സഭയിൽ എല്ലാവരും മിഷനറി ഡിസൈപിൾസ് ആണ്. Disciple എന്ന സബ്ജ്ഞയുടെ ആത്മാവ് discipline ആണ്. അതറിയാത്തവരല്ല വൈദികരും മെത്രാന്മാരും. ഡിസിപ്ലിൻ ഇല്ലാത്തവരായി സഭയിൽ അവരുടെ കർത്തവ്യങ്ങളിൽ തുടരാൻ ആർക്കും കഴിയുകയില്ല. അതുറപ്പാക്കാൻ ചുമതലയുള്ളവർ അവരുടെ കർത്തവ്യം നിർവഹിക്കണം. ആ വഴിക്കുള്ള ചുവടുവയ്പ്പുകൾ സഭയിൽ ഉണ്ടാകുന്നു എന്നത് പ്രത്യാശാഭരിതമാണ്.
കാതോലികവും, ശ്ലൈഹികവും, ഏകവും, വിശുദ്ധവുമായ സഭയിൽ ഓരോ വ്യക്തിസഭയും ആരാധനയിലും അദ്ധ്യാത്മീകതയിലും, ദൈവശാസ്ത്ര വീക്ഷണത്തിലും, കാനോനിക നിയമങ്ങളിലും തനിമ പുലർത്തുന്ന സമഗ്ര വ്യക്തിത്വമുള്ള സഭാ കൂട്ടയ്മകളാണ്. അത്തരം കൂട്ടായ്മകൾ അവയുടെ തനിമ നിലനിർത്തുന്നതിലാണ് സാർവ്വത്രിക സഭയുടെ നാനാത്വത്തിൽ സഭകളുടെ ഏകത്വം വെളിപ്പെടുന്നത്.
മേല്പറഞ്ഞ ഘടകങ്ങളിൽ ഇതര സഭകളുടെ സവിശേഷതകളെ അനുകരിച്ചു സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തുന്നത് ഒരു സഭാ കൂട്ടായ്മയ്ക്കും ഭൂഷണമല്ല.പതിറ്റാണ്ടുകളുടെ അനുകരണ പാരമ്പര്യമുണ്ട് എന്ന കാരണത്താൽ, സ്വന്തം വ്യക്തിത്വം ഇനി ആവശ്യമില്ല എന്നു വാദിക്കുന്നവർ അടിമത്വ മനോഭാവത്തിന്റെ ആലസ്യത്തിൽ സ്വന്തം തനിമയെ ഭയക്കുന്നവരോ വെറുക്കുന്നവരോ ആണ്. അവർ സ്വന്തം തനിമ കണ്ടെടുക്കുകയും അഭിമാന ബോധത്തോടെ അതിനെ ആശ്ലേഷിക്കുകയുമാണ് അഭികാമ്യം.
1653 മുതൽ 1923 വരെ ലത്തീൻ സഭയുടെ കീഴിൽ വളർന്നു എന്നത് കൽദായ സുറിയാനി കത്തോലിക്കാ സഭയ്ക്ക് അതിന്റെ തനിമയും സ്വാഭിമാനവും സ്വയംനിർണ്ണായാവകാശവും വീണ്ടെടുക്കുന്നതിനു തടസ്സമാകരുത്. ഞങ്ങൾക്ക് ലത്തീനായാൽ മതി, റോമൻ കത്തോലിക്കർ എന്നു വിളിക്കപ്പെട്ടാൽ മതി, ലത്തീൻ സഭയിലേ ആചാരങ്ങൾ മതി എന്നു വാദിക്കുന്നവർ, സ്വന്തം വ്യക്തിത്വത്തിന്റെ തനിമയെ ഭയക്കുകയും വെറുക്കുകയും അടിമത്വത്തിന്റെ ആലസ്യത്തിൽ ആനന്ദിക്കുകയും ചെയ്യുന്നതിൽ അഭിമാനകരമായി എന്താണുള്ളത്?
ലത്തീൻ സഭ ഇന്ന് ആരെയും തങ്ങളുടെ ആധിപത്യത്തിനു കീഴിൽ നിർത്താൻ ആഗ്രഹിക്കുന്നില്ല. ഇക്കാര്യം രണ്ടാം വത്തിക്കാൻ കൗൺസിൽ അരനൂറ്റാണ്ടുമുൻപ് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും, ഞങ്ങൾക്കു ലത്തീൻ കുർബാനപോലെയുള്ള കുർബാനയും തുരുവസ്ത്രങ്ങളും ആചാരങ്ങളും മതി എന്നു വാശിപിടിക്കുന്നതു വിപ്ലവമല്ല, അടിമത്വമാണ്. അതിൽ ആരും അതിരുകവിഞ്ഞ് അഭിമാനിക്കരുത്.
സീറോ മലബാർ സഭയുടെ ആരാധനാക്രമപരവും, അദ്ധ്യാത്മീകവും, ദൈവശാസ്ത്രപരവും, കാനോനികവുമായ വ്യക്തിത്വം പുരാതനവും പൗരസ്ത്യവുമായ കൽദായ സുറിയാനി കത്തോലിക്കാ സഭയുടേതാണ്. അതു ജീവിക്കുന്നതിൽ ആ സഭയിലെ അംഗങ്ങൾക്ക് അഭിമാനവും സന്തോഷവും ഉണ്ടാകണം. അതില്ലാത്തവർ ലത്തീൻ സഭയിൽ ചേർന്ന് അതിന്റെ തനതായ പാരമ്പര്യങ്ങളിൽ അഭിമാനം കൊള്ളണം.
അതും ഇതും എല്ലാംകൂടിയാകണം എന്നു ശഠിക്കുന്നത് പരിഹാസ്യമാണ് എന്നു തുറന്നു പറയുന്നതിൽ ആർക്കും പരിഭവം തോന്നരുത്.
ഫാ. വർഗീസ് വള്ളിക്കാട്ട്