റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽ ഗർഭച്ഛിദ്ര നിയമങ്ങൾ കൊണ്ടുവന്നതിന് ശേഷം മൂന്ന് വർഷം പിന്നിടുമ്പോൾ, നിലവിലെ സാഹചര്യം അവലോകനം ചെയ്യാൻ സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. ഈ അവലോകനം നിലവിലെ നിയമങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കുകയും നിയമത്തിൽ കൂടുതൽ ഭേദഗതികൾ വരുത്തുകയും ചെയ്യും.
2018-ൽ നടന്ന റഫറണ്ടം 67% വോട്ടർമാരുടെ പിന്തുണയോടെ ഭരണഘടനയുടെ എട്ടാം ഭേദഗതി അസാധുവാക്കിയതിന്റെ ഫലമായി, രാജ്യത്ത് ജനിക്കാനിരുന്ന കുഞ്ഞുങ്ങളുടെ അവകാശങ്ങൾ ഇല്ലാതായി. നിയമനിർമാണത്തിന് മൂന്നുവർഷത്തിനുശേഷമുള്ള വിലയിരുത്തലിന്റെ ഭാഗമായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലിയും, ആരോഗ്യവകുപ്പും ചേർന്ന് പൊതുജനാഭിപ്രായം സമർപ്പിക്കാനുള്ള അവസരം ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കൊപ്പം വിവിധ സംഘടനകൾ, തല്പരകക്ഷികൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ, എന്നിങ്ങനെ താല്പര്യമുള്ള എല്ലാവർക്കും ഇതിൽ ഭാഗഭാക്കാവുന്നതാണ്. നിലവിലെ നിയമങ്ങൾ, അതിന്റെ ഫലപ്രാപ്തി, പോരായ്മകൾ എന്നിവയ്ക്കൊപ്പം ഭേദഗതിയെപ്പറ്റിയുള്ള നിർദേശങ്ങളുമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. 2022 ഏപ്രിൽ 1 വരെയാണ് സബ്മിഷന് അവസരമുള്ളത്.
ഗർഭാവസ്ഥയുടെ 12 ആഴ്ച വരെ ഏതെങ്കിലും കാരണത്താൽ ക്ലിനിക്കൽ ഗർഭഛിദ്രം നടത്താൻ നിലവിലെ നിയമങ്ങൾ അനുവാദം നൽകുന്നുണ്ട്. ഗർഭിണിയുടെ ജീവന് അപകടമോ ആരോഗ്യത്തിന് ഗുരുതരമായ ദോഷമോ ഉണ്ടാകുമ്പോഴോ, അല്ലെങ്കിൽ ഗർഭസ്ഥ ശിശു ജനിക്കുന്നതിന് മുമ്പോ ജനിച്ച ശേഷമോ 28 ദിവസത്തിനുള്ളിൽ മരിക്കാൻ സാധ്യത ഉള്ള ഏതെങ്കിലും ഗുരുതരമായ രോഗാവസ്ഥ ഉണ്ടെങ്കിലോ, ഗർഭഛിദ്രത്തിന് നിലവിൽ അനുവാദമുണ്ട്
നിയമനിർമ്മാണ പ്രക്രിയയ്ക്കിടെ, അന്നത്തെ പ്രധാനമന്ത്രി ശ്രീ. ലിയോ വരേദ്കർ, രാജ്യത്ത് ഗർഭച്ഛിദ്രങ്ങൾ “അപൂർവ്വം” ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിയമനിർമ്മാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ, 2019 ൽ 6,666 ഗർഭഛിദ്രങ്ങൾ രേഖപ്പെടുത്തി. അതായത്, 2018ൽ ഐറിഷ് വനിതകൾ ബ്രിട്ടനിൽ വച്ച് നടത്തിയ ഗർഭഛിദ്രത്തിന്റെ (2,879) ഇരട്ടിയിലധികം. 2020-ൽ നടന്ന 6,577 ഗർഭഛിദ്രങ്ങൾ കൂടി കണക്കാക്കിയാൽ വെറും 2 വർഷത്തിനുള്ളിൽ തന്നെ മൊത്തം 13,243 ഗർഭച്ഛിദ്രങ്ങൾ. “അപൂർവ്വം” എന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ച സർക്കാർ നിയമത്തിലൂടെ ഇത് ഐറിഷ് ജനതയുടെ ഒരു ശീലമാക്കി മാറ്റുകയാണ് ചെയ്തതെന്ന് ഞെട്ടിക്കുന്ന ഈ കണക്കുകൾ വ്യക്തമാക്കുന്നു. നിയമനിർമ്മാണത്തിന്റെ ഈ ഭയാനകഫലങ്ങൾ മുൻകൂട്ടി കണ്ടിരുന്നതിനാലാണ് പ്രോ-ലൈഫ് പ്രവർത്തകരും മറ്റും ഗർഭച്ഛിദ്രത്തിന് അനുകൂലമായ ആശയങ്ങൾക്കെതിരെ ധീരമായി ശബ്ദമുയർത്തിയത്.
