പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സന്യസ്തരേ, മാതാപിതാക്കളേ,
കുടുംബ വർഷ സമാപനത്തോടനുബന്ധിച്ച് തൃശ്ശൂർ അതിരൂപതയിൽ കുടുംബോൽസവം 2022 എന്ന പേരിൽ 2000ന് ശേഷം വിവാഹിതരായ ദമ്പതികൾക്കായി അതിരൂപതാ കുടുംബ സംഗമം മെയ് 15ന് സംഘടിപ്പിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞു കാണുമല്ലോ! ആഗോള കത്തോലിക്കാ സഭയുടെ കുടുംബ സംഗമം റോമിൽ വച്ച് നടക്കുന്ന ഈ അവസരത്തിൽ അതിന്റെ ചെറു പതിപ്പായി പ്രാദേശിക കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം അനുസരിച്ചാണ് ഈ പരിപാടികൾ ഒരുക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ഡിബിസിഎൽസിയിൽ വച്ചാണ് കുടുംബ സംഗമം നടക്കുക.
ജസ്റ്റിസ് കുര്യൻ ജോസഫ് സാർ, മാർ തോമസ് തറയിൽ, സിജോയ് വർഗീസ്, അൽഫോൻസ് ജോസഫ്, എന്നിവരുടെ മഹനീയ സാന്നിദ്ധ്യവും ബഹുമാനപ്പെട്ട ഡേവിസ് പട്ടത്ത് അച്ചന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ബ്രദർ സന്തോഷ് കരുമത്ര നയിക്കുന്ന ദിവ്യകാരുണ്യ ആരാധനയും ക്രോസ് ടോക്ക് ബാൻഡും ജോയ്ഫുൾ സിക്സും ചേർന്ന് അവതരിപ്പിക്കുന്ന സ്വർഗീയ സംഗീത വിരുന്നും ഈ കുടുംബ സംഗമത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
ബഹുമാനപ്പെട്ട വൈദികർ ഇടവകകളിൽ നിന്നും 2000ന് ശേഷം വിവാഹിതരായ ദമ്പതികളെ കുടുംബോൽസവം 2022ൽ പങ്കെടുക്കാൻ പറഞ്ഞു വിടാൻ പരിശ്രമിക്കുമല്ലോ! തൃശ്ശൂർ അതിരൂപത കുടുംബ സംഗമം നിങ്ങൾക്ക് ഏവർക്കും അനുഗ്രഹപ്രദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കുടുംബ സംഗമത്തിന് മുന്നോടിയായി 13, 14 തീയതികളിൽ സംഘടിപ്പിക്കുന്ന സിംപോസിയം കുടുംബ പ്രേഷിത ശുശ്രൂഷകളിൽ താൽപര്യമുള്ള ദമ്പതികൾ, മതാദ്ധ്യാപകർ, സന്യസ്തർ വൈദികർ എന്നിവർക്കായി സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവരെ പറഞ്ഞു വിടുമല്ലോ!
യേശുവിൽ സ്നേഹപൂർവ്വം,
നിങ്ങളുടെ വൽസല പിതാവ്,
മാർ ആൻഡ്രൂസ് താഴത്ത്,
അതിരൂപതാ മെത്രാപ്പോലീത്ത.