ്. ഇതിന് വിരുദ്ധമായ വിഭാഗീയ പ്രവണതകളും വൈരുദ്ധ്യം നിറഞ്ഞ വിശ്വാസ സംരക്ഷണ റാലികളും പഴയകാല ശീശ്മകളെ ഓർമിപ്പിക്കുന്നു.
*സഭാത്മകതയുടെ അസ്തമനം*
തിരുസഭയെ വെല്ലുവിളിക്കുന്ന ഇത്തരം വിശ്വാസ പ്രഘോഷണ റാലികൾ സഭാത്മകതയുടെ അസ്തമനവും പ്രാദേശികവാദത്തിന്റെ ആരംഭവും ആണ്. സഭയെ തകർക്കുന്ന പ്രാദേശികവാദം ഒരിടത്തും പാടില്ല എന്ന് അധികാരികൾ പലപ്പോഴും നമ്മെ ഓർമിപ്പിക്കുന്ന ഒന്നാണ്. പ്രാദേശിക വാദത്തിന്റെ ആരംഭം എന്നത് സഭാത്മകതയുടെ അന്ത്യമാണ്. സഭാത്മകത അസ്തമിക്കുമ്പോൾ പ്രാദേശികവാദം ആരംഭിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ ഈയിടെ നടത്തിയ ഒരു പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു: “പാരമ്പര്യം എന്നത് ഒരു വൃക്ഷത്തിന്റെ വേരുകളാണ്. പാരമ്പര്യം ഭാവിയുടെ ഉറപ്പാണ്, അതൊരു മ്യൂസിയം പീസ് അല്ല. പാരമ്പര്യം എന്നത് അടയ്ക്കപ്പെട്ട ഒന്നല്ല, മറിച്ച് അത് നമ്മെ എപ്പോഴും മുന്നോട്ടു നയിക്കുന്ന വേരുകളാണ്. സഭാത്മകമായ രീതിയിൽ ചിന്തയെ വികസിപ്പിക്കാത്ത ഒരു സഭ പിറകോട്ട് പോകുന്ന സഭയാണ്”. സഭ എന്ന കാഴ്ചപ്പാടിനെ ഉപേക്ഷിച്ചുകൊണ്ട് ഏതെങ്കിലും രൂപതയുടെയോ അതിരൂപതയുടെ പാരമ്പര്യത്തെക്കുറിച്ച് പറയുന്നവർ തങ്ങളുടെ സങ്കുചിത ലോകത്ത് പിറകോട്ട് സഞ്ചരിക്കുന്ന വരാണ് എന്നത് പാപ്പയുടെ ഈ വാക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാണ്. വിശ്വാസ സംരക്ഷണത്തിനു വേണ്ടി തികച്ചും വൈരുദ്ധ്യവും വൈപരീത്യവും ആയ കാര്യങ്ങൾ ഇന്ന് സഭയിൽ സംഭവിക്കുമ്പോൾ ഇത് വിശ്വാസികൾക്കും പൊതുസമൂഹത്തിനും വലിയ ഉതപ്പാണ് ഉണ്ടാക്കുന്നതെന്ന കാര്യം ബന്ധപ്പെട്ടവർ ചിന്തിക്കുന്നുണ്ടോ.
*Liturgical variant നു വേണ്ടി വാദിക്കുമ്പോൾ….*
ഒരു സഭയിൽ നിന്നുകൊണ്ട് തങ്ങളുടെ രൂപതയ്ക്ക് മാത്രമായി വ്യതിരിക്തമായ ഒരു ആരാധനാരീതി (Liturgical Variant) വേണമെന്ന് വാദിക്കുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. Liturgical Variant എന്നത് ആരും തങ്ങളുടെ സൗകര്യത്തിനു വേണ്ടി സൃഷ്ടിച്ചെടുക്കേണ്ട ഒന്നല്ല. സീറോ മലബാർ സഭ എന്ന മാതൃസഭയുടെ പാരമ്പര്യങ്ങളെ മാനിക്കാത്ത വർക്കും കാലാകാലങ്ങളായി പൗരസ്ത്യ തിരുസംഘം സീറോ മലബാർ സഭയുടെ ആരാധനക്രമത്തെക്കുറിച്ച് നൽകുന്ന നിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപ്പിക്കാത്തവർക്കും (Ref:Instruction for applying the Liturgical Prescriptions of the Code of Canons of the Eastern Churches) Liturgical Variantനെപ്പറ്റി പറയാൻ എന്താണവകാശം? സംഘടിതമായ ആൾക്കൂട്ട ആരവത്തിലൂടെ നേടിയെടുക്കേണ്ട ഒന്നാണോ Liturgical Variant ?മാതൃസഭയുടെ ആരാധനക്രമത്തോടു ചേർന്ന് മനസ്സിലാക്കേണ്ട ഒന്നാണ് Liturgical Variant എന്നത്, അത് മാതൃസഭയിൽ നിന്നും വിഘടിച്ച് മനസ്സിലാക്കേണ്ട ഒന്നല്ല. മാർപാപ്പ നിയോഗിച്ച പൗരസ്ത്യ തിരു സംഘത്തിന്റെയും മാതൃസഭയുടെ സിനഡിന്റെ യും നിർദ്ദേശങ്ങളെ അവഗണിക്കുന്നവർക്ക് ഏതുതരത്തിൽ ആണ് ഒരു Liturgical Variant ആയി നിലകൊള്ളാൻ സാധിക്കുന്നത്?
2022 മാർച്ച് 25ന് ഫ്രാൻസിസ് മാർപാപ്പ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്,മേജർ ആർച്ച് ബിഷപ്പിന്റെ വികാരി, എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ, സന്യസ്തർ, അല്മായ വിശ്വാസികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തിലെ ചില ഭാഗങ്ങൾ ഏറെ പ്രസക്തമാണ്:”ഒരു സഭ എന്ന നിലയിൽ നാമെല്ലാവരും ആഘോഷിക്കുന്ന രഹസ്യത്തിന്റെ സത്ത മറക്കാൻ പലപ്പോഴും പ്രലോഭിതരാകുന്നു. നാം ഈശോയെക്കുറിച്ച് സംസാരിക്കുന്നു. സൈദ്ധാന്തികമായി നമുക്ക് അവിടുത്തെക്കുറിച്ച് വളരെയേറെ അറിയാം. എങ്കിലും അവിടുത്തോടൊപ്പം ജീവിക്കാൻ, അവിടുത്തെ ഇഷ്ടപ്പെടാൻ, താഴ്ത്തപ്പെടലിന്റെ പാതയും കുരിശിന്റെ വഴിയും അംഗീകരിക്കാൻ നമുക്കാകണം. നമുക്ക് വിഘടിച്ച് ജീവിക്കാനാവില്ല. നമുക്ക് വിഭജനം സൃഷ്ടിക്കാനാവില്ല. നമുക്കൊരു വിവാദത്തിന്റെ പ്രഭവമാകുന്നതിന് നിന്നു കൊടുക്കാനാവില്ല”.സീറോ മലബാർ സഭ എന്ന സ്വയാധികാരസഭയിൽ ഐക്യത്തിന്റെ പുതുപുലരിക്കായി ആഹ്വാനം ചെയ്ത പത്രോസിന്റെ പിൻഗാമിയുടെ വാക്കുകൾ ഈ സഭയിലെ ഒരു വിഭാഗം സ്വീകരിക്കുമോ എന്നാണ് കാലം ഉറ്റുനോക്കുന്നത്.
ഫാ. ജോസഫ് കളത്തിൽ,താമരശ്ശേരി രൂപത.