മനുഷ്യജീവൻ പവിത്രവും വിലപ്പെട്ടതുമാണ്. ഗർഭധാരണത്തിന്റെ നിമിഷം മുതൽ അതിനെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും അവകാശങ്ങളുള്ള ഒരു മനുഷ്യനായി അംഗീകരിക്കുകയും വേണം.ഈ ഭൂമിയിൽ ജനിക്കാനും ജീവിക്കാനും ദൈവത്താലും മനുഷ്യരാലും അവകാശം ലഭിച്ചവരെന്ന നിലയിൽ, നിസ്സഹായരായ ഗർഭസ്ഥ ശിശുക്കൾക്കായി വാദിക്കുകയും, അവരുടെ അവകാശങ്ങളെ മാനിക്കുന്ന നയങ്ങൾ അവതരിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയും ധാർമികമായ ഉത്തരവാദിത്വവുമാണ്.എന്നാൽ, നിലവിലുള്ള നിയമങ്ങളിൽ കൂടുതൽ ഭേദഗതികൾക്കായിട്ടാണ് അബോർഷൻ ലോബി വാദിക്കുന്നത് . “പന്ത്രണ്ടാഴ്ചയ്ക്കുള്ളിൽ ഗർഭച്ഛിദ്രത്തിൽ നിന്ന് ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുന്ന നിയമനിർമ്മാണം റദ്ദാക്കണം”,എന്ന് അയർലണ്ടിലെ ഒരു അബോർഷൻ അനുകൂല സംഘം നിലപാടെടുക്കുന്നു. നിലവിൽ, ഗർഭഛിദ്രം നടത്തുന്നതിന് മുമ്പ് സ്ത്രീകൾക്ക് മൂന്ന് ദിവസത്തെ നിർബന്ധിത പ്രതിഫലന കാലയളവ് ഉണ്ട്. ഇത് മൂന്ന് വർഷത്തെ അവലോകനത്തിന് ശേഷം നിർത്തലാക്കാൻ അബോർഷൻ അനുകൂലികൾ ആഗ്രഹിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഗർഭച്ഛിദ്രത്തിന് അനുകൂലമായ പ്രസ്ഥാനങ്ങൾ നവജാതശിശുക്കളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്ന ഒരു പരിഷ്ക്കരിച്ച നിയമനിർമ്മാണത്തിനായി ശക്തമായി പ്രചാരണം നടത്തുന്നു.
2018-ലെ ഗർഭഛിദ്ര അനുകൂല കാമ്പെയ്ൻ പ്രസ്താവിച്ചത് ”ഭരണഘടനയിലെ എട്ടാം ഭേദഗതി റദ്ദാക്കുന്നത് അയർലണ്ടിനെ കൂടുതൽ കരുതലുള്ളതും അനുകമ്പയുള്ളതുമായ രാജ്യമാക്കും- പ്രത്യേകിച്ച് സ്ത്രീകൾക്ക്” എന്നാണ്. പക്ഷെ ഗർഭച്ഛിദ്രം ആരംഭിച്ച് മൂന്ന് വർഷമായിട്ടുണ്ടായ പ്രധാന മാറ്റം ഗർഭച്ഛിദ്രത്തിനുള്ള ആവശ്യം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് മാത്രമാണ്. യൂണിവേഴ്സിറ്റി കോളേജ് ഓഫ് കോർക്ക് (UCC) അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, 12 ആഴ്ചകൾക്കു ശേഷമുള്ള ഗർഭഛിദ്രങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെന്ന് കണ്ടെത്തി. വൈകിയുള്ള ഗർഭഛിദ്രത്തിന് വിധേയമാകുന്ന ഈ കുഞ്ഞുങ്ങൾക്ക് വേദന നിയന്ത്രിക്കാനുള്ള സൗകര്യം പോലും നൽകുന്നില്ല.
ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന അമ്മയുടെ ഗർഭപാത്രത്തിലിരുന്ന് നിലവിളിക്കാനാവാതെ കൊലചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ രോദനം എന്ത് കരുതലാണ് ഈ സ്ത്രീകൾക്ക് നല്കുന്നുണ്ടാവുക? മാത്രവുമല്ല, വൈകിയുള്ള ഗർഭച്ഛിദ്രത്തെ അതിജീവിക്കുകയാണെങ്കിൽ, ആ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് എന്ത് ഉറപ്പാണുള്ളത്?
സ്ത്രീകൾക്ക് ഗർഭച്ഛിദ്ര ഗുളികകൾ വീട്ടിൽ വെച്ച് കഴിക്കാൻ നിർദ്ദേശിക്കുന്ന HSE, പക്ഷെ ഈ ഗുളികകളുടെ ഫലപ്രാപ്തിയെപ്പറ്റിയും സുരക്ഷിതത്വത്തെപ്പറ്റിയും, ഡേറ്റ ശേഖരിക്കുകയോ പഠനം നടത്തുകയോ ചെയ്തിട്ടില്ല. അതിനാൽതന്നെ ഈ ഗുളികകൾ കഴിച്ച സ്ത്രീകൾ സുരക്ഷിതമായ ഗർഭഛിദ്രം നടത്തിയിരുന്നോ അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും സങ്കീർണതകൾ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. ഗർഭസ്ഥരോട് യാതൊരു കരുണയോ ബഹുമാനമോ ഇല്ലാതെ, ടോയ്ലറ്റിൽ കുഞ്ഞിന്റെ ശരീരം ഫ്ലഷ് ചെയ്യാൻ ഗുളിക കഴിച്ച സ്ത്രീകളെ ഉപദേശിക്കുന്ന HSE വെബ്സൈറ്റിലെനിർദേശങ്ങൾ വളരെ ഭയപ്പെടുത്തുന്നതാണ്.
നിയമനിർമ്മാണത്തിന് ശേഷം വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ, നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിൽ പൂർണ്ണ ആരോഗ്യമുള്ള 15 ആഴ്ച പ്രായമുള്ള കുഞ്ഞിനെ ഗർഭച്ഛിദ്രം ചെയ്തത് കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്ങ്ങൾ ഉണ്ടെന്ന് ഡോക്ടർമാർ തെറ്റായി വിലയിരുത്തിയതിനെ തുടർന്നാണ്. ഗർഭച്ഛിദ്ര നിയമങ്ങൾ നിലവിൽ വന്നാൽ വൈകല്യമോ പ്രത്യേക ആവശ്യങ്ങളോ ഉള്ള കുഞ്ഞുങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് പ്രോ-ലൈഫ് പ്രവർത്തകർ നൽകിയ മുന്നറിയിപ്പുകൾ വളരെ ശരിയാണെന്ന് തെളിയിക്കപ്പെട്ടു. അതിനാൽത്തന്നെ, ഈ നിയമത്തിലെ കൂടുതൽ ഭേദഗതികൾ, ഇതുപോലുള്ള മുഴുവൻ കുഞ്ഞുങ്ങളുടെയും ജീവിക്കാനുള്ള എല്ലാ അവകാശവും നിഷേധിക്കും.
രാജ്യത്ത് ഗർഭച്ഛിദ്രത്തിന് പൂർണ്ണമായ അംഗീകാരം നൽകുന്നതിനെതിരെ ശബ്ദമുയർത്താനുള്ള അവസാന അവസരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ‘മൂന്നാം വർഷ അവലോകനം’. ഉണർന്ന് പ്രവർത്തിക്കാനുള്ള സമയമാണിത്. ഗർഭസ്ഥ ശിശുവിന്റെ ജീവന് വില നൽകുവാനും സംരക്ഷിക്കുവാനും സർക്കാരിനെ പ്രേരിപ്പിക്കുക. ഈ ‘മരതക ദ്വീപ്’, നിശബ്ദമായി കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ ശവപ്പറമ്പിന്റെ നാടാകില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മദർ തെരേസ ഒരിക്കൽ പറഞ്ഞതുപോലെ, “ഗർഭച്ഛിദ്രം അംഗീകരിക്കുന്ന ഏതൊരു രാജ്യവും അവിടുത്തെ ജനങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കുകയല്ല, മറിച്ച് അവർക്ക് ആവശ്യമുള്ളത് നേടാൻ ഏത് അക്രമവും ഉപയോഗിക്കുകയാണ്.
“ Sibil Rose