കൊച്ചി: നീരീശ്വരത്വവും വർഗീയതയും വേട്ടയാടുന്ന അവസ്ഥയാണു രാജ്യത്തു നിലവിലുള്ളതെന്ന് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. മതേതര മൂല്യങ്ങളും, ഭരണ ഘടന ഉറപ്പുതരുന്ന അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കൊച്ചിയിൽ സംഘടിപ്പിച്ച ദ്വിദിന നേതൃ ത്വ പരിശീലന ക്യാമ്പിന്റെ (ഇഗ്നൈറ്റ് 2022) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനീതിക്കും അസമത്വങ്ങൾക്കും അക്രമസംസ്കാരത്തിനുമെതിരേ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഉണർത്താൻ ശക്തമായ നിലപാടുകളുമായി കത്തോലിക്ക കോൺഗ്രസ് മുന്നേറണം. നിരീശ്വരത്വത്തിനും വർഗീയതയ്ക്കുമെതിരേ കത്തോലിക്ക കോൺഗ്രസ് എക്കാലവും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അത് എക്കാലവും ശക്തമായി തുടരട്ടെയെന്നും മാർ താഴത്ത് പറഞ്ഞു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പാനൽ ചർച്ചയിൽ പി.ജെ. ജോസഫ് എംഎൽഎ, തോമസ് ചാഴികാടൻ എംപി, അഡ്വ. ഡീൻ കുര്യാക്കോസ് എം പി. ജോർജ് കുര്യൻ തുടങ്ങിയവർ വിഷയാവതരണങ്ങൾ നടത്തി ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ മോഡറേറ്ററായി. ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റി അവാർഡ് ജേതാവും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റുമായ ജോമി മാത്യു, മികച്ച മാധ്യമ പ്രവർത്തകനുള്ള സ്കാർഫ് ഇന്ത്യ ദേശീയ പുരസ്കാരം നേടിയ ദീപിക സ്റ്റാഫ് റിപ്പോർട്ടർ സിജോ നാടത്ത് എന്നിവരെ ആദരിച്ചു